തനി നാടന്‍ മൾബറി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്

ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു.

ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യത്തിലേക്കു തന്നെയാണ് വരുന്നത്. ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.

ആദ്യം തന്നെ മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം.

43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ‌, 0.39 ഗ്രാം  കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി ഫൈബർ ഇവയുണ്ട്. ജീവകങ്ങളായ ഫോളേറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവയും മൾബറി പഴത്തിലുണ്ട്. 10 മില്ലിഗ്രാം സോഡിയവും 194 ഗ്രാം സോഡിയവും കൂടാതെ കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും, ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും മൾബറി പഴത്തിലുണ്ട്. കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.

ഇതാ മൾബറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ:

∙ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു

പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകൾ (Dietary Fiber) ആണിതിനു പിന്നിൽ.

  ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ള മള്‍ബറി കഴിക്കുമ്പോൾ തന്നെ ദിവസവും ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ലഭിക്കുന്നു. മലബന്ധം അകറ്റുന്നു. കൂടാതെ ഈ ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും അങ്ങനെ ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു.

∙ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

മൾബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണ രക്താണുക്കൾ (Red blood cells). ആയതിനാൽ ആരോഗ്യത്തിന് അവ വളരെ പ്രാധാനമാണ്. ഇത് എല്ലാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ഉപാപചയം വർധിപ്പിക്കുകയും ചെയ്യും.

മൾബറിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം കൂട്ടാനും വിളർച്ച തടയാനും ഫലപ്രദം. ക്ഷീണം, തളർച്ച, വിളറിയ ചർമം, ക്രമരഹിതമായ ഹൃദയമിടിപ്പ് ഇവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്. മള്‍ബറി മിതമായി കഴിച്ചാൽ ഇതിന് പരിഹാരമായി

∙ ഹൃദയാരോഗ്യം

മൾബറിയിൽ റെസ്‌വെറാട്രോൾ എന്ന ഫ്ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യമേകുന്നു. റെസ്‌വെറാട്രോൾ ശരീരത്തിലെ  നൈട്രിക് ഓക്സൈഡിന്റെ നിർമാണം കൂട്ടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുന്നു. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. അങ്ങനെ ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കൂടാതെ മള്‍ബറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. കൂടാതെ മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകുന്നു.

∙ കണ്ണിന്റെ ആരോഗ്യത്തിന്

മൾബറിയില്‍ ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു കൂടാതെ മൾബറിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ സിസാന്തിനും നേത്രാരോഗ്യത്തിന് ഉത്തമം. ഇത് കണ്ണിലെ ഓക്സീകരണ സമ്മർദം കുറയ്ക്കുന്നതോടൊപ്പം, പ്രായമാകുമ്പോഴുണ്ടാകുന്ന പേശികളുടെ നാശവും തിമിരവും തടയുന്നു. പതിവായി മൾബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  രോഗപ്രതിരോധശക്തിക്ക് ...

മൾബറിയിൽ ജീവകം സി ധാരാളം ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ബാക്ടീരിയ, വൈറസുകൾ രോഗാണുക്കൾ ഇവയെ എല്ലാം തടയുന്നു.

∙ എല്ലുകളുടെ ആരോഗ്യം

മൾബറിയിലെ ജീവകം കെ, കാൽസ്യം, ഇവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്. കൂടാതെ ചെറിയ അളവിൽ ഫോസ്ഫറസ്, മഗ്നീഷ്യം ഇവയും ഉണ്ട്. ഇവയും എല്ലുകളെ ശക്തമാക്കുന്നു. എല്ലുകൾക്ക് ശക്തിയേകുക വഴി ഓസ്റ്റിയോപോറോസിസ്, പ്രായമാകുമ്പോള്‍ എല്ലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കേടുപറ്റിയ എല്ലുകളെ വേഗം സുഖപ്പെടുത്താനും മൾബറി സഹായിക്കുന്നു.

∙ അകാല വാർധക്യം തടയുന്നു

ആന്റിഓക്സിഡന്റുകളായ ജീവകം എ , ജീവകം സി, ജീവകം ഇ ഇവയുടെ കലവറയാണ് മൾബറിപ്പഴം. കൂടാതെ ഫൈറ്റോന്യൂട്രിയന്റുകളും ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഇവയിലുണ്ട്. ഈ സംയുക്തങ്ങളെല്ലാം നമ്മളെ ആരോഗ്യവും സൗന്ദര്യവും ഉള്ളവരാക്കുന്നു.

ഈ നിരോക്സീകാരികളെല്ലാം ശരീരത്തിലെ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. ഇത് വിവിധ തരം അർബുദം വരാനുള്ള സാധ്യതയെ കുറയ്ക്കുന്നതോടൊപ്പം അകാല വാർധക്യം തടയുന്നു.

ദിവസവും മൾബറി കഴിക്കുന്നത് നമ്മുടെ ചർമത്തെ മൃദുവാക്കുന്നു. ചുളിവുകൾ, കറുത്ത പാടുകൾ ഇവയൊന്നും വരാതെ തടയുന്നതോടൊപ്പം തലമുടിക്കും നീളമേകുന്നു.

∙ പ്രമേഹത്തിന്

മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മൾബറിയിലടങ്ങിയ ഫ്ലവനോയ്ഡുകൾ പ്രമേഹ രോഗികളിൽ രക്തത്തിന്റെ അളവ് പെട്ടെന്ന് കൂട്ടുകയും കുറയുകയും ചെയ്യുന്നതു തടയുന്നു .അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

  പോഷകങ്ങൾ ഒരുപാടു നിറഞ്ഞ ഫലമാണ് പേരയ്ക്ക. നാരുകൾ...    സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. ഔഷധങ്ങളുടെ...  ∙ കൊളസ്ട്രോൾ കുറയ്ക്കുന്നു

മൾബറി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും മൾബറിയിലെ ഭക്ഷ്യനാരുകളാണ് ഇതിനു പിന്നിൽ.

∙ മുറിവുണക്കും

മൾബറിയിലടങ്ങിയ ജീവകം സി ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് മുറിവ് വേഗത്തിലുണക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

∙ ജലദോഷം, പനി, ഇവ തടയും

പനി, ജലദോഷം, ചുമ ഇവയെല്ലാം വരാതെ തടയാൻ മള്‍ബറി പതിവായി കഴിച്ചാൽ മതി. മൾബറിയിലെ ജീവകം സി യും ഫ്ലേവനോയ്ഡുകളും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഉദരസംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസമേകാനും മൾബറി സഹായിക്കും.

∙ തലച്ചോറിന്റെ ആരോഗ്യത്തിന്

മൾബറിയിലടങ്ങിയ ജീവകങ്ങളും ധാതുക്കളും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലെ ജീവകം ഇ നാഡീവ്യവസ്ഥയെ ഓക്സീകരണ സമ്മർദത്തിൽ നിന്നും തടയുന്നു. ഇത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

നാഡികളെ ശാന്തമാക്കുന്നു. മൾബറിയിലടങ്ങിയ അമിനോ ആസിഡ് ആയ എൽ–തിയനൈൻ ആണിതിനു പിന്നിൽ.

∙ ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പതിവായി മൾബറി കഴിച്ചാൽ മതി. മൾബറിയിൽ കാലറി വളരെ കുറവാണ്. ഒരു കപ്പ് മൾബറി കഴിച്ചാൽ 60 കാലറി ഊർജ്ജം മാത്രമേ ലഭിക്കൂ.

മൾബറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. കുറെ സമയത്തേക്ക് വിശപ്പ് നിയന്ത്രിക്കാനും വീണ്ടും വീണ്ടും കഴിക്കണം എന്ന തോന്നലുണ്ടാക്കാനും ഇത് സഹായിക്കും.

അമിതമായി കഴിക്കുന്നതു പൊണ്ണത്തടിക്കു കാരണമാകും. അമിതമായി കഴിക്കുന്നതു തടയുമ്പോൾ പൊണ്ണത്തടിയും ഉണ്ടാകില്ല. ഡയറ്ററി ഫൈബറിനോടൊപ്പം മൾബറിയില്‍ ജലാംശവും ധാരാളം ഉണ്ട്. ഇത് ശരീരഭാരം കൂടാതെ തടയും.

ഇത്തിരിപ്പോന്ന മൾബറി പഴത്തിന് ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇനി മൾബറിചെടി  നട്ട്  വളര്‍ത്താന്‍  ഒട്ടും താമസിക്കേണ്ട .  നിങ്ങളുടെ കയ്യില്‍  ഉള്ള  ഇനങ്ങള്‍   കമെന്റില്‍ പോസ്റ്റ്‌ ചെയ്യൂ .  ഉള്ളവര്‍  ഇല്ലാത്ത  സുഹൃത്തുക്കള്‍ക്ക് കൂടെ  എത്തിക്കാന്‍  സഹായിക്കൂ

Source: മലയാള മനോരമ


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇത് വല്ലാത്ത ഒരു ഏടാകൂടം ആയല്ലോ

''ഇത് വല്ലാത്ത ഒരു ഏടാകൂടം ആയല്ലോ''... ഇങ്ങനെ പറയുമ്പോൾ ഒരിക്കൽ എങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ... എന്താണ് ഈ   ''ഏടാകൂടം''  എന്ന സാധനം എന്ന്?

പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ബുദ്ധിപരമായവ്യായാമത്തിനുള്ള ഒരു കളിപ്പാട്ടമാണ് എടാകൂടം. ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചുമാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. നല്ല ബുദ്ധിയും ആവശ്യമുള്ള ഈ കൂട്ടിച്ചേർക്കൽ സാധിച്ചില്ലെങ്കിൽ വലിയ അപമാനം ആയി കരുതിയിരുന്നു.

താഴെ ചത്രങ്ങളിൽ കാണിച്ചിരിക്കുന്നതാണ് സംഭവം.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ആരാച്ചാര്‍, പ്രതിയെ തൂക്കിലേറ്റും മുന്പ് അയാളുടെ കാതില്‍ എന്താണ് മന്ത്രിക്കുന്നത്?

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു വ്യക്തിയെ തൂക്കിലേറ്റും മുന്പ് പാലിക്കേണ്ട ചില നിബന്ധനക ളുണ്ട്. അവ പൂര്‍ണ്ണമായി പാലിക്കപ്പെടാതെ തൂക്കിക്കൊല നടപ്പാക്കാന്‍ കഴിയില്ല.
തൂക്കിക്കൊല്ലുന്ന സമയത്ത് അവിടെ പ്രധാനപ്പെട്ട നാലു വ്യക്തികള്‍ ഉണ്ടായിരിക്കേണ്ടതാണ്. ജയില്‍ സൂപ്രണ്ട്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ആരാച്ചാര്‍ ,ഡോക്ടര്‍ എന്നിവരാണവര്‍.ഇവര്‍ നാലുപേരുമി ല്ലാതെ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ല..
ജയില്‍ അധികാരികളെ സംബന്ധിച്ചിടത്തോളം വധശിക്ഷ നടപ്പാക്കുക എന്നത് ജയിലിലെ ഏറ്റവും വലിയ ഒരു ചടങ്ങാണ്. ഇത് നേരം പുലരും മുന്പ് നടപ്പാക്കുകയും വേണം. അതിനുള്ള കാരണമെ ന്തെന്നാല്‍ ജയിലിലെ മറ്റു തടവുപുള്ളികള്‍ ഉണരും മുന്പ് നടത്തണം എന്നതും ജയിലിലെ റൂട്ടീന്‍ ജോലികള്‍ മുടങ്ങാന്‍ പാടില്ല എന്നതുമാണ്‌. നേരം പുലരുമ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊ ടുക്കാന്‍ കഴിയുന്നതുമൂലം സംസ്കാരച്ചടങ്ങുകള്‍ അന്നുതന്നെ നടത്താന്‍ അവര്‍ക്കും കഴിയുന്നു എന്നതുമാണ്‌.
ഭാരതത്തില്‍ ഇപ്പോള്‍ രണ്ട് ആരാച്ചാര്‍മാര്‍ മാത്രമാണ് ഉള്ളത്. ആരാച്ചാര്‍ക്ക്‌ ഒരു വധശിക്ഷയ്ക്കു സര്‍ക്കാര്‍ നല്‍കുന്നത് മൂവായിരം രൂപയാണ്. എന്നാല്‍ തീവ്രവാദികളെ തൂക്കിലേറ്റുമ്പോള്‍ തുക കൂടുതല്‍ നല്‍കപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയത് 25000 രൂപയായിരുന്നു.
തൂക്കുകയര്‍ കഴുത്തില്‍ മുറുക്കിയശേഷം പ്രതിയുടെ ചെവിയില്‍ ആരാച്ചാര്‍ ഇങ്ങനെ മന്ത്രിക്കുക പതിവാണ്. " എന്നോട് ക്ഷമിക്കണം , എനിക്കെന്തു ചെയ്യാന്‍ കഴിയും, നിയമത്തിനു വിധേയരാണ് നമ്മള്‍" .
ഇതിനുശേഷം കുറ്റവാളി ഹിന്ദുവാണെങ്കില്‍ രാം രാം എന്നും മുസ്ലീമാണെങ്കില്‍ സലാം എന്നും സിഖ് ആണെങ്കില്‍ വാഹ് ഗുരു എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രേസ് ദ ലോര്‍ഡ്‌ എന്നും പറഞ്ഞ ശേഷമാണ് ആരാച്ചാര്‍ ലിവര്‍ വലിക്കുന്നതും വധശിക്ഷ നടപ്പാക്കുന്നതും.
വധശിക്ഷയ്ക്കുള്ള കയര്‍ നിര്‍മ്മിക്കുന്നത് ആരാച്ചാര്‍ തന്നെയാണ്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ അത്രയും ഭാരമുള്ള വെയിറ്റ് കൊണ്ട് തലേദിവസം ജയിലില്‍ അതിന്‍റെ ബലപരീക്ഷണം നടത്തി ഉറപ്പുവരുത്തപ്പെടുന്നു . തൂക്കിക്കൊലയ്ക്ക് ശേഷം ഉപയോഗിച്ച തൂക്കുകയര്‍ ആരാച്ചാര്‍ തന്നെ കൊണ്ടുപോകുകയാണ് പതിവ്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഏപ്രിൽ ഫൂളിന്റെ ചരിത്രം

രസകരമായ ചില ആഘോഷങ്ങൾ വർണ , വർഗ , ഭാഷ , രാഷ്ട്ര ഭേദങ്ങൾ മറികടന്ന് ജനകീയവത്കരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങളിലൊന്നാണ് വിഢി ദിനാഘോഷം . ലോകമെങ്ങും ഏപ്രിൽ ഒന്നിനാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നത് . കൂട്ടുകാരെയും നാട്ടുകാരെയും അന്നേദിവസം വ്യാജ കഥകളിലൂടെയും കാര്യങ്ങളിലൂടെയും കബളിപ്പിക്കലാണ് വിഡ്ഢി ദിനത്തിൽ പൊതുവേ ചെയ്യുന്നത് .

ഏപ്രിൽ ഫൂളിന്റെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ ഇന്നും തർക്കമുണ്ട് . ജെഫ്രി ചോസറിന്റെ കാന്റർബെറി കഥകളിൽ നിന്നാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു . അതിൽ വന്ന മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢി ദിനത്തിലേക്ക് നയിച്ചതെന്നാണ് വാദം, . എന്നാൽ ഇതിന് അധികം പിന്തുണക്കാരില്ല.

ഫ്രാൻസ് 1582 ൽ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയതാണ് വിഡ്ഢി ദിനം ഉണ്ടാവാൻ കാരണമെന്നാണ് മറ്റൊരു വാദം . ജൂലിയൻ കലണ്ടർ അനുസരിച്ച് ഏപ്രിൽ ഒന്നിനാണ് പുതുവർഷം ആരംഭിക്കുക . ഗ്രിഗോറിയൻ കലണ്ടറിൽ അത് ജനുവരി ഒന്നിനും.

വാർത്താ വിനിമയം തുലോം പരിതാപകരമായിരുന്ന അക്കാലത്ത് പുതുവർഷം ജനുവരി ഒന്നിലേക്ക് മാറ്റിയ വിവരം അധികമാരും അറിഞ്ഞില്ല. സ്വാഭാവികമായും നല്ലൊരു ശതമാനം പേർ ഏപ്രിൽ 1 ന് പുതുവർഷം ആഘോഷിച്ച് മണ്ടന്മാരായി . വിഡ്ഢി ദിനാഘോഷം അങ്ങനെ ആരംഭിക്കുകയും ചെയ്തു.

1700 ലാണ് ഇംഗ്ളണ്ടിൽ ഇതൊരു വലിയ ആഘോഷമായി മാറിയത് . താമസിയാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ആഘോഷമെത്തി . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പ്രദേശങ്ങളിലും ഈ ആഘോഷം എത്തിച്ചേർന്നു. അങ്ങനെ ഇന്ത്യയിലും ഈ ആഘോഷം അറിയപ്പെട്ട് തുടങ്ങി.

റോമിലെ ഹിലാറിയ എന്ന ആഘോഷത്തിനും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. മാർച്ച് അവസാനം നടക്കുന്ന ഈ ആഘോഷത്തിൽ ജനങ്ങൾ പ്രച്ഛന്ന വേഷം ധരിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നു . ഇത് പിന്നീട് വിഡ്ഢി ദിനമായതാണെന്നും പറയപ്പെടുന്നുണ്ട്.

ഇപ്പോൾ ദിനപ്പത്രങ്ങളും ചാനലുകളുമെല്ലാം വ്യാജവാർത്തകൾ നൽകി പ്രേക്ഷകരെ കബളിപ്പിക്കുന്നുണ്ട് . 1957 ൽ ബിബിസി അവരുടെ പനോരമ സീരീസിൽ ജനങ്ങളെ പറ്റിച്ചിട്ടുണ്ട് . വൃക്ഷങ്ങളിൽ നിന്ന് നൂഡിൽസ് വിളവെടുക്കുന്ന ദൃശ്യങ്ങൾ ബിബിസി ജനങ്ങളെ കാണിച്ചു . നിരവധി പേർ ബിബിസിയിൽ വിളിച്ച് ഈ വൃക്ഷങ്ങളുടെ തൈ വേണമെന്ന് ആവശ്യപ്പെട്ടു . ഒരു പാത്രത്തിൽ നൂഡിൽസ് എടുത്ത് വച്ച് തക്കാളി സോസ് ഒഴിച്ച് കാത്തിരിക്കാനായിരുന്നു നിർദ്ദേശം .

1976 ൽ ബിബിസി വീണ്ടും ജനങ്ങളെ പറ്റിച്ചു . ഏപ്രിൽ 1 ന് രാവിലെ 9:47 ന് വാഴത്തിന് പിന്നിൽ പ്ളൂട്ടോ എത്തുമെന്നും അതുവഴിയുണ്ടാകുന്ന മാറ്റങ്ങൾ ഗ്രഹങ്ങളുടെ സ്വഭാവത്തെ മാറ്റുമെന്നും ബിബിസിയിൽ നടന്ന ഇന്റർവ്യൂവിൽ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ വ്യക്തമാക്കി .

ഈ സമയത്ത് ഭൂമിയുടെ ഗുരുത്വാകർഷണ ബലം കുറയുമെന്നും കൃത്യ സമയത്ത് ചാടി നോക്കിയാൽ പറന്ന് പോകുന്ന അവസ്ഥയുണ്ടാകുമെന്നും ശാസ്ത്രജ്ഞൻ പറഞ്ഞു. അന്ന് നിരവധി പേരാണ് ബിബിസിയിൽ വിളിച്ച് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചത് . താനും തന്റെ 11 സുഹൃത്തുക്കളും കസേരയിൽ നിന്ന് ഉയർന്ന് പറന്നെന്ന് ഒരു സ്ത്രീ അവകാശപ്പെടുക പോലുമുണ്ടായി.

രസകരമായ മറ്റൊരു സംഭവം നടന്ന സ്വീഡനിലാണ് . ബ്ളാക് ആൻഡ് വൈറ്റ് ടിവികളുടെ കാലത്ത് 1962 ലായിരുന്നു സംഭവം . ഒരു ചാനൽ മാത്രമാണ് അന്ന് സ്വീഡനിൽ ഉണ്ടായിരുന്നത് . ബ്ളാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കളർ ചിത്രങ്ങൾ കാണിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കിട്ടിയെന്ന് ചാനൽ വ്യക്തമാക്കിയതോടെ എല്ലാവരും ആകാംക്ഷാ ഭരിതരായി.

ടിവി സ്ക്രീൻ ഒരു ജോഡി സ്റ്റോക്കിംഗ്സ് കൊണ്ട് നല്ല രീതിയിൽ പൊതിയാനായിരുന്നു നിർദ്ദേശം . നിരവധി പേർ ബ്ളാക്ക് ആൻഡ് വൈറ്റ് ടിവി സ്ക്രീൻ സ്റ്റോക്കിംഗ്സ് കൊണ്ട് പൊതിഞ്ഞ് കളർ ചിത്രങ്ങൾ കാത്തിരുന്ന് നിരാശരായി. എന്തായാലും സ്വീഡനിൽ കളർ ചിത്രങ്ങൾ സം‌പ്രേഷണം ആരംഭിച്ചതും ഒടുവിൽ ഒരു വിഡ്ഢി ദിനത്തിൽ തന്നെയായിരുന്നു . 1970 ഏപ്രിൽ ഒന്നിന്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ ഒരു ‘പ്രേതസ്റ്റേഷൻ'

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ പ്രേത സ്റ്റേഷന്‍ എന്നറിയപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍ ഏതാണെന്ന് അറിയാമോ ? വെറുതെയല്ല അങ്ങനെയൊരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടത്രേ.  പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെഗുന്‍ കോഡാര്‍ സ്റ്റേഷനാണ് പ്രേതങ്ങള്‍ അലയുന്നതായി ഒട്ടുമിക്കവരും വിശ്വസിക്കുന്ന ആ സ്ഥലം.

ഒരു കാലത്ത് യാത്രക്കാരുടെ ബാഹുല്യംമൂലം നിറഞ്ഞ് കവിഞ്ഞിരുന്ന ഈ സ്‌റ്റേഷന്‍ പ്രേതബാധയുണ്ടെന്ന ഓരൊറ്റക്കാരണത്താല്‍ ഇന്ന് ആളൊഴിഞ്ഞുകിടക്കുന്നു. വല്ലപ്പോഴും നീണ്ട ചൂളമടിച്ച് പാളങ്ങളില്‍ കൂടി നിരങ്ങി നീങ്ങുന്ന ട്രെയിനുകളല്ലാതെ സന്ധ്യസമയങ്ങളില്‍ ഇവിടേക്കാരും എത്താറുമില്ല.

1960 ലാണ് ഈ സ്റ്റേഷന്റെ പ്രേതചരിത്രം ആരംഭിക്കുന്നത്. അന്ന് ഈ പ്രദേശം ഭരിച്ചിരുന്ന സന്താള്‍ ഗോത്രവര്‍ഗത്തിന്റെ രാജ്ഞി ലച്ചന്‍ കുമാരിയാണ് റെയില്‍വെ സ്‌റ്റേഷന് വേണ്ടി ഭൂമി വിട്ടു നല്‍കിയത്. അന്ന് ഇവിടെയുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വെ ട്രാക്കില്‍ വെള്ളസാരിയുടുത്ത സ്ത്രീ രൂപത്തെ കണ്ടത് റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് കാണുന്നത് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ സ്റ്റേഷനില്‍ കിടക്കുന്ന സ്‌റ്റേഷന്‍ മാസ്റ്ററെയാണ്.വെള്ളസാരിയുടുത്ത പ്രേതത്തിന്റെയും ബെന്‍ഗുന്‍ കോഡാര്‍ സ്‌റ്റേഷന്റെയും നിറം പിടിപ്പിച്ച കഥകള്‍ അന്ന് മുതല്‍ നാടു മുഴുവന്‍ പരക്കാന്‍ തുടങ്ങി. പിന്നാലെ യാത്രക്കാരും ഇന്ത്യന്‍ റെയില്‍വെയും കൈയൊഴിഞ്ഞ ബെഗുന്‍ കോഡാര്‍ ഗോണ്ടഡ് റെയില്‍വെ സ്‌റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. സ്റ്റേഷന്റെ പരിസരത്തേക്ക് പകല്‍ വെളിച്ചത്തില്‍ പോലും ആരും പോകാതായി. രാത്രി കാലങ്ങളില്‍ ഇവിടേക്ക് പോകാന്‍ ധൈര്യം കാണിച്ചവരെ പിന്നീട് കണ്ടിട്ടില്ല എന്നാണു കഥ.2009 ല്‍ റെയില്‍വെ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി ഒരിക്കല്‍ ഇവിടേക്കെത്തുകയും റെയില്‍വെ സ്‌റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകാരം ബെഗുന്‍ കോഡാര്‍ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ നിറുത്തിത്തുടങ്ങിയെങ്കിലും കെട്ടുകഥകളില്‍ വിശ്വസിച്ചിരുന്ന നാട്ടുക്കാര്‍ ഇങ്ങോട്ടെത്താന്‍ മടിച്ചു. ഇപ്പോഴും 500ല്‍ താഴെ യാത്രക്കാര്‍ ഈ റെയില്‍വെ സ്‌റ്റേഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വൈകുന്നേരം 5.30 കഴിഞ്ഞാല്‍ ഇവിടം ആളൊഴിഞ്ഞ പോലെയാകും. ബെഗുന്‍ കോഡാറില്‍ വെറും അഞ്ച് ട്രെയിനുകള്‍ക്ക് മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഇതില്‍ വരുന്നവരിലേറെയും ദൂരെ സ്ഥലങ്ങളില്‍ നിന്നും പ്രേതത്തെ കാണാന്‍ എത്തുന്നവരാണ്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മലപ്പുറം കത്തിയുടെ വിശേഷങ്ങൾ

പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് മലപ്പുറം കത്തി. അടക്കവെട്ടാനും മറ്റു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമാണ് മലപ്പുറം കത്തി ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി മലബാറിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നത്.
അത്യാവശ്യം കനമുള്ളതും 15 മുതല്‍ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാന്‍കൊമ്പുകൊണ്ടാണ് നിര്‍മിക്കാറ്. നാല് വിരലില്‍ ഒതുക്കിപിടിക്കാന്‍ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണവേളകളില്‍ മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണികളും കാണാം. കനം കൂടിയതും മൂര്‍ച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയില്‍ നിന്ന് വേര്‍തിരിക്കുന്ന കൊളുത്തുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.
1792 മുതല്‍ 1921 വരെയായിരുന്നു മലപ്പുറം കത്തിയുടെ സുവര്‍ണകാലം. ഇക്കാലയളവില്‍തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ അതിലൊന്നും മലപ്പുറം കത്തി ഒരു യുദ്ധായുധമായി ചരിത്രകാരന്മാര്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകര്‍ഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെല്‍റ്റിനുള്ളില്‍ മലപ്പുറം കത്തി സൂക്ഷിച്ചത്. ആ പതിവ് ഇന്നുമുണ്ട്. സ്വയംപ്രതിരോധത്തിന് തോക്കുകൊണ്ടുനടക്കുന്നതുപോലെ പലരും കത്തിയെ കണ്ടു.
തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. തലമുറകളായി മലപ്പുറം കത്തി നിര്‍മിച്ച വടക്കന്‍ മലബാറിലെ ചില കൊല്ലന്മാര്‍ക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാല്‍ നിര്‍മിച്ച കത്തികള്‍ക്കെല്ലാം ഏകീകൃതരൂപം കാണാമായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തിനിര്‍മിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിര്‍മാണത്തെ ദോഷകരമായി ബാധിച്ചത്. അതുകൊണ്ടുതന്നെയാകാം കത്തി അപൂര്‍വമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിര്‍മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. അഥവാ നിര്‍മിക്കുകയാണെങ്കില്‍ മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോള്‍ തടസ്സമുള്ളതിനാല്‍ മരത്തടികൊണ്ടാണ് പിടി നിര്‍മ്മിക്കാറുള്ളത്. മുറിവുപറ്റിയാല്‍ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിര്‍മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണത്രേ ഇതിന്റെ പിന്നില്‍.

ഒമാനിലെ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു കത്തിക്ക് വലിയ സ്ഥാനമുണ്ട്. ഖഞ്ചാർ എന്ന് പേരായ ഈ പരമ്പരാഗത കത്തി അവർ അവരുടെ വേഷവിധാനത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്നു (ഒമാനിന്റെ ദേശീയ പതാകയിലും ഇന്ന് ഖഞ്ചാർ കത്തി കാണാം). ഇതിന്റെ ഒരു കേരളീയ വകഭേദമാണ് മലപ്പുറം കത്തി എന്നാണു പ്രധാന അഭിപ്രായം. അറേബ്യൻ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീർഘകാലത്തെ വ്യാപാര ബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരിക വിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തിൽ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈൻ രണ്ടത്താണി പറയുന്നു. അറേബ്യൻ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ നിലനിന്ന കച്ചവടബന്ധങ്ങളാണ് ഈ സാംസ്കാരിക കൈമാറ്റ പ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാർഷികവിജ്ഞാനവും വേഷവിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയത്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അനാർക്കലി: മാതളനാരകത്തിന്റെ പുഷ്പം

മഹാനായ അക്ബർ ചക്രവർത്തിയുടെ പുത്രനായിരുന്നുസലീം. ചെറുപ്പത്തിൽ തന്നെ അദ്ദേഹംതന്റെ മകനെ സൈനികപരിശീലന കേന്ദ്രത്തിലേക്അയച്ചു, പിന്നീട്14 വർഷത്തിനു ശേഷമാണു ലാഹോറിലെ കൊട്ടാരത്തിലേയ്ക്ക് സലീം തിരികെ എത്തിയത്. രാജകുമാരന്റെ ആഗമനത്തിലുള്ള സന്തോഷത്താൽ കൊട്ടാരത്തിൽ നൃത്ത, സംഗീത ആഘോഷങ്ങൾ നടത്തപ്പെട്ടു. രാജകൊട്ടാരത്തിൽനടന്ന മനോഹരമായ നൃത്താഘോഷങ്ങളോടെ നർത്തകിയായ അനാർക്കലി ( നാദിറ) സലിം രാജകുമാരന്റെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. അക്ബറിന്റെ പ്രിയപ്പെട്ട ദാസിയായിരുന്ന, നൂർ ഖാൻ അർഗുണിന്റെ മകളായിരുന്ന നാദീറ, അവർണ്ണനീയമായ സൗന്ദര്യംകൊണ്ടും, നൃത്തകലയിൽ നേടിയെടുത്ത പ്രാഗത്ഭ്യംകൊണ്ടും ആ കാലഘട്ടങ്ങളിൽ, ലാഹോറിലും പരിസരപ്രദേശങ്ങളിലും കീർത്തിനേടിയെടുത്ത ഒരു നർത്തകി ആയിരുന്നു. ഒരു പൂവുപോലെ വിടർന്നുവരുന്ന സൗന്ദര്യത്തിൽ ആകൃഷ്ടനായ അക്ബർ ചക്രവർത്തിയാണ്" മാതളനാരകത്തിന്റെ പുഷ്പം" എന്ന അർഥം വരുന്ന 'അനാർക്കലി' എന്ന നാമം നാദിറയ്ക്ക് സമ്മാനിച്ചത്. ഓരോ ദിവസം കഴിയുമ്പോഴും ഇരുവരുടെയും പ്രണയവും വളർന്നുകൊണ്ടേയിരുന്നു.ഇവരുടെ കൂടിക്കാഴ്ചകൾ അതീവരഹസ്യമായിരുന്നു എ ങ്കിലും, അവസാനം ഈ വാർത്ത അക്ബർ ചക്രവർത്തിയുടെ കാതുകളിലുമെത്തിച്ചേർന്നു. പക്ഷെഅക്ബർ ചക്രവർത്തി തന്റെ പുത്രനായ സലിമിനു വേണ്ടി അപ്പോഴെക്കും ഒരു രജപുത്ര കന്യകയെ വധുവായി നിശ്ചയിച്ചിരുന്നു. അനാർക്കലിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത പിതാവിന്റെ മുൻപിൽ, അനാർക്കലിയെ വിവാഹം കഴിക്കണമെന്നുള്ള തന്റെ ആഗ്രഹം സലിം വെളിപ്പെടുത്തി. എന്നാൽ രാജരക്തത്തിൽ പിറക്കാത്ത, കേവലം നർത്തകിയും, ദാസ്യവേല ചെയ്യുന്നവളുമായ് ഒരു പെൺകുട്ടി മുഗൾരാജവംശത്തിന്റെ സിംഹാസനത്തിലിരി ക്കുകയോ. അക്ബർ ചക്രവർത്തിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല ഈ ബന്ധം. വിവാഹബന്ധത്തെ ശക്തമായി എതിർത്ത ചക്രവർത്തി, അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ശ്രമങ്ങൾക്ക് ഒരു വിഘാതമാവുകകൂടി ചെയ്തതോടെ പിതൃപുത്രബന്ധത്തിനിടയിൽ അഗാധമായ ഒരു വിള്ളൽ സംഭവിക്കുകയായിരുന്നു. ചക്രവർത്തിയുടെ കല്പനയെ അവഗണിച്ചും അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ഉദ്യമങ്ങളിൽ രോഷാകുലനായ ചക്രവർത്തിയുടെ ആജ്ഞയനുസരിച്ച്, അനർക്കലിയെ രാജകൊട്ടാരത്തിൽനിന്നും പിടികൂടി തടങ്കലിലടച്ചു. എന്നാൽ തന്റെ പ്രേമഭാജനമായിരുന്ന അനാർക്കലിയെ തടങ്കൽപാളയത്തിൽ ഉപേക്ഷിക്കുവാൻ സലിം തയ്യാറായിരുന്നില്ല.

തന്റെ സുഹൃത്തുക്കളുമൊത്തുനടത്തിയ അനവധി ഉദ്യമങ്ങൾക്കുശേഷം, അനാർക്കലിയെ തറവിൽനിന്നും മോചിപ്പിച്ച സലിം,തന്റെ വിശ്വസ്തരായ പടയാളികളുമൊത്ത് പിതാവിനെതിരെ ഒരു പടയൊരുക്കം തന്നെ നടത്താൻ തീരുമാനിച്ചു. അക്ബർ ചക്രവർത്തിക്കെതിരെ സലിം യുദ്ധത്തിനു തയാറായിസൈന്യവുമായി പ്രത്യക്ഷപ്പെട്ടു. അക്ബർചക്രവർത്തിയുടെ ഹൃദയം വേദനിച്ചുവെങ്കിലും യുദ്ധം അനിവാര്യമായി. എന്നാൽ ശക്തമായ സൈന്യവിഭാഗത്തിന്റെ  പിന്തുണയുണ്ടായിരുന്ന അക്ബറിനെ തോൽപ്പിക്കുക എളുപ്പമായിരുന്നില്ല. യുദ്ധത്തിൽ സലിമിന്റെ സൈന്യം തോറ്റോടി. പരാജയപ്പെട്ട സലിമിനെ, ചക്രവർത്തിയുടെ സൈന്യം, തടവുകാരനായി പിടികൂടുകയും ചെയ്തു. തടവിലായ സലിമിന്റെ മുൻപിൽ രണ്ട് ഉപാധികളായിരുന്നു അക്ബർ അവതരിപ്പിച്ചത്. ഒന്നുകിൽ അനാർക്കലിയെ അക്ബറിന്റെ മുൻപിലെത്തിക്കുക, അല്ലെങ്കിൽ മരണത്തെ നേരിടുക.

എന്നാൽ ആത്മാർത്ഥവും, സത്യസന്ധവുമായ പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്നസലിം രാജകുമാരൻ, അനാർക്കലിയെ തിരികെയെത്തിക്കുവാനുള്ള ആജ്ഞ അവഗണിച്ച്, മരണശിക്ഷ സ്വീകരിക്കുവാൻ സന്നദ്ധനാവുകയാണ് ചെയ്തത്. ഒളിവിലായിരുന്നുവെങ്കിലും വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്ന അനാർക്കലി, സലിമിനെ മരണത്തിൽനിന്നും രക്ഷിക്കുവാൻ സ്വയം കൊട്ടാരത്തിൽ എത്തിച്ചേർന്ന്, സലിമിന്റെ ജീവനുവേണ്ടി ചക്രവർത്തിയോടപേക്ഷിച്ചു. രാജകുമാരന്റെ ജീവനുവേണ്ടി, സ്വയം മരണശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധയായ അനാർക്കലിക്ക് ഒരു അപേക്ഷ മാത്രമേ ചക്രവർത്തിയുടെ മുൻപിൽ സമർപ്പിക്കുവാൻ ഉണ്ടായിരുന്നുള്ളു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന സലിം രാജകുമാരനുമൊത്ത് ഒരു ദിവസത്തെ ജീവിതം. മരണശിക്ഷക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അവസാനത്തെ ആഗ്രഹത്തിന് ചക്രവർത്തി അനുവാദം നൽകുകയും ചെയ്തു. ഹൃദയത്തെ കീറിമുറിക്കുന്നനൊമ്പരം, മനസ്സിൽ സൂക്ഷിച്ച് ഒരു രാത്രിയിലെ ജീവിതo.

ജീവനേക്കാൾ അധികo രണ്ടു മനസ്സുകൾ, ഈ രാത്രിക്കുശേഷം എന്നെന്നേയ്ക്കുമായി വേർപിരിയുകയാണ്. സൂര്യോദയം അടുത്തുവന്നതോടെ, തന്റെ പേരിനു കാരണമായിത്തീർന്ന ഒരു മാതളനാരകപുഷ്പമു പയോഗിച്ച് സലിമിനെ മയക്കിക്കിടത്തിയശേഷം, കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി നേർന്ന്, അനാർക്കലി പടയാളികൾക്കൊപ്പം യാത്രയായി. കിടങ്ങിലായിരുന്നു മരണശിക്ഷ നടപ്പിലാക്കുവാൻ നിശ്ചയിച്ചിരുന്നത്. കൂറ്റൻ ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച കിടങ്ങിനുള്ളിലേയ്ക്ക് അക്ബറിന്റെ സാന്നിധ്യത്തിൽത്തന്നെ, ഒരു തടിക്കഷണത്തിൽ ബന്ധിക്കപ്പെട്ട അനാർക്കലിയെ ജീവനോടെ ഒരു കല്ലറയിൽ ഇറക്കി. കല്ലറയിൽ ഓരോകല്ലു വൈക്കുമ്പോഴും അവൾ സലീമിനു വേണ്ടി പ്രാർത്ഥിച്ചുകൊ ണ്ടിരുന്നു. ലാഹോറിനടുത്ത് ഇന്നും 'അനാർക്കലി മാർക്കറ്റ്' എന്നറിയപ്പെടുന്ന
സ്ഥലത്തിനടുത്ത്‌ നാദിറയുടെ ശവകുടീരം നിലകൊള്ളുന്നു.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

സ്കൂൾ ബസ്സുകൾ എല്ലാം മഞ്ഞ നിറം ആയതിന്റെ കാരണം എന്താണെന്ന് അറിയുമോ?

നമ്മുടെ നാടുകളിൽ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂൾ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളത്‌. തന്മൂലം മൂടൽമഞ്ഞു കൊണ്ടും ചെറുചാറ്റൽ മഴ കൊണ്ടും ‌ദൂര കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു.

കൊളംബിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ 1939ലാണ് സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി സമ്മേളനം വിളിച്ച്‌ ചേർത്തത്‌. ചർച്ചകൾക്കവസാനം വടക്കേ അമേരിക്കയിലെ സ്കൂൾ ബസുകളുടെ നിറം ‘മഞ്ഞ’യാക്കാൻ തീരുമാനിച്ചു. പിന്നീട്‌ ഇദ്ധേഹം “മഞ്ഞ സ്കൂൾ ബസിന്റെ പിതാവ്‌” (Father of yellow school bus) എന്നറിയപ്പെട്ടു.

മഞ്ഞ നിറം കാഴ്‌ചക്ക്‌ മാത്രമല്ല, സുരക്ഷയ്ക്ക് കൂടിയാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചുവപ്പ്‌ നിറത്തെക്കാൾ 1.24 മടങ്ങ്‌ അധികം കാഴ്‌ച മഞ്ഞ നിറത്തിനുണ്ട്‌. മൂടൽമഞ്ഞ്‌/ മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളിൽ മറ്റു നിറങ്ങളേക്കാൾ കൂടുതൽ എടുത്ത്‌ കാണിക്കുക മഞ്ഞ നിറമാണ്. ഇക്കാരണങ്ങളാലാണു മഞ്ഞ നിറത്തിനെ സ്കൂൾ ബസുകളുടെ നിറമായി തെരഞ്ഞെടുത്തത്‌.

എന്നാൽ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു. നാരങ്ങയുടെ മഞ്ഞ നിറവും , ഓറഞ്ച്‌ നിറവും കലർന്ന ഒരു നിറം ; പഴുത്ത മാങ്ങയുടെ മഞ്ഞ നിറം. ഈ വ്യത്യസ്ഥമായ മഞ്ഞ നിറത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതുമ്പോഴാണ് വേഗത്തിൽ ശ്രദ്ധിക്കപ്പെടുന്നത്‌.
വടക്കെ അമേരിക്കയിൽ തുടങ്ങി വെച്ച ഈ രീതിയാണു ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും പിന്തുടരുന്നത്‌.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

കംഗാരു: ജീവശാസ്‌ത്രത്തിലെ മറ്റൊരു അത്ഭുതം

1770 ജൂലൈ 12ന് ബ്രിട്ടീഷ്‌ പര്യവേക്ഷകനായ ക്യാപ്‌റ്റൻ ജയിംസ്‌ കുക്ക് ആയിരുന്നു “കംഗാരു” എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷിന്‍റെ എഴുത്തു ഭാഷയിൽ ഉപയോഗിച്ചത്‌. താൻ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഈ മൃഗത്തെ കണ്ടിട്ട് അവിടത്തെ ആദിവാസികളോട് എന്താണിതിന്റെ പേര് എന്ന് ക്യാപ്റ്റൻ ചോദിച്ചത്രെ. അതിന്ന് അവരുടെ ഉത്തരം ‘കംഗ്രൂ’ എന്നായിരുന്നു. അവരുടെ ഭാഷയിൽ ആ പദത്തിന്റെ അർത്ഥം ‘നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല ‘ എന്നായിരുന്നു.

ഇതാണ് അർത്ഥമെന്നറിയാതെ ആ മൃഗത്തിന്റെ പേരായി തെറ്റിദ്ധരിച്ച് തന്റെ ഡയറിയിൽ കംഗാരു എന്നെഴുതുകയായിരുന്നു. ‘ഗ്രേഹൗണ്ട് (എന്ന വേട്ടനായ്‌) മാനിനെപ്പോലെ അല്ലെങ്കിൽ മുയലിനെപ്പോലെ ചാടിയാൽ എങ്ങനെയിരിക്കുമോ’ അതുപോലെയാണ്‌ കംഗാരു എന്നാണ്‌ അദ്ദേഹം തന്റെ നാട്ടിലെ ആളുകൾക്കു വിവരിച്ചുകൊടുത്തത്‌. പിന്നീട്‌, ലണ്ടനിൽ ജീവനുള്ള ഒരു കംഗാരുവിനെ പ്രദർശിപ്പിച്ചപ്പോൾ ആളുകളുടെ ആവേശം മാനംമുട്ടെ ഉയർന്നു.

ചുവപ്പ് നിറത്തിൽപ്പെടുന്ന ഒരു ആൺകംഗാരുവിന്ന് വളർച്ചമുറ്റിയ പ്രായത്തിൽ ഏതാണ്ട് 77 കിലോതൂക്കവും രണ്ടുമീറ്റർ നീളവുമുണ്ടാകും. എന്നാൽ ഇവൻ ജനിച്ചുവീഴുംബോൾ തൂക്കമെത്രയാണെന്നറിയാമോ, ഒരു കാപ്പിക്കുരുവിനേക്കാളും അല്പംമാത്രം വലുതായിരിക്കും – രണ്ടു സെന്റിമീറ്റർ നീളവും ഒരു ഗ്രാം ഭാരവും!

അൽപ്പം പോലും വികസിച്ചിട്ടില്ലാത്ത, അതീവ ദുർബലമായ ശരീരമായിരിക്കും അപ്പോൾ അവയുടേത്‌. പിങ്ക് നിറത്തിലുള്ള ഒരു പുഴുവിനെപ്പോലിരിക്കും. ജനിക്കുന്ന സമയത്ത്‌ അവയ്‌ക്ക് ദേഹത്ത്‌ ഒരൊറ്റ രോമം പോലുമുണ്ടാകില്ല. എന്നുമാത്രമല്ല, തികച്ചും അന്ധരും ബധിരരുമായിരിക്കും അവ. എന്നാലും, വളരെ നേരത്തെ വികാസം പ്രാപിച്ച, കൂർത്ത നഖങ്ങളോടുകൂടിയ മുൻകാലുകളുടെയും പിന്നെ ഘ്രാണശക്തിയുടെയും സഹായത്താൽ ഇത്തിരിപ്പോന്ന ഈ “പുഴു” സഹജവാസനയാൽ അമ്മയുടെ ശരീരത്തിലുള്ള രോമത്തിലൂടെ ഇഴഞ്ഞ് സഞ്ചിയിലെത്തിച്ചേരും.

സഞ്ചിക്കുള്ളിൽ എത്തിയാൽ പിന്നെ അതിനുള്ളിലെ നാലു മുലഞെട്ടുകളിൽ ഒന്നിലേക്ക് വായ്‌ കൊണ്ട് സ്വയം ഒട്ടിച്ചേരും. പെട്ടെന്നുതന്നെ, കുഞ്ഞിന്‍റെ വായിൽ ഈ മുലഞെട്ടിന്‍റെ അഗ്രഭാഗം വീർത്തുവരും. ഏതാനും ആഴ്‌ചത്തേക്കു കുഞ്ഞിനെ അവിടെത്തന്നെ ബലമായി ഉറപ്പിച്ചുനിർത്താൻ ഇതു സഹായിക്കും. ചാടിച്ചാടി, വളരെ വേഗത്തിലാണല്ലോ അമ്മ കംഗാരുവിന്‍റെ പോക്ക്. അപ്പോൾ കുഞ്ഞിന്‌ ഇങ്ങനെയൊരു പിടിയുള്ളത്‌ എന്തുകൊണ്ടും നല്ലതാണ്‌.

കുഞ്ഞ് മുലഞെട്ടിനോട്‌ അത്ര ദൃഢമായി പറ്റിച്ചേർന്നിരിക്കുന്നതുകൊണ്ട് അതിൽനിന്നാണ്‌ കുഞ്ഞ് വളർന്നുവന്നത്‌ എന്നാണ്‌ ആദ്യമൊക്കെ ആളുകൾ ധരിച്ചിരുന്നത്‌!
കുറച്ചുകാലം കഴിയുമ്പോൾ കംഗാരുക്കുഞ്ഞിന്‌ അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റുന്നയത്ര വളർച്ചയൊക്കെയാകും.

കുഞ്ഞ് മുലഞെട്ടിനോട്‌ അത്ര ദൃഢമായി പറ്റിച്ചേർന്നിരിക്കുന്നതുകൊണ്ട് അതിൽനിന്നാണ്‌ കുഞ്ഞ് വളർന്നുവന്നത്‌ എന്നാണ്‌ ആദ്യമൊക്കെ ആളുകൾ ധരിച്ചിരുന്നത്‌!
കുറച്ചുകാലം കഴിയുമ്പോൾ കംഗാരുക്കുഞ്ഞിന്‌ അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റുന്നയത്ര വളർച്ചയൊക്കെയാകും.

ആദ്യമൊക്കെ താത്‌കാലികമായി മാത്രമേ അവൻ പുറത്തിറങ്ങൂ. എന്നാൽ, ഏഴു മുതൽ പത്തു വരെ മാസങ്ങൾ പിന്നിട്ടുകഴിയുമ്പോൾ—അവന്‍റെ മുലകുടി പൂർണമായും മാറുമ്പോൾ—പിന്നെ അവൻ അമ്മയുടെ ഉദരസഞ്ചിയിൽ കയറുകയേയില്ല. ഇനി, കംഗാരുവിന്‍റെ പുനരുത്‌പാദനത്തിലെ മറ്റൊരു അതിശയം കാണുന്നതിന്‌ കംഗാരുക്കുഞ്ഞ് ആദ്യമായി അമ്മയുടെ ഒരു മുലഞെട്ടിലേക്ക് വായ്‌ കൊണ്ട് ഒട്ടിച്ചേർന്ന ആ സമയത്തേക്കു നമുക്കൊന്നു തിരിച്ചുപോകാം.

കംഗാരുക്കുഞ്ഞ് തന്‍റെ അമ്മയുടെ ഒരു മുലഞെട്ടിൽ പറ്റിച്ചേർന്നു കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾത്തന്നെ അമ്മക്കംഗാരു വീണ്ടും ഇണചേരും. അതിന്‍റെ ഫലമായി രൂപംകൊള്ളുന്ന ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ ഏതാണ്ട് ഒരാഴ്‌ചത്തേക്കു വളരും. പിന്നെ, അതിന്‍റെ വളർച്ച നിലയ്‌ക്കും. പക്ഷേ അപ്പോഴും, അമ്മയുടെ ഉദരസഞ്ചിക്കുള്ളിലെ കുഞ്ഞിന്‍റെ വളർച്ച നിർവിഘ്‌നം തുടരുന്നുണ്ടാകും.

മുലകുടി മാറുന്നതിന്‌ മുമ്പ് കംഗാരുക്കുഞ്ഞ് തത്‌കാലത്തേക്ക് അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണം വീണ്ടും വളരാൻ തുടങ്ങും. 30 ദിവസത്തിനു ശേഷം അമ്മയുടെ ഉദരസഞ്ചിയിലെത്തുന്ന ഇവനും ഒരു മുലഞെട്ടിൽ കടിച്ചുതൂങ്ങും, പക്ഷേ ആദ്യത്തെ കുഞ്ഞ് നുകർന്ന ആ മുലഞെട്ടിൽ അല്ലെന്നു മാത്രം.

കംഗാരു-ജീവശാസ്‌ത്രത്തിലെ മറ്റൊരു അത്ഭുതമാണ്‌ ഇത്‌. അമ്മക്കംഗാരു തന്‍റെ ഇളയ കുഞ്ഞിനു കൊടുക്കുന്ന പാലും മൂത്ത കുഞ്ഞിനു കൊടുക്കുന്ന പാലും വ്യത്യസ്‌തമാണ്‌. ഇതിനെക്കുറിച്ച് സയന്‍റിഫിക്ക് അമേരിക്കൻ ഇങ്ങനെ പറയുകയുണ്ടായി: “വ്യത്യസ്‌ത സ്‌തനഗ്രന്ഥികൾ ഉത്‌പാദിപ്പിക്കുന്ന ഈ രണ്ടുതരം പാലും അളവിന്‍റെ കാര്യത്തിലും ഘടനയുടെ കാര്യത്തിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ ഹോർമോണുകൾതന്നെ ഉൾപ്പെട്ടിരുന്നിട്ടും എങ്ങനെയാണ്‌ ഇതു സാധ്യമാകുന്നത്‌ എന്നുള്ളത്‌ ഇന്നും ഒരു അത്ഭുതമാണ്‌.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...