ജസ്വന്ത് സിംഗ് റാവത്

വെളുപ്പിന് നാലുമണിക്കുള്ള കാപ്പി മുതൽ അത്താഴം വരെ,  ഷൂ പോളിഷ് ചെയ്യാനും, കിടക്ക വൃത്തിയാക്കുവാനും , യൂണിഫോം തയ്യാറാക്കുവാനും, ഒരു പട്ടാള ജനറലിന് വേണ്ട എല്ലാ സൗകര്യങ്ങളും ജനറൽ  ജസ്വന്ത് സിംഗ് റാവത് നു  ചെയ്തു കൊടുക്കാൻ  അഞ്ചു പട്ടാളക്കാരാണുള്ളത്.  അവരുടെ ആ ജനറൽ അര നൂറ്റാണ്ടിനു മുൻപ് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചതാണ്.

1962,നവംബർ 17ആം തീയതിയിലെ പ്രഭാത രശ്മികൾ കിഴക്കൻ ഹിമാലയത്തിൽ പതിക്കുമ്പോഴേക്കും ചൈനീസ് സൈന്യം തങ്ങളുടെ നാലാമത്തെ ആക്രമണത്തിന് കച്ചമുറുക്കിയിരുന്നു.

അതിനു മുൻപ്  തദ്ദേശ്ശീയരായ മോൺപകളെ പോലെ വസ്ത്രം ധരിച്ചു അരുണാചൽ പ്രദേശിലേക്കു നുഴഞ്ഞു കയറാനുള്ള  ചൈനീസ് ശ്രമത്തെ ഇന്ത്യൻ സൈന്യം നിഷ്‌ഫലമാക്കിയിരുന്നു . അതേ തുടർന്ന്, എന്ത് വില കൊടുത്തും നൗറാനാംഗ് അധീനതയിൽ ആക്കണമെന്ന ഉദ്ദേശവുമായി  Meduim Machine Gun (MMG) ഉൾപ്പടെയുള്ള അത്യാധുനിക ആയുധ ശേഖരത്തിന്റെ അകമ്പടിയോടെ  ഇന്ത്യൻ അതിർത്തി സംരക്ഷകരായ ഗർവാൾ റൈഫിൾസിനു നേരേ  ശക്തമായ ആക്രമണം അഴിച്ചു വിട്ടു.

ചൈനയുടെ ആസൂത്രിതമായ ആക്രമണത്തിൽ പരാജയപ്പെട്ടു  കൊണ്ടിരുന്ന ഇന്ത്യൻ സൈന്യത്തിന്  തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചിരുന്നു . എന്നാൽ ആ പിൻവാങ്ങൽ കൊണ്ടു തവാങ് ഉൾപ്പടെയുള്ള അരുണാചൽ പ്രദേശിലെ ഭൂരിഭാഗം ഗ്രാമങ്ങളും ചൈനയുടെ അധീനതയിൽ ആകും എന്നു മനസ്സിലാക്കിയ ഇന്ത്യൻ പട്ടാളക്കാർക്ക് പിന്തിരിയാൻ  മനസ്സുണ്ടായില്ല. ഇന്ത്യൻ ആർമിയുടെ രേഖകൾ പ്രകാരം ആ സമയംഗർവാൾ റൈഫിൾ സിൽ ഉണ്ടായിരുന്നത് ലാൻസ് നായ്ക് ത്രിലോക് സിംഗ്, റൈഫിൾ മാൻ ജസ്വന്ത് സിംഗ്‌, റൈഫിൾ മാൻ ഗോപാൽ സിംഗ് എന്നിവരായിരുന്നു.

സമുദ്ര നിരപ്പിൽ നിന്നുംപതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ ശക്തരായ  ചൈനീസ് സേനയെ ചെറുക്കാൻ വെറും മൂന്ന് ഇന്ത്യൻ പട്ടാള ക്കാർ മാത്രം. MMG കൊണ്ടുള്ള ചൈനീസ് ആക്രമണത്തെ  ഇന്ത്യൻ സൈനികർക്കു  തങ്ങളുടെ പക്കലുള്ള LMG കൊണ്ടു നേരിടാൻ സാധ്യമല്ലായിരുന്നു. എങ്കിലും അവർ ഭയന്നില്ല, തളർന്നില്ല, എന്ത് വന്നാലും മാതൃ  രാജ്യത്തിന്റെ ഒരു തരി മണ്ണുപോലും ശത്രുവിന് കൊടുക്കില്ല എന്നുറച്ചു വീറോടെ പൊരുതി.  അത്യന്തം ആത്മഹത്യാ പരമായിരുന്നു അവരുടെ ഓരോ നീക്കവും പാറകളുടെയും കുറ്റിച്ചെടികളുടെയും ഇടയിലൂടെ ഇഴഞ്ഞു നീങ്ങി കൊണ്ടു ഗ്രനേഡ് ആക്രമണത്തിലൂടെ ചൈനീസ് സൈന്യത്തിന്റെ MMG ക്കെതിരായി ശക്തമായ പ്രതിരോധം തീർത്തു. പതിനഞ്ചു അടിയോളം ശത്രുവിന്റെ അടുത്തെത്തി അവരെ  തങ്ങളുടെ  ഗ്രനേഡ് അക്രമണത്താൽ  ചെറുത്തു നിർത്താൻ ജസ്വന്തിനും കൂട്ടർക്കും സാധിച്ചു. മുറിവേറ്റ ഒരു ചൈനീസ് പട്ടാളക്കാരനിൽ നിന്നും MMG കൈക്കലാക്കി ബങ്കറിലേക്കു കൊണ്ടു പോകും വഴി, ലക്ഷ്യസ്ഥാനത്തെത്തുന്നതിനു തൊട്ടു മുൻപ് റൈഫിൾ മാൻ  ജസ്വന്ത് സിംഗ് തലയ്ക്കു വെടിയേറ്റ് വീരമൃത്യു വരിച്ചു. റൈഫിൾ മാൻ ഗോപാൽ സിംഗ് MMG സുരക്ഷിത സ്ഥാനത്തു എത്തിക്കുകയും അവരെ നേരിടുകയും ചെയ്തു.
പിന്നീട് ഇന്ത്യൻ സൈന്യം എത്തിച്ചേരുകയും അതേത്തുടർന്നുള്ള  ശക്തമായ തിരിച്ചടിയിൽ ചൈനീസ് സൈന്യം പിൻവാങ്ങുകയും ചെയ്തു.

എന്നാൽ ജസ്വന്ത് സിങിന്റെ വീരമൃത്യുവിനെ പറ്റി അന്നാട്ടുകാർക്കു പറയാനുള്ളത് ഒരല്പം വ്യത്യസ്തമായ  കഥയാണ്. ചൈനീസ് സൈന്യം ഗർവാൾ റൈഫിൾ സിനു നേരെ ആക്രമണം നടത്തിയ സമയം അവിടെ  ജസ്വന്ത് സിംഗും സഹായത്തിനായി സേല, നൂറ എന്ന മോൺപ്പ വിഭാഗത്തിൽ പെട്ട രണ്ട് പെൺകുട്ടികളും മാത്രം ശേഷിച്ചു. ബങ്കറുകളിൽ നിന്നും ബങ്കറുകളിലേക്കു ഇഴഞ്ഞു ചെന്ന് വെടി ഉതിർത്തുകൊണ്ട് ജസ്വന്ത് ശക്തമായ പ്രതിരോധ നിര ഉയർത്തി. വിവിധ സ്ഥലങ്ങളിൽ ആയുധങ്ങൾ സ്ഥാപിച്ചു കൊണ്ട് പല ദിശകളിൽ നിന്നും ആക്രമണം നടത്തി. മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനീസ് പട്ടാളത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കാൻ അതു തന്നെ ധാരാളമായിരുന്നു. നീണ്ട എഴുപത്തി രണ്ടു മണിക്കൂർ ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു. മൂന്നാം ദിവസം, ജസ്വന്തിനു റേഷൻ എത്തിയ്ക്കുന്ന ആളിൽ നിന്നു , മലമുകളിൽ ഒരു പട്ടാളക്കാരൻ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ചൈനീസ് സൈന്യം  മനസ്സിലാക്കി .ഇതിനോടകം ഏകനായ് പൊരുതി കൊണ്ടു 300ഓളം ചൈനീസ് സൈനികരെ ജസ്വന്ത് സിംഗ്‌ വധിച്ചിരുന്നു.  ചൈനീസ് പട്ടാളം മുകളിലെത്തി ആക്രമണം നടത്തി. അവിടെ വെച്ചുള്ള ഗ്രനേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെട്ടു. നൂറയെ ബന്ദിയുമാക്കി. (ഇന്ന് അവിടേക്കുള്ള വഴി സേല പാസ്സ് എന്നും പ്രധാനപാത നൂറ എന്ന പേരിലുമാണ് അറിയപ്പെടുന്നത്.)
ഗുരുതരമായ മുറിവേറ്റ ജസ്വന്ത് സിങിനെ അവിടെത്തന്നെ ഒരു കഴുമരം തീർത്തു തൂക്കിലേറ്റിയെന്നും അതല്ല, അദ്ദേഹം ശിരസ്സിൽ  സ്വയം നിറയൊഴിച്ചു വീരമൃത്യു വരിച്ചു എന്നും പറയപ്പെടുന്നു.

സത്യം എന്ത് തന്നെയായാലും കലിയടങ്ങാത്ത ചൈനീസ് പട്ടാളം അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു. മുറിച്ചെടുത്ത ശിരസ്സുമായി പോയ ചൈനീസ് കമ്മാൻഡറിന് ജസ്വന്തിന്റെ ധീരതയിൽ ആദരവ് തോന്നുകയും, വെട്ടിയെടുത്ത ശിരസ്സിനൊപ്പം അദ്ദേഹത്തിന്റെ അർദ്ധ കായ വെങ്കല പ്രതിമയും ഇന്ത്യക്ക് കൈമാറി.

1962 ലെ ഇന്തോ-ചൈന യുദ്ധത്തിലെ വീരനായകനായിരുന്ന റൈഫിൾ മാൻ ജസ്വന്ത് സിംഗ് റാവത്തിന് മരണാനന്തര ബഹുമതിയായി രാജ്യം പരമ വീര ചക്രം നൽകി ആദരിച്ചു. ലാൻസ് നായ്ക് ത്രിലോക് സിങ്ങിന് മരണാനന്തരം വീര ചക്രം നൽകി ആദരിച്ചു. റൈഫിൾ മാൻ ഗോപാൽ സിങ്ങിനെയും വീരചക്രം നൽകി  രാജ്യം ആദരിച്ചു.

മരിക്കുമ്പോൾ ഗർവാൾ റൈഫിൾസിലെ  ഒരു റൈഫിൾ മാൻ മാത്രമായിരുന്ന ജസ്വന്ത് സിങിനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉദ്യോഗക്കയറ്റം നൽകിയാണ് ഭാരത സർക്കാർ  ആദരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് മേജർ ജനറൽ പദവിയാണുള്ളത്.

അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നിന്നും 25 കി.മീ അകലെ നുരനാംഗിൽ ആർമി ജസ്വന്ത് ഘർ എന്ന പേരിൽ ഒരു സ്മാരകം പണിതു. ചൈന നൽകിയ വെങ്കല പ്രതിമ അവിടെ  സ്ഥാപിച്ചു. ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അന്നു മുതൽ ജസ്വന്ത് സിംഗിനെ പരിചരിയ്ക്കുവാൻ അഞ്ചു ആർമി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ശമ്പളം,അവധി തുടങ്ങി ജീവിച്ചിരിക്കുന്ന ഒരു പട്ടാളജനറലിനു വേണ്ട എല്ലാ ആനുകൂല്യങ്ങളും  ജൻവന്ത് സിംഗിന് ഇപ്പോഴും ലഭിക്കുന്നു. വിശേഷ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അവധിയ്ക്കായി അപേക്ഷ നൽകും,അവധി അപേക്ഷ അംഗീകരിച്ചാൽ പട്ടാളക്കാർ പൂർണ്ണ സൈനിക ബഹുമതികളോടെ ജസ്വന്ത് സിംഗിന്റെ ഛായാചിത്രം അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് കൊണ്ടു പോകുകയും അവധി അവസാനിക്കുമ്പോൾ തിരിച്ച് കൊണ്ടു വന്ന് വെക്കുകയും ചെയ്യും. രേഖകളിൽ ജനറൽ ജസ്വന്ത് സിംഗ്  1962 ലെ യുദ്ധത്തിൽകൊല്ലപ്പെട്ടു. ഏങ്കിലും ഇവിടെയുള്ളവർക്ക് അദ്ദേഹം ജീവിച്ചിരിക്കുന്ന അവരുടെ ജസ്വന്ത് ബാബയാണ്. അവർ ബാബയെ പരിചരിക്കുന്നതിനൊപ്പം തവാങ് നു യാത്ര ചെയ്യുന്നവർക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കുന്നു.

അരുണാചൽ പ്രദേശിലെ (സേല പാസ്സ്) വഴി കടന്നു പോകുന്ന  പട്ടാളക്കാരൻ  അത് എത്ര ഉന്നതനും ആകട്ടെ,  ബാബ ജസ്വന്ത് സിംഗ് രാവത്തിനു ശ്രദ്ധാഞ്‌ജലി അർപ്പിച്ചിട്ടേ പോകാറുള്ളൂ.
കഥയിലെ വാസ്തവം എന്തെന്ന് അറിയില്ല, എങ്കിലും ഒന്ന് മാത്രം അറിയാം. മുകളിൽ നിന്നു കിട്ടിയ ഉത്തരവിന് പ്രകാരം അന്ന് അവർ പിൻതിരിഞ്ഞിരുന്നെങ്കിൽ   ഈ കഥ മറ്റൊന്നായേനേ.
 അരുണാചൽ പ്രദേശ് ഇന്നും ഇന്ത്യയുടെ ഭാഗമാണ് . അതിനു പിന്നിൽ രക്തം കിനിയുന്ന രാജ്യസ്നേഹത്തിന്റെ ചരിത്രമുണ്ട്. സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി സ്വജീവൻ വലിച്ചെറിഞ്ഞ, മരിച്ചിട്ടും ഉജ്വല പ്രഭയോടെ ജീവിക്കുന്ന ജസ്വന്ത് സിങിനെ പോലെയുള്ള വരുടെ ഓർമ്മക്ക് മുൻപിൽ ഒരുകോടി പ്രണാമം.

ജയ് ഹിന്ദ് !!!

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...