റഷ്യൻ വിപ്ലവം: ലോകത്തെ ആദ്യത്തെ വിജയകരമായ കമ്മ്യൂണിസ്റ്റ് വിപ്ലവം

ഒരു നൂറ്റാണ്ടിനു മുമ്പ് റഷ്യയിൽ നടന്നകാര്യങ്ങൾ അറിയാൻ ഭൂരിപക്ഷത്തിനും താല്പര്യം കാണില്ല. എങ്കിലും വളച്ചൊടിക്ക പെടാത്ത ചരിത്രസത്യങ്ങൾ അറിയുവാൻ ആഗ്രഹമുള്ളവർക്കായി.....

ലോകത്തെ ആദ്യത്തെ വിജയകരമായ കമ്മ്യൂണിസ്റ്റ് വിപ്ലവമായിരുന്നു റഷ്യൻ വിപ്ലവം. ഒന്നാം ലോകമഹായുദ്ധകാലത്തു നടന്ന റഷ്യൻ വിപ്ലവം-ബോൾഷെവിക് വിപ്ലവം എന്ന പേരിലും അറിയപ്പെടുന്നു.

കാരണങ്ങൾ...
 1. കാലഹരണപെട്ട രാഷ്ട്രീയ വ്യവസ്ഥയും , സ്വേച്ഛാധിപതികളായ സാർ ചക്രവർത്തിമാരുടെ അടിച്ചമർത്തൽ നയവും പ്രധാനകാരണങ്ങളായി വിലയിരുത്തപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായിരുന്നെങ്കിലും, ഒരു പിന്നോക്ക കാർഷിക രാജ്യമായിരുന്നു റഷ്യ. സാർ നിക്കോളാസ് രണ്ടാമന്റെ കാലത്ത്‌ ഏകാധിപത്യവാഴ്ച പൂർവാധികം ശക്തിപ്രാപിച്ചു. 'റാസ്പുട്ടിൽ' എന്ന കപടസന്യാസിയുടെ വലയിലകപ്പെട്ട സാർ ചക്രവർത്തി ,വിദ്യാഭ്യാസവും പത്രങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്രവും കർശനമായി നിയന്ത്രിച്ചു പൊന്നു. അഴിമതിയും ജനവിരുദ്ധനിലപാടുകളും കർഷകരെയും തൊഴിലാളികളെയും അക്ഷമരാക്കി.

2. മണ്ണിന് വേണ്ടിയുള്ള ദാഹം.
റഷ്യയിലെ ഭൂമിയുടെ ഭൂരിഭാഗവും കൈയടക്കിവെച്ചിരുന്നത് പ്രഭുക്കന്മാരും പുരോഹിതൻമാരുമായിരുന്നു. സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ലാതിരുന്ന ലക്ഷക്കണക്കിന് കർഷകരെ ഭൂവുടമകളും സർക്കാരും ചൂഷണം ചെയ്തുകൊണ്ടേയിരുന്നു. അമിതമായ നികുതികളും , ക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ കർഷകർ വിപ്ലവത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

3. ചൂഷണവിധേയരായ തൊഴിലാളികൾ...
 വ്യവസായവത്കരണത്തിലൂടെ പൊട്ടിമുളച്ച ഫാക്ടറികളിലെ തൊഴിലാളികൾക്ക് സംഘടനാസ്വാതന്ത്രമോ രാഷ്ട്രീയവകാശങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. വിദേശികളായ തൊഴിലുടമകൾ ഗവണ്മെന്റിന്റെ സഹായത്തോടെ  തൊഴിലാലികളെ ചുരുങ്ങിയ വേതനത്തിന്‌ ദീർഘനേരം ജോലി ചെയ്യാൻ നിർബന്ധിതരാക്കി.തൊഴിലാളികൾക്കിടയിൽ  വിപ്ലവാശങ്ങൾ പടർന്നു പിടിക്കാൻ ഇത് കാരണമായി.

4. എഴുത്തുകാരുടെയും ചിന്തകരുടെയും ഇടപെടൽ.
ടോൾസ്റ്റോയ് , ഡൊസ്റ്റോയെവ്സ്കി, മാക്‌സിം ഗോർക്കി, തുർഗ്ഗനീവ് , ആന്റൻ ചെക്കോവ് തുടങ്ങിയവർ റഷ്യൻ സമൂഹത്തിലെ ജീർണ്ണതകൾ തുറന്നുകാട്ടി, ജനങ്ങൾക്കിടയിൽ പുതിയ ആശയങ്ങൾ  പ്രചരിപ്പിച്ചു.നിഹിലിസം, പോപ്പുലിസം, അനാർക്കിസം, മാർക്സിസം എന്നിവയായിരുന്നു പുതുആശങ്ങൾ .പക്ഷെ റഷ്യൻ ജനതയെ സ്വാധീനിച്ചത് മാർക്സിസം എന്ന ആശയമായിരുന്നു.

1898 വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ഒത്തുചേർന്നുണ്ടായ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടി , 1903 ആയപ്പോഴേക്കും നയപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം രണ്ടായി പിളർന്നു. ഇതിൽ ഭൂരിപക്ഷ ഇടത്തുപക്ഷകാർ ലെനിനിന്റെ (വ്ളാഡിമീർ ഇല്ലിച്ഛ് യുല്യാനോവ് )
നേതൃത്വത്തിൽ പാർട്ടിയിൽ ഭൂരിപക്ഷം നേടി. ഇവർ 'ബോൾഷെവിക്' എന്നറിയപ്പെട്ടു. ന്യുനപക്ഷം വിഭാഗം 'മെൻഷേവിക്' എന്നും അറിയപ്പെട്ടു.

സാർ ചക്രവർത്തിയുടെ ഭരണം അട്ടിമറിച്ച് സോഷ്യലിസം സ്ഥാപിക്കുകയായിരുന്നു ബോൾഷെവിക്കുകളുടെ ലക്ഷ്യം.

തീപ്പൊരി....

1905 ജനുവരി 9-ന് പെട്രോഗ്രാഡിലെ  തൊഴിലാളികൾ സാർ ചക്രവർത്തിക്ക് ഒരു നിവേദനം നൽകുന്നതിന് വേണ്ടി പുരോഹിതനായ ഫാദർ ജോർജ് ഗാപ്പന്റെ നേതൃത്വത്തിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്തു. സമാധാനപരമായി വന്ന കർഷകരും തൊഴിലാളികളും അടങ്ങുന്ന മാർച്ചിന് നേരെ പട്ടാളക്കാർ വെടി വെച്ചു. നൂറിലധികം  ആൾക്കാർ കൊല്ലപ്പെട്ടു. ബ്ലഡി സൺ‌ഡേ (BLOODY SUNDAY)  എന്ന് പറയുന്ന ഈ സംഭവത്തെ തുടർന്ന് റഷ്യയിൽ അനേകം കലാപങ്ങൾ പൊട്ടിപുറപ്പെട്ടു. ഈ കാലത്താണ് തൊഴിലാളികൾക്കിടയിൽ രൂപപ്പെട്ട സോവിയറ്റുകൾ കർഷകർക്കിടയിലും ശക്തി പ്രാപിച്ചത്. റഷ്യൻ വിപ്ലവത്തിൽ നിർണ്ണായക  പങ്കുവഹിക്കാൻ സോവിയറ്റുകൾക്കായി.

ഫെബ്രുവരി വിപ്ലവം...

റഷ്യൻ വിപ്ലവത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്. ഒന്ന് ഫെബ്രുവരി വിപ്ലവവും രണ്ട് ഒക്ടോബർ വിപ്ലവവും. റഷ്യയിലെ സാർ ഭരണകൂടത്തിന് അന്ത്യം കുറിച്ച മാർച്ച് 12 ആം തിയതിയിലെ വിപ്ലവത്തിനെ ഫെബ്രുവരി വിപ്ലവം എന്ന് വിളിക്കുന്നു. ( പഴയ റഷ്യൻ കലണ്ടർ പ്രകാരം 1917 ഫെബ്രുവരി 27-നായിരുന്നു ഫെബ്രുവരി വിപ്ലവം നടന്നത്)
 ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യക്കുണ്ടായ സാമ്പത്തിക തകർച്ചയും , ഭക്ഷ്യക്ഷാമവും കാരണം രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിലകപ്പെട്ടു. പട്ടിണികാരായ തൊഴിലാളി സ്ത്രീകൾ തെരുവിലേക്കിറങ്ങി പ്രകടനം നടത്തിയതോടെയാണ് വിപ്ലവമാരംഭിച്ചത്. പെട്രോഗ്രാഡിലാണ് കലാപം പൊട്ടി പുറപ്പെട്ടത്. അത്ഭുതം എന്ന പോലെ സൈനികരും അവരോടൊപ്പം ചേർന്നു. കലാപം മറ്റു ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചു. പോലീസ് സ്റ്റേഷനും പൊതുസ്ഥാപങ്ങളും പിടിച്ചെടുത്ത ശേഷം കലാപകാരികൾ തടവുകാരെയും മോചിപ്പിച്ചു.
മോസ്കോയും പിടിച്ചെടുത്ത കലാപകാരികളുടെ മുന്നേറ്റം കാരണം സാർ നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയേണ്ടി വന്നു. ഇതോടുകൂടി സാർ ചക്രവർത്തിമാരുടെ ഏകാധിപത്യ ഭരണത്തിന് വിരാമമായി. പക്ഷെ , ജോർജ് ലവൊവിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട താത്കാലിക ഗവണ്മെന്റും പരാജയമായി മാറി. യുദ്ധം തുടരാനുള്ള തീരുമാനവും  ഭൂപ്രശനംപരിഹരിക്കാതിരുന്നതും പട്ടാളക്കാരിലും കർഷകരിലും അതൃപ്തി ഉണ്ടാക്കി. താൽകാലിക ഗവണ്മെന്റിന്റെ നേതൃത്വം താമസിയാതെ തന്നെ അലക്‌സാണ്ടർ കെരൻസ്കി സ്വന്തമാക്കി. പക്ഷെ അദ്ദേഹത്തിന്റെ ഭരണതന്ത്രങ്ങളും പരാജയപ്പെട്ടു. ജർമനിയുമായുള്ള യുദ്ധം തുടരാനുള്ള നടപടികളെ ബോൾഷെവിക്കുകൾ നിശിതമായി വിമർശിച്ചു. വിപ്ലവം തുടർന്നുകൊണ്ടേയിരുന്നു.

ഒക്ടോബർ വിപ്ലവം...

ലെനിനിന്റെ നേതൃത്വത്തിൽ ശക്തിയാർജിച്ച ബോൾഷെവിക്കുകൾ താത്കാലിക ഗവൺമെന്റിന്റെ നടപടക്കളെയും കർമ്മ പരുപാടികളെയും  നിരന്തരം എതിർത്തിരുന്നു. കർഷകരെയും, തൊഴിലാളികളെയും , സൈനികരെയും സ്വാധീനിച്ച് വ്യക്തമായ നിലപാടുകളിലൂടെ സോവിയറ്റ്കളുടെ നിയന്ത്രണം കൈയടക്കി ബോൾഷെവിക്കുകൾ  സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള പദ്ധതികൾ രൂപപ്പെടുത്തി.
     ഫെബ്രുവരി വിപ്ലവത്തിന്റെ നാളുകളിൽ സ്വിട്സർലണ്ടിലായിരുന്ന ലെനിൻ തിരിച്ചെത്തി ബോൾഷെവിക് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. "എല്ലാ അധികാരവും സോവിയെറ്റുകൾക്ക്" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, യുദ്ധം അവസാനിപ്പിക്കാനും ഭൂമി കർഷകർക്ക് കൈമാറാനും ലെനിൻ ആവശ്യപ്പെട്ടു. " സമാധാനം,ഭക്ഷണം, ഭൂമി " എന്ന മുദ്രാവാക്യവും ലെനിൻ നാട്ടാകെ പ്രചരിപ്പിച്ചു.
     താത്കാലിക ഗവൺമെന്റിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കണമെന്ന തീരുമാനവുമായി ഒക്ടോബർ 20 ന് പെട്രോഗ്രാഡിൽ ട്രോട്സ്കിയുടെ നേതൃത്വത്തിൽ ചുവപ്പു സേന വിപ്ലവത്തിനുള്ള ഒരുക്കങ്ങൾ നടത്തി. നവംബർ 6-ആം തിയതി (പഴയ  റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബർ 24) ആരംഭിച്ച കലാപം ,താത്കാലിക ഗവൺമെന്റിന്റെ ആസ്ഥാനമായ വിന്റർ പാലസ് ഉൾപ്പെടെ പിടിച്ചെടുത്ത്, കെരൻസ്കി ഒഴികെയുള്ള മന്ത്രിമാരെയെല്ലാം അറസ്റ്റ് ചെയ്ത് മുന്നേറി. കെരെൻസ്കി അമേരിക്കയിൽ അഭയം തേടി .നവംബർ 7-ആം തിയതി എല്ലാ അധികാരങ്ങളും ഏറ്റെടുത്ത്‌ ലെനിനിന്റെ നേതൃത്വത്തിൽ പുതിയ ബോൾഷെവിക് ഗവണ്മെന്റ് നിലവിൽ വന്നു....

1991-ൽ സോവിയറ്റ്  യൂണിയൻ തകരുന്നത് വരെ ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മഹാസംഭവമായിരുന്നു റഷ്യൻ വിപ്ലവം.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...