കളിയായി കണ്ടാൽ മതിയോ കളിപ്പാട്ടങ്ങളെ

പാമ്പും കോണിയിലും തുടങ്ങി ലുഡോയും ചെസും കാരംസും മോണോപോളിയും വരെ. പിന്നെ ഫിഡ്ജറ്റ് സ്പിന്നേഴ്‌സും പ്ലേ സ്റ്റേഷനും(വ്യത്യസ്ത പരമ്പരയിൽപെട്ടവ) എക്സ് ബോക്സും ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമുകളും. കുട്ടികൾക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങളുടെ ലോകത്ത് അതിഭയങ്കരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും മാതാപിതാക്കൾ പോലും അറിയാതെ കളിപ്പാട്ടങ്ങൾ കുട്ടികളുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത സംഗതിയായി മാറും.
വളരുമ്പോൾ കളിപ്പാട്ടത്തോടുള്ള ഇഷ്ടത്തിന്റെ അളവിൽ വ്യത്യാസമുണ്ടായേക്കാം. എന്നാൽ പിന്നീട് എപ്പോഴെങ്കിലും ആ കളിപ്പാട്ടം വീണ്ടും വേണമെന്ന് അവനോ അവൾക്കോ തോന്നുകയാണെന്നിരിക്കട്ടെ, അത് കിട്ടിയേ മതിയാകൂ എന്ന്  ശാഠ്യം പിടിക്കും. "എല്ലാവർക്കും ഉണ്ടല്ലോ പിന്നെ എനിക്കെന്തുകൊണ്ട് ഇല്ല" എന്നാവും ഈ ശാഠ്യത്തിനുള്ള അവരുടെ വിശദീകരണം.

അതിതീവ്ര ആഗ്രഹങ്ങൾ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നത് വിപണനതന്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും സമർഥമായ കൂടിച്ചേരലിന്റെ ഫലമായാണ്. വസ്തുക്കളുടെ മൂല്യം മനസ്സിലാക്കാൻ മറ്റുള്ളവരിലേക്ക് നോക്കുക എന്ന മനുഷ്യന്റെ ജനിതക സ്വഭാവത്തെ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കളിപ്പാട്ടങ്ങളോടുള്ള കുട്ടികളുടെ മനോഭാവത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്. കുട്ടികൾക്ക് യോജിക്കുന്ന കളിപ്പാട്ടം ഏതെന്ന് ചിന്തിച്ച് തിരഞ്ഞെടുക്കാൻ സമയവും ഊർജവും ചെലവഴിക്കുക എന്നത് മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വളരെ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമാണിത്.
കളിപ്പാട്ട നിർമാതാക്കൾ പലപ്പോഴും കുഴലൂത്തുകാരെ പോലെ കുട്ടികളെ നമ്മളിൽനിന്ന് അകറ്റിക്കൊണ്ടു പോവുകയാണ്. പ്രശ്നപരിഹാരത്തിന് അക്രമം ആകാമെന്നു പഠിപ്പിക്കുന്ന, അവസാനമില്ലാത്ത സാങ്കല്പിക യുദ്ധക്കളികളാണ് അവർ നിർമിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. നേടാൻ സാധിക്കാത്ത രൂപസൗന്ദര്യമുള്ള സ്ത്രീകളെയാണ് ചെറിയ പെൺകുട്ടികൾക്കു മുന്നിൽ കളിപ്പാട്ട നിർമാതാക്കൾ അവതരിപ്പിക്കുന്നത്. ബാർബിയുടെ അഴകളവു(36-18-33)കൾ സ്വന്തം ശരീരം ഭംഗിയുള്ളതല്ലെന്ന് ചിന്തിക്കാൻ കൊച്ചുപെൺകുട്ടികളെ പ്രേരിപ്പിക്കുന്നു. ചെറുപ്പത്തിൽ നാം നമ്മുടെ കളിപ്പാട്ടങ്ങളിൽനിന്ന് സ്വീകരിച്ച നന്മകളല്ല ഇന്നത്തെ കളിപ്പാട്ടങ്ങൾ പലതും നമ്മുടെ കുട്ടികൾക്ക് കൈമാറുന്നത്.
സ്വതന്ത്രമായി കളിക്കാനുള്ള അചഞ്ചലമായ ആവേശത്തെ സൂചിപ്പിക്കുന്നതാണ് കുട്ടിക്കാലം. എന്നാൽ ഇപ്പോൾ, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കളിപ്പാട്ടക്കടകൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരോ പുതിയകാര്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു. പരമ്പരാഗത കളിപ്പാട്ടങ്ങളായ കിലുക്കികളും പുഷ് ടോയികളും കോമാളികളുടെ മുഖവും മൃഗങ്ങളെയുമൊക്കെയാണ് നാം ഇപ്പോഴും കുഞ്ഞുങ്ങൾക്കും ചെറിയകുട്ടികൾക്കും സമ്മാനിക്കുന്നത്. കുഞ്ഞുങ്ങൾക്ക് നൽകേണ്ട സമ്മാനങ്ങളെ കുറിച്ചറിയാൻ ബാലമനഃശാസ്ത്രത്തിൽ വിദഗ്ധരായവരെയും പ്രശസ്തങ്ങളായ മാസികകളിലെ അവരുടെ കുറിപ്പുകളെയും നാം ആശ്രയിക്കുകയും ചെയ്യുന്നു.
എന്നാൽ നമ്മുടെ കുട്ടികൾ ടെലിവിഷൻ (പരസ്യങ്ങളും) കാണാൻ പാകമാകുന്നതോടെ സ്‌ക്രീനിൽ തെളിയുന്ന മിന്നുന്ന കളിപ്പാട്ടങ്ങൾ അവർ ആവശ്യപ്പെട്ടു തുടങ്ങും. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്നവയല്ല പുത്തൻ കളിപ്പാട്ടങ്ങൾ. പകരം ഓരോ ഭക്ഷണസമയത്തും ലഭിക്കുന്നതായി അവ മാറിക്കഴിഞ്ഞു. തങ്ങളുടെ കൗണ്ടറിൽ കൂടുതൽ ആളുകളെ എത്തിക്കുന്നതിനായി ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഫാസ്റ്റ് ഫുഡ് കമ്പനികൾ ടോയ് പ്രീമിയം സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനൊപ്പം കളിപ്പാട്ടം കിട്ടുമെന്ന കുട്ടികളുടെ പ്രതീക്ഷയ്ക്കൊപ്പം എത്താൻ കൂടുതൽ ഫാസ്റ്റ് ഫുഡ് കമ്പനികൾ ഈ രീതി സ്വീകരിക്കുകയും ചെയ്യുകയാണ്.

കളിപ്പാട്ടങ്ങളുടെ വിലവർധനയ്ക്ക് ഏക ഉത്തരവാദികൾ അതിന്റെ നിർമാതാക്കൾ മാത്രമാണെന്നാണ് പല വിമർശകരും വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഏതുതരം കളിപ്പാട്ടങ്ങളും വാങ്ങി നൽകാൻ തയ്യാറാകുന്ന മാതാപിതാക്കൾ കൂടി ഈ വിലവർധനയ്ക്ക് കാരണക്കാരാണ്. കുട്ടികളെ വളർത്തുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ കളിപ്പാട്ടങ്ങൾ രൂപപ്പെടുത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റ അവസാനം വരെ രക്ഷിതാക്കൾ കുട്ടികൾക്ക് കുറച്ച് കളിപ്പാട്ടങ്ങൾ മാത്രമാണ് നൽകിയിരുന്നത്. നൽകിയിരുന്നതിൽ അധികവും കുട്ടികളുടെ ഭാവനയെക്കാൾ രക്ഷിതാക്കളുടെ അഭിരുചിക്ക് അടിസ്ഥാനമാക്കി നിർമിച്ചവയായിരുന്നു.
ഉപഭോക്തൃ വിപണിയുടെ അതിപ്രസരത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ഭാവനയെ മനസ്സിലാക്കുകയും മാസ് മീഡിയയിൽനിന്നുള്ള കഥാപാത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കളിപ്പാട്ടങ്ങളെ നിർമിച്ച് അവ കുട്ടികൾക്ക് നേരിട്ടു വിൽക്കാനുമുള്ള തന്ത്രം കളിപ്പാട്ട നിർമാതാക്കൾ കണ്ടെത്തിക്കഴിഞ്ഞു.
മാതാപിതാക്കളെയും കുട്ടികളെയും ഒരേസമയം തൃപ്തിപ്പെടുത്തുക ഒപ്പം ലാഭവുമുണ്ടാക്കുക എന്നീ ആവശ്യങ്ങൾ ഒരു പുതിയ സമ്പ്രദായത്തിനാണ് വഴിതുറന്നത്. ഇത് രക്ഷാകർത്താവിനെ കാഴ്ചക്കാരന്റെ വേഷത്തിലാക്കി. ഞാൻ വ്യക്തിപരമായി പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്. പ്രിയപ്പെട്ട രക്ഷിതാക്കളെ ഉണരൂ. നിങ്ങളുടെ കുട്ടി കാണിക്കുന്ന കുറുമ്പിനെ അടക്കാൻ വെറുതെ ഒരു കളിപ്പാട്ടം വാങ്ങുന്നതിനു മുമ്പേ നിങ്ങൾ സമയവും ചിന്തയും അതിനു വേണ്ടി െചലവഴിക്കൂ. കാരണം കുട്ടികളുടെ വളർച്ചാകാലയളവിൽ നിർണായക സ്വാധീനം ചെലുത്തുന്നവയാണ് കളിപ്പാട്ടങ്ങൾ.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...