കടുവയാണോ സിംഹമാണോ കൂടുതൽ ശക്തൻ?

കടുവയാണോ സിംഹമാണോ കൂടുതൽ ശക്തൻ : നമ്മുടെ ഒരു രാജാവ് ആ തർക്കം പരിഹരിച്ച കഥ

കടുവയാണോ സിംഹമാണോ കൂടുതൽ ശക്തനാണെന്ന തർക്കത്തിന് മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ട് . ഇപ്പോഴും ഈ വിഷയത്തിൽ ചൂടുപിടിച്ച തർക്കങ്ങൾ നടക്കുന്നുണ്ട്. ചിലർ പറയുന്നത് സിംഹമാണ് കൂടുതൽ കരുത്തൻ എന്ന് . മറ്റുള്ളവർ തികഞ്ഞ കടുവ പക്ഷപാതികൾ . പലരും ഒരു വാദത്തിനു വേണ്ടി വാദിക്കുന്നു . ഇത്തരം ഒരു ചൂടുപിടിച്ച വാദപ്രദിവാദം നൂറ്റി ഇരുപതുകൊല്ലം മുൻപ് ബറോഡയിൽ മഹാരാജാവായ സായാജി റാവു ഗെയ്ക്വാദ് മൂന്നാ മന്റെ രാജ്യസഭയിലും നടന്നു . കടുവ പക്ഷക്കാരും സിംഹം പക്ഷക്കാരും തമ്മിലുള്ള വാദപ്രദിവാദങ്ങൾ രാജ സഭയെ അലങ്കോലപ്പെടുത്താൻ തുടങ്ങി .എല്ലാം താത്‌വികമായ അവലോകനങ്ങൾ . താത്‌വികമായ അവലോകനങ്ങൾ അങ്ങിനെയാണ് എത്രകാലം വേണമെങ്കിലും അവ നീളും .

ഒടുവിൽ ഈ തർക്കം ശാസ്ത്രീയമായി തന്നെ പരിഹരി ക്കാൻ മഹാരാജാവ് തീരുമാനിച്ചു . താത്വികമായ അവലോകങ്ങൾക്ക് അവധി നൽകി ഒരു പരീക്ഷണത്തിലൂടെ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനായിരുന്നു മഹാരാജാവിന്റെ പ്ലാൻ . ഒരു കടുവയും സിംഹവും തമ്മിലുള്ള ഒരു മല്ലയുദ്ധം -അതായിരുന്നു സായാജിറാവുവിന്റെ പ്ലാൻ. 1899 ലാണ് സംഭവം നടക്കുന്നത്

മല്ലയുദ്ധം നടത്തേണ്ട സ്റ്റേഡിയം ഒക്കെ പെട്ടന്ന് നിർമിച്ചു . കടുവയും റെഡി .അപ്പോഴാണ് മഹാരാജാവിന്റെ ഉപദേശകർക്ക് ഒരു ശങ്ക .ഇന്ത്യയിലെ സിംഹങ്ങൾ ഇന്ത്യൻ കടുവകൾക്ക് കിടനിൽക്കില്ല . മത്സരം കടുവ പെട്ടന്ന് ജയിക്കും .ഒരു ''മിസ്മാച്ച്'' കണ്ടാൽ കാണികൾ നിരാശരാകും . അതിനാൽ ആഫ്രിക്കയിൽ നിന്നും വലിയ ഒരു സിംഹത്താനെ കൊണ്ടുവരണം . ബ്രിറ്റീഷ് ആധിപത്യത്തിന് കീഴിലാണെങ്കിലും മഹാരാജാവ് മഹാരാജാവ് തന്നെ . ഉത്തര ആഫ്രിക്കയിലെ അറ്റ്ലസ് പര്വതനിരകളിൽ നിന്നും ഒരു വലിയ ബാർബെറി സിംഹത്തെ കെണിവെച്ച് പിടിച്ച് ബറോഡയിൽ എത്തിച്ചു . നല്ല ഘടാഘടിയൻ സിംഹം ,കടുവക്ക് ഒത്ത എതിരാളി തന്നെ .മഹാരാജാവും പരിവാരങ്ങളും സന്തോഷിച്ചു.

പോരാട്ടത്തിന് വാശികൂട്ടാനായി ഏതാനും ദിവസം കടുവച്ചാരുടെയും സിംഹത്താന്റെയും റേഷൻ വെട്ടിക്കുറച്ചു . കുറച്ചു വിശപ്പുകൂടി ഉണ്ടായാലേ പോരാട്ടത്തിന് ഒരു രസമുണ്ടാകൂ എന്ന് ഉപദേശികൾക്കു തോന്നി. ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി പോരാട്ടം ആരംഭിച്ചു . പോരാട്ടം ആരെയും നിരാശപ്പെടുത്തിയില്ല .''അറ്റ്ലസ്'' എന്ന് പേരുള്ള ഉത്തര ആഫ്രിക്കൻ സിംഹം ഇന്ത്യൻ കടുവക്ക് കനത്ത മത്സരം തന്നെ നൽകി . ഒരു ഘട്ടത്തിൽ സിംഹത്തിനു മേൽകൈ ഉണ്ടാകുന്ന സാഹചര്യവും വന്നു . പക്ഷെ അന്തിമവിജയം കടുവക്കായിരുന്നു . അറ്റ്ലസിനെ ഒരു നീണ്ട യുദ്ധത്തിന് ശേഷം വധിക്കാൻ കടുവക്കായി.

അങ്ങിനെ സിംഹമാണോ കടുവയാണോ ശക്തിമാൻ എന്ന തർക്കത്തിന് ബറോഡയിൽ തീരുമാനമായി . കടുവ തന്നെയാണ് മൃഗങ്ങളുടെ രാജാവ് എന്ന് മഹാരാജാവ് പ്രഖ്യാപിച്ചു .വിജയിയായ കടുവയെ കൊട്ടാരസമാനമായ ഒരു വലിയ സ്ഥലത്തു പാർപ്പിക്കാൻ ഉത്തരവ്‌ ആയി . യുദ്ധത്തിൽ വീരചരമം പ്രാപിച്ച സിംഹത്തിനു രാജകീയമായ ഒരു ശവ സംസ്കാരം തന്നെ നടത്തി .

ചിത്രം : കടുവയും സിംഹവും തമ്മിലുള്ള യുദ്ധം ജെയിംസ് വാർഡിന്റെ എണ്ണച്ചായചിത്രം.


Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...