വെറും ആറിഞ്ച് നീളമുള്ള അസ്ഥികൂടം

സ്റ്റാന്‍ഫോര്‍ഡ്: അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ശാസ്ത്രജ്ഞര്‍ ഉണ്ട്. അടുത്തിടെ അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങും അങ്ങനെ വിശ്വസിച്ചിരുന്നു. അന്യഗ്രഹ ജീവികളെ കുറിച്ച് പഠിക്കാന്‍ ഒരു വലിയ പദ്ധതിയും അദ്ദേഹം തുടങ്ങി വച്ചിരുന്നു.

പറക്കും തളികകളില്‍ അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ച് മടങ്ങുന്നതായും ചിലര്‍ വിശ്വസിക്കുന്നുണ്ട്. പലയിടങ്ങളില്‍ പറക്കും തളികകള്‍ കണ്ടതായും ആളുകള്‍ പറയുന്നു. പക്ഷേ, ഇതിനൊന്നും ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഇല്ല.

അതിനിടെയാണ് ചിലിയിലെ ഒരു മരുഭൂമിയില്‍ നിന്ന് ഒരു അസ്ഥികൂടം കിട്ടുന്നത്- അറ്റക്കാമ മരുഭൂമിയില്‍ നിന്ന്. അങ്ങനെയാണ് ആ അസ്ഥികൂടത്തിന് അറ്റക്കാമ അസ്ഥികൂടം എന്ന പേര് വന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. വെറും ആറിഞ്ച് മാത്രം നീളമുള്ള ഒരു അസ്ഥികൂടം. അത് ഒരു അന്യഗ്രഹ ജീവിയുടേത് ആയിരുന്നോ... സത്യം കൂടി ഇപ്പോള്‍ വെളിപ്പെടുകയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ്

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ആ സംഭവം. ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തില്‍ ചരിത്ര വസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു ഒരാള്‍. അപ്രതീക്ഷിതമായിട്ടാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു തുകല്‍ പെട്ടി കാണുന്നത്. അത് തുറന്ന് നോക്കിയപ്പോള്‍ അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഒരു സമ്പൂര്‍ണ അസ്ഥികൂടം ആയിരുന്നു അത്. എന്നാല്‍ അതിന്റെ വലിപ്പമാണ് അയാളെ ഏറെ ആശങ്കപ്പെടുത്തിയത്. ഇങ്ങനേയും ഉണ്ടാകുമോ അസ്ഥികൂടങ്ങള്‍?

ആറിഞ്ച് മാത്രം നീളം

കണ്ടാല്‍ ഒരു മനുഷ്യാസ്ഥികൂടം തന്നെ. പക്ഷേ, നീളം വെറും അറിഞ്ച് മാത്രം. അങ്ങനെ ഒരു അസ്ഥികൂടം ഉണ്ടാകുമോ? അതുകൊണ്ട് തന്നെ ആയിരുന്നു അതൊരു അന്യഗ്രഹ ജീവിയുടേതാകാനുള്ള സാധ്യത കണ്ടത്. ആ അസ്ഥികൂടത്തില്‍ പല്ലുകളുണ്ടായിരുന്നു, വാരിയെല്ലുകളുണ്ടായിരുന്നു. തലയോട്ടിയും ഉണ്ടായിരുന്നു. നിവര്‍ന്നു നില്‍ക്കുന്ന ഒരു ജീവിയുടെ അസ്ഥികൂടം തന്നെ ആണ് അത് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ മനുഷ്യന്‍ അല്ലാതെ, വേറെ ഏതാണ് അങ്ങനെ ഒരു ജീവി ഈ ഭൂമിയില്‍.

തലയോട്ടിയുടെ രൂപം

ആ അസ്ഥികൂടത്തിന് വേറേയും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. സാധാരണ മനുഷ്യരില്‍ 12 വാരിയെല്ലുകളാണ് ഉണ്ടാവുക. എന്നാല്‍ ഇതില്‍ വെറും 10 എണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. വാരിയെല്ലുകള്‍ നഷ്ടപ്പെട്ടതിന്റെ സൂചനകളും അതില്‍ ഇല്ലായിരുന്നു. തലയോട്ടിയുടെ രൂപത്തിലും ചില വ്യത്യസ്തതകള്‍ ഉണ്ട്. നീളന്‍ തലയോട്ടിയാണ് അസ്ഥികൂടത്തിന് ഉള്ളത്. വലിയ കണ്‍കുഴികളും ഉണ്ട്. ഇതെല്ലാം തന്നെ പരമ്പരാഗതമായി അന്യഗ്രഹ ജീവികളെ കുറിച്ച് പറയുന്ന രൂപഘടനയോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്.

അറ്റ- ഒരു മനുഷ്യ സ്ത്രീ

അറ്റക്കാമസ് മരുഭൂമിയില്‍ നിന്ന് ലഭിച്ചതിനാല്‍ അറ്റ എന്നാണ് ഈ അസ്ഥികൂടത്തെ വിളിക്കുന്നത്. ഇത് സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ഏറ്റവും പുതിയ ജീനോം റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ അറ്റ ഒരു മനുഷ്യന്‍ തന്നെ ആണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അന്യഗ്രഹ ജീവി എന്ന സംശയങ്ങള്‍ പൂര്‍ണമായും ദുരീകരിക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. പക്ഷേ, അപ്പോഴും ആ അസ്ഥികൂടത്തിന്റെ വലിപ്പം ആണ് ആളുകളില്‍ സംശയം ഉണര്‍ത്തുന്നത്.

മ്യൂട്ടേഷന്‍

എല്ലുകളുടെ വികാസവുമായി ബന്ധപ്പെട്ട ജനിതക മ്യൂട്ടേഷന്‍ സംഭവിച്ച ഒരു പെണ്‍കുട്ടി ആണ് അറ്റ എന്നാണ് ഇപ്പോഴത്തെ നിഗമനം. മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഏതോ ഒരു ജനതക രോഗം ബാധിച്ചതാകാം അറ്റയുടെ വലിപ്പം ഇത്രയും കുറഞ്ഞുപോകാനുള്ള കാരണം എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. എല്ലുകളില്‍ നടത്തിയ പഠനം തെളിയിക്കുന്നത്, അത് ആറ് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടേതാണ് എന്നാണ്.

ചിലിയില്‍ നിന്നുള്ള പെണ്‍കുട്ടി

അറ്റയുടെ ജനിതക ഘടന ആദ്യം ഒത്തുനോക്കിയത് ചിമ്പാന്‍സികളുടേതിനോടും കുരങ്ങന്‍മാരുടേതിനോടും ആയിരുന്നു. അതോടെ, അറ്റ മനുഷ്യകുലത്തില്‍ പെട്ട ആളാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ക്രോമസോം മാപ്പിങ്ങില്‍ 'വൈ' ക്രോമസോം കണ്ടെത്താതിരുന്നതോടെ അറ്റ ഒരു സ്ത്രീ ആണെന്നും വ്യക്തമായി. പക്ഷേ, എല്ലുകളുടെ കാലഗണനയും അസ്ഥികൂടത്തിന്റെ വലിപ്പവും എല്ലാം ഇപ്പോഴും ആശയക്കുഴങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...