ബിതർകാടിന്റെ കാണാക്കാഴ്‌ച്ചകളിലേക്ക്

നീലഗിരിയുടെ താഴ്വാരത്തിൽ സ്ഥിതി ചെയുന്ന ബിതർകാടെന്ന തമിഴ് ഗ്രാമത്തിലേക് നടത്തിയ യാത്രയുടെ ഓർമകുറിപ്പുകൾ.

പതിവ് ശൈലികളിൽ നിന്നും കാഴ്ചകളിൽ നിന്നും മാറി വ്യത്യസ്തമായൊരു യാത്ര;അതിലേക്കുള്ള അന്വേഷണമാണ് ഞങ്ങളെ ബിതർകാടെക്ക്  നയിച്ചത്.  എല്ലായിപ്പോഴും സംഭവിക്കുന്നപോലെ വരാമെന്നേറ്റ സുഹൃത്തുക്കളിൽ ചിലർ അവസാനനിമിഷങ്ങളിൽ പല കാരണങ്ങൾ കൊണ്ട്  ഒഴിവായി. സഞ്ചാരിയുടെ പ്രത്യയ ശാസ്ത്രപ്രകാരം മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കുന്ന സ്വഭാവം തീരെ ഇല്ലാത്തതിനാൽ അവശേഷിച്ച നാലു സഹയാത്രികർക്കൊപ്പം യാത്രക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ബിതർകാടിനെപ്പറ്റി അധിക വിവരങ്ങൾ കൈവശമില്ലാത്ത ഞങ്ങളുടെ സഹായത്തിനായി മലപ്പുറത്തുനിന്നും മൂന്ന് സുഹൃത്തുക്കളെയും ലഭിച്ചു, അവരാണ് ഈ യാത്രയിലെ ഞങ്ങളുടെ വഴികാട്ടികളും, സർവ്വവും. അവരെപ്പറ്റി വഴിയേ എഴുതാം.

സമയം രാത്രി 8.30, മംഗലാപുരം എക്സ്പ്രസിന്റെ വാരാന്ത്യ തിരക്കിൽ ഞെങ്ങി, ഞെരുങ്ങി ക്യാമറ ഉൾപ്പെടെയുള്ള  വലിയ ബാഗും തൂക്കി നിൽക്കുമ്പോഴും കേട്ടറിവ് മാത്രമുള്ള ബിതർക്കാടിനെപ്പറ്റിയായിരുന്നു ചിന്ത മുഴുവനും. ട്രാവൽ ഗുരു ഗൂഗിളിനോട് തലേ ദിവസം തന്നെ സ്ഥലത്തെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയിരുന്നു, കക്ഷി കൈ മലർത്തി. അങ്ങനെ ആദ്യം തന്നെ  തോറ്റു തൊപ്പി ഇട്ടതു കൊണ്ട് വീണ്ടും ആ ഉദ്യമത്തിന് മുതിർന്നില്ല.തേയില തോട്ടങ്ങളും, തേയില ഫാക്ടറികളും മാത്രമുള്ള  ബിതെർക്കാട് ഞങ്ങൾക്കായി കരുതിവെച്ചിരിക്കുന്നതെന്താണെന്നറിയാനുള്ള ത്വര കൂടി കൂടി വന്നു. എറണാകുളത്തുനിന്നും ഞങ്ങൾക്കൊപ്പം ചേർന്ന ബാക്കി സുഹൃത്തുക്കളുടെയും മനസ്സിലും ഇതേ  ആകാംഷ  തന്നെയെന്നറിഞ്ഞതും ഒരു സമാധാനം,  മെഡിക്കൽ  ഭാഷയിൽ ഈ അസുഖത്തിന് എന്തോ വായിൽ കൊള്ളാത്ത അംനീഷ്യ എന്നാണത്രെ പറയുക.

തിരക്കിനിടയിൽ ഫ്രണ്ടിന്റെ അമ്മ തയാറാക്കിയ ചപ്പാത്തിയും കറിയും എങ്ങനെയോ അകത്താക്കി.ചെയ്ത ഭൂരിഭാഗം യാത്രകളും ഇത്തരത്തിൽ ജനറൽ കോച്ചുകളിൽ  ആയതിനാൽ രാത്രിയിലെ നിന്നുകൊണ്ടുറക്കം വലിയ ബുദ്ധിമുട്ടായി തോന്നിയില്ല.

വിചാരിച്ചതിലും അര മണിക്കൂർ വൈകി 4.30 ഓടെ  ഷൊർണ്ണൂരെത്തിയ ഞങ്ങളെ വരവേറ്റത് നല്ല തണുത്ത കാലാവസ്ഥ ആയിരുന്നു.നിലവിൽ കേരളത്തിലെ ഹിൽ സ്റ്റേഷനുകളിൽ പോലും ഇത്ര തണുപ്പ് ഉണ്ടോ എന്ന് തോന്നി പോയ്. ഇവിടെനിന്നും ഏഴുമണിക്കാണ് ആദ്യത്തെ ഷൊർണുർ -നിലമ്പൂർ  പാസ്സന്ജർ ട്രെയിൻ. അതിൽ  കയറി നിലമ്പൂർ ഇറങ്ങുക  എന്നതായിരുന്നു  ഞങ്ങളുടെ  പ്ലാൻ. അതിനായി ഇനിയും രണ്ടു മണിക്കൂറോളം സ്റ്റേഷനിൽ വെയിറ്റ് ചെയ്യേണ്ടതുണ്ട്.റെയിൽവേ ഡോർമെറ്ററി സംവിധാനം ഉപയോഗിക്കാതെ സ്റ്റേഷനിൽ തന്നെ ചിലവഴിക്കാൻ ആയിരുന്നു എല്ലാവരുടെയും  തീരുമാനം. ആ തണുപ്പിൽ തരക്കേടില്ലാത്ത ഒരു ചൂട് ചായയും മോന്തി, സൊറയും പറഞ്ഞിരുന്ന ഞങ്ങൾക്കു രണ്ടു മണിക്കൂർ കേവലം മിനുട്ടുകൾ മാത്രമായി തോന്നി.

റെയിൽവേ ഫ്ലൈ ഓവറിന് മുകളിൽ നിന്നും നല്ലൊരു സൂര്യോദയവും കണ്ട ശേഷം ഏഴുമണിയോടെ പാസ്സന്ജർ ട്രെയിൻ എത്തുന്ന പ്ലാറ്റഫോമിലേക്ക് ബാഗും തൂകി നടപ്പ് തുടങ്ങി ഞങ്ങൾ.

ഓരോ സൂര്യോദയവും ഓരോ പ്രതീക്ഷകളാണ്, അതിനിപ്പോൾ  ധനികനെന്നോ, ദരിദ്രനെന്നോ വകഭേദം ഇല്ല.ഒരു നല്ല സൂര്യോദയം ദർശിക്കുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പ്രയാസമാണ്, പ്രത്യേകിച്ച് യാത്രകളിൽ. അതിന്റെ എനർജി ഒരിക്കലെങ്കിലും  ആസ്വദിച്ചിട്ടുള്ളവരായിരിക്കും ഓരോ സഞ്ചാരിയും.

നിലമ്പൂരിലേക്കുള്ള രാവിലത്തെ ആദ്യ പാസ്സന്ജർ ട്രെയിൻ  ആയതിനാൽ മിക്ക ബോഗികളിലും അധികം തിരക്കുണ്ടായിരുന്നില്ല .മുൻപ് ഒരുതവണ പകൽ ഈ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതികാലേയുള്ള യാത്രയുടെ സുഖം മറ്റൊന്നാണ്.

നിലവിൽ കേരളത്തിലെ ബ്രോഡ്‌ഗേജ് പാതകളിൽ ഏറ്റവും  പഴക്കം ചെന്നതും, മനോഹരവുമായ പാതയാണ് ഷൊർണുർ -നിലമ്പൂർ സിംഗിൾ ലൈൻ. ഡീസൽ എൻജിനിൽ ആണ് ഷൊർണുർ മുതൽ നിലമ്പൂർ വരെയുള്ള 66 കിലോമീറ്റററുകളും ഈ തീവണ്ടി ഓടുന്നത്. ഗൃഹാതുരത്വം വിളിച്ചോതുന്ന പഴയകാല സ്റ്റേഷനുകളിലൂടെ  പാടങ്ങളും, തേക്കിൻ കാടുകളും  താണ്ടി കൂകിപ്പായുന്ന ഈ തീവണ്ടിയിലെ യാത്ര നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ഓരോ സ്റ്റേഷനുകളിലും ഇറങ്ങി ചിത്രങ്ങളെടുത്തും, കാഴ്ചകൾ കണ്ടും ഞങ്ങളും ആ അനുഭൂതി തൊട്ടറിഞ്ഞു.

ഏതാണ്ട് ഒന്നരമണിക്കൂർ നീണ്ട യാത്രക്കൊടുവിൽ 8.30 ആയപ്പോഴേക്കും തീവണ്ടി  മനോഹരമായ നിലമ്പൂർ സ്റ്റേഷൻ എത്തിച്ചേർന്നു.രാവിലത്തെ ഈ ചെറിയ  യാത്ര എല്ലാവരിലും തലേ ദിവസത്തെ യാത്രക്ഷീണത്തെ മുഴുവനായി ഇല്ലാതാക്കി.  എല്ലാവരുടെയും മുഖത്തെ ഉന്മേഷവും, പുഞ്ചിരിയും അന്നത്തെ ദിവസത്തെ നീണ്ട യാത്രക്കുള്ള പച്ചക്കൊടി ആയിരുന്നു.

മലപ്പുറത്തുനിന്നുള്ള സഹയാത്രികർ 9 മണിയോടെ ഞങ്ങളെ പിക്ക് ചെയ്യാൻ എത്തുമെന്നാണ് കിട്ടിയ വിവരം. അരമണിക്കൂർ സമയം ഇനിയുമുണ്ട് അവരെത്താൻ, ആ സമയം കൊണ്ട്  പ്രാതൽ കഴിക്കാമെന്ന തീരുമാനത്തിലെത്തി ഞങ്ങൾ.   റെയിൽവേ സ്റ്റേഷന് മുന്നിൽ കണ്ട നാടൻ ഭക്ഷണശാലയിലേക് ലഗേജുകളുമായി കയറിയ ഞങ്ങളെ ഒരു ദൈന്യതയാർന്ന  നോട്ടത്തോടെയാണ് ഹോട്ടലുടമ സ്വാഗതം ചെയ്തത്.നൂലപ്പവും, പൊടിച്ചായയും ഒപ്പം  മലയാളികളുടെ ദേശീയഭക്ഷണമായ പൊറോട്ടയും ആവശ്യത്തിന് മാത്രം  കഴിച്ച ശേഷം ഹോട്ടലിന്  പുറത്തിറങ്ങിയ  ഞങ്ങളെ തേടി മലപ്പുറം ചങ്ങായീസിന്റെ വാഹനമെത്തി. അവരുടെ മറ്റൊരു സുഹൃത്തിനെയാണ് ഞങ്ങളുടെ കൂടെ വഴികാട്ടിയായി  ഏർപ്പാട് ചെയ്തിരുന്നത്.അപ്പോഴും ഈ യാത്രയുടെ യഥാര്ത്ഥ സംഘാടകരെ കാണാനായുള്ള കാത്തിരിപ്പ് ഞങ്ങൾക്ക് തുടരേണ്ടതായി വന്നു.

മറ്റൊരു നാട്ടിൽ എത്തിയ ശേഷം ശേഷം ആ നാടിൻറെ മനസും, സംസ്കാരവും കണ്ടറിയാതെയൊരു യാത്ര ഞങ്ങളിൽ ആർക്കും  സാധ്യമല്ലാത്തതിനാൽ  നിലമ്പൂരിന്റെ കാഴ്ചകളിലേക് ഒരു ഓട്ട പ്രദക്ഷിണമായിരുന്നു ആദ്യ ലക്ഷ്യം.

നിലമ്പൂരിന്റെ വീതികുറഞ്ഞ വീഥികളിൽ കൂടി ഞങ്ങളുടെ  വാഹനം ആദ്യ സന്ദർശന സ്ഥലമായ 'കനോലി പ്ലോട്ട് ' ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.

*കനോലി പ്ലോട്ട് *

നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയുന്ന  ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന തേക്ക്  പ്ലാന്റെഷനാണു  കനോലി പ്ലോട്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ഭരണാധികാരിയായ എച് വി  കനോലിയുടെ പേരിലാണ് ഈ പ്ലാന്റെഷൻ അറിയപ്പെടുന്നത്.

ഏതാണ്ട് ഒൻപതര മണിയോടെ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത ശേഷം  എല്ലാവരും  ടിക്കറ്റുമെടുത്തു നേരെ പ്ലാന്റെഷനിലേക് പ്രേവേശിച്ചു. പ്രേവേശനഫീസായി മുതിർന്നവർക് ചെറിയ തുക  ഈടാക്കുന്നുണ്ട് അധികൃതർ.(പ്രവേശന ഫീസ് - 25 രൂപ ) വീഡിയോ ക്യാമറക്ക് അധിക തുക  നൽകേണ്ടി വരും. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തുനിന്നും  അകത്തേക്കു  കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ പ്ലാന്റെഷനുള്ളിലൂടെ നിശബ്ദമായി ഒഴുകുന്ന ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം കാണാൻ സാധിക്കും. കനോലി പ്ലോട്ടിന്റെ മറ്റൊരു പ്രധാന ആകർഷണവും ഈ തൂക്കുപാലം  തന്നെയാണ്.വളരെ സൂക്ഷ്മതയോടെ വേണം ഈ പാലം കടക്കാൻ, പാലത്തിൽ നിന്നും ചാലിയാറിന്റെ ഭംഗി നോക്കിക്കാണേണ്ടവർക് അതും ആവാം. പാലം കടന്ന് ഞങ്ങൾ  ചെന്ന് എത്തിയത് ഇടതൂർന്നു വളരുന്ന അസാധ്യ വലിപ്പമുള്ള തേക്ക് മരങ്ങൾക് ഇടയിലാണ്. ബ്രെസിൽ നിന്നും കപ്പൽ കേറി കേരളത്തിലെത്തിയ ഭീമാകാരന്മാരായ ഈ വൃക്ഷമുത്തച്ഛന്മാരുടെ വലിപ്പത്തിന് മുന്നിൽ മനുഷ്യരെല്ലാം വെറും ഉറുമ്പുന്റെ അത്ര ചെറുതായ പോലെ തോന്നി.

ഇന്ത്യൻ തടികളുടെ തേരാളിയായി അറിയപ്പെടുന്ന തേക്കിന്റെ ശാസ്ത്രീയ നാമം ടെക്ടോണ ഗ്രാൻഡീസ്‌ എന്നാണ്. ലാറ്റിൻ പദമായ ടെക്ടോണ എന്ന വാക്കിന്റെ അർഥം 'ആശാരിയുടെ ആഹ്ലാദം എന്നാണ് '. ദ്രവിക്കാത്തതും, ചിതലരിക്കാത്തതുമായതിനാൽ  തേക്ക് ഉരുപ്പടികൾ ബ്രിട്ടീഷ് കാലഘട്ടത്തിൽ ധാരാളമായി കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു, ഇവിടെയാണ് "തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാം എന്ന ചൊല്ലിന്റെ പ്രസക്തി ".

കനോലി പ്ലോട്ടിലെ ഏറ്റവും വലിയ തേക്ക് മരത്തിന് ഏകദേശം 420 സെമി വലിപ്പമുണ്ടാകുമെന്നു പറയുമ്പോൾ തന്നെ അതിന്റെ ഭീമാകാരത്വം നമുക്  ഊഹിക്കാം.തേക്ക് മരം കൂടാതെ പേരറിയുന്നതും, അറിയാത്തതുമായ ധാരാളം വൃക്ഷങ്ങളും, ഷഡ്പദങ്ങളും കനോലിയിലെ കാഴ്ചകൾക് കൗതുകം ഏറ്റുന്നു. കനോലി പ്ലോട്ടിൽ ഏതാണ്ട് 117 ഓളം തേക്ക് മരങ്ങൾ കാണാൻ സാധിക്കും. സമയ പരിമിതിമൂലം പത്തര മണിയോടെ  കാനോലിയിലെ കാഴ്ചകളോട് താത്കാലികമായി വിടപറഞ്ഞ ഞങ്ങൾ വാഹനത്തിനടുത്തേക് തിരികെ നടക്കാനാരംഭിച്ചു.

*ഗേറ്റ് വേ ഓഫ് നിലമ്പൂർ *

കനോലി പ്ലോട്ടിൽ നിന്നും കുറച്ചു ദൂരം യാത്ര  നിലമ്പൂരിന്റെ സ്വകാര്യ അഹങ്കാരമായ "ഗേറ്റ് വേ ഓഫ് നിലമ്പൂർ "എന്നറിയപ്പെടുന്ന  പാതയിൽകൂടിയായിരുന്നു. ഇരുവശവും തേക്കിൻ മരങ്ങളാൽ തണലൊരുക്കിയ, രണ്ടു കിലോമീറ്ററോളം വരുന്ന ഈ റോഡിൽ കൂടിയുള്ള യാത്രാനുഭവം വേറിട്ടതാണ്.

ഗേറ്റ് വേ ഓഫ് നിലമ്പൂരും കടന്നെത്തിയ ഞങ്ങളെയും  പ്രതീക്ഷിച്ച് മുൻപ് പരാമർശിച്ച, ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഞങ്ങളുടെ  മലബാറൻ സൗഹൃദങ്ങൾ വഴിയരികിൽ ഞങ്ങളെയും  കാത്തുനിൽപ്പുണ്ടായിരുന്നു. എത്തിയ ഉടനെ ഡോറുതുറന്ന് 'വെൽകം ടു നിലമ്പൂർ' എന്നു തുടങ്ങി ഞങ്ങൾക്ക് സ്വാഗതമരുളിയ അനീഷ് ഭായിയും, സാനു  ഇക്കയും, മനു ചേട്ടനും പിന്നിടങ്ങോട്ട് ഞങ്ങളിലൊരാളായി മാറുകയായിരുന്നു. വന്ന വാഹനത്തിൽ നിന്നും മാറി അനീഷ് ഭായിയുടെ ജീപ്പിലായിരുന്നു ഞങ്ങളുടെ ബാക്കി യാത്ര.നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനകത്തുള്ള കക്ഷിയുടെ തോട്ടത്തിലേക്ക് ചെറിയൊരു ഓഫ് റോഡ് റെഡും കഴിഞ്ഞ് ഞങ്ങൾ നേരെ ആഡ്യൻപാറ വെള്ളച്ചാട്ടത്തിലേക്ക് യാത്ര തിരിച്ചു.

*ആഢ്യൻപാറ വെള്ളച്ചാട്ടം *

നിലമ്പൂർ ടൗണിൽ നിന്നും ഏകദേശം 14 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയുന്ന സീസണൽ ജലപാതമാണ് ആഢ്യൻപാറ. മൺസൂൺ കാലത്ത് രൗദ്ര ഭാവത്തിൽ പാറക്കെട്ടുകൾക്കിടയിലൂടെ ആർത്തലച്ചൊഴുകുന്ന ആഢ്യൻപാറയിൽ വേനൽക്കാലത്തു അധികം നീരൊഴുക്ക് ഉണ്ടാകില്ല. മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. ഒഴുകിവരുന്ന ജലം നിറഞ്ഞുണ്ടാകുന്ന  ചെറിയ കുളങ്ങളും,   അവയ്ക്ക് ചുറ്റും പ്രകൃതിയൊരുക്കിയ  കാനന ഭംഗിയുമാണ് ആഢ്യൻപാറയ്ക് ഇത്ര വശ്യത സമ്മാനിക്കുന്നത്.

വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനും,  കുളിക്കുന്നതിനുമായി ടൂറിസം ഡിപ്പാർട്മെന്റ് എൻട്രി അനുവദിക്കുന്ന ഏരിയയിൽ നിന്നും 6 കിലോമീറ്ററോളും മുകളിലേക്കുള്ള സ്ഥലത്തേക്കാണ്  അനീഷ്‌ ഭായി ഞങ്ങളെ നയിച്ചത്. ഈ വേനൽ കാലത്തു അത്യാവശ്യം കുളിക്കാനുള്ള  വെള്ളം ആ ഭാഗത്തു മാത്രമേ ഉണ്ടാകു എന്നാണ് കക്ഷിയിൽ നിന്നും അറിയാൻ കഴിഞ്ഞത്.കുറച്ചു ദൂരം പിന്നിട്ടപ്പോളെക്കും റോഡിന്റെ രൂപവും, ഭാവവും മാറാൻ തുടങ്ങി, ഈ യാത്ര ഞങ്ങൾക്കായൊരുക്കിയ സർപ്രൈസുകളിൽ ഒന്നായിരുന്നു അത്.ഉരുളൻ കല്ലുകളും, ചെളിയും നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളും, ഇറക്കങ്ങളും താണ്ടി ഒരു  പ്രൈവറ്റ് ഏരിയ കടന്നുവേണം  വേണം അവിടെ എത്താൻ.ഒരു ചെറുപുഞ്ചിരിയോടെ ജീപ്പ് മുന്നോട്ടെടുത്ത അനീഷ്‌ ഭായിയുടെ പ്രകടനം കമ്പിയിൽ മുറുകെ പിടിച്ചു അടി ഉലഞ്ഞാണ് കണ്ടത്.ജീവിതത്തിൽ ചെയ്ത ഓഫ്‌റോഡ് യാത്രകളിൽ ഏറ്റവും മനോഹരമെന്നു  എനിക്ക് തോന്നിയ യാത്ര. ഒരു 4 കിലോമീറ്ററോളം സ്വർഗം കണ്ട അവസ്ഥ. എല്ലാം കഴിഞ്ഞു വിജനമായ പാതയുടെ ഓരത്തു വണ്ടിയൊതുക്കി ഞങ്ങളെ നോക്കിയ  അനീഷ്‌ ഭായി കണ്ടത്  കിളി പറന്നു പിൻസീറ്റിലിരിക്കുന്ന ഞങ്ങളെയാണ്. ഓഫ്‌റോഡ് യാത്രകളെ അത്രമേൽ ഇഷ്ടപെടുന്ന അവർക് ഇതിന്മേൽ മനോഹരമായ ഒരു സമ്മാനം  ഞങ്ങൾക്ക് തരാനില്ല.

ഇടയ്ക് എപ്പോഴോ വാഹനത്തിന്റെ ഓയിൽ ടാങ്കിനുണ്ടായ ചോർച്ച പരിഹരിക്കാൻ തോട്ടത്തിലെ തിരുവനന്തപുരം കാരനായ  സ്റ്റാഫിനെ ഏർപ്പാടാക്കിയ ശേഷം ആന ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ  ഇടയ്ക്ക് സ്വതന്ത്രമായി വിഹരിക്കാറുള്ള ഒറ്റയടിപ്പാതയിലൂടെ ശാന്തമായി ഒഴുകുന്ന ആഢ്യൻപാറയുടെ മുകൾ ഭാഗത്തേക്ക്‌ നടക്കാൻ ആരംഭിച്ചു.

ഏകദേശം രണ്ടു  കിലോമീറ്ററോളം ട്രക്ക്  ചെയ്തു വേണം അവിടെ എത്താൻ.ഭൂരിഭാഗവും പ്രൈവറ്റ് ഏരിയ ആണ്. കല്ലും, മണ്ണും ഇളകി കിടക്കുന്ന കുത്തനെയുള്ള ഇറക്കങ്ങളും, പാറക്കെട്ടുകളും താണ്ടിയാണ് നടപ്പ്..ഓരോ ചുവടും സൂക്ഷിച്ചു വേണം എന്ന് നവദിക്കയും അനിഷ്‌ഭായിയും മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു.അപായമൊന്നും കൂടാതെ സംഘത്തിലെ എല്ലാവരും കാട്ടാറിൻ തീരത്തെത്തി. വള്ളിപ്പടർപ്പുകളാലും, ഘോരവൃക്ഷങ്ങളാലും നിറഞ്ഞ വിജനമായ പ്രദേശം. ഒറ്റപ്പെട്ടുപോയാൽ ആരായാലും ലേശം ഭയന്നു പോകും എന്നതിൽ സംശയമില്ല.

സമയം 12 മണി,സൂര്യന്റെ ചുട്ടുപഴുത്ത  ചൂടിൽ, ആഢ്യൻപാറയിലെ പളുങ്കുപോലത്തെ തണുത്ത ജലം ഒഴുകിവന്നുണ്ടാകുന്ന ചെറിയ കുളങ്ങളിൽ മുങ്ങി കുളിച്ചും, പാറക്കെട്ടുകൾ വലിഞ്ഞു കയറി വീണ്ടും മുകളിലേക്ക് നടന്നും,  കാട്ടു കുയിലിന്റെ സംഗീതത്തിന് മറുപടി പാടിയും രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ചു.

മനസില്ലാ മനസോടെ രണ്ടു മണിയോടെ തിരികെ മടങ്ങാൻ എല്ലാവരും നിര്ബന്ധിതരായി. ഇറങ്ങിയ ദൂരമത്രയും തിരിച്ചു നടക്കണമെന്ന നെഗറ്റീവ്  ചിന്തയ്ക്  നിലവിൽ അവിടെ  പ്രസക്തി ഇല്ലാതായി,  നട്ടുച്ചക്ക് തണുത്ത ജലത്തിലെ കുളി നൽകിയ ഉന്മേഷം അത്രക്കുണ്ടായിരുന്നു. ഇറങ്ങിയ ദൂരമത്രയും പെട്ടെന്നു തന്നെ കയറി ജീപ്പിനരികെ എത്തിയപ്പോഴും  മെക്കാനിക്കൽ ചേട്ടനും ശിങ്കിടികളും ജീപ്പിന്റെ ചോർച്ച പരിഹരിക്കുന്ന ശ്രമത്തിലായിരുന്നു, ഒരുവിധം താത്കാലിക പരിഹാരം ഉണ്ടാക്കിയ ശേഷം   തോട്ടത്തിലെ ജീവനക്കാരോട് സലാം പറഞ്ഞു ഞങ്ങൾ വന്ന വഴിയിലൂടെ തിരികെ യാത്ര ആരംഭിച്ചു.. വീണ്ടും ഓഫ്‌റോഡ്..

കല്ലും, മണ്ണും നിറഞ്ഞ, കയറി വന്ന വഴികൾ താണ്ടി രണ്ടരമണിയോടെ അടിവാരത്തെത്തിയ ഞങ്ങൾ ഓരോരുത്തരും ഞങ്ങൾ അറിയാതെ കട്ട ഓഫ്‌റോഡ് ഭ്രാന്തന്മാർ ആയി മാറുകയായിരുന്നു.

രാവിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും കഴിച്ച ഭക്ഷണം ഖലാസായതിനാൽ എന്തെകിലും കിട്ടുമോയെന്നു പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലേക് നവദിക്ക രണ്ടു  ബോക്സ് പിസയുമായെത്തി.അവർ തന്നെ ഉണ്ടാക്കിയതാണ് എന്നറിഞ്ഞപോ അതിലേറെ സന്തോഷം.. പിന്നീടങ്ങോട് രാത്രി വരെ വിശപ്പിന്റെ വിളി തോന്നിക്കാഞ്ഞതിന് കാരണം മലബാറുകാരുടെ സ്നേഹം കൊണ്ട് പൊതിഞ്ഞ ആ  പിസ തന്നെയായിരുന്നു. 

ഭക്ഷണത്തിനും, ചെറിയ വിശ്രമത്തിനും ശേഷം അനീഷ്‌ ഭായിയുടെ ജീപ്പിനോട് താത്കാലികമായി വിടപറഞ്ഞു മൂന്ന് മണിയോടെ  മറ്റൊരു വാഹനത്തിൽ ബിതർകാടെക്ക് യാത്ര ആരംഭിച്ചു.

*വഴിക്കടവ് -നാടുകാണി വഴി ബിതർകാട് *

അനവണ്ടിയുടെ ബോർഡുകളിൽ സ്ഥിരപരിചിതമായ വഴിക്കടവ് വഴിയാണ് യാത്ര. മലപ്പുറത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയുന്ന  ചെറിയ  പട്ടണമാണ് വഴിക്കടവ്. കേരളത്തിലെ എല്ലാം പ്രധാന ബസ് സ്റ്റേഷനുകളിൽ നിന്നും ഇങ്ങോട്ടേക്ക് സർവിസ് ഉണ്ടാകും. കേരള -തമിഴ് നാട് ബോർഡർ ആയതിനാൽ തമിഴ്നാട് ട്രാൻസ്‌പോർട് കോർപറേഷനും, കർണാടക ട്രാൻസ്‌പോർട് കോർപറേഷനും ഇങ്ങോട്ടേക്കു സർവിസ് നടത്തുന്നു.
വഴിക്കടവ് വഴി നാടുകാണിയിലേക് പ്രവേശിച്ച ഞങ്ങളെ വരവേറ്റത് റോഡിനിരുവശവും കൂട്ടമായി നിൽക്കുന്ന വാനരപ്പടയാണ്.അവരോടൊപ്പം ഒരു ഫോട്ടോഷൂട്ടും നടത്തി ഞങ്ങൾ യാത്ര തുടർന്നു.

ഇനി നാടുകാണിയെപ്പറ്റി കുറച്ചു കാര്യങ്ങൾ പറയാം,
കേരളത്തിനെയും -തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ചുരമാണ് നാടുകാണി. ഹെയർ പിന് വളവുകളും, ഇരുവശവും കൊടും കാടിന് സമാനമായ മരങ്ങളും, വള്ളിപ്പടർപ്പുകളും നിറഞ്ഞ റോഡും, ഇടതൂർന്ന മുളം കാടുകളും നിറഞ്ഞ നാടുകാണിയുടെ പകുതി ഭാഗം കേരളത്തിലും മറുപകുതി തമിഴ്നാട്ടിലുമാണ് സ്ഥിതി ചെയുന്നത്. മലപ്പുറത്തുനിന്നും എളുപ്പത്തിൽ വയനാട് എത്താനുള്ള നല്ലൊരു സമാന്തര പാതയാണ് നാടുകാണി. മഴക്കാലത്ത് ചുരം ഇടിഞ്ഞു പലതരത്തിലുള്ള ഗതാഗത തടസങ്ങൾ ഉണ്ടാകാറുള്ളതിൽനാൽ അവയെ പ്രതിരോധിക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ നിലവിൽ ചുരത്തിൽ നടക്കുണ്ട്.

നാടുകാണിയും, തമിഴ്നാട് ചെക്പോസ്റ്റും താണ്ടി ഞങ്ങൾ ചെന്നെത്തിയത് നാടുകാണി കവലയിലാണ്.
അവിടെനിന്നും ചെറിയൊരു വ്യപാര പട്ടണമായ ദേവാള വഴി മനോഹരമായ തേയില തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന  ചെറിയ റോഡുകളും, തേയില ഫാക്ടറികളും താണ്ടി ഏതാണ്ട് ആറു മണിയോടെ ബിതെർകാടെത്തിചേർന്നു.

ബിതർകാട്

സഞ്ചാരഭൂപടത്തിൽ യാത്രികരുടെ പ്രളയത്താൽ നാശോന്മുഖമാകാതെ, അധികം ആരാലും  എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത  കാഴ്ചകളുടെ മായികലോകമാണ് തമിഴ്നാടടിന്റെ  തെക്കേ അറ്റത്തു നീലഗിരി ജില്ലയിൽ സ്ഥിതി ചെയുന്ന  അതിർത്തി ഗ്രാമമായ ബിതർക്കാട്.  നഗരത്തിന്റെ മടുപ്പിക്കുന്ന ഗന്ധം വിട്ടു ശാന്തമായി കുറച്ചു നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കു നല്ലൊരിടമാണ് ബിതർകാട്. നിലമ്പൂർ നിന്നും ഏകദേശം  58 കിലോമീറ്റർ ദൂരമുണ്ടാകും ഇങ്ങോട്ടേക്ക്. ഏതു സീസണിലും അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. കാലാവസ്ഥയിലും, ഭൂപ്രകൃതിയിലും  കേരളത്തിലെ  മൂന്നാറിനോട് ഉപമിക്കാവുന്ന ബിതർകാടിനെ മിനി മൂന്നാറെന്ന് വിശേഷിപ്പിച്ചാലും അധികമാവുകയില്ല.

സമുദ്ര നിരപ്പിൽ നിന്നും 1000 മുതൽ 2000അടി വരെ ഉയരത്തിൽ സ്ഥിതി ചെയുന്ന സഹ്യനിരകളുടെ ഭാഗമായ നീലഗിരിയിൽ ഊട്ടി അഥവാ ഉദഗമണ്ഡലം എന്ന പേര് മാത്രമേ പലപ്പോഴും പലരും കേട്ടിട്ടുണ്ടാകു,എന്നാൽ ബിതർകാട് പോലെയുള്ള  ഒട്ടനവധി പ്രദേശങ്ങളിൽ നീലഗിരിയുടെ ഭാഗമാണ്, അവയുടെയെല്ലാം കേവലം ആകെത്തുക മാത്രമാണ് ഊട്ടി. ഒരേസമയം തന്നെ കർണാടക, കേരളം തുടങ്ങിയ രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതുകൊണ്ട് വയനാട് -മലപ്പുറം ജില്ലകളിൽനിന്നും ഊട്ടി, മൈസൂർ യാത്ര പോകുന്ന സഞ്ചാരികൾക്കു സ്റ്റേ ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന  നല്ലൊരു ഓപ്ഷനാണ് ബിതർകാട്.

നിലമ്പൂർ നിന്നും 58കിലോമീറ്ററും, സുൽത്താൻ ബത്തേരി നിന്നും  28 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം.ബിതർകാട് നിന്നും ഗൂഡലൂർ വഴി കേവലം 73കിമി ദൂരം മാത്രമാണ് ഊട്ടിയിലേക്കുള്ളത്, അതുപോലെ 123കിമി ദൂരം മാത്രം  മൈസൂരേക്കും. ഈ കണക്കുകൾ മാത്രം മതിയാകും ബിതർകാടിന്  ടൂറിസം മേഖലയിലെ പ്രസക്തി മനസിലാക്കാൻ. അധികം താമസം സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്ത ഈ ഗ്രാമത്തിൽ നിലവിൽ സഞ്ചാരികൾക്കായി കുറഞ്ഞ ചിലവിൽ ലഭിക്കുന്ന താമസ സൗകര്യം ബിതർകാട് ബംഗ്ലാവിൽ മാത്രമാണ്. അങ്ങോട്ടേക്കാണ് ഞങ്ങളുടെ യാത്രയും.

കവലയിൽ നിന്നും രാത്രി ഭക്ഷണം തയ്യാറാക്കാനുള്ള സാമഗ്രികളും വാങ്ങി ഇരുട്ട് വീഴും മുന്നേ ഞങ്ങളും ബംഗ്ലാവിലേക് യാത്ര തിരിച്ചു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചരല് നിറഞ്ഞ മലമ്പാത താണ്ടി ആറര മണിയോടെ ഞങ്ങൾ അവിടെയെത്തി. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടത്തിന് ഒത്ത നടുക്കായി പഴയകാല ബ്രിട്ടീഷ് ശൈലിയിൽ പണിതീർത്ത മനോഹരമായ ഒരു വീട് അതാണ് ബിതർകാട് ബംഗ്ലാവ്. മങ്ങിയ വെളിച്ചത്തിൽ ഏതോ പുരാതന ഇംഗ്ലീഷ് സിനിമയിലെ ഫ്രെയിം പോലെ തല ഉയർത്തി നിൽക്കുന്ന ആ വീടിന്റെ ഭംഗി വാക്കുകളിൽ വർണിക്കാൻ പ്രയാസമാണ്. ഏകദേശം 146 വർഷത്തെ പഴക്കമുണ്ട് ഈ ബംഗ്ലാവിന്.

വണ്ടിയിൽ നിന്നും ലഗേജുമെടുത്തു റൂമിൽ വെച്ച ശേഷം വീടിന്റെ അകം കാഴ്ചകളിലേക് ഒരു ഓട്ട പ്രദക്ഷിണമായി പിന്നീട്..പഴയകാല പാശ്ചാത്യ ശൈലി അതുപോലെ പിന്തുടർന്ന് നിർമിച്ച വീടിന്റെ ഓരോ മുറികളും  വ്യത്യസ്ഥത കൊണ്ട് മനം മയക്കുന്നവയാണ്..കൊത്തുപണികളാലും, തടികൾകൊണ്ടുള്ള ശില്പങ്ങളാലും മനോഹരമാക്കിയ  വീട് ചുറ്റി നടന്നു കണ്ട ശേഷം മുറ്റത്തെ കിണറിലെ തണുത്ത വെള്ളത്തിൽനിന്നും നല്ലൊരു കുളിയും കഴിഞ്ഞു അനീഷ്‌ ഭായിക്കും, സുഹൃത്തിനുമൊപ്പം രാത്രി ഭക്ഷണം തയാറാക്കുന്ന തിരക്കിലായി ഞങ്ങൾ.

മുറ്റത്തെ ചെറു തണുപ്പിൽ, വിറകുകൾ കൊണ്ട് കൂട്ടിയ നെരിപ്പോടിന്റെ ചൂടിൽ ;മലബാർ കൈപുണ്യത്തിന്റെ രുചിയും, നല്ല ഹോംമേഡ് വൈനും നുകർന്നു, സൊറ പറഞ്ഞും, പാട്ടുപാടിയും ഞങ്ങൾ  ആ രാത്രിയും മറക്കാൻ കഴിയാത്തതാക്കി. സമയം അർധരാത്രിയോടടുത്തതിന്നാലും, നാളത്തെ കാഴ്ചകൾക്കായി നേരത്തെ ഉണരേണ്ടതിനാലും അന്നത്തെ  ആഘോഷങ്ങൾക് താത്കാലിക വിരാമമിട്ടു എല്ലാവരും നീലഗിരിയുടെ തണുപ്പിൽ സുഖമായ ഒരു നിദ്രയിലേക് വഴുതിവീണു.

'യാത്രകൾ ഉറങ്ങി തീർക്കാനുള്ളതല്ല,  ഉറക്കം കളയുന്ന കാഴ്ചകളെ തേടിയാവണം ' എന്ന സാമാന ചിന്താഗതിഉള്ളതുകൊണ്ടാവും എല്ലാവരും 5 മണിയോടെ കണ്ണും തിരുമ്മി പുറത്തു സൂര്യോദയം കാണാനായി ഹാജർ വെച്ചു. തണുപ്പിനെ വകവെക്കാതെ നല്ലൊരു സൂര്യോദയം പ്രതീക്ഷിച്ചു കാത്തുനിന്ന  ഞങ്ങൾക്കുമുന്നിൽ കിഴക്കേ ചക്രവാളം കീറിമുറിച്ചു സൂര്യൻ  പുറത്തുവരാൻ തുടങ്ങി..നല്ലൊരു കട്ടൻചായയും മോന്തി സൂര്യ കിരണങ്ങൾ തണുപ്പിനെ കീറിമുറിച്ചു പുറത്തുവരുന്നതും ആസ്വദിച്ചു എത്ര സമയം അവിടെ ചിലവഴിച്ചെന്നു ഞങ്ങൾക്കറിയില്ല.  അതിരാവിലത്തെ ചെറിയ വെളിച്ചത്തിൽ ബംഗ്ലാവിന്റെയും, തേയില തോട്ടങ്ങളുടെയും ഭംഗിയും ആസ്വദിച്ചു നിന്ന ഞങ്ങൾ വെളിച്ചം പൂർണമായും എത്തിയതോടെ ക്യാമറയും തൂക്കി തേയിലക്കാടുകളിലേക്കിറങ്ങി.അന്ത്യമില്ലാതെ പറന്നു കിടക്കുന്ന തേയിലയും, അതിനിടക്ക് അങ്ങിങ്ങായി കാണാൻ കഴിയുന്ന റോഡുകളും, അതിലൂടെ വല്ലപ്പോഴും  നിരങ്ങി നീങ്ങുന്ന  വാഹനങ്ങളും കണ്ണിനും ക്യാമറക്കും നല്ല ഫ്രെമുകൾ സമ്മാനിക്കുമെന്നുറപ്പ്.

ഗ്രാമവാസികളും, തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന ചെറിയൊരു കൂട്ടം ജനങ്ങൾ മാത്രമേ നിലവിൽ  ഇവിടെ അധിവസിക്കുന്നുള്ളൂ.  ഒരുകാലത്തു പുലി, കരടി ഉൾപ്പെടെയുള്ള വന്യ ജീവികൾ വിഹരിച്ചിരുന്ന സ്ഥലമാണ് ഈ എസ്റ്റേറ്റ്  ഉൾപ്പെടയുള്ള ഭാഗങ്ങൾ എന്നും, ഇന്നും സൂര്യപ്രകശം പോലും കടന്നു എത്താത്ത പല സ്ഥലങ്ങളും ഇതിന്റെ  ഭാഗമായി ഉണ്ടെന്നും അനീഷ്‌ ഭായിയിൽ നിന്നും അറിയാൻ കഴിഞ്ഞു.

അങ്ങനെ 9 മണിയോടെ  രാവിലത്തെ നടത്തവും, കുളിയും കഴിഞ്ഞു പ്രാതൽ കഴിക്കാനായി കവലയിലേക്ക് എത്തിയ ഞങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു സർപ്രൈസ് നൽകിയാണ് ബിതർകാട് വീണ്ടും ഞെട്ടിച്ചത്. നല്ല ചൂട് പൊറോട്ട, ബീഫ്, നെയ്‌റോസ്‌റ്, കാപ്പി.എല്ലാം ഒന്നിനൊന്നിനും മെച്ചം.ശെരിക്കും അനുഭവിച്ചറിയേണ്ട രുചി വൈവിധ്യം.ഫുഡ്‌ ഉണ്ടാക്കിയ ചേട്ടനോട് 'സാൾട്ട് ആൻഡ് പേപ്പറിൽ 'ലാൽ  ചോദിച്ചപോലെ പോരുന്നോ എന്റെ  കൂടെ എന്ന് ചോദിക്കാൻ തോന്നി പോയി. വയറ്റിലെ അവസാന ഒഴിഞ്ഞ ഭാഗത്തും നല്ലൊരു പീസ് ബീഫും കുത്തിനിറച്ചു കൈ കഴുകുമ്പോൾ  എരിവ് കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു. തിരികെ ഇറങ്ങിയപ്പോൾ എല്ലാവരും നൽകിയ മനസ്സുനിറഞ്ഞ പുഞ്ചിരി ഒന്നുമാത്രം മതിയാവും പണത്തേക്കാളുപരി ആ ഹോട്ടലുടമയുടെ മനസ് നിറയാൻ.

പ്രാതലും കഴിച്ചു  ഹോട്ടലുടമയോട് യാത്രയും പറഞ്ഞു, കവലയിലും, പരിസരപ്രദേശങ്ങളിലും ചെറിയൊരു സവാരിയും നടത്തി ഞങ്ങൾ  പത്തര മണിയോടെ  തിരികെ ബംഗ്ലാവിലെത്തി. ഇനി അടുത്ത ഉദ്യമം രാജൻ എസ്റ്റേറ്റിനെ ചുറ്റി കിടക്കുന്ന ഒരു കാട്ടു വഴിയിലൂടെയുള്ള 3 കിമി നീളുന്ന  ചെറിയൊരു ട്രക്കിങ്ങാണ്. ബംഗ്ലാവിന്റെ പിന്  വശത്തെ റോഡിനപ്പുറത്തു കാണുന്ന  പടികളിൽ കൂടി താഴേക്കിറങ്ങി വേണം യാത്ര ആരംഭിക്കാൻ.  ബിതർകാടിന്റെ വന്യത മനസിലാക്കി തരുന്ന ചെറിയൊരു ട്രക്കിങ്ങാണ് ഇത്. കാപ്പി തോട്ടങ്ങളും, വള്ളിപ്പടർപ്പുകളും, തേയില തോട്ടങ്ങളും താണ്ടി ചെറിയ കുന്നുകളും കയറിയുള്ള യാത്ര  ലേശം ഭയപ്പെടുത്തുന്നതാണ്.ഇടക്ക് എപ്പോഴോ വഴി തെറ്റിയെങ്കിലും  മറുവശത്തുകൂടി പോകുന്ന വാഹനങ്ങളുടെ ശബ്ദം ലക്ഷ്യമാക്കി നടന്നതോടെ ഞങ്ങൾ ഏതോ ഒരു റോഡിൽ എത്തി ചേർന്നു. അവിടെ നിന്നും ഒരു ഊഹം വെച്ച് വീണ്ടും ബംഗ്ലാവിലേക് നടപ്പാരംഭിച്ചു.അങ്ങനെ  ഒരു മണിക്കൂറിലധികം നീണ്ട നടപ്പിനൊടുവിൽ 12മണിയോടെ  ഞങ്ങൾ തിരികെ ബംഗ്ലാവിൽ എത്തിച്ചേർന്നു. വന്ന വഴിയിലുടനീളം വേഴാമ്പൽ ഉൾപ്പെടെ നിരവധി പക്ഷികളെയും, വിവിധ തരം ശലഭങ്ങളെയും കാണാൻ ഞങ്ങൾക്ക് സാധിച്ചു. തേയില കൂടാതെ കാപ്പി, കാരറ്റ്, സപ്പോട്ട  തുടങ്ങിയവയും കുരുമുളക് ഉൾപ്പെടെ പലതരം സുഗന്ധദ്രവ്യങ്ങളും, ഇടവിളയായി അടയ്ക്കയും ഇവിടെ ധാരാളമായി കൃഷി ചെയുന്നു.

ഇതു  വായിച്ച ചിലർക്കെങ്കിലും തോന്നാം ഈ പറയുന്ന സ്ഥലത് ഇതിനു മാത്രം എന്താണ് കാണാൻ ഉള്ളതെന്ന്..അവർക്കായി എന്റെ മറുപടി.യാത്ര എന്നത് പലപ്പോഴും കണ്ണുകൊണ്ട് കാണേണ്ട ഒന്നു മാത്രമല്ല, ഉള്ളുകൊണ്ടു അനുഭവിക്കാൻ ഉള്ളതുകൂടിയാണ്.അത്തരത്തിൽ അനുഭവിച്ചറിയാനുള്ള ഒരു സ്ഥലമാണ് തീർച്ചയായും ബിതർകാട്.

കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം മടക്കയാത്രയെ പറ്റിയുള്ള ആലോചനയിലും,സാധനങ്ങൾ പാക്ക് ചെയ്യാനുമുള്ള തിരക്കിലുമായി ഞങ്ങൾ എല്ലാവരും. അങ്ങനെ ബിതർക്കാടോരുക്കിയ കാഴ്ചകൾക് ഉള്ളുകൊണ്ട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ഒരു മണിയോടെ,  മനസില്ലാ മനസുമായി  ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു .

മടക്കയാത്രയിലുടനീളം പേരറിയാത്ത ഏതോ ഒരു നീല പൂവും, അവ വീണുകിടക്കുന്ന  മനോഹരമായ റോഡും, തട്ടുകളായുള്ള തേയില തോട്ടങ്ങളു,ആകാശം മുട്ടെ നിൽക്കുന്ന കുന്നുകളും  ഞങ്ങളുടെ ക്യാമറ കണ്ണുകൾക്ക് വിരുന്നൊരുക്കി.  നാടുകാണിയിലെ കച്ചവടക്കാരിൽ നിന്നും വാങ്ങിയ നെല്ലിക്കയും,പുളി മാങ്ങയും, ചാമ്പക്കയും രുചിച്ചും, മ്യൂസിക് പ്ലെയറിൽ  നിന്നും ഒഴുകി വരുന്ന പാട്ടിന് കൂടെ ഈണമിട്ടും   മൂന്നുമണിയോടെ ഞങ്ങൾ  നിലമ്പൂർ എത്തിച്ചേർന്നു.

മലബാര് രുചിക്കൂട്ടുകളുമായി നല്ലൊരു ഉച്ചഭക്ഷണവും കഴിഞ്ഞു അടുത്ത പ്ലാൻ ആലോചിച്ചു നിൽക്കുമ്പോഴാണ് മനു ചേട്ടൻ അദ്ദേഹത്തിന്റെ ഫാം ഹൌസ്  സന്ദർശിക്കാൻ ക്ഷണിക്കുന്നത്. മൂന്നാമതൊരു ചിന്തയുടെ ആവശ്യം വേണ്ടി വന്നില്ല നാലുമണിയോടെ വണ്ടി മമ്പാടുള്ള കക്ഷിയുടെ ഫാമിലേക്ക് തിരിച്ചു.

ഈ ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലും ഇത്തരത്തിലൊരു സംരംഭം തുടങ്ങി ചങ്കൂറ്റംകാണിച്ച  അഭ്യസ്ത വിദ്യരായ ആ ചെറുപ്പക്കാർക് നല്ലൊരു പ്രോത്സാഹനം ആവശ്യമാണ്.മനു ചേട്ടൻ ഉൾപ്പെടെ മറ്റു രണ്ടു പേരുടെ കൂടെ പങ്കാളിത്തത്തിലാണ് ഫാമിന്റെ നടത്തിപ്പ്.തികച്ചും ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന ഫാമിൽ കറവയ്ക്കായും, പാല് സംസ്കരിച്ചു പാക്കിങ് നടത്താനും, ചാണകം സംസ്കരിക്കാനും എല്ലാത്തിനും നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.തൊട്ടടുത്തു തന്നെ തീറ്റപ്പുൽ കൃഷിയും നടത്തുന്നു. അവ എല്ലാം തന്നെ ഉത്സാഹത്തോടെ  ഞങ്ങൾക്കായി  വിശദീകരിച്ചുതന്ന ഫാമിലെ  ജീവനക്കാർ തിരികെ  പോകും മുൻപ് ഞങ്ങൾക്കായി നല്ല ഇളനീർ ഇട്ടു തരാനും മടി കാട്ടിയില്ല. ഏകദേശം 22 ലധികം പശുക്കളെ പരിപാലിക്കുന്ന ഫാമിൽ ഞങ്ങളെ ഏറ്റവും ആകർഷിച്ചത് ഞങ്ങൾ എത്തുന്നതിനു തൊട്ടു തലേ ദിവസം ജനിച്ച ഒരു പശുക്കിടാവിനെ ആയിരുന്നു. അതിന്റെ കുസൃതികളും, കുറുമ്പും കണ്ടു നിൽക്കാൻ തന്നെ ഒരു ശേലായിരുന്നു .. ഈ യുവാക്കളുടെ  ആത്മാർഥതയുടെയും കഷ്ട്ടപ്പാടിന്റെയും ഫലമാണ് അവർക്ക് ഇന്ന് ലഭിക്കുന്ന വിജയം.

അങ്ങനെ രണ്ടു മണിക്കൂറോളം ഫാമിൽ ചിലവഴിച്ച ഞങ്ങൾ  അവരോടു യാത്ര പറഞ്ഞു ആറര  മണിയോടെ തിരികെ റെയിൽവേ സ്റ്റേഷനിലേക് യാത്ര ആരംഭിച്ചു. മനു ചേട്ടന്റെ ഓപ്പൺ ജീപ്പിലായിരുന്നു മടക്കയാത്ര..അവർ ഓരോരുത്തരുടെയും  ജീവിതത്തിൽ  ജീപ്പ് എന്ന വാഹനത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് ബോധ്യമായി.. ജീവിതത്തോടൊപ്പം ജീപ്പിനെ സ്നേഹിക്കുന്ന ഒരുകൂട്ടം മനുഷ്യർ. തുറന്ന ജീപ്പിൽ നിലമ്പൂരിന്റെ വീഥിയിൽ കൂടിയുള്ള യാത്ര വേറിട്ടൊരനുഭവമാണ് ഞങ്ങൾക്ക് പകർന്നു നൽകിയത്.

പറഞ്ഞതിലും അര മണിക്കൂർ മുൻപ്  8 മണിയോടെ ഞങ്ങളെ സ്റ്റേഷനിൽ എത്തിച്ചു ചിരിച്ചു നിൽക്കുന്ന മൂന്ന് മലപ്പുറം സൗഹൃദങ്ങളെ കാണുമ്പോൾ വല്ലാത്തൊരു ആത്മ സംതൃപ്‌തി ആയിരുന്നു ഉള്ളിൽ..തിരക്കേറിയ രണ്ടു ദിനങ്ങൾ ഞങ്ങൾക്കായി മാറ്റി വെച്ച അവർക്കായി നൽകാൻ ഹൃദയം തുറന്ന ചിരിയും, ആലിംഗനങ്ങളും മാത്രമായിരുന്നു ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നത്.

8.45 ന്റെ തിരുവനന്തപുരം  രാജ്യറാണി എക്സ്പ്രസിലാണ് മടക്കയാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. രാത്രിയിലെ ഭക്ഷണത്തിനായി എന്തൊകയൊ വാങ്ങിയ ശേഷം കൂടെ വന്ന സൗഹൃദങ്ങൾക് ഒരിക്കൽക്കൂടി യാത്ര പറഞ്ഞ്  മറക്കാനാവാത്ത ഒരു യാത്രയുടെ അനുഭവങ്ങളും, ഓർമകളും ബാക്കി വെച്ചുകൊണ്ട് അനന്തപുരിയുടെ തിരക്കിലേക്ക് മറ്റൊരു മടക്കയാത്ര ആരംഭിച്ചു.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...