ആരായിരിക്കും ആദ്യം വെള്ളമടിച്ചു ഫിറ്റായത്?

എപ്പോഴായിരിക്കും മനുഷ്യര്‍ മദ്യം കണ്ടുപിടിച്ചത്, എങ്ങനെയായിരിക്കും അവര്‍ക്ക് വെള്ളമടിച്ചു ഫിറ്റാകാന്‍ തോന്നിയത്, ആരായിരിക്കും ആദ്യം ഫിറ്റായത്?

മദ്യം നിരോധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങള്‍ ഇന്ന് ലോകത്ത് ഉണ്ടോ എന്നത് സംശയമാണ്. നിരോധിച്ചിടത്ത് ജനങ്ങള്‍ അത് റിസ്ക്‌ എടുത്ത് രഹസ്യമായി കുടിക്കുന്നു. നിയന്ത്രണങ്ങള്‍ മാത്രം ഉള്ളിടത്ത് ആളുകള്‍ ഉള്ളത് വച്ച് അട്ജസ്റ്റ് ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ ഒരു റിസ്കും ഇല്ലാതെ വിവിധങ്ങളായ മദ്യങ്ങള്‍ ആസ്വദിക്കുന്നു. ഇനി മദ്യം ഇഷ്ടമില്ലാത്തവരാണെങ്കില്‍ മദ്യത്തിനെതിരെ പൊരുതുന്നു. എന്തൊക്കെ ആയാലും കഴിക്കലും, പൊരുതലും ഒക്കെയായി മദ്യം മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്.

എപ്പോഴായിരിക്കും മനുഷ്യര്‍ മദ്യം കണ്ടുപിടിച്ചത്? എങ്ങനെയായിരിക്കും അവര്‍ക്ക് വെള്ളമടിച്ചു ഫിറ്റാകാന്‍ തോന്നിയത്? ആരായിരിക്കും ആദ്യം ഫിറ്റായത്? ഇതൊക്കെയാണ് ഈ ലേഖനത്തിന്റെ വിഷയം.

മദ്യപാനത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. എല്ലാ പുരാതന മനുഷ്യസംസ്കാരങ്ങളിലും മദ്യം ഉണ്ടായിരുന്നു.   ചൈനയില്‍ നിന്നും ലഭിച്ച പുരാതന മണ്‍പാത്രങ്ങളിലെ രാസപരിശോധങ്ങള്‍ കാണിക്കുന്നത് അവ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചവയാണ് എന്നതാണ്. അതില്‍ എതനോള്‍ ഉണ്ടായിരുന്നതിന്റെ രാസലക്ഷണങ്ങള്‍ ഉണ്ട്. കാര്‍ബണ്‍ ഡെറ്റിഗ് അനുസരിച്ച് ഇവക്കു 7000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ട്.

എന്നുവച്ചാല്‍ കുറഞ്ഞത്‌ 7000 വര്‍ഷങ്ങള്‍ മുന്‍പ് തന്നെ മദ്യം ഉണ്ടാക്കല്‍ തുടങ്ങിയിരുന്നു. അന്നത്തെ മദ്യം ഇന്നത്തെ രീതിയിലുള്ള വിസ്കിയോ ബ്രാണ്ടിയോ ഒന്നും ആയിരുന്നില്ല. മറിച്ച്, ബീയറിനും വീഞ്ഞിനും സമാനമായിരുന്നു മദ്യം.

ചൈനയില്‍ മാത്രമല്ല, ഈജിപ്ത്, ആഫ്രിക്ക, സുമേരിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം മദ്യം ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈജിപ്തില്‍ ഫറവോമാരെ അടക്കുമ്പോള്‍ ബീയര്‍ ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ പോലും കൂടെ വച്ചിരുന്നു. സുമേരിയക്കാര്‍ക്ക് ബീയറിന്റെ ദൈവം പോലും ഉണ്ടായിരുന്നു. നിങ്കാസി (Ninkasi) അവരുടെ ബീയറിന്റെ ദൈവമായിരുന്നു. നിങ്കാസിയെ പ്രകീര്‍ത്തിക്കുന്ന കവിതകളില്‍ ബീയറിന്റെ പാചകവിധിയും ഉണ്ട്. ഇത് ഏകദേശം BC1800-ല്‍ എഴുതപ്പെട്ടതാണ്.

ഇതുപോലെ മറ്റുപല പുരാതന എഴുത്തുകളിലും മദ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. യഹൂദരുടെ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ വീഞ്ഞിനു അതിന്റേതായ പ്രാധാന്യമുണ്ട്. സമാനമായ കാര്യം തുടര്‍ന്നു വന്ന ബൈബിളിലും കാണുവാന്‍ കഴിയും.

ഇന്‍ഡസ് വാലി സംസ്കാരത്തിലേക്ക്  വന്നാല്‍ വേദകാലത്ത് തന്നെ സുര എന്നും സോമ എന്നും അറിയപ്പെട്ടിരുന്ന മദ്യം നിലവില്‍ ഉണ്ടായിരുന്നു. അക്കാലത്ത് ആളുകള്‍ മദ്യം ലഹരിക്ക്‌ വേണ്ടി മാത്രമല്ല, മരുന്നായും ഉപയോഗിച്ചിരുന്നു. ശരീരത്തിന്റെയും, മനസിന്റെയും വേദനക്ക് ഉത്തമ ഓഷധമായിരുന്നു മദ്യം. സുരനെയും സോമനെയും അടിച്ചിട്ടായിരുന്നിരിക്കാം അന്നത്തെ മഹര്‍ഷിമാര്‍ ധ്യാനിച്ചിരുന്നത്. ഈ രണ്ടുതരം അല്ലാത്ത മദ്യങ്ങളെക്കുറിച്ചും പുരാണങ്ങളില്‍ പറയുന്നുണ്ട്.

പറഞ്ഞുവന്നത്, പണ്ട്പണ്ടൊക്കെ എല്ലാവരും വെള്ളമടിച്ചിരുന്നു എന്നാണ്.  എല്ലാ പുരാതന സംസ്കാരങ്ങളിലും മദ്യം ഉണ്ടായിരുന്നതിനാല്‍ ഇതിന്റെ കണ്ടുപിടുത്തം അത്ര വിഷമമുള്ള ഒന്നായിരിക്കില്ല. എങ്കിലും ആരായിരിക്കും ഇത് കണ്ടുപിടിച്ചത്?

മദ്യത്തിന്റെ കണ്ടുപിടുത്തം

മദ്യത്തിന്റെ കണ്ടുപിടുത്തം വളരെ സ്വാഭാവീകം മാത്രമാണ്. പഴവഗ്ഗങ്ങള്‍ പുളിപ്പിച്ചാല്‍ (ferment) അവിടെ സ്വാഭാവീകമായി എതനോള്‍ ഉണ്ടാകും. ഈ അറിവ് അവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ നിന്നും തന്നെ ലഭിച്ചതാവണം. അങ്ങനെ കരുതാന്‍ കാരണമുണ്ട്. പഴങ്ങളെ ഈസ്റ്റ് വിഘടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍  അതായത് അവ ഗ്ലുക്കോസ് ആഹാരമാക്കുമ്പോള്‍ ഉണ്ടാകുന്ന വെയ്സ്റ്റ് ആണ് എതനോള്‍. നിങ്ങള്‍ കുറച്ചു മുന്തിരി ജ്യൂസ്‌ എടുത്തു ഈസ്റ്റ് ചേര്‍ത്ത് അടച്ചുവച്ചാല്‍ സംഭവിക്കുന്നതും ഇതേ പ്രക്രീയയാണ്. പലപ്പോഴും ഈസ്റ്റ് ചേര്‍ക്കേണ്ട ആവശ്യം പോലുമില്ല. കാരണം മിക്കവാറും പഴങ്ങളുടെ (ഉദാഹരണത്തിന്, മുന്തിരി) പുറത്ത് ഈസ്റ്റ് കോശങ്ങള്‍ വളരുന്നുണ്ടാകും. ഇവ ഓക്സിജന്റെ അഭാവത്തില്‍ ഗ്ലുക്കോസിനെ ഭക്ഷിച്ച്‌ ഉണ്ടാക്കുന്ന വെയ്സ്റ്റ് ആണ് എതനോള്‍.

മദ്യം ഉണ്ടാക്കല്‍ ഇത്ര ലളിതമായതിനാല്‍ ഗുഹാമനുഷ്യര്‍ ഈ പരിപാടി കണ്ടുപിടിച്ചതില്‍ അത്ര അത്ഭുതമില്ല. താഴെ വീണു വളരെ അധികം പഴുത്ത പഴങ്ങളില്‍ എല്ലാം ഒരല്പം എതനോള്‍ ഉണ്ടാകും. പിന്നീട് പഴങ്ങള്‍ അടച്ചു വച്ചിരുന്നാല്‍ കൂടുതല്‍ ‘കിക്ക്’ കിട്ടും എന്നത് അവര്‍ മനസിലാക്കിയിരിക്കാം. ഈ “കിക്ക് ” കിട്ടിയിരുന്നത് മനുഷ്യന് മാത്രമാകാന്‍ വഴിയില്ല. പഴങ്ങള്‍ ഭക്ഷിച്ചിരുന്ന നമ്മുടെ പൂര്‍വ്വികര്‍ക്കും അന്നും ഇന്നുമുള്ള കുരങ്ങന്മാര്‍ക്കും എല്ലാം കിട്ടിയിരുന്നു.

മദ്യം ദഹിപ്പിക്കാനുള്ള കഴിവ്

ചുമ്മാ കിട്ടും എന്നുവച്ച് എത്ര വേണമെങ്കിലും എതനോള്‍ അകത്താക്കാന്‍ പറ്റില്ല. വളരെ കൂടുതല്‍ എതനോള്‍ രക്തത്തില്‍ ആയാല്‍ ചിലപ്പോള്‍ മരണം സംഭവിക്കാം. ഉദാഹരണത്തിന് രക്തത്തില്‍ ഏകദേശം 0.3%-ല്‍ കൂടുതലായാല്‍ സംഗതി വളരെ അപകടകരമാണ് . തീര്‍ച്ചയായും ഇത്രയും എതനോള്‍ സ്വാഭാവീകമായി പഴങ്ങളില്‍ നിന്നും ഉണ്ടാകില്ല. പഴങ്ങളില്‍ ഉണ്ടാകുന്ന മദ്യത്തില്‍ എതനോളിന്റെ അളവ് വളരെ കുറവായിരിക്കും.

കുരങ്ങന്മാര്‍ ആണെങ്കിലും, കുറെ പഴങ്ങള്‍ കഴിച്ച് കിക്കായാലും പ്രശ്നമാണ്. കിറുങ്ങി ഇരിക്കുമ്പോള്‍ വല്ല ഇരപിടിയന്മാരും ചാടിവീഴും. അതുകൊണ്ട് അകത്തുചെന്ന എതനോള്‍  ശരീരം കൃത്യമായി ദഹിപ്പിക്കണം. പെട്ടന്ന് കിക്കിറങ്ങണം. ഇത് ഗുഹാമാനുഷ്യനടക്കം എല്ലാവര്ക്കും ബാധകമാണ്. എതനോള്‍ ദഹിപ്പിക്കണമെങ്കില്‍ അതിന്റേതായ എന്‍സൈമുകള്‍ ആവശ്യമാണ്.

ആല്‍ക്കഹോള്‍ ഡിഹൈഡ്രോജിനസ് (ADH4) എന്ന എന്‍സൈം ആണ് മദ്യത്തെ ദഹിപ്പിക്കുന്നത്. ADH4 എല്ലാ കുരങ്ങു വര്‍ഗ്ഗങ്ങളിലും ഉണ്ട്. എന്നാല്‍ അവ തമ്മില്‍ എന്സൈമില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്.  ADH4 ഉണ്ടാക്കുന്ന ജീന്‍ സസ്തനികളില്‍ എല്ലാം ഉണ്ട്. സമാനമായ വേറെയും ജീനുകള്‍ ഉണ്ട്. ADH4 ജീന്‍ വിറ്റാമിന്‍-എ ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അവ എതനോള്‍ അല്ലാത്ത സമാനമായ തന്മാത്രകളെ ദഹിപ്പിക്കാനും സഹായിച്ചിരുന്നു.  ADH4 എതനോള്‍ ദഹിപ്പിക്കുന്ന രീതിയിലേക്ക് എങ്ങനെയാണ് പരിണമിച്ച് വന്നത് എന്നത് ശാസ്ത്രഞ്ജര്‍ പഠിച്ചിട്ടുണ്ട്.

 ഇപ്പോഴുള്ള  കുരങ്ങു വര്‍ഗ്ഗങ്ങള്‍ അടക്കം 28 സസ്തനികളുടെ ADH4 ശാസ്ത്രഞ്ജര്‍ വിശകലനം ചെയ്തു. ആ ജീനുകള്‍ ബാക്റ്റീരിയയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ ബാക്റ്റീരിയ ADH4 പ്രോട്ടീന്‍ ഉണ്ടാക്കി. ആ പ്രോട്ടീനുകള്‍ എത്രമാത്രം ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നു എന്ന് പരിശോധിച്ചു.
ADH4 എല്ലാ കുരങ്ങു വര്‍ഗ്ഗങ്ങളിലും ഉണ്ടെന്നു പറഞ്ഞുവല്ലോ. പക്ഷെ സാധാരണ ചെറുകുരങ്ങുകളിലും ലീമറുകളിലും ADH4 വളരെ ചെറിയ അളവില്‍ മാത്രമേ എതനോള്‍ വിഘടിപ്പിക്കൂ. മരങ്ങളിലെ പഴങ്ങളില്‍ അടങ്ങിയ വളരെ ചെറിയ അളവിലുള്ള എതനോള്‍ വിഘടിപ്പിക്കാന്‍ ഇത് സഹായിചിട്ടുണ്ടാകും.

എന്നാല്‍ മനുഷ്യന്റെ കാര്യം വ്യത്യസ്തമാണ്. നമുക്ക് വളരെ കൂടുതല്‍ മദ്യം കഴിക്കാന്‍ സാധിക്കുമല്ലോ. നമ്മുടെ ADH4 എന്‍സൈം വളരെ കാര്യക്ഷമാമാണ്. അത് വളരെ പെട്ടന്ന് കൂടുതല്‍ അളവില്‍ എതനോള്‍ ദഹിപ്പിക്കും.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് മനുഷ്യന്‍ മദ്യം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ പരിണാമമാണ് ഇതെന്നാണ് പൊതുവില്‍ ധരിച്ചിരുന്നത്. പക്ഷെ ഇതിനും വളരെ മുന്‍പേ നമ്മളെ മദ്യപാനികള്‍ ആക്കാന്‍ സഹായിക്കുന്ന മ്യൂട്ടേഷന്‍ നടന്നുകഴിഞ്ഞിരുന്നു.
ഏകദേശം 1 കോടി വര്‍ഷങ്ങള്‍ മുന്‍പ് തുടങ്ങി മനുഷ്യന്റെയും ഒറാന്‍ഗുട്ടാന്‍ ആള്‍ക്കുരങ്ങിന്റെയും പൊതുപൂര്‍വ്വികനില്‍ നിന്നും ഇങ്ങോട്ടുള്ള പരിണാമപാതയിലാണ് ADH4-ല്‍ എതനോള്‍ ദഹിപ്പിക്കാനുള്ള ശക്തി വര്‍ധിക്കുന്നത്. ഗോറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവയിലേക്കുള്ള പാതയില്‍ ADH4 നാല്‍പതു മടങ്ങ് എങ്കിലും കൂടുതല്‍ കാര്യക്ഷമമായി. കുരങ്ങുവര്‍ഗ്ഗങ്ങളില്‍ ADH4 എന്‍സൈം എതനോള്‍ ദഹിപ്പിക്കുന്ന രീതിയില്‍  ആയി മാറിയിരുന്നു. ADH4 പ്രോട്ടീനിലെ ഒരു അമീനോ ആസിഡില്‍ വന്ന മാറ്റമാണ് ഈ വലിയ വ്യത്യാസം ഉണ്ടാക്കിയത്. എന്നുവച്ചാല്‍ ചെറിയ ഒരു മ്യൂട്ടേഷന്‍ വലിയ വ്യത്യാസം ഉണ്ടാക്കി.

മറ്റു കുരങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ഈ ആള്‍ക്കുരങ്ങുകള്‍ കൂടുതല്‍ സമയവും നിലത്താണ് കഴിയുന്നത്‌. താഴെ വീണ കൂടുതല്‍ നന്നായി പഴുത്ത പഴങ്ങള്‍ ഭക്ഷിച്ചതാവാം അവയില്‍ ഇത്തരം ഒരു മ്യൂട്ടേഷന്‍ തിരെഞ്ഞെടുക്കപ്പെടാന്‍ കാരണം. ഇത്തരം പഴങ്ങളില്‍ കൂടുതല്‍ എതനോള്‍ കാണും.

പൊതുവേ എല്ലാ കുരങ്ങുവര്‍ഗ്ഗങ്ങള്‍ക്കും എതനോളിനോട് ചെറിയ താല്പര്യമുണ്ട് എന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ട്.  പഴങ്ങളില്‍ അടങ്ങിയ എതനോള്‍ തന്നെയാണ് ഇതിനു കാരണം. ആഫ്രിക്കയിലെ ഗിനിയയില്‍ ചിമ്പാന്സികളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ രസകരമാണ്. ഗ്രാമവാസികള്‍ പവിടുത്തെ പന ചെത്തി അതിന്റെ ജ്യൂസ്‌ (നമ്മുടെ കള്ള് തന്നെ) എടുക്കാറുണ്ടായിരുന്നു. ആളുകള്‍ ഇല്ലാത്തപ്പോള്‍ അവിടെയുള്ള കാട്ടിലെ ചിമ്പാന്‍സികള്‍ പനയില്‍ നിന്നും പുളിച്ച (fermented) കള്ള് കഴിക്കുവാന്‍ മത്സരിക്കുന്നതായി കണ്ടിട്ടുണ്ട്. പാത്രത്തില്‍ നിന്നും ഇല മടക്കി കപ്പുപോലെ ഉപയോഗിച്ചാണ് അവ കള്ള് എടുത്തു കുടിച്ചിരുന്നത്‌.

മനുഷ്യന്‍ കുടിയന്മാരാകുന്നു

എതനോള്‍ ദഹിപ്പിക്കാനുള്ള എന്സൈമോക്കെ പാരമ്പര്യമായി ലഭിച്ചതിനാല്‍ കൃഷി തുടങ്ങിയ കാലത്ത് മനുഷ്യന്‍ അത്യാവശ്യം നന്നായി മദ്യപാനവും തുടങ്ങിയിരുന്നു. അതായത് മനുഷ്യര്‍ ശരിക്കും കുടിയന്മാര്‍ ആയിമാറുന്നത് കൃഷി തുടങ്ങിയ ശേഷമാണ്. അതായത് ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്ക് ഇപ്പുറം.

മനുഷ്യര്‍ പഴങ്ങളും വിളകളും പുളിപ്പിച്ച് മദ്യം ഉണ്ടാക്കിയിരുന്നു. കൃഷി ചെയ്തുണ്ടാക്കിയ വിളവിന്റെ ഫലങ്ങള്‍ സൂക്ഷിക്കാന്‍ മനുഷ്യര്‍ അവ പുളിപ്പിച്ചിരിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ എതനോള്‍ ഉണ്ടാകും. കൂടുതല്‍ എന്നുപറഞ്ഞാല്‍ പരമാവധി ഏകദേശം 10 % വരെ. ഇതില്‍ കൂടുതല്‍ ആയാല്‍ ഈസ്റ്റ് പ്രവര്‍ത്തിക്കില്ല. അവ ചത്തുപോകും. അതുകൊണ്ടുതന്നെ അവ സ്വയം ഈ അളവില്‍ നില്‍ക്കും. പക്ഷെ ഇത്രയും അളവ് തന്നെ ധാരാളമാണ്.

അന്നത്തെ ആളുകള്‍ കൃഷി ചെയ്തത് തന്നെ ആ വിളവുകള്‍ പുളിപ്പിച്ച് ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ ആയിരുന്നിരിക്കണം. നെല്ലും ബാര്‍ലിയും എല്ലാം അവര്‍ മദ്യം ഉണ്ടാക്കാന്‍ വേണ്ടിയാകും ആദ്യം ഉപയോഗിച്ചത്. റൊട്ടിയും അപ്പവുമെല്ലാം പിന്നീട് വന്നതാകാം. ഇതിനു കാരണം, റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ കൂടുതല്‍ അറിവ് വേണം.
ഉപകരണങ്ങളും വേണം. ഇടിക്കണം, പൊടിക്കണം തുടങ്ങിയവയും ചെയ്യണം. എന്നാല്‍ പുളിപ്പിച്ചാല്‍ അതില്‍ സന്തോഷം തരുന്ന ദ്രാവകം ഉണ്ടാകും എന്നത് അവര്‍ പഴങ്ങള്‍ ഭക്ഷിച്ചതില്‍ നിന്നും ആദ്യമേ പഠിച്ചിട്ടുണ്ടാകുമല്ലോ. 

രുചിയും സന്തോഷവും മാത്രമല്ല, ആള്‍ക്കഹോള്‍ അടങ്ങിയ വെള്ളം കുടിച്ചതിനു വേറെയും ഗുണങ്ങള്‍ ഉണ്ട്. അതില്‍ അപകടകാരികളായ ബാക്റ്റീരിയയും വൈറസുമെല്ലാം ഉണ്ടാകാനുള്ള സാധ്യത കുറവുമാണ്. പല രോഗകാരികളായ സൂക്ഷ്മജീവികളും ഏതാനോള്‍ അടങ്ങിയ ഭക്ഷണത്തില്‍ വളരില്ല. അക്കാലത്ത് ഇത്തരം ചെറിയ ഗുണങ്ങള്‍ പോലും വലിയ നേട്ടങ്ങളാണ് എന്നോര്‍ക്കണം. ഇന്നത്തെ രീതിയില്‍ മരുന്നുകള്‍ ഒന്നും അന്നില്ലല്ലോ. ഇതൊന്നും കൂടാതെ മനുഷ്യന്റെ സര്‍ഗ്ഗാല്‍മകതയും, സാഹിത്യവും എല്ലാം ഒരല്പം മദ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടാകണം

.
മനുഷ്യന്‍ കനത്ത രീതിയില്‍ വെള്ളമടി തുടങ്ങിയത് ഒരു പതിനായിരം വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണെന്ന് മനസിലായല്ലോ. വീണ്ടും കുറെ കാലം കഴിഞ്ഞു ഒരു ആയിരം വര്‍ഷങ്ങള്‍ക്കു ഇപ്പുറമാണ്, ഇന്നുള്ള വൈവിധ്യങ്ങളായ വാറ്റിയെടുത്ത മദ്യങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. യൂറോപ്പ് ആയിരുന്നു അതിന്റെ കേന്ദ്രം എന്നും പറയാം. ഒരു പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ക്രിസ്ത്യന്‍ പാതിരിമാര്‍ യൂറോപ്പില്‍ കാര്യമായി ബീയറുകള്‍ ഉണ്ടാക്കി തുടങ്ങി. ആ കാലത്ത് തന്നെ ഇന്നുള്ള രീതിയില്‍ റെസിപ്പികളും ഉണ്ടായി. വ്യവസായ വിപ്ലവത്തിന് ശേഷം ഉണ്ടാക്കുന്ന മദ്യത്തിന്റെ അളവും കൂടി വന്നു.

മനുഷ്യന്‍ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയ ചുരുങ്ങിയ കാലയളവിലും ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും അമിതമായി കുടിച്ചാല്‍ അതിനനുസരിച്ച് ദഹിപ്പിക്കാന്‍ പാകത്തിന് ശക്തിയുള്ള എന്‍സൈമുകള്‍ നമുക്ക് പരിണമിച്ച് വന്നിട്ടില്ല. അതുപോലെ ഇന്ന് നമുക്കുള്ള എന്‍സൈമുകള്‍ പല ദേശങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ ചെറുതായി വ്യത്യസ്തവുമാണ്‌.
എന്തായാലും, കൂടുതല്‍ അളവില്‍, അതും കുറെ കാലം എതനോള്‍ അകത്തു ചെല്ലുന്നത് ദോഷകരമാണ്. ഇത് അഡിക്ഷന്‍ ഉണ്ടാക്കുന്നു. ഈ അടുത്ത് എലികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, അവയ്ക്ക് തുടര്‍ച്ചയായി എതനോള്‍ കൊടുത്താല്‍ പിന്നീട് നല്ല ഭക്ഷണം കൊടുത്താലും അവയില്‍ ചില എലികള്‍ എതനോള്‍ അടങ്ങിയ ഭക്ഷണം തിരെഞ്ഞെടുക്കും എന്നാണ്. അവയുടെ മസ്തിഷ്കത്തില്‍ γ-aminobutyric acid (GABA) എന്ന രാസവസ്തു കുറഞ്ഞുപോകുന്നതാണ് ഇതിനു കാരണം. മനുഷ്യന്റെ കാര്യവും സമാനമാണത്രേ!
എന്തായാലും, ഗുഹാമനുഷ്യനിലേക്ക് തിരിച്ചുപോയാല്‍, അവിടെ നിന്നും ഇന്നത്തെ മനുഷ്യസംസ്കാരത്തെ രൂപപ്പെടുത്തിയതില്‍ എതനോള്‍ എന്ന ചെറിയ തന്മാത്രയുടെ പങ്ക് വിട്ടുകളയാന്‍ കഴിയില്ല.







Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...