തിരുനെൽവേലിയിൽ മറക്കാതെ വാങ്ങേണ്ട ഒരു സാധനമുണ്ട്

തിരുനെൽവേലിയിൽ എത്തിയാൽ മറക്കാതെ വാങ്ങേണ്ട ഒരു സാധനമുണ്ട്... ‘ഇരുട്ടുക്കട ഹൽവ’. തിരുനെൽവേലി ഹൽവ പ്രശസ്തമാണ്. എന്നാൽ, അതുക്കും മേലെയാണ് ഇരുട്ടുക്കട ഹൽവ മാഹാത്മ്യം. വൈകീട്ട് അഞ്ചുമണിക്കു ശേഷമേ ഇരുട്ടുക്കട തുറക്കൂ. എപ്പോ തീരുന്നുവോ അപ്പോൾ അടയ്ക്കും... അതാണ് രീതി.  തിരുനെൽവേലി നല്ലയപ്പാർ ശിവക്ഷേത്രത്തിന്റെ എതിർവശത്താണ് കട. സമീപത്തെ എല്ലാ കടകളും ആധുനികവും അത്യന്താധുനികവുമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഇരുട്ടുക്കടയ്ക്ക് മാത്രം ഒരു മാറ്റവുമില്ല. പഴയ നിരപ്പലകൾ മാറ്റി തുറന്നു വെച്ചിരിക്കുന്ന കടയ്ക്കു മുന്നിൽ ആൾക്കൂട്ടം. വാഴയിലയിൽ പൊതിഞ്ഞ ഹൽവ നുണയാനെത്തിയവർ... കിലോക്കണക്കിന് വാങ്ങാനെത്തിയവർ. മുനിഞ്ഞുകത്തുന്ന ഒരു ബൾബു മാത്രമേ കടയിലുള്ളു... അതും കാശ് വാങ്ങിയിടുന്നിടത്തു മാത്രം. പിന്നിൽ ലൈറ്റില്ല. ഹൽവയ്ക്ക് പറഞ്ഞാൽ, പിൻ വശത്തെ ഇരുട്ടിൽ നിന്നാണ് എടുത്തു തരുന്നത്. അതാണ് ഇരുട്ടുക്കട മാഹാത്മ്യം ഇതിനു പിന്നിൽ പ്രത്യേകിച്ചെന്തെങ്കിലും രഹസ്യമുണ്ടോ? പാരമ്പര്യമായി അങ്ങിനെ തുടരുന്നു എന്നു മാത്രം.  1900 ത്തിൽ രാജസ്ഥാനിൽ നിന്നും എത്തിയ കൃഷ്ണ സിങ്‌ ആണ്‌ ഇവിടെ ഹൽവ നിർമാണം തുടങ്ങിയതും ഇത്തരമൊരു കട ആരംഭിച്ചതും. മക്കളും മക്കളുടെ മക്കളുമായി അതിങ്ങനെ തുടരുന്നു. ‘ചൊക്കംപെട്ടി ജെമീന്ദാർ’ ഉത്തരേന്ത്യൻ തീർഥയാത്രയ്ക്കിടെ അവിടെ ഉണ്ടാക്കുന്ന ഹൽവ വാങ്ങിക്കഴിച്ചു. അതിന്റെ രുചി പിടിച്ചുപോയ ജമീന്ദാർ കൃഷ്ണ സിങ്ങിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു. ‘താമരഭരണി’ നീരുകൂടി ചേർന്നതോടെ ഹൽവ മധുരം ഇരട്ടിച്ചെന്നും ഈ മാഹാത്മ്യം നാടാകെ പരന്നെന്നും പറയുന്നു. നെയ്യും പാലും ഗോതമ്പും ശർക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന ഹൽവയ്ക്ക് നമ്മുടെ കോഴിക്കോടൻ ഹൽവയുടെ രുചിയും ഭാവവുമല്ല. ഇരുട്ടുക്കടയ്ക്ക് മറ്റെങ്ങും ശാഖകളില്ലെന്നു കൂടി പറയട്ടെ. കാരണം, ട്രെയിനിലും മറ്റും ‘ഇരുട്ടുക്കട ഹൽവ’ എന്ന പേരിൽ കവറിലാക്കി ഹൽവ വിൽക്കുന്നവരെ കാണാം. അത്‌ ഈ കടയുടേതല്ല. ഇരുട്ടുക്കട എന്ന പേര് ഇങ്ങനെ ദുരുപയോഗം ചെയ്യുന്നവരുടേതാണ്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...