Showing posts with label India. Show all posts
Showing posts with label India. Show all posts

താലി

വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി . മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്. ഇസ്ളാം ഒഴികെ കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്. ഭർത്തൃമതികൾ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തിൽ നിലവിലുണ്ട്.
പത്ത് വയസ്സിന് മുമ്പ് പെൺകുട്ടികൾക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായർ, ഈഴവർ തുടങ്ങിയ ജാതിക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ൽ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്: പുലിപ്പൽത്താലി (പുറനാനൂറ്), ഐമ്പടൈത്താലി (മണിമേഖല), പരിപെൺതാലി (ഐങ്കുറുനൂറ്), പിൻമണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂൽത്താലി (പെരിയപുരാണം), മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്. താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും
'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും, 'പെണ്ണുംകളെ താലികെട്ടിവാറ ആരിയരൈയും തവിർത്തു ഇന്നാൾ മുതൽ' എന്ന് റ്റി.എ.എസ്. വാല്യം നാലിലും താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവൻ, താക്കോൽ എന്നീ അർഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അർഥവും സംസ്കൃത ഭാഷയിൽ കാണുന്നു.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും എല്ലോറാ ഗുഹകൾ (Ellora Caves)

മഹാരാഷ്ട്രയിലെ ഔരങ്കാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ (Ellora Caves) അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും ഒരു പറുദീസ തന്നെയാണ്. AD 400 മുതൽ 900 വരെയുളള കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന 34 ഗുഹകൾ ഉൾപ്പെടുന്ന ഗുഹാസമുച്ചയം. ആദ്യം തോന്നിയ സംശയം ഇതിനെ എന്തിനാണ് 'ഗുഹ' എന്ന് വിളിക്കുന്നത് എന്നതായിരുന്നു. 'CAVE ' എന്നതിന് Wikipedia നൽകുന്ന നിർവ്വചനം 'a hollow place in the ground or rock, which is large enough for a human to enter' എന്ന് കണ്ടതുകൊണ്ടും, മറ്റൊരു ഉചിതമായ പേര് നിർദ്ദേശിക്കാൻ കഴിയാത്തത് കൊണ്ടും ഞാനും ആ പേര് അംഗീകരിച്ചു. ആദ്യത്തെ 12 ഗുഹകൾ ബുദ്ധമതസ്ഥരാലും, 13 മുതൽ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതൽ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിർമ്മിതമാണ്. ഇതിലെവിടെയും ഒരു ചെറിയ കല്ല് പോലും പുറത്ത് നിന്ന് കൊണ്ട് വന്ന് ഉപയോഗിച്ചിട്ടില്ല.



1500 ഓളം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും സർവ്വാഢംബരങ്ങളോടു കൂടെ നിറവേറ്റിയിരുന്നു ഈ നിർമ്മിതികൾ. ക്ഷേത്രങ്ങൾ, ബഹുനിലസത്രങ്ങൾ, വിശാലമായ ഊട്ടുപുരകൾ, പഠനമുറികൾ, ആദിവാസി സമൂഹത്തിനായുള്ള മഴക്കാല വസതികൾ, സമ്മേളന ഹാളുകൾ, ബുദ്ധവിഹാരങ്ങൾ എന്നിവയടങ്ങിയ ലോകത്തിലെ എറ്റവും പഴക്കം ചെന്ന ആധുനിക സാമൂഹ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ. ബാൽക്കണിയോട് കൂടിയ Entrance Portico, വിശാലമായ പ്രാർത്ഥനാ ഹാൾ, അർദ്ധവൃത്താകൃതിയിലുള്ള 50 അടിയോളം ഉയർന്ന മച്ച്, പുറത്ത് ചുട്ടുപൊള്ളുമ്പോഴും സുഖശീതളമായ അകത്തളം, ഭീമാകാരമായ ഭൗമസാക്ഷീബുദ്ധവിഗ്രഹം, സൂക്ഷ്മമായ കൊത്ത് പണികളോടു കൂടിയ തൂണുകൾ എന്നിവ പത്താം നമ്പർ ഗുഹയെ അതീവ ഹൃദ്യമാക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ നിർമ്മിതിയായ 'കൈലാസനാഥ ക്ഷേത്രം (16-ാം നമ്പർ ഗുഹ) ആണ് എല്ലോറയിലെ മുഖ്യആകർഷണം. ഒരു പർവ്വതത്തിന്റെ മുകളിൽ നിന്ന് താഴേക്ക് കല്ലുകൾ വെട്ടിമാറ്റി നിർമ്മിച്ചതാണിത്. ഇത്തരത്തിൽ നിർമ്മിച്ച ലോകത്തിലെ ഏക നിർമ്മിതിയാണിത്. ഒരു വലിയ കരിങ്കല്ലിന്റെ പാറ കുഴിച്ച്‌ അതിന്റെ ഉൾവശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരുമുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ..?? എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്. എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾ അത്ഭുദങ്ങളുടെ ഒരു പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുദങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് കല്ലുകളോ മറ്റൊ ചെർത്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കൽ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകന്മാർക്കും  ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി, എന്നത്. പുരാവസ്തു ഗവേഷകർ പറയുന്നത് ഏകദേശം 400000 ടൺ പാറയെ ങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ നൂറുകണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിർമിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടൺ പാറയെങ്കിലും തുരന്നു മാറ്റണം. ഇന്നത്തെ അഡ്വാൻസ്ഡ് ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കൂറിൽ അര ടൺ പോലും തുരന്നു മാറ്റാൻ പറ്റില്ലെന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണിലുമുള്ള കൊത്തുപണികൾ. ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക. 1682 ഇൽ ഔരങ്കസെബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു. 1000 ആൾക്കാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊത്തുപണികൾ അല്പം തകർക്കാൻ പറ്റി എന്നല്ലാതെ വേറൊന്നിനും കഴിഞ്ഞില്ല അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത്. ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹമാണ്.

ഏതു ടെക്നോളജി ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കണിയും അനേകം മുറികളൊക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ് ചരിത്രകാരന്മാർകും ആധുനിക ശാസ്ത്രജ്ഞാന്മാർക്കും ഇന്നും പിടി കൊടുക്കാതെ ദുരുഹമായി ഇന്നും അതിന്റെ നിർമാണ രഹസ്യം നിലനിൽക്കുന്നു. മഹാദേവന്റെ ശ്രീകോവിൽ, നന്ദീമണ്ഡപം, മുഖമണ്ഡപം, ഇവയുടെ രണ്ടാം നിലകൾ തമ്മിലുള്ള പാലം, 100 അടി ഉയരമുള്ള രണ്ട് അലങ്കാരത്തൂണുകൾ, ഗജ പ്രതിമകൾ, ചുറ്റിനുമുള്ള വരാന്തകൾ എന്നിവയടങ്ങിയ ഈ ക്ഷേത്രം, നാല് ലക്ഷം ടൺ പാറക്കല്ല് ഉളിയും പിക്കാക്ക്സും ഉപയോഗിച്ച് തുരന്നുകളഞ്ഞ് നിർമ്മിക്കുന്നതിന് 20 വർഷം എടുത്തു എന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക്. എന്നാൽ ഈ ക്ഷേത്രം മനുഷ്യനിർമ്മിതമല്ല എന്ന് തെളിവുകൾ നിരത്തി വാദിക്കുന്നവരും ഏറെയാണ്. ആർക്കിടെക്ച്ചർ അനുബന്ധമായ ജോലി ചെയ്യുന്നവർ ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്തതിന് ശേഷം പറഞ്ഞത് മനുഷ്യനിർമ്മിതമാണെങ്കിൽ തന്നെ പണിയുന്നതിന് ഏകദേശം 100 വർഷമെങ്കിലും എടുത്തിരിക്കും എന്നാണ്. ഏതായാലും ലോകത്തിലേ തന്നെ ഏറ്റവും സുന്ദരവും അത്ഭുതകരവുമായ ഈ നിർമ്മിതി ഒരോ ഭാരതീയന്റെയും അഭിമാനമാണ്.

അവിടെ നിന്ന് 2 KM ചുറ്റളവിനുള്ളിൽ സ്ഥിതിചെയ്യുന്ന 18 മുതൽ 34 വരെ ഗുഹകൾ കാണുന്നതിന് മഹാരാഷ്ട്ര RTC യുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഹിന്ദു ഗുഹകളും അതേ നിർമ്മാണ ശൈലി പിൻതുടരപ്പെട്ട ജൈന ഗുഹകളും സൂക്ഷ്മവും അതിസുന്ദരവുമായ കൊത്തുപണികൾ കൊണ്ട് അലംകൃതമാണ്. ഹിന്ദു ഗുഹകളിൽ രാമായണം മഹാഭാരതം കഥകളിലെ രംഗങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാവീരൻ, ബാഹുബലി, ഇന്ദ്രാണി, പത്മാവതി, തീർത്ഥങ്കരന്മാർ എന്നിവരുടെ നൂറുകണക്കിന് വിഗ്രഹങ്ങൾ ജൈന ഗുഹകളിൽ ഒറ്റക്കൽ വിസ്മയങ്ങളായി നിലനിൽക്കുന്നു.

എല്ലോറാ ഗുഹകളെ സംബന്ധിച്ച് ഒരു പാട് അതിശയകരമായ വസ്തുതകൾ നിലനിൽക്കുണ്ട്. എന്നിൽ ഏറ്റവും അത്ഭുതം സൃഷ്ടിച്ചത്, ഈ 34 ഗുഹകളിൽ നിന്ന് മുറിച്ചെടുക്കപ്പെട്ട ഏകദേശം 80 ലക്ഷം ടൺ പാറക്കല്ല് ഇതിനടുത്ത പ്രദേശങ്ങളിൽ ഒന്നും തന്നെ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നായ ഗിസയിലെ പിരമിഡ് നിർമ്മിക്കാൻ 50 ലക്ഷം ടൺ കല്ലുമാത്രമേ വേണ്ടിവന്നുള്ളൂ എന്നിരിക്കെ, 80 ലക്ഷം ടൺ മുറിഞ്ഞ കല്ലിൻ കഷണങ്ങൾ 1500 വർഷങ്ങൾക്ക് മുമ്പ് എവിടെ കൊണ്ടുപോയി ഒളിപ്പിച്ചിരിക്കും? ഈ ഗുഹകൾക്ക് താഴെ വിശാലമായ ഒരു ഭൂഗർഭ നഗരം സ്ഥിതി ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊന്ന്. ഭൂഗർഭത്തിലേക്ക് നീളുന്ന തുരംഗങ്ങളും, വെള്ളച്ചാലുകളും, താഴെ വായുസമഞ്ചാരത്തിനെന്ന് തോന്നിപ്പിക്കുന്ന പുറത്ത് നിന്ന് കാണാവുന്ന നൂറുകണക്കിന്  അഗാധമായ നേർത്ത ഗർത്തങ്ങളും ഇപ്പോഴും കാണാൻ സാധിക്കും. കണ്ടു പിടിക്കപ്പെട്ട എല്ലാ തുരംഗങ്ങളും താഴേക്ക് ചെല്ലുംതോറും മനുഷ്യർക്ക് കടക്കാനാകാത്ത വിധം ചെറുതാണ്. ഇവിടെ ക്ഷേത്രങ്ങളിലെ പല കൊത്തുപണികളിലും ചെറു മനുഷ്യരും, നാഗങ്ങളും, നാഗദേവന്മാരും, നാഗകന്യകമാരും, കന്നുകാലികളും ഭൂഗർഭത്തിൽ ജീവിക്കുന്നതായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത് സത്യമാകുമോ..?, ടർക്കിയിൽ 1600 വർഷങ്ങളോളം അജ്ഞാതമായി കിടന്ന 200 അടി താഴ്ച്ചയിൽ 13 നിലകളായി 20000 ത്തോളം പേർക്ക് താമസിക്കാൻ കഴിയുന്ന 'DERINKUYU' എന്ന ഭൂഗർഭനഗരം1965 ൽ കണ്ടുപിടിക്കപ്പെട്ടപോലെ എന്നെങ്കിലും എല്ലോറയിലെ ഭൂഗർഭവിസ്മയവും മറനീക്കി പുറത്ത് വരുമോ? നമുക്ക് കാത്തിരുന്നു കാണാം...

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അറിയുമോ എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഇടതുവശം ചേർന്ന് വണ്ടി ഓടിക്കുന്നത് എന്ന്?

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇന്ത്യയിൽ ലെഫ്റ്റ് ഹാന്റ് റോഡ് ഡ്രൈവ് സിസ്റ്റം നിലനിന്നുപോകുന്നതെന്ന്?
രാജ്യത്തെ നിയമം അത്തരത്തിലായതു കൊണ്ട് അതു പിൻതുടരുന്നു എന്നുമാത്രമായിരിക്കും പലരും കരുതിയിട്ടുണ്ടാവുക. എന്നാൽ ഇതിന് ചരിത്രവുമായി ബന്ധമുണ്ട്. അതറിയണമെങ്കിൽ കുറച്ച് കാലം പിന്നിലേക്ക് സഞ്ചരിക്കണം.

ലോകത്ത് അറുപത്തിയഞ്ച് ശതമാനം ഭാഗങ്ങളിലും റൈറ്റ് സൈഡ് ഡ്രൈവാണുള്ളത് അതായത് റോഡിന്റെ വലതുവശം ചേർന്നുള്ള ഡ്രൈവ്.എന്നാൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന മുപ്പത്തിയഞ്ച് ശതമാനം രാജ്യങ്ങളിൽ ലെഫ്റ്റ് ഹാന്റ് റോഡ് സിസ്റ്റം പാലിച്ചുപോരുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ റോഡ് മാർഗമുള്ള ഗതാഗതം ആരംഭിച്ചിരുന്നുവെങ്കിലും മദ്ധ്യ കാലഘട്ടത്തിലായിരുന്നു അത് വിപുലമാകുന്നത്.

കച്ചവടം, ഗതാഗതം, യുദ്ധം എന്നിവയ്ക്ക് പ്രാധാന്യമേറിയതോടെ റോഡുകൾ ഒഴിച്ചുകൂടാനാകാതെ വന്നപ്പോൾ റോഡ് സംവിധാനം കൂടുതൽ വിപുലീകൃതമായി. യുദ്ധവേളകളിൽ ബ്രിട്ടീഷുകാർ കുതിരപടയോട്ടത്തിന് റോഡിന്റെ ഇടതുവശമായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്.

ഇടതുകൈ കൊണ്ട് കുതിരയെ നിയന്ത്രിക്കാനും വലുതുകൈയുപയോഗിച്ച് യുദ്ധം ചെയ്യാനും ഏറ്റവും അനുയോജ്യമായിട്ടുള്ള രീതിയായിരുന്നു ഇത്.വാളുകൾ പൊതുവെ സൂക്ഷിക്കുന്നതും ഇടത് ഭാഗത്താണ്. വാൾ ഉറയിൽ നിന്നും ഊരി വലതുകൈവീശിയായിരുന്നു ശത്രുക്കളുമായി യുദ്ധം ചെയ്തിരുന്നത്. ഈ സൗകര്യം കണക്കിലെടുത്ത് റോഡിന് ഇടതുവശം ചേർന്നായിരുന്നു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും.

കൂടാതെ കുതിരയിൽ കേറാനും ഇറങ്ങാനും ഇടതുവശം എളുപ്പമായിരുന്നു എന്നുള്ളതും മറ്റൊരു കാരണമാണ്. പിന്നീട് വാഹന ഗതാഗതം പുരോഗമിച്ചപ്പോൾ ഈ വ്യവസ്ഥ വാഹനങ്ങളിലും ഉൾക്കൊള്ളിക്കുകയായിരുന്നു.

കാലഘട്ടം മാറിയതിന് പിന്നാലെ റോഡിന് ഇടതുഭാഗം ചേർന്ന് വാഹനമോടിക്കുക എന്ന വ്യവസ്ഥ ബ്രിട്ടനിൽ നിലവിൽ വന്നു. തത്ഫലമായി ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഈ വ്യവസ്ഥ പാലിക്കേണ്ടതായി വന്നു.
അക്കാലങ്ങളിൽ അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ കച്ചവടം, കൃഷി എന്നിവയുടെ ആവശ്യകത വർധിച്ചു വന്നപ്പോൾ ഗതാഗതം വലിയൊരു പ്രശ്നമായി തുടങ്ങി.

വിളകളും കച്ചവടത്തിനാവശ്യമായിട്ടുള്ള ചരക്കുകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ റോഡുകൾ വിപുലീകരിച്ചു.

ആ കാലഘട്ടത്തിൽ കുതിര വണ്ടികളായിരുന്നു ചരക്കുനീക്കങ്ങൾക്ക് വൻതോതിൽ ഉപയോഗിച്ചിരുന്നത്. വിളകളും ചരക്കുകളും വർധിച്ചപ്പോൾ ഒരു കുതിരവച്ചുള്ള ഗതാഗതം അനുയോജ്യമാകാതെയായി.
പകരം ഒന്നിലധികം കുതിരകളെ ഒന്നിനു പിറകെ മറ്റൊന്നായി അണിനിരത്തികൊണ്ട് പിന്നിലുള്ള ചരക്ക് വണ്ടി വലിക്കാനായി ഉപയോഗിച്ചു.

പിന്നിലുള്ള വണ്ടിയിൽ സീറ്റൊന്നുമില്ലാത്തതിനാൽ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെയായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്.
വലുപ്പമേറിയ ചരക്ക് വണ്ടി വലിക്കാനായി ആറു കുതിരകളേയായിരുന്നു ഉപയോഗിച്ചിരുന്നത്.

രണ്ട് വരിയായി ഒന്നിനുപുറകെ മറ്റൊന്ന് എന്ന തരത്തിലായിരുന്നു കുതിരകളുടെ സ്ഥാനം. അതിൽ ഏറ്റവും ഒടുവിലുള്ള ഇടതുഭാഗത്തുള്ള കുതിരയുടെ മുകളിലിരുന്നായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്.
ഒടുവിലത്തെ ഇടതുവശത്തുള്ള കുതിരപ്പുറത്തിരുന്നാൽ വലതുകൈയുപയോഗിച്ച് കുതിരകളെ നിയന്ത്രിക്കുക എന്നത് എളുപ്പമായിരുന്നു എന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു രീതി വ്യാപകമായി ഉപയോഗിച്ചത്.

അതുമാത്രമല്ല റോഡിന്റെ വലതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് കുതിര വണ്ടി നിയന്ത്രിക്കാനും അവർക്ക് എളുപ്പമായിരുന്നു.
19 ആം നൂറ്റാണ്ടായിപ്പോഴേക്കും ലോകത്തോട്ടാകെ റോഡ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
ബ്രീട്ടീഷ് രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ പിന്നീടങ്ങോട്ട് ആ നിയമം തന്നെ അവർ പിൻതുടരാൻ തീരുമാനിച്ചു.
ഇന്ത്യയും അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഭാഗമായതിനാൽ, സമാന നിയമം ഇന്ത്യയ്ക്കും ബാധകമായി തീർന്നു. ഇന്നും ആ വ്യവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുന്നു.

അമേരിക്ക-യൂറോപ്യൻ രാജ്യങ്ങളിൽ റോഡിന്റെ വലത് വശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ അതെ നിയമം തന്നെ പിന്നീടുമവർ പാലിച്ചുപോന്നു.
ഇന്ന് ബ്രിട്ടൻ ഉൾപ്പടെ ചില യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്.
യൂറോപ്പ് പൊതുവെ റോഡിന്റെ വലതുവശമാണ് ഉപയോഗിക്കുകയെങ്കിലും അയർലൻഡ്, മാൾട്ട, സൈപ്രസ് എന്നീ രാജ്യങ്ങളും തെക്കെ അമേരിക്കയിലെ ഗയാനയിലുമാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്.
മുൻപ് ഈ രാജ്യങ്ങൾ ബ്രിട്ടീഷ് കോളോണിയലിന് കീഴിലായതിനാലാണ് ഈ വ്യവസ്ഥ അതേപടി ഇവിടങ്ങളിലും പിൻതുടരുന്നത്.
1960 ബ്രിട്ടീഷുകാർ റൈറ്റ് ഹാന്റ് സിസ്റ്റത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും ചെലവുകളുടെയും മറ്റ് സാങ്കേതികകാരണങ്ങളുടെയും പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ആള്‍ദൈവം ആസാറാം ബാപ്പു - കഥ ഇതുവരെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാ ല്‍സംഗം ചെയ്ത കുറ്റത്തിന് പ്രസിദ്ധ ആള്‍ദൈവം ആസാറാം ബാപ്പുവിനെ 1 സെപ്റ്റംബർ 2013 രാജസ്ഥാനിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷി ക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളായി രുന്ന രണ്ടുപേര്‍ക്ക് 20 വര്‍ഷം വീതം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

നമുക്ക് ആസാറാമില്‍ നിന്ന് തുടങ്ങാം.

1947 ല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനിലെ സിന്ധു (Sindh) പ്രവിശ്യയില്‍ നിന്ന് വിഭജനത്തെത്തുടര്‍ന്ന് ഗുജറാ ത്തിലെ അഹമ്മ ദാബാദിലേക്ക് കുടിയേറിയതാണ് ആസാറാമിന്റെ കുടുംബം..ആസാറാമിന്റെ യഥാ ര്‍ത്ഥ പേര് 'അസുമല്‍ ഹര്‍പലാനി' എന്നായിരുന്നു.41 ല്‍ ജനിച്ച ആസാറാമിന് ഇപ്പോള്‍ 77 വയസ്സുണ്ട്.

60 കള്‍ക്കുശേഷം രാജസ്ഥാനിലെ അജ്മീര്‍ പട്ടണ ത്തില്‍ കുതിരവണ്ടിയോടിച്ചാണ് അസുമല്‍ ഹര്‍പലാനി കുടുംബം പരിപാലിച്ചിരുന്നത്. രണ്ടുവര്‍ഷം അദ്ദേഹം കുതിരവണ്ടി തെളിച്ചു. അതിനുശേഷം ഒരു ചായക്കടയില്‍ സഹായിയായി കുറെനാള്‍ ജോലിചെയ്തു. അതിവേഗം സമ്പന്നനാ കണം എന്ന അഭിവാഞ്ജ വച്ചുപുലര്‍ത്തിയിരുന്ന ആസാറാം അതിനുള്ള പരിശ്രമം തുടര്‍ന്നുപോരവേ,
'ലീലാഷാ' എന്ന സന്യാസിയെ കണ്ടുമുട്ടിയത്‌ വഴിത്തി രിവായി മാറി. ആസാറാം അവരുടെ ശിഷ്യത്വം സ്വീകരിച്ചു.. അങ്ങനെ 1972 ല്‍ അഹമ്മദാബാദില്‍ നിന്ന് 10 KM അകലെ സബര്‍മതി നദിക്കരയിലെ മുട്ടേര ഗ്രാമത്തില്‍ സ്വന്തമായി ഒരാശ്രമം സ്ഥാപിച്ച് അസുമല്‍ ഹര്‍പലാനി , ആസാറാം ബാപ്പു എന്ന പേരില്‍ പ്രവചനങ്ങള്‍ നടത്തിപ്പോന്നു.

മെല്ലെ മെല്ലെ ഗുജറാത്തിലെ ഗ്രാമീണ മേഖലകളിലെ സാധാരണക്കാര്‍ക്കിടയിലും ആദിവാസി - പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം നാടന്‍ മരുന്നുക ളും , ദൈവീക പ്രവചനങ്ങളും, ഭജനയും കീര്‍ത്ത നങ്ങളുമായി വളരെ പെട്ടെന്ന് പ്രസിദ്ധനായി മാറി.

ആസാറാമിന്റെ പ്രവചനങ്ങള്‍ നാടുനീളെ ബുക്ക് ചെയ്യപ്പെട്ടു. ടി.വി ചാനലുകളിലും അദ്ദേഹം താരമായി. ശ്രീരാമചരിത്രം ആസ്പദമാക്കിയാണ് അദ്ദേഹം പ്രവചനങ്ങളും ഭജനയും നടത്തിയിരുന്നത്. ഇതിനുശേഷം എല്ലാവര്‍ക്കും അന്നദാനം നടത്തുന്നതും പതിവായതോടെ ആസാറാമിന്റെ ശിഷ്യരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു.

ലോകമൊട്ടാകെ ഇന്ന് 4 കോടി അനുയായികളും 400 ആശ്രമങ്ങളുമുള്ള ആസാറാമിന്റെ ആസ്തി പതിനായിരം കോടിക്ക് പുറത്താണ്.

2013 ല്‍ ആസാറാം ബാപ്പുവിനെതിരെ ബലാല്‍സംഗ ക്കുറ്റം ആരോപിച്ചു പോലീസില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂര്‍ നിവാ സിനിയായ പെണ്‍കുട്ടിയുടെ കുടുംബം മുഴുവന്‍ ആസാറാമിന്റെ കടുത്ത അനുയായികളായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സ്വന്തം ചെലവിലാണ് ഷാജഹാന്‍പൂരില്‍ ആസാറാമിന്റെ ആശ്രമം നിര്‍മ്മിച്ചതും.

കുട്ടികള്‍ക്ക് ആത്മീയസംസ്കാരത്തിലൂന്നിയ വിദ്യാ ഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്‍റെ രണ്ടു പെണ്മക്കളെയും ആസാറാമിന്റെ അധീനതയി ലുള്ള മധ്യപ്രദേശിലെ ചിന്ദ്വാഡ യിലുള്ള ഗുരുകുല വിദ്യാലത്തില്‍ ചേര്‍ക്കുകയും ചെയ്തു.എന്നാല്‍ മുതിര്‍ന്ന പെണ്‍കുട്ടിയ്ക്ക് അടിക്കടി അല്ലറ ചില്ലറ അസുഖങ്ങള്‍ വരുന്നത് പതിവായിരുന്നു. ഇതുമാ റാന്‍ പെണ്‍കുട്ടിയെ നേരിട്ട് ആസാറാമിനെ കാണി ക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉപദേശിച്ചതിന്‍ പ്രകാരം മാതാപിതാക്കള്‍ മകളുമായി രാജസ്ഥാ നിലെ ജോധ്പൂര്‍ ആശ്രമത്തില്‍ എത്തുകയും അവിടെവച്ച് മാതാപിതാക്കളെ ഒഴിവാക്കി ആസാറാം അതിവിദഗ്ദ്ധമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2013 ആഗസ്റ്റ്‌ 16 നു വൈകിട്ടായിരുന്നു സംഭവം.

ഈ കേസില്‍ ആസാറാമിന്‍റെ ജാമ്യാപേക്ഷകള്‍ കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെ 11 തവണ നിരസിക്കപ്പെട്ടു. കേസിനായി ആസാറാം പണം വാരിയെറിഞ്ഞു. ആസാറാമിനായി അണിനിരന്ന അഭിഭാഷകര്‍, റാം ജെറ്റ്മലാനി,രാജു രാമചന്ദ്രന്‍,സുബ്രഹ്മണ്യം സ്വാമി, സല്‍മാന്‍ ഖുര്‍ഷിത്,കെ.ടി.എസ് തുളസി, യു.യു.ലളിത്, സിദ്ധാര്‍ത്ഥ ലുത്ര തുടങ്ങിയ അതിപ്രശസ്ത രായിരുന്നു.

കേസിലെ രണ്ടു സാക്ഷികള്‍ കൊല്ലപ്പെട്ടു. മൂന്നു സാക്ഷികള്‍ ആക്രമിക്കപ്പെട്ടു. ഒരാളെ കോടതി പരിസരത്തുവച്ച് ആസിഡ് ഒഴിച്ചുകൊല്ലാനും ശ്രമം നടന്നു. മറ്റൊരു സാക്ഷി കോടതിയില്‍ മൊഴിനല്‍കി പുറത്തിറങ്ങിയശേഷം അജ്ഞാതവാസത്തിലാണ്. അദ്ദേഹത്തെയും കൊല്ലാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

പെണ്‍കുട്ടിക്കും കുടുംബത്തിനും എത്ര പണം വേണമെങ്കിലും നല്‍കാമെന്ന പ്രലോഭനം പലതവണയുണ്ടായി. വഴങ്ങാതായപ്പോള്‍ പലതരത്തില്‍ ഭീഷണികള്‍ വന്നു. കൊല്ലുമെന്നുവരെ. നാലര വര്‍ഷം അവര്‍ വീട്ടില്‍നിന്നു അധികം പുറത്തിറങ്ങാതെ പോലീസ് സംരക്ഷണയിലാണ് ജീവിച്ചത്.

2008 ല്‍ ആശ്രമത്തില്‍ നടന്ന രണ്ടു കുട്ടികളുടെ കൊലപാതകത്തിലും, 2014 ല്‍ സൂറത്തിലെ ആശ്രമത്തില്‍ ആസാറാമും മകന്‍ നാരായന്‍ സായിയും ചേര്‍ന്നു ഇരട്ട സഹോദരിമാരെ ബലാല്‍സംഗം ചെയ്ത കേസിലും ആസാറാം അന്വേഷണം നേരിടുകയാണ്. ആസാറാമിന്റെ മകനും ഇപ്പോള്‍ ജയിലിലാണ്.

ആസാറാമിന്റെ ആശ്രമത്തിലെ സന്ദര്‍ശകരില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്പേയ്, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി,ലാല്‍ കൃഷണ അദ്വാനി, നിതിന്‍ ഗദ്ക്കരി, ദിഗ്വിജയ് സിംഗ്, കമല്‍നാഥ്, മോത്തിലാല്‍ വോറ തുടങ്ങിയ ഭരണ - പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. തീര്‍ച്ചയായും ഈ രാഷ്ട്രീയ സ്വാധീനം ആസാറാം പലവിധത്തിലും മുതലെടുത്തിരുന്നു.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മലാന, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന. പാർവതി താഴ്വാരത്തിനും വശത്തായി കുളു താഴ്വാരത്തിന്റെ വടക്കു-കിഴക്കായി ഒറ്റപെട്ടു കിടക്കുന്നു ഈ ഗ്രാമം. ചന്ദ്രഖാനി, ദിയോട്ടിബ്ബ മലനിരകൾ ഈ ഗ്രാമത്തെ പുറം ലോകത്തു നിന്നും മറയ്ക്കുന്നു. 2,652 മീറ്റർ സമുദ്രത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമി ആണ്. കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും.

ചരിത്രം

ഐതിഹ്യ പ്രകാരം മലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറ ആണെന്നാണ് വിശ്വാസം. മുഗൾ ഭരണ കാലത്തു അക്ബർ ചക്രവർത്തിക്ക് ഒരു അസുഖം വരികയും ഇവിടത്തെ ചികിത്സ കൊണ്ട് ഭേദം ആവുകയും ചെയ്തതിനാൽ അദ്ദേഹം ഇവിടുത്തക്കാരെ കരം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കുകയും അങ്ങനെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. മറ്റൊരു വിശ്വാസം അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്നാണു.
മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു. പുതിയ ഒരു പാത നിർമ്മിക്കുകയും അത് വഴി എളുപ്പത്തിലുള്ള ഒരു പ്രവേശനമാർഗ്ഗം ഈ ഗ്രാമത്തിലേക്ക് ഉണ്ടാവുകയും ചെയ്തു. അതെ സമയം ഇത് പ്രദേശത്തിന്റെ പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തി വച്ചു. 2008ൽ ഉണ്ടായ ഒരു തീ പിടുത്തത്തിൽ ഇവിടുത്തെ പല പ്രധാനപ്പെട്ട പാരമ്പര്യ കെട്ടിടങ്ങളും അമ്പലങ്ങളും കത്തി നശിച്ചു.

ഭാഷ

മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ കനാശി/രക്ഷ് എന്നൊരു ഭാഷയാണ്., ഇത് അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ. എത്നോലോഗ് എന്ന ഭാഷകളെ കുറിച്ചുള്ള പുസ്തകം ഇങ്ങനെ പ്രതിപാദിക്കുന്നു. കനാശി, മലാനയിലെ ഭാഷ സമീപ പ്രദേശങ്ങളിലെ യാതൊരു ഭാഷയുമായും സാമ്യത പുലർത്തുന്നില്ല. ഇത് സംസ്കൃതത്തിന്റെയും മറ്റു ടിബറ്റൻ ഭാഷകളുടെയും ഒരു സങ്കരമാണ്'. അത് കൊണ്ട് തന്നെ ഈ ഭാഷയെ ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ പെടുത്താതെ ടിബറ്റൻ-ബർമീസ് ഭാഷകളിൽ ആണ് പെടുത്തിയിരിക്കുന്നത് മാത്രവുമല്ല, ലാഹോൾ-സ്പിതി-കിന്നോർ പ്രദേശങ്ങളിലെ ടിബറ്റൻ-ബർമൻ ഭാഷകളുമായി സാമ്യവുമില്ല ഈ ഭാഷയ്ക്ക്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ആത്മാവിനെ വണങ്ങാൻ (ടെയിനുകള്‍ പോലും നിർത്തുന്ന ഒരിടം.....!!!!!)

വിശ്വാ‍സവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേര്‍ന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്‍റേത്. അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല.
ദുഷ്ടശക്തികളെയും ശിഷ്ട ശക്തികളെയും ഒരേ സ്ഥാനം കൊടുത്ത് ആരാധിക്കുന്നതും നമുക്ക് കാണാനാവും. ഇപ്പോഴും ആയിരങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ്  ഇത്തവണ പറയുന്നത്. മധ്യപ്രദേശിലെ' മൌ 'എന്ന പ്രദേശത്തുള്ളവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ‘താന്ത്യാ ഭീൽ ' ( Tantya Bhil) എന്ന ഇതിഹാസം.
ധനാഡ്യരുടെ കണ്ണിലെ കരടും പാവങ്ങള്‍ക്ക് ദൈവ തുല്യനുമായിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ ഇതിഹാസമായി മാറിയ കഥ നമുക്കെല്ലാം അറിയാമല്ലോ. അതേപോലെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു താന്ത്യാ ഭീൽ എന്നയാള്‍‍.
‘ഇന്ത്യൻ റോബിൻ ഹുഡ്’ എന്നറിയപ്പെട്ടിരുന്ന താന്ത്യ ബ്രിട്ടീഷ് സേനയ്ക്ക് ഒരു തീരാ തലവേദനയായിരുന്നു.ജാൽഗാവ് (സത്‌പുര) മുതൽ മൌ (മാള്‍വ) വരെ താന്ത്യയുടെ പ്രശസ്തി പരന്നു. ഈ പ്രദേശത്തുള്ളവർ ആ ഇതിഹാസത്തിനെ ആരാധിക്കുകയും ചെയ്തു.
താന്ത്യ ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു. കൊള്ളയടിച്ചു കിട്ടിയ സമ്പത്ത് ഇന്ത്യയിലെ പാവപ്പെട്ട ഗോത്രവർഗക്കാര്‍ക്ക് വീതിച്ചു നല്‍കി. സഹികെട്ട ബ്രിട്ടീഷുകാർ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകപോലും ചെയ്തു. എന്നാലവര്‍ക്ക് താന്ത്യയെ പിടികൂടാന്‍ കഴിഞ്ഞില്ല. അവസാനം, ‘പാതൽപാനി’ ( Patalpani) എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയിൽവെ ട്രാക്കിൽ വച്ച് നടന്ന ഒരു രൂക്ഷമായ ഏറ്റുമുട്ടലിൽ താന്ത്യ കൊല്ലപ്പെട്ടു.

താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. താന്ത്യയുടെ മരണത്തിനു ശേഷം ഈ ഭാഗത്തെ റയില്‍‌വെ ട്രാക്കിൽ അപകടങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വന്നു.
അപകടങ്ങളും താന്ത്യയുടെ മരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു തുടങ്ങാൻ ആളുകള്‍ അധികം സമയമയമെടുത്തില്ല. അതിൽനിന്ന് രക്ഷ നേടാൻ അവര്‍ ട്രാക്കിന് സമീപം താന്ത്യയ്ക്ക് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതിനുശേഷം ഇവിടം കടന്നു പോവുന്ന ഓരോ ട്രെയിനും താന്ത്യയ്ക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നു.
എന്നാല്‍ റയില്‍‌വെ അധികൃതര്‍ക്ക് നല്‍കാനുള്ളത് മറ്റൊരു വിശദീകരണമാണ്. പാതൽപാനിയിൽ നിന്ന് കാലാകുണ്ഡിലേക്കുള്ളത് അപകടം നിറഞ്ഞതും കുത്തനെയുള്ളതുമായ പാതയായതിനാൽ ഇടയ്ക്ക് ട്രാക്കിൽ ബ്രേക്ക് പരിശോധന നടത്തുന്നത് സാധാരണയാണ്,,,,,,ഈ സമയത്തുതന്നെ അടുത്ത് തന്നെയുള്ള താന്ത്യയുടെ ക്ഷേത്രത്തിലേക്ക് നോക്കി (ടയിനിലിരിക്കുന്ന എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു-
അതുകൊണ്ട് നിർത്തിക്കൊടുക്കുന്നു എന്നാണ്. പക്ഷേ ഇതുവഴി കടന്ന് പോവുന്ന എല്ലാ ട്രെയിനുകളും ഇവിടെ നിര്‍ത്തുകയും എഞ്ചിൻ ഡ്രൈവർ്‍മാർ വരെ ക്ഷേത്രത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് ഇതുവഴി യാത്രചെയ്തിട്ടുള്ള എല്ലാവർക്കും നേരിട്ടറിയുകയും ചെയ്യാം. ഇവിടെ നിർത്താതെ പോവുന്ന ട്രെയിനുകള്‍ക്ക് വലിയ അപകടം ഉണ്ടാവുമെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്...!!


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാനായി ദരിദ്രനായ ഒരു ആദിവാസി യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡനിലേക്ക്‌ സൈക്കിൾ ചവിട്ടിയ ഉദ്വേഗജനകമായ കഥയാണ്   'ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്' എന്ന പുസ്തകം പറയുന്നത്.എന്നാൽ അടിസ്ഥാനപരമായി ഇതൊരു രസികൻ യാത്രാവിവരണം കൂടിയാണ്.

പ്രാണപ്രേയസിയെ ഒരു നോക്കു കാണാനായി ഒരു ദരിദ്ര യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡൻ വരെ നടത്തിയ സൈക്കിൾ യാത്രയുടെ കഥയാണ്
 'ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്'. പ്രണയത്തിനു മുന്നിൽ രാജ്യാതിർത്തികൾ വരെ മലർക്കെ തുറക്കുന്നത് വിസ്മയത്തോടെ നമ്മൾ വായിച്ചറിയുന്നു. ഒറീസയിലെ, കാട് അതിരിടുന്ന ഒരു കുഗ്രാമത്തിൽ ജനിച്ചുവളർന്ന പ്രദ്യുമ്‌നകുമാർ അഥവാ പികെ എന്ന യുവാവാണ് കഥാനായകൻ. പട്ടിണി സഹിക്കാനാവാതെ 1970 കളിൽ പികെ നാടുപേക്ഷിച്ച് ഡെൽഹിയിലെത്തുന്നു. ചിത്രം വരയിൽ താൽപര്യമുള്ള പികെ ഡെൽഹിയിലെ തെരുവീഥികളിൽ ഇരുന്ന് ഛായാചിത്രങ്ങൾ വരച്ചുകൊടുത്ത് ജീവിക്കാനുള്ള വക കണ്ടെത്തുന്നു. ഇതിനിടെ ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി അപ്രതീക്ഷിതമായി പികെയുടെ കലാവൈഭവം കണ്ടെത്തി അയാളെ ഇന്ദിരാഗാന്ധിയുടെ മുന്നിലുമെത്തിച്ചു. അതോടെ പത്രമാധ്യമങ്ങളിൽ പികെയെക്കുറിച്ച് ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ദാരിദ്ര്യം മാറിയില്ല.
ഒരിക്കൽ കോണാട്ട്‌പ്ലേസിലെ ഫൗണ്ടനരികിൽ ഛായാചിത്ര രചനയിൽ ഏർപ്പെട്ടിരുന്ന പികെ ഒരു സുന്ദരിയായ മദാമ്മയെ കണ്ടു. സ്വീഡൻകാരിയായ ലോത്ത എന്ന ആ സുന്ദരിയ്ക്ക് ഇന്ത്യ എന്നുമൊരു സ്വപ്‌നമായിരുന്നു. വേദങ്ങളും യോഗയുമൊക്കെ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ലോത്ത ജോലി ചെയ്ത് പണം സമ്പാദിച്ചതു തന്നെ ഇന്ത്യയിലെത്താനായിരുന്നു.
ഛായാചിത്രം വരയ്ക്കാനായി തന്റെ മുന്നിൽ ഇരുന്ന ലോത്തയിൽ പികെ ആകൃഷ്ടനായി. ഏതാനും ദിവസങ്ങൾ കൊണ്ട് അവർ അടുത്തു. തന്റെ വൃത്തിഹീനമായ കുഞ്ഞുമുറിയിൽ ലോത്തയോടൊപ്പം നിരവധി രാത്രികൾ ചെലവഴിക്കുകയും ചെയ്തു, പികെ.
അവധിക്കാലം കഴിഞ്ഞ് ലോത്ത തിരിച്ചുപോയി. വീണ്ടും പണം സമ്പാദിച്ച് തിരികെ വരാമെന്ന് അവൾ ഉറപ്പു നൽകി.
ഒരു വർഷം കടന്നുപോയി. അവർ കത്തിടപാടുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ ഇന്ത്യയിലേക്ക് വീണ്ടുമൊരു യാത്ര ലോത്തയ്ക്ക് താങ്ങാനാവുമായിരുന്നില്ല.
വിരഹദുഃഖം തീവ്രമായപ്പോൾ പികെ ഒരു തീരുമാനമെടുത്തു-സ്വീഡനിലേക്ക് റോഡ്മാർഗ്ഗം പോവുക! അക്കാലത്ത് ഇന്ത്യയും നേപ്പാളുമെല്ലാം യൂറോപ്പിൽ നിന്നുള്ള 'ഹിപ്പി' സഞ്ചാരികളുടെ സ്വർഗ്ഗമായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്ന് തുർക്കിവഴി ഇറാനിലെത്തി, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് നിത്യേനയെന്നവണ്ണം വാനുകളിലും ബൈക്കുകളിലും കാറുകളിലും സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നു. അവരിൽ ചിലരോട് യാത്രയുടെ പ്രാഥമികമായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയിട്ട് പികെ ആദ്യം ചെയ്തത് ഒരു സൈക്കിൾ വാങ്ങിക്കുകയാണ്. എന്നിട്ട് ചിത്രരചനയിലൂടെ സമ്പാദിച്ച 80 ഡോളറും രണ്ട് പാന്റുകളും രണ്ട് ഷർട്ടുകളും ബാഗിലാക്കി ഒരു സുപ്രഭാതത്തിൽ ഡൽഹിയിൽ നിന്ന് സൈക്കിൾ ചവിട്ടാൻ തുടങ്ങി.
സ്വീഡിഷ് യുവതിയാണ് ലോത്ത എന്ന് അറിയാമെങ്കിലും സ്വീഡൻ എന്നൊരു രാജ്യമുണ്ടെന്നു പോലും പാവം പികെയ്ക്ക് അറിയാമായിരുന്നില്ല. സ്വീഡിഷ് എന്നാൽ സ്വിറ്റ്‌സർലണ്ടുകാരി എന്നാണ് പികെ മനസ്സിലാക്കിയിരുന്നത്. യാത്ര ലക്ഷ്യം വെച്ചതും സ്വിറ്റ്‌സർലന്റിലേക്കു തന്നെ.

പികെയും സൈക്കിളും അമൃത്‌സറിലെ വാഗ അതിർത്തിയിലെത്തി. തന്നെപ്പറ്റി ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ കാണിച്ച്, ലോത്തയെക്കുറിച്ചുള്ള വിവരങ്ങളും പറഞ്ഞപ്പോൾ മനസ്സലിഞ്ഞ് പാകിസ്ഥാൻ പട്ടാളക്കാർ പികെയെ അതിർത്തി കടത്തിവിട്ടു.
പാകിസ്ഥാൻ എന്ന വലിയ കടമ്പ കടന്ന ആശ്വാസത്തോടെ അഫ്ഗാനിസ്ഥാൻ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടിയപ്പോൾ പിന്നാലെ ജീപ്പിലെത്തിയ പാക് പട്ടാളം പികെയെ തടഞ്ഞു. എന്നിട്ട് സൈക്കിൾ എടുത്ത് ജീപ്പിലിട്ട് പികെയെയും പിടിച്ച് കയറ്റി, തിരികെ വാഗയിലേക്ക്.
വിസയില്ലാത്ത പികെയ്ക്ക് ഏതോ പട്ടാളക്കാരൻ അബദ്ധവശാൽ ഗേറ്റ് തുറന്നു കൊടുത്തതാണെന്ന് പിടികൂടിയ പട്ടാളക്കാരൻ പറഞ്ഞു. നേരെ വാഗയിലെത്തിച്ച പികെയുടെ പിന്നിൽ പാകിസ്ഥാന്റെ ഗേറ്റ് അടഞ്ഞു.
തന്റെ യാത്ര നടക്കില്ലെന്ന് പികെയ്ക്ക് ബോധ്യമായി. പക്ഷേ അന്നുവൈകീട്ട് അമൃത്‌സറിൽ വെച്ച് പികെ, ജെയിൻ എന്ന പഴയ പരിചയക്കാരനെ കണ്ടുമുട്ടി. ഡെൽഹിയിൽ വിദേശമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ജെയിൻ ഒരുപായം പറഞ്ഞുകൊടുത്തു: സൈക്കിൾ ഇവിടെ ഉപേക്ഷിക്കുക എന്നിട്ട് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് വിമാനടിക്കറ്റെടുത്ത് അവിടെ നിന്ന് പുതിയ സൈക്കിൾ വാങ്ങി യാത്ര തുടരുക. പികെ അങ്ങനെ തന്നെ ചെയ്തു. അതിനിടെ യൂറോപ്പിലേക്ക് വാനിൽ പോവുകയായിരുന്ന ഒരു ജർമ്മൻകാരൻ പികെയുടെ സൈക്കിൾ കാബൂളിലെത്തിക്കാമെന്നും ഏറ്റു.

പികെയുടെ ആദ്യ വിമാനയാത്ര. വിമാനം പറന്നുതുടങ്ങി. പികെ നെഞ്ചിടിപ്പോടെ ലോത്തയെ മനസ്സിൽ ധ്യാനിച്ച് കാത്തിരുന്നു. അപ്പോൾ അറിയിപ്പു വന്നു: വിമാനത്തിന് യന്ത്രത്തകരാർ. തിരികെ അമൃത്‌സറിൽ ലാൻഡ് ചെയ്യാൻ പോകുന്നു.
ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലായി പികെ. യാത്ര തുടരാൻ സാധിക്കുമോ എന്ന ശങ്ക. പക്ഷേ അന്ന് യാത്രികരെ ഹോട്ടൽ മുറിയിൽ താമസിപ്പിച്ച ശേഷം പിറ്റേന്ന് വീണ്ടും വിമാനം പറന്നുയർന്നു, കാബൂളിലേക്ക്.

കാബൂൾ. തീവ്രവാദികളുടെ തേരോട്ടം മൂലം തകർന്നടിഞ്ഞ നഗരം. എന്നും സ്‌ഫോടനങ്ങൾ, നൂറുകണക്കിന് മരണങ്ങൾ. പക്ഷേ, പികെ കണ്ട കാബൂൾ അതായിരുന്നില്ല. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള വഴിയാത്രക്കാരുടെ 'സ്റ്റോപ്പ് ഓവർ' ആയിരുന്നു, അതിസുന്ദരമായ കാബൂൾ നഗരം. ഇംഗ്ലീഷ് സ്റ്റൈൽ കോഫിഷോപ്പുകളും നൃത്തശാലകളും നൈറ്റ് ക്ലബ്ബുകളും ബാക്ക് പാക്കേഴ്‌സ് ഹോസ്റ്റലുകളുമൊക്കെയായി, ഒരു രസികൻ നഗരം. എവിടെ നോക്കിയാലും ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ടു പായുന്ന ഫോക്‌സ്‌വാഗൺ വാനുകൾ. പശ്ചാത്തലഭംഗി പകർന്ന് മഞ്ഞണിഞ്ഞ മലനിരകൾ.
ഈ പുസ്തകം വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. അക്കാലത്ത് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ബസ് സർവീസുണ്ടായിരുന്നു. ഡെൽഹി, കാഠ്മണ്ഡു എന്നിങ്ങനെ ബോർഡ് വെച്ച നിരവധി ബസ്സുകൾ പികെ തന്റെ യാത്രയിൽ കാബൂളിലും ഇറാനിലും മറ്റും കണ്ടു. തുർക്കിയിൽ ഒരു ഹോട്ടലിൽ കണ്ട ബോർഡ് ഇങ്ങനെ: ഡെൽഹിയിലേക്ക് മറ്റന്നാൾ പുറപ്പെടുന്ന ബസ്സിൽ നാലു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് ഇവിടെ സീറ്റ് ബുക്ക് ചെയ്യാം.
ഏതാനും ദിവസങ്ങൾ കാബൂളിൽ താമസിച്ച്, ഛായാചിത്രം വരച്ച് തുടർയാത്രയ്ക്കുള്ള പണം സമ്പാദിച്ച്, പികെ ഇറാനിലേക്ക് സൈക്കിൾ ചവിട്ടി (പികെയുടെ സൈക്കിൾ ജർമ്മൻകാരൻ കാബൂളിലെത്തിച്ചിരുന്നു). യാത്രാമദ്ധ്യേ റോഡപകടത്തിൽപ്പെട്ട ഒരു സ്വിറ്റ്‌സർലണ്ടുകാരിയെ ആശുപത്രിയിലെത്തിച്ചതും പികെയാണ്. ഇവൾ പിന്നീട് സ്വിറ്റ്‌സർലണ്ടിലെത്തിയ പികെയെ സഹായിക്കുന്നുണ്ട്. കാണ്ഡഹാർ വഴി പികെ ഇറാൻ അതിർത്തിയിലെത്തി.
തടസ്സങ്ങളിലാതെ ഇറാനിൽ കടന്ന പികെ വിസ്മയഭരിതനായി. അക്കാലത്തേ വളരെ ആധുനിക മായിരുന്നത്രേ ഇറാൻ. 'ഇറാനിൽ സമ്പൽസമൃദ്ധിയുടെ കാഴ്ചകളേ കാണാനുള്ളു. അതിസുന്ദരമായ വസ്ത്രം ധരിച്ച ജനത. നിരത്തുകളിൽ കാറുകളെല്ലാം അത്യാധുനികം. നല്ല ആരോഗ്യമുള്ള ജനത. റോഡരികിലെ ബസ്‌സ്റ്റോപ്പുകളിൽ യാത്രികൾക്ക് വിശ്രമിക്കാനായി സ്ഥാപിച്ചിരിക്കുന്നത് ആഢംബര സോഫകളാണ്. റോഡരികിൽ സൗജന്യമായി തണുത്ത ജ്യൂസും മറ്റും കിട്ടുന്ന വെൻഡിങ് മെഷീനുകൾ... ഇറാനെപ്പറ്റി പികെ എഴുതുന്നത് ഇങ്ങനെയാണ്.
ഇറാനിലെ ടെഹ്‌റാൻ, ക്യാസ്പിൻ വഴി തുർക്കിയിലെത്തിയപ്പോഴേക്കും പികെ മൂന്നു സൈക്കിളുകൾ മാറിയിരുന്നു. എന്നുതന്നെയുമല്ല, ചില സ്ഥലങ്ങളിൽ ചിലർ പികെയെ സൈക്കിൾ ഉൾപ്പെടെ വാനിലും മറ്റും കയറ്റി ദൂരം പിന്നിടാൻ സഹായിക്കുകയും ചെയ്തിരുന്നു.
ഇസ്താംബൂൾ വഴി ഓസ്ട്രിയയിലെത്തിയ പികെ, കത്തിലൂടെ ലോത്തയുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു.
യൂറോപ്പ് പികെയുടെ മുന്നിൽ പുതിയ ലോകം തുറന്നിട്ടു. കലാകാരന്മാർക്ക് വളരാനുള്ള വളക്കൂറ് യൂറോപ്പിന്റെ മണ്ണിലുണ്ടല്ലോ. പല നഗരങ്ങളിലും ഛായാചിത്രം വരച്ചുകൊടുത്ത് സമ്പന്നനായി, പികെ.
ഓസ്ട്രിയയിൽ നിന്ന് ജർമ്മനി, ഡെന്മാർക്ക് വഴി സൈക്കിൾ യാത്ര നീണ്ടു. പിന്നെ യാത്ര സൈക്കിൾ അടക്കം തീവണ്ടിയിലാക്കി.
അങ്ങനെ, യാത്രയുടെ അവസാനപാദത്തിൽ സ്വീഡനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ പോലീസ് പിടികൂടി. മുഷിഞ്ഞ വസ്ത്രങ്ങളുമായി രേഖകളില്ലാതെ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനെ തങ്ങളുടെ രാജ്യത്ത് പ്രവേശിപ്പിക്കാനാവി ല്ലെന്ന് സ്വീഡിഷ് പോലീസ് ആണയിട്ടു. താൻ ലോത്ത എന്ന സ്വീഡിഷ് യുവതിയുടെ ഭർത്താവാണെന്ന് പികെ പോലീസിനോട് നിർദാക്ഷിണ്യം കാച്ചി! രേഖകളൊന്നും ഹാജരാക്കാനില്ലെങ്കിലും പികെയെ പോലീസ് വിശ്വസിച്ചു. അതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നെന്നു മാത്രം!

ഒടുവിൽ സ്വീഡനിലെ ഗോത്തൻബർഗിൽ ഒരു ഹോട്ടൽമുറിയിൽ വെച്ച് ലോത്തയും പികെയും സംഗമിച്ചു. അപ്പോഴേക്കും പികെ യാത്ര പുറപ്പെട്ടിട്ട് ആറുമാസം പിന്നിട്ടിരുന്നു.  ഇപ്പോൾ സ്വീഡിഷ് സർക്കാരിന്റെ കലാ-സാംസ്‌കാരിക മന്ത്രാലയത്തിൽ ഉപദേഷ്ടാവാണ് പികെ. ഒറീസയുടെ സ്വീഡനിലെ കൾച്ചറൽ അംബാസഡർ കൂടിയാണിദ്ദേഹം.

ലോത്ത, ഇപ്പോഴും ഇന്ത്യയെ സ്‌നേഹിച്ചുകൊണ്ട്, തന്റെ വിശാലമായ ഫാം ഹൗസിൽ പികെയോടൊപ്പം കഴിയുന്നു. എമിലി, സിദ്ധാർത്ഥ എന്നീ രണ്ടു മക്കളുണ്ട്. കുട്ടികൾക്കും ഇന്ത്യയെന്നാൽ ജീവനാണ്. എല്ലാ വർഷവും പികെ കുടുംബസമേതം ഇന്ത്യ സന്ദർശിക്കുന്നു. ഈ പുസ്തകം വായിച്ചപ്പോൾ പികെയുടെ സൈക്കിൾ യാത്രയെക്കാൾ എന്റെ മനസ്സിൽ തട്ടിയത് അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അന്നത്തെ പുഷ്‌കലാവസ്ഥയാണ്. മതവും തീവ്രവാദവും ചേർന്ന് കുട്ടിച്ചോറാക്കിയ അഫ്ഗാനിസ്ഥാനൊക്കെ ഇനി എന്നെങ്കിലും പൂർവസ്ഥിതിയിലെത്തുമോ?
അതുപോലെ, എത്ര എളുപ്പമായിരുന്നു, അക്കാലത്ത് ഇന്ത്യയിൽ നിന്ന് യൂറോപ്പിൽ റോഡ്മാർഗ്ഗമെത്താൻ! ആധുനിക കാലത്ത് ആദ്യമായി ലണ്ടനിലേക്ക് ഇന്ത്യയിൽ നിന്ന് റോഡുമാർഗ്ഗം പോയപ്പോൾ  ചൈന കടക്കാൻ മാത്രം 14 ദിവസമെടുത്തു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ വഴിയാണെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലെത്താൻ പോലും 14 ദിവസം വേണ്ടിവരില്ലായിരുന്നു!

അതിർത്തികൾ തുറക്കട്ടെ, ജനങ്ങൾ മറ്റു സംസ്‌കാരങ്ങളിലേക്ക് അവിഘ്‌നം യാത്രകൾ തുടരട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്തു!




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ ഒരു ‘പ്രേതസ്റ്റേഷൻ'

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ പ്രേത സ്റ്റേഷന്‍ എന്നറിയപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍ ഏതാണെന്ന് അറിയാമോ ? വെറുതെയല്ല അങ്ങനെയൊരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടത്രേ.  പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെഗുന്‍ കോഡാര്‍ സ്റ്റേഷനാണ് പ്രേതങ്ങള്‍ അലയുന്നതായി ഒട്ടുമിക്കവരും വിശ്വസിക്കുന്ന ആ സ്ഥലം.

ഒരു കാലത്ത് യാത്രക്കാരുടെ ബാഹുല്യംമൂലം നിറഞ്ഞ് കവിഞ്ഞിരുന്ന ഈ സ്‌റ്റേഷന്‍ പ്രേതബാധയുണ്ടെന്ന ഓരൊറ്റക്കാരണത്താല്‍ ഇന്ന് ആളൊഴിഞ്ഞുകിടക്കുന്നു. വല്ലപ്പോഴും നീണ്ട ചൂളമടിച്ച് പാളങ്ങളില്‍ കൂടി നിരങ്ങി നീങ്ങുന്ന ട്രെയിനുകളല്ലാതെ സന്ധ്യസമയങ്ങളില്‍ ഇവിടേക്കാരും എത്താറുമില്ല.

1960 ലാണ് ഈ സ്റ്റേഷന്റെ പ്രേതചരിത്രം ആരംഭിക്കുന്നത്. അന്ന് ഈ പ്രദേശം ഭരിച്ചിരുന്ന സന്താള്‍ ഗോത്രവര്‍ഗത്തിന്റെ രാജ്ഞി ലച്ചന്‍ കുമാരിയാണ് റെയില്‍വെ സ്‌റ്റേഷന് വേണ്ടി ഭൂമി വിട്ടു നല്‍കിയത്. അന്ന് ഇവിടെയുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വെ ട്രാക്കില്‍ വെള്ളസാരിയുടുത്ത സ്ത്രീ രൂപത്തെ കണ്ടത് റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് കാണുന്നത് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ സ്റ്റേഷനില്‍ കിടക്കുന്ന സ്‌റ്റേഷന്‍ മാസ്റ്ററെയാണ്.വെള്ളസാരിയുടുത്ത പ്രേതത്തിന്റെയും ബെന്‍ഗുന്‍ കോഡാര്‍ സ്‌റ്റേഷന്റെയും നിറം പിടിപ്പിച്ച കഥകള്‍ അന്ന് മുതല്‍ നാടു മുഴുവന്‍ പരക്കാന്‍ തുടങ്ങി. പിന്നാലെ യാത്രക്കാരും ഇന്ത്യന്‍ റെയില്‍വെയും കൈയൊഴിഞ്ഞ ബെഗുന്‍ കോഡാര്‍ ഗോണ്ടഡ് റെയില്‍വെ സ്‌റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. സ്റ്റേഷന്റെ പരിസരത്തേക്ക് പകല്‍ വെളിച്ചത്തില്‍ പോലും ആരും പോകാതായി. രാത്രി കാലങ്ങളില്‍ ഇവിടേക്ക് പോകാന്‍ ധൈര്യം കാണിച്ചവരെ പിന്നീട് കണ്ടിട്ടില്ല എന്നാണു കഥ.2009 ല്‍ റെയില്‍വെ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി ഒരിക്കല്‍ ഇവിടേക്കെത്തുകയും റെയില്‍വെ സ്‌റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകാരം ബെഗുന്‍ കോഡാര്‍ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ നിറുത്തിത്തുടങ്ങിയെങ്കിലും കെട്ടുകഥകളില്‍ വിശ്വസിച്ചിരുന്ന നാട്ടുക്കാര്‍ ഇങ്ങോട്ടെത്താന്‍ മടിച്ചു. ഇപ്പോഴും 500ല്‍ താഴെ യാത്രക്കാര്‍ ഈ റെയില്‍വെ സ്‌റ്റേഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വൈകുന്നേരം 5.30 കഴിഞ്ഞാല്‍ ഇവിടം ആളൊഴിഞ്ഞ പോലെയാകും. ബെഗുന്‍ കോഡാറില്‍ വെറും അഞ്ച് ട്രെയിനുകള്‍ക്ക് മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഇതില്‍ വരുന്നവരിലേറെയും ദൂരെ സ്ഥലങ്ങളില്‍ നിന്നും പ്രേതത്തെ കാണാന്‍ എത്തുന്നവരാണ്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...