ഒടിയൻ

തലയിൽ കെട്ടിവച്ച മുടി , തുറിച്ചു നിൽക്കുന്ന കണ്ണുകൾ , ഗൗരവം നിറഞ്ഞ മുഖം , മേൽവസ്ത്രം ഇല്ലാതെ ഒരു ചെറിയ മുണ്ടുമാത്രം വേഷം... എന്റെ ഓർമയിൽ കുട്ടിക്കാലത്തു കണ്ട കണ്ഠന്റെ രൂപം ഇങ്ങനെ ആണ്.. വീട്ടിൽ അയാൾ വരുമ്പോൾ അച്ഛമ്മ പറയും .. സ്ത്രീകൾ ആരും അങ്ങോട്ട് വരരുത് എന്ന്... ഇടങ്ങാഴി അരി കടലാസിൽ വച്ച് അച്ഛമ്മ അയാൾക്ക് വച്ചു കൊടുക്കും.. വീടിനു പടിക്കു പുറത്തായെ അയാൾ നിൽക്കാറുള്ളൂ... അച്ഛമ്മയുടെ പുറം പറ്റി ഞാൻ ആ അയാളെ ഭീതിയോടെ നോക്കും.. അയാൾക്കു ഒടി അറിയുമത്രേ.....! "... കണ്ഠൻ ഒടിയനാണ്... , അവനു എല്ലാം വിദ്യയും അറിയാം...'' .. അച്ഛമ്മ പറയുന്നത് കേൾക്കാം... കണ്ഠൻ വരുമ്പോൾ സ്ത്രീകളോട് മാറി പോകാൻ അച്ഛമ്മ നിർദേശിക്കും.. പ്രത്യേകിച്ച് ഗർഭിണിയായ സ്ത്രീകളോട്... ഗർഭിണികളെ കണ്ടാൽ ഗർഭസ്ഥ ശിശുവിനെ കൊണ്ട് പോയി അവർ രൂപം മാറാനുള്ള മരുന്നുണ്ടാക്കുമത്രെ... അങ്ങനെ കണ്ഠനെ കാണുമ്പോൾ എനിക്ക് ഭയങ്കര പേടി ആയിരുന്നു.. അത്രമാത്രം ഒടിയൻ കഥകൾ കേട്ടിട്ടുണ്ട് ..
ഒടിയനെ കുറിച്ച് പലർക്കും പുതിയ അറിവായിരിക്കും.. എന്നാൽ പാലക്കാടൻ ഗ്രാമങ്ങളിൽ ജനിച്ചു വളർന്ന ഞാൻ അടക്കം പലർക്കും ഇത് ഒരു പുതിയ അറിവ് അല്ല..
കണ്ഠനെ കാണുന്ന സമയത്തു എനിക്കു ഏകദേശം ഏഴോ, എട്ടോ വയസ്സ് മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു...
ഒരു ദിവസം ആരോ പറയുന്നത് കേട്ടൂ കണ്ഠൻ മരിച്ചുവെന്നു .. ഒരാൾ മരിക്കുമ്പോൾ സ്വഭാവികമായി സങ്കടം ഉണ്ടാവേണ്ടതിനു പകരം എനിക്കെന്തോ അന്ന് ഭയങ്കര ആശ്വാസം ആണ് തോന്നിയത്... അത്രയ്ക്ക് പേടി ആയിരുന്നു അന്ന് ഒടിയന്മാരെ...
ഒടിയൻ കഥകൾ കേട്ട് തുടങ്ങുന്നത് അച്ഛമ്മയിൽ നിന്നാണ്... രാത്രിയാണ് പൊതുവെ ഒടിയന്റെ സഞ്ചാരം.. പഴയ കാലത്തെ ഒരു കൊട്ടേഷൻ ഗ്യാങ്ങ് എന്നൊക്കെ ഒടിയന്മാരെ വിശേഷിപ്പിക്കാം... അവർക്കു ഏതു രൂപവും പ്രാപിക്കാനുള്ള കഴിവുണ്ടത്രെ...
പഴയ കാലത്തു ഗ്രാമങ്ങളിൽ മോഷണങ്ങൾ പതിവായിരുന്നു...
എന്നാൽ ഇന്നത്തെപ്പോലെ വലിയ മോഷണങ്ങളല്ല... തേങ്ങ മോഷണം, നെല്ല് മോഷണം , വാഴക്കുല മോഷണം...... അങ്ങനെയുള്ളതൊക്കെ ആയിരുന്നു...
കൃഷി മാത്രം ഏക വരുമാനമായി ജീവിച്ചിരുന്ന ഗ്രാമവാസികൾക്ക് അന്നത്തെ കാലത്തു ഇതെല്ലാം വലിയ നഷ്ടങ്ങൾ ആയിരുന്നു... മോഷണം സഹിയ്ക്ക വയ്യതാകുമ്പോൾ ഉടമ തന്റെ തോട്ടത്തിൽ ഒടിയനെ കാവൽ നില്ക്കാൻ ഏൽപ്പിക്കും... ഒടിയൻ കാവൽ നിൽക്കുന്നുണ്ടെന്നു സൂചിപ്പിക്കനായി വയ്ക്കോൽ (ഉണക്കപ്പുല്ല്) കൊണ്ടുണ്ടാക്കിയ ഒരു അടയാളം സ്ഥാപിക്കും... മുന്നറിയിപ്പ് അവഗണിച്ചു തോട്ടത്തിൽ കിടക്കുന്നവനെ ഒടിയൻ രൂപം മാറിവന്നു കൊല്ലും...
പറയൻ സമുദായത്തിൽ പെടുന്നവരായിരുന്നു ഒടിയന്മാർ... പ്രെത്യേക രീതീയിൽ ഉണ്ടാക്കി എടുക്കുന്ന മരുന്ന് മുഖത്തു തേയ്‌ച്ചു ഏതു രൂപം വേണമെന്ന് ആഗ്രഹിച്ചാൽ അതായി മാറാൻ ഇവർക്ക് കഴിയുമത്രേ... രൂപം മാറി ഡ്യൂട്ടിയ്ക്കു പോകുന്ന ഒടിയൻ തിരിച്ചു വരുന്നത് വരെ ഭാര്യ ഉറക്കമൊഴിച്ചു കാത്തിരിക്കും.. തിരിച്ചു വരുന്ന ഒടിയന്റെ മുഖത്തേക്ക് കലക്കി വച്ചിരിക്കുന്ന ചാണക വെള്ളം ഭാര്യ ഒഴിക്കുന്നതോടെ ഒടിയന് പഴയ രൂപത്തിലേക്കു മാറാൻ കഴിയുമത്രേ...
ഒടിയൻ രൂപം മാറി കഴിഞ്ഞാൽ അത് ഏതു ജീവിയാണോ, ആ ജീവിക്കു ഒരു അംഗവൈകല്യം ഉണ്ടാകും... ചിലപ്പോൾ വാലുണ്ടാവില്ല, ചിലപ്പോൾ ഒരു ചെവി ആയിരിക്കും ഇല്ലാതിരിക്കുക, കാള ഒക്കെ ആണെങ്കിൽ ഒരു കൊമ്പുണ്ടാവില്ല...
ഇങ്ങനെയുള്ള കഥകളെല്ലാം കേട്ടത്തിന് ശേഷം അപരിചിതമായി പശുവിനെയോ, നായയെയൊ ഒക്കെ എവിടെ എങ്കിലും വെച്ചു കണ്ടാൽ വാലൊ, ചെവിയോ , കൊമ്പൊ എന്തെങ്കിലും കുറവുണ്ടോ എന്ന് നോക്കുക കുട്ടിക്കാലത്തു എന്റെ ഒരു പതിവായിരുന്നു....
കൊയ്ത്തു കാലമായാൽ വീട്ടിൽ പണിക്കുവരുന്ന സ്ത്രീകൾ ഉണ്ടാകുക പതിവാണ്.. രാവിലത്തെ ഭക്ഷണവും , വൈകുന്നേരത്തെ ചായയും ഉടമസ്ഥൻ പണിചെയ്യുന്നവർക്കു കൊടുക്കണം എന്നാണ് ഞങ്ങളുടെ നാട്ടുനടപ്പ്... ഉച്ച ഭക്ഷണം അവർ അവരുടെ വീടുകളിൽ പോയി കഴിക്കേണം.. വീട്ടിൽ സ്ഥിരമായി പണിക്കു വരുന്ന രണ്ടുപേരാണ് ലക്ഷ്മി അമ്മയും കാളിയമ്മയും.. സഹോദരിമാരായ അവർ രണ്ടുപേരും തനിയെ ആണ് ഒരു വീട്ടിൽ താമസിച്ചിരുന്നത്... എഴുപതു വയസ്സിനു ശേഷവും പണിക്കു പോയിരുന്ന ലക്ഷ്മിയമ്മയെ കാണുമ്പോൾ വലിയ സങ്കടം തോന്നുമായിരുന്നു... ഇവർ പണിക്കായി വന്നാൽ ഉച്ചഭക്ഷണവും വീട്ടിൽ നിന്ന് കൊടുക്കുക പതിവാണ്... ഉച്ചഭക്ഷണം കഴിഞ്ഞാൽ ലക്ഷ്മിയമ്മ അമ്മയുമായി നാട്ടു വിശേഷങ്ങൾ പറയുക പതിവാണ്... സമീപത്തു കിടന്നു കൊണ്ട് ഞാൻ ഇതെല്ലാം കേട്ടിരിക്കും.. രക്കത്തം (രക്തം) ,എസ്റേ (എക്സ്റേ) ,.... അങ്ങനെ തുടങ്ങുന്ന നാടൻ ശൈലി ഉപയോഗിച്ചുള്ള ലക്ഷ്മി അമ്മയുടെ സംസാരം കേട്ടിരിക്കാൻ വളരെ രസകരമാണ്...
ചില ദിവസങ്ങളിൽ ലക്ഷ്മിയമ്മ ഒടിയൻ കഥകൾ പറയും.. ആകാംക്ഷയോടെ ഞാൻ കേട്ടിരിക്കും.. ഒരു ദിവസം ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവം അവർ പറയുന്നത് കേട്ടു... മരക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിൽ ആ സ്ത്രീ കച്ചവടക്കാരനുമായി വലിയ കലഹമുണ്ടാക്കിയത്രെ.. ദേഷ്യം വന്ന കച്ചവടക്കാരൻ ഒടിയനെ അയച്ചു.. വീടിനു സമീപത്തായി അപരിചിതമായി ഒരു കാളയെ കണ്ട കാര്യം ആ ദിവസം അടുത്ത വീട്ടുകാരോട് അവർ സൂചിപ്പിച്ചിരുന്നുവത്രെ... അന്ന് രാത്രി അവർ തൊട്ടടുത്ത വീട്ടിലേക്കു പോകുകയായിരുന്നു.. അപ്പോൾ വഴിയിൽ ഒരു വലിയ കല്ല് കിടക്കുന്നതായി കണ്ടു... തിരിച്ചു വരുന്ന നേരത്തു ആ കല്ലവിടെ കാണാനില്ലായിരുന്നു . പെട്ടന്നാണ് അത് സംഭവിച്ചത്, ഒരു പാമ്പു പിന്നിൽ നിന്ന് വന്നു കടിച്ചു... കല്ലായി ഇരുന്ന ഒടിയൻ പാമ്പായി മാറിയിരുന്നത്രെ... അങ്ങനെ ആ സ്ത്രീ മരണപ്പെടുകയാണ് ഉണ്ടായതത്രേ....
മുയലായി വന്ന ഒടിയനെ കല്ലെറിഞ്ഞാക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഒടിയൻ കൊലപ്പെടുത്തിയ കഥയും ലക്ഷ്മി അമ്മ പറഞ്ഞിരുന്നു....
വലിയമ്മയിൽ നിന്നും ഒടിയൻ അനുഭവങ്ങൾ കേട്ടിട്ടുണ്ടു.. വല്യമ്മയുടെ കല്യാണം കഴിഞ്ഞ കാലം... പണ്ട് തറവാട്ടിൽ സമയം നോക്കാൻ ക്ലോക്ക് ഒന്നും ഇല്ലായിരുന്നു... സമയം എല്ലാം ഏകദേശ കണക്കായിരുന്നു...
അച്ഛമ്മ രാവിലെ നേരത്തെ വലിയമ്മയെ വിളിച്ചുണർത്തും... പശുവും , കൃഷിയും ഒക്കെ ഉള്ള വീടായതു കൊണ്ട് പുലർച്ച അഞ്ചു മണിക്കു തന്നെ ഏണീക്കേണ്ടതുണ്ടു... അങ്ങനെ ഒരു ദിവസം അച്ഛമ്മയും വല്യമ്മയും എണീറ്റു...
അച്ഛമ്മ പുറത്തിറങ്ങി കിണറിനു സമീപത്തേക്കു പോയി.. പെട്ടന്ന് തൊട്ടടുത്ത കനാലിൽ നിന്ന് വലിയ ശബ്ദത്തിലുള്ള കൂവൽ കേട്ടു.. പുറത്തു നിന്ന് ഓടി വന്ന അച്ഛമ്മ പറഞ്ഞു സമയം അഞ്ചു മണി ആയിട്ടില്ല ഒടിയൻ മാരുടെ കൂവൽ കേൾക്കുന്നു.. പോയി കിടന്നോ... വലിയമ്മ പേടിച്ചു അകത്തേക്കോടി.. (ഒടിയന്മാർ സഞ്ചരിക്കുമ്പോൾ പ്രേത്യേക രീതിയിൽ കൂവാറുണ്ടത്രെ... പൊതുവെ രാവിലെ മൂന്നുമണി വരെയാണ് ഓടിയന്മാരുടെ സഞ്ചാര സമയം..) ...
ഒടിയന്മാരെ കുറിച്ച് വളരെ രസകരമായ കഥകളും നാട്ടിൽ പ്രചാരത്തിൽ ഉണ്ട്...
ഒരിക്കൽ നാട്ടിലെ അധികാരി ഒരു സ്ഥലത്തു പോയി തിരിച്ചു വരുക ആയിരുന്നു... വരുന്ന വഴിയിൽ ഒരു അത്താണി കണ്ടു.. പോകുന്ന സമയത്തു ഈ വഴിയിൽ ഇങ്ങനെ ഒരു അത്താണി കണ്ടിരുന്നില്ല.. അധികാരിക്കു മനസ്സിലായി ഒടിയൻ രൂപം മാറി അത്താണി ആയി നിൽക്കുകയാണെന്ന്... അദ്ദേഹം തന്റെ കൈയിലുള്ള വടി ഉപയോഗിച്ച് അത്താണിയിൽ കുറെ പ്രഹരിച്ച ശേഷം കടന്നു പോയി... പിറ്റേ ദിവസം രാവിലെ അധികാരിയുടെ പടിക്കൽ കൈ കാലുകൾ ഒടിഞ്ഞ ഒരാൾ വന്നു നിന്ന് ''...തമ്പ്രാനെ ഷമിക്കണേ അടിയന് ഒരു തെറ്റ് പറ്റിപ്പോയി.." എന്ന് പറയുന്ന കാഴ്ചയാണ് കണ്ടത്....
മേല്പറഞ്ഞ സംഭവങ്ങൾ എത്രമാത്രം ശരി ആണെന്നെനിക്കറിയില്ല.. എല്ലാം ഞാൻ കേട്ടറിഞ്ഞതാണു...
വ്യക്തിപരമായി എനിക്ക് ഒടിയൻ അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..
പതിനെട്ടു , പത്തൊമ്പത് വർഷങ്ങളുടെ ഓർമ്മകൾ മാത്രമുള്ള എന്നെക്കാൾ കൂടുതൽ ഒടിയൻ അനുഭവങ്ങൾ തടുക്കശ്ശേരിയിലെ ഓരോ മുതിർന്നവർക്കും പറയാനുണ്ടാകും..
കരിമ്പനകൾ തല ഉയർത്തി നിൽക്കുന്ന പലക്കാട്ടിലെ ഓരോ ഗ്രാമവാസിക്കും....

എഴുതിയത് : വിഷ്ണു വി.എന്‍

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...