കപ്പ നമ്മുടെ സ്വന്തം കപ്പ


ഇതെന്താണെന്ന് മനസിലായോ? മലയാളിയുടെ ചെറിയൊരു സ്വകാര്യ അഹങ്കാരമായ നമ്മുടെ സ്വന്തം കപ്പ. പാചക വൈവിധ്യത്തിന് കപ്പയോട് കിടപിടിക്കുന്ന മറ്റൊരു പച്ചക്കറി ഇല്ലെന്നുതന്നെ പറയാം. മുറിച്ചു പുഴുങ്ങാം, കൊത്തിവേവിക്കാം, ഉണങ്ങി വറക്കാം ഇങ്ങനെ പോകുന്നു ആ വൈവിധ്യം. പിന്നെ ഏതൊരു കറിക്കും കപ്പയോട് ഒട്ടിനിൽക്കുന്നതിന്‌ യാതൊരു മടിയും ഇല്ല. ചിക്കൻ, ബീഫ്, ഉണക്കമീൻ, പച്ചമീൻ, മുളക്‌ചമ്മന്തി, കാന്താരി ചമ്മന്തി, തൈര് ഇങ്ങനെ പോകുന്നു കപ്പയുമായി കൂടാൻ തയ്യാറായി നിൽക്കുന്ന കറികളുടെ പട്ടിക. ഇനി കറികൾ ഒന്നുംതന്നെ ഇല്ലെങ്കിലും കപ്പ തനിയെ കഴിക്കാൻ മടി തോന്നില്ല. കപ്പ ഇഷ്ടമല്ലാത്ത മലയാളിയെ കണ്ടുകിട്ടുക വലിയ പ്രയാസമാവും. ഇനി കണ്ടുകിട്ടിയാലും കപ്പകൊണ്ടുള്ള ഒരു വിഭവമെങ്കിലും കക്ഷിക്ക് പ്രിയമായിരിക്കും. ഇന്ത്യയിലെ മുഴുവൻ കപ്പ ഉല്പാദനത്തിന്റെ 85 ശതമാനത്തിൽ അധികവും കേരളത്തിൽ ആയതും മലയാളിയുടെ കപ്പ സ്നേഹത്തിനുള്ള തെളിവാണ്. അതിര് വിട്ടുതന്നെയാണ് മലയാളി കപ്പയെ സ്നേഹിക്കുന്നത്. മലയാളി ഉള്ളടത്തോളം കാലം കപ്പയുമായുള്ള ബന്ധവും ഉണ്ടാവും. കപ്പ ഇല്ലെങ്കിൽ മലയാളി ഇല്ല. എന്നാൽ മലയാളി ഇല്ലെങ്കിൽ കപ്പ ഉണ്ടോ എന്നുചോദിച്ചാൽ ചെറുതായി ഒന്നു ഞെട്ടേണ്ടിവരും.


നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്ന ഈ കപ്പ സുഹൃത്ത് സത്യത്തിൽ നമ്മുടെ നാട്ടുകാരനേ അല്ല എന്നതാണ് പരമമായ സത്യം. ചുരുക്കം പറഞ്ഞാൽ കക്ഷി ഒരു കംപ്ലീറ്റ് വിദേശിയാണ്. അതും ഇവിടെ അടുത്തെങ്ങുമല്ല. ബ്രസീലിൽനിന്നാണ് അദ്ദേഹം നമ്മുടെ നാട്ടിലേക്ക് കുടിയേറിയത്. 17ആം നൂറ്റാണ്ടിൽ ബ്രസീലിൽനിന്നും കേരളത്തിലേക്ക് ഫിലിപ്പിൻസ് വഴി വന്നുകയറുന്നതോടുകൂടിയാണ് കപ്പ ഇന്ത്യയിൽ രംഗപ്രവേശം നടത്തുന്നത്. നമ്മൾ ഇത്രയധികം സ്നേഹിക്കുന്ന കപ്പയുടെ ഉത്പാദനത്തിന്റെ കാര്യത്തിൽ നമ്മൾ ലോകത്തിൽ വെറും പത്താം സ്ഥാനത്ത് മാത്രമാണ്. ഉത്പാദനത്തിന്റെ കാര്യത്തിൽ നൈജീരിയ ഏറ്റവും മുൻപിലും പിന്നാലെ തായ്‌ലൻഡ്, ഇന്തോനേഷ്യ, ബ്രസീൽ, അംഗോള, ഘാന, ഡി.ആർ.സി, വിയറ്റ്നാം, കംബോഡിയ എന്നിവരും നിൽക്കുന്നു നമുക്ക് മുന്നാലെ.



നമ്മൾ ജീവനുതുല്യം സ്നേഹിച്ചെങ്കിലും ജീവനേക്കാൾ കൂടുതൽ മറ്റാരോ നമ്മുടെ കപ്പയെ സ്നേഹിച്ചു അല്ലെങ്കിൽ സ്നേഹിച്ചുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്നതുപോലെയാണ് ഉത്പാദനത്തിന്റെ കണക്കുകൾ നിലയുറപ്പിച്ചിരിക്കുന്നത്.

കപ്പയില്ലെങ്കിൽ മലയാളി ഇല്ല. എന്നാൽ മലയാളി ഇല്ലെങ്കിൽ കപ്പയുണ്ടോ എന്നചോദ്യത്തിന്‌ ഇനി എന്തെങ്കിലും സംശയത്തിന് വകയുണ്ടോ?



Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...