കപ്പ നമ്മുടെ സ്വന്തം കപ്പ


ഇതെന്താണെന്ന് മനസിലായോ? മലയാളിയുടെ ചെറിയൊരു സ്വകാര്യ അഹങ്കാരമായ നമ്മുടെ സ്വന്തം കപ്പ. പാചക വൈവിധ്യത്തിന് കപ്പയോട് കിടപിടിക്കുന്ന മറ്റൊരു പച്ചക്കറി ഇല്ലെന്നുതന്നെ പറയാം. മുറിച്ചു പുഴുങ്ങാം, കൊത്തിവേവിക്കാം, ഉണങ്ങി വറക്കാം ഇങ്ങനെ പോകുന്നു ആ വൈവിധ്യം. പിന്നെ ഏതൊരു കറിക്കും കപ്പയോട് ഒട്ടിനിൽക്കുന്നതിന്‌ യാതൊരു മടിയും ഇല്ല. ചിക്കൻ, ബീഫ്, ഉണക്കമീൻ, പച്ചമീൻ, മുളക്‌ചമ്മന്തി, കാന്താരി ചമ്മന്തി, തൈര് ഇങ്ങനെ പോകുന്നു കപ്പയുമായി കൂടാൻ തയ്യാറായി നിൽക്കുന്ന കറികളുടെ പട്ടിക. ഇനി കറികൾ ഒന്നുംതന്നെ ഇല്ലെങ്കിലും കപ്പ തനിയെ കഴിക്കാൻ മടി തോന്നില്ല. കപ്പ ഇഷ്ടമല്ലാത്ത മലയാളിയെ കണ്ടുകിട്ടുക വലിയ പ്രയാസമാവും. ഇനി കണ്ടുകിട്ടിയാലും കപ്പകൊണ്ടുള്ള ഒരു വിഭവമെങ്കിലും കക്ഷിക്ക് പ്രിയമായിരിക്കും. ഇന്ത്യയിലെ മുഴുവൻ കപ്പ ഉല്പാദനത്തിന്റെ 85 ശതമാനത്തിൽ അധികവും കേരളത്തിൽ ആയതും മലയാളിയുടെ കപ്പ സ്നേഹത്തിനുള്ള തെളിവാണ്. അതിര് വിട്ടുതന്നെയാണ് മലയാളി കപ്പയെ സ്നേഹിക്കുന്നത്. മലയാളി ഉള്ളടത്തോളം കാലം കപ്പയുമായുള്ള ബന്ധവും ഉണ്ടാവും. കപ്പ ഇല്ലെങ്കിൽ മലയാളി ഇല്ല. എന്നാൽ മലയാളി ഇല്ലെങ്കിൽ കപ്പ ഉണ്ടോ എന്നുചോദിച്ചാൽ ചെറുതായി ഒന്നു ഞെട്ടേണ്ടിവരും.


നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്ന ഈ കപ്പ സുഹൃത്ത് സത്യത്തിൽ നമ്മുടെ നാട്ടുകാരനേ അല്ല എന്നതാണ് പരമമായ സത്യം. ചുരുക്കം പറഞ്ഞാൽ കക്ഷി ഒരു കംപ്ലീറ്റ് വിദേശിയാണ്. അതും ഇവിടെ അടുത്തെങ്ങുമല്ല. ബ്രസീലിൽനിന്നാണ് അദ്ദേഹം നമ്മുടെ നാട്ടിലേക്ക് കുടിയേറിയത്. 17ആം നൂറ്റാണ്ടിൽ ബ്രസീലിൽനിന്നും കേരളത്തിലേക്ക് ഫിലിപ്പിൻസ് വഴി വന്നുകയറുന്നതോടുകൂടിയാണ് കപ്പ ഇന്ത്യയിൽ രംഗപ്രവേശം നടത്തുന്നത്. നമ്മൾ ഇത്രയധികം സ്നേഹിക്കുന്ന കപ്പയുടെ ഉത്പാദനത്തിന്റെ കാര്യത്തിൽ നമ്മൾ ലോകത്തിൽ വെറും പത്താം സ്ഥാനത്ത് മാത്രമാണ്. ഉത്പാദനത്തിന്റെ കാര്യത്തിൽ നൈജീരിയ ഏറ്റവും മുൻപിലും പിന്നാലെ തായ്‌ലൻഡ്, ഇന്തോനേഷ്യ, ബ്രസീൽ, അംഗോള, ഘാന, ഡി.ആർ.സി, വിയറ്റ്നാം, കംബോഡിയ എന്നിവരും നിൽക്കുന്നു നമുക്ക് മുന്നാലെ.



നമ്മൾ ജീവനുതുല്യം സ്നേഹിച്ചെങ്കിലും ജീവനേക്കാൾ കൂടുതൽ മറ്റാരോ നമ്മുടെ കപ്പയെ സ്നേഹിച്ചു അല്ലെങ്കിൽ സ്നേഹിച്ചുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്നതുപോലെയാണ് ഉത്പാദനത്തിന്റെ കണക്കുകൾ നിലയുറപ്പിച്ചിരിക്കുന്നത്.

കപ്പയില്ലെങ്കിൽ മലയാളി ഇല്ല. എന്നാൽ മലയാളി ഇല്ലെങ്കിൽ കപ്പയുണ്ടോ എന്നചോദ്യത്തിന്‌ ഇനി എന്തെങ്കിലും സംശയത്തിന് വകയുണ്ടോ?



Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

താലി

വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി . മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്. ഇസ്ളാം ഒഴികെ കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്. ഭർത്തൃമതികൾ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തിൽ നിലവിലുണ്ട്.
പത്ത് വയസ്സിന് മുമ്പ് പെൺകുട്ടികൾക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായർ, ഈഴവർ തുടങ്ങിയ ജാതിക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ൽ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്: പുലിപ്പൽത്താലി (പുറനാനൂറ്), ഐമ്പടൈത്താലി (മണിമേഖല), പരിപെൺതാലി (ഐങ്കുറുനൂറ്), പിൻമണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂൽത്താലി (പെരിയപുരാണം), മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്. താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും
'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും, 'പെണ്ണുംകളെ താലികെട്ടിവാറ ആരിയരൈയും തവിർത്തു ഇന്നാൾ മുതൽ' എന്ന് റ്റി.എ.എസ്. വാല്യം നാലിലും താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവൻ, താക്കോൽ എന്നീ അർഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അർഥവും സംസ്കൃത ഭാഷയിൽ കാണുന്നു.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഈയൽ അഥവാ ഈയാമ്പാറ്റകൾ

ആദ്യ മഴ പെയ്താൽ പിറ്റേ ദിവസം രാവിലെ മുറ്റത്ത് ജീവൻ ബലിയർപ്പിച്ച കുറേ പ്രാണികളെ കാണാം..എന്താണെന്ന് മനസ്സിലായിട്ടില്ല സംഭവം.."

ഈയൽ അഥവാ ഈയാമ്പാറ്റകൾ ആണു് ഇതു്.
ഇതിനെയാണു നാം ചിതൽ എന്ന അവസ്ഥയിൽ സാധാരണ കാണുന്നതു്.
ചിതലുകൾ അപൂർണ്ണ വളർച്ചയെത്തിയ പറക്കമുറ്റാത്ത ശലഭഷഡ്പദങ്ങളാണു്. ഇവയുടെ നിംഫുകൾ ഒരു കോളനിയിൽ അനേകായിരങ്ങൾ കാണും. അവയെ സാധാരണ ജോലിക്കാരായി (വേലക്കാരികൾ) കണക്കാക്കാം. അവയാണു് കോളനിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചെയ്തുപോരുന്നതു്.
മഴക്കാലത്തിനു് ആഴ്ചകൾക്കുമുമ്പ് ഇവയിൽ ഒരു ഭാഗം അവയുടെ വളർച്ച തുടരുന്നു. അവയ്ക്കു ചിറകുകളും പ്രത്യുല്പാദനാവയവങ്ങളും രൂപം പ്രാപിക്കുന്നു. പുതുമഴ പെയ്യുന്നതോടെ, തക്കതായ കാലാവസ്ഥ കണ്ടറിഞ്ഞു് രാത്രി അവ കോളനികളിൽനിന്നും കൂട്ടായി (swarm) പറന്നുപൊങ്ങുന്നു. ഇവയിൽ ഏതാനും ചിലതു മാത്രം റാണികൾ (മുട്ടയിടാൻ തക്ക സ്ത്രൈണാവയവങ്ങളുള്ളവ) ആയിരിക്കും. മറ്റുള്ളവ മടിയന്മാർ എന്നറിയപ്പെടുന്ന പുരുഷജീവികളും.


മഴപെയ്തതിനുശേഷമുള്ള സന്ധ്യമുതലുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണു് മടിയന്മാരുടെ ആയുസ്സ് തുടരുക. അതിനിടേ അവയിൽ ചിലതു് പറന്നുകൊണ്ടുതന്നെ റാണികളുമായി ഇണ ചേർന്നിരിക്കും. തുടർന്നു് മടിയന്മാരെല്ലാം ചിറകു കൊഴിഞ്ഞു് നിലത്തുവീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

റാണിയുറുമ്പ് അതിനിടയിൽ വീണ്ടും സ്വന്തം കോളനിയിൽ തിരിച്ചെത്തിയിരിക്കും. കൂടുതൽ റാണികളുണ്ടെങ്കിൽ അവ പുതിയ കോളനികൾ രൂപീകരിക്കുകയും ചെയ്യും.
റാണിയെ കോളനിയിലുള്ള മറ്റു നിംഫ് ചിതലുകൾ സ്വീകരിച്ചാനയിക്കുന്നു. പ്രത്യേകം ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ഒരു അറയിലാണു് പിന്നീട് ഏതാനും ദിവസത്തേക്കു് റാണിയുടെ വാസം. ആ സമയത്തു് തുടർച്ചയായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയാണു് ഈ റാണിപ്പെണ്ണു്. അതിന്റെ വയറിനു് അപ്പോൾ അസാമാന്യമായ വലുപ്പമുണ്ടാകും.
മുട്ടയിട്ടുകൊണ്ടിരിക്കുന്ന റാണിയ്ക്കു് തുടർച്ചയായി ഭക്ഷണം ആവശ്യമുണ്ടു്. മറ്റു വേലക്കാർ നിരന്തരമായി അവൾക്കു ഭക്ഷണം കൊണ്ടക്കൊടുക്കുകയും, അവളിട്ടുകൂട്ടുന്ന മുട്ടകൾ കോളനിയുടെ മറ്റു ഭാഗങ്ങളിൽ കൊണ്ടുപോയി സുരക്ഷിതമായി അടുക്കിവെക്കുകയും ചെയ്യുന്നു.

മറ്റു ചില ഉറുമ്പുവർഗ്ഗങ്ങളിലും ഈച്ചകളിലും ഇത്തരത്തിലുള്ള ജീവിതചക്രം പതിവാണു്.

ചിതലുകൾ ദ്രോഹകാരികളാണോ? പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, അതു വാസ്തവമല്ല. ചിതലുകളില്ലെങ്കിൽ നമ്മുടെ ലോകം ജൈവമാലിന്യങ്ങളെക്കൊണ്ടു നിറഞ്ഞേനെ. പ്രകൃതിയുടെ റീസൈക്ലിങ്ങ് മൈക്രോലോകത്തിലെ ഭീമന്മാരായ റെഫ്യൂസ് ഗ്രാപ്പിൾ ട്രക്കുകളാണു് ചിതലുകൾ.

ഒരാണ്ടു മുഴുവൻ ഒരുങ്ങിയിരുന്നു്, ഒടുവിൽ പ്രായപൂർത്തിയെത്തിയാൽ ഒരു മണിക്കൂർ മാത്രം സുഖിച്ചുരസിച്ച് ആർമ്മാദിച്ചു ജീവിച്ചുമരിച്ചുപോകുന്ന ഈയാംപാറ്റകളെക്കൊണ്ടു് വേറൊരു പ്രയോജനം കൂടിയുണ്ടു്. 'ഹമ്പമ്പട ഞാനേ' എന്നു കരുതി ലോകം മുഴുവൻ ചവിട്ടിമെരുക്കി ജീവിക്കുന്ന നമ്മെ, പ്രകൃതിയുടേയും കാലത്തിന്റേയും മുന്നിൽ നമ്മിലോരോരുത്തരും എത്ര നിസ്സാരന്മാരാണെന്നു കാണിച്ചുതരിക കൂടിയാണു് അവ.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...