ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത സ്ഥലം

ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. മൃതശരീരങ്ങൾ പോലും ലഭിക്കാറില്ല. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ്. ഒരു ചെറിയ കടൽത്തീരത്തിനടുത്തായി വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക്‌ ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകർ പറയുന്നു. ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് അടുക്കില്ല. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ കൊന്നതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞത്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യും. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ പുറംലോകത്തിന് അറിയില്ല.

ശിലായുഗത്തിന് തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും കാര്യം നടന്നില്ല. ദ്വീപിന് ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്നതും അവിടുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോൾ. ഒറ്റപ്പെട്ട് ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാൻ ഇവർ അസാമാന്യ കരുത്തും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീൻപിടിച്ചുമാണ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. കൈയിൽ കിട്ടുന്നതെന്തും ഭക്ഷിക്കുന്നവരാണ് ഈ ദ്വീപ് നിവാസികൾ.




Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ജലക്കരടികൾ - ടാർഡിഗ്രാഡ

ടാർഡിഗ്രാഡ

സൂക്ഷ്മ അകശേരുകികളുടെ ഒരു വർഗ്ഗമാണ് ടാർഡിഗ്രാഡ. എട്ടു കാലുകളുള്ളതും കശേരുക്കളായുള്ള ശരീരമുള്ളതുമായ സൂക്ഷ്മജലജീവികളാണ് ടാർഡിഗ്രേഡുകൾ(Tardigrada). ജലക്കരടികൾ, മോസ്‌പ്പന്നികൾ എന്നീ പേരിലും ഇവ അറിയപ്പെടുന്നു. ജോൺ ആഗസ്റ്റ് എഫ്രൈം ഗോസ് എന്ന ജെർമൻ പാതിരി 1773 ആണ് ആദ്യമായി ഇവയെ കണ്ടെത്തിയത്. ലാസറൊ സ്പലാൻസനി എന്ന ഇറ്റാലിയൻ ബയോളജിസ്റ്റാണ് മൂന്നു വർഷത്തിനു ശേഷം ഇവയ്ക്ക് ഈ പേർ നൽകിയത്. പതുക്കെ നീങ്ങുന്ന എന്നാണ് ഈ വാക്കിനർത്ഥം. ഈ ഫൈലത്തെ ഹിമം മൂടിയ കൊടുമുടി മുതൽ കടലിന്റെ അടിത്തട്ടിൽ വരെ കാണാൻ കഴിയും. ട്രോപ്പിക്കൽ മഴക്കാടുകളിൽ മുതൽ അന്റാർട്ടിക്കയിൽ വരെ ഇതിനെ കണ്ടിട്ടുണ്ട്. അതി കഠിനമായ സാഹചര്യങ്ങളെപ്പോലും ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. അബസലൂട്ട് സീറൊക്ക് തൊട്ടുമുകളിലുള്ള താപനില മുതൽ ജലത്തിന്റെ തിളനിലക്ക് മുകളിൽ വരെ ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. സമുദ്രത്തിലേ ഏറ്റവും ആഴത്തിലുള്ള കൊക്കകളിലേതിലും ആറിരട്ടി മർദ്ദമുള്ളിടത്തും, മനുഷ്യന് മരണകാരണമാകാവുന്നതിന്റെ നൂറുമടങ്ങ് കൂടുതൽ അയൊണൈസ്ങ് റേഡിയേഷണുള്ള ഇടത്തും, ബഹിരാകാശത്തിലെ ശൂന്യതയിലും ഇവ അതിജീവിക്കുന്നതായി കണ്ടിട്ടുണ്ട്. ദ്വി-പാർശ്വസമമിതിയുള്ള ഈ ജീവികൾക്ക് ഒരു മില്ലിമീറ്ററിന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ശാസ്ത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. ചിലർ ഇവയെ ആർത്രൊപോഡ ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റു ചിലർ ഇവയെ അനലിഡയിൽ ഉൾപ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവർഗമായി നിലനിർത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.

വസ്തുതകൾ: പരിപാലന സ്ഥിതി, ശാസ്ത്രീയ വർഗ്ഗീകരണം.

മുന്നറ്റത്ത് ഒരു പ്രോസ്റ്റോമിയവും തുടർന്ന് പിന്നിലേക്ക് അഞ്ച് ഖണ്ഡങ്ങളുമുള്ള ശരീരഘടനയുമാണ് ഇവയ്ക്കുള്ളത്. വായ പ്രോസ്റ്റോമിയത്തിലാണ് കാണപ്പെടുന്നത്. മൃദുവായ ഒരു ഉപചർമം ശരീരത്തേയും അഗ്ര-പശ്ച ആന്ത്രങ്ങളേയും പൊതിഞ്ഞിരിക്കുന്നു. നാലു ജോടി അധര-പാർശ്വക പാദങ്ങൾ ഇവയ്ക്കുണ്ട്. പാദാഗ്രങ്ങളിൽ നഖങ്ങളും കാണപ്പെടുന്നു. ഒരു ജോടി ഉപചർമീയ മുഖ-ഗ്രന്ഥികളും ശൂകികകളും ഇവയുടെ മറ്റു പ്രത്യേകതകളാണ്. പചനവ്യൂഹം നാളീരൂപത്തിലുള്ളതാണെങ്കിലും ചില ഭാഗങ്ങൾ വീർത്ത് സഞ്ചീരൂപം കൈവരിക്കാറുണ്ട്. ഗ്രസിക ഗ്രസനി എന്നിവ പേശീനിർമിതവുമാണ്.

ഹെറ്ററോടാർഡിഗ്രാഡകളിൽ ജനനാംഗ രന്ധ്രവും ഗുദദ്വാരവും പ്രത്യേകം പ്രത്യേകം കാണപ്പെടുന്നു. എന്നാൽ യൂടാർഡിഗ്രാഡയിൽ ഇവ രണ്ടും ചേർന്ന് അവസ്ക്കരം എന്ന ദ്വാരം രൂപമെടുത്തിരിക്കുന്നു. ഈ ജീവികളിൽ ലിംഗഭേദം ദൃശ്യമാണ്. ജനനാംഗങ്ങൾ ശരീരത്തിനുള്ളിൽ മുകൾഭാഗത്തേക്കു നീങ്ങി സഞ്ചിരൂപത്തിൽ കാണപ്പെടുന്നു. ജനനാംഗം ഒറ്റയായിട്ടാണ് കാണപ്പെടുന്നതെങ്കിലും ഒരു ജോടി യുഗ്മക-വാഹിനികൾ ഉണ്ട്. ഇവ മുട്ടകളിട്ടാണ് പ്രജനനകർമം നിർവഹിക്കുന്നത്. മിക്ക സ്പീഷീസിലും ബാഹ്യബീജസങ്കലനരീതിയാണുള്ളത്. അപൂർവം ചിലയിനങ്ങളിൽ ആന്തരിക ബീജസങ്കലനവും നടക്കാറുണ്ട്. രണ്ട് സ്പീഷീസിൽ അനിഷേകജനനവും രേഖപ്പെടുത്തിയിട്ടുണ്ട്.

മുട്ടകൾ നേർ-പരിവർധന വിധേയമായി പുതിയ തലമുറയ്ക്ക് രൂപം നൽകുന്നു. സ്പീഷീസിന്റെ വ്യത്യാസം, പരിതഃസ്ഥിതിയിലെ താപവ്യതിയാനങ്ങൾ എന്നിവയ്ക്കനുസരണമായി 3 മുതൽ 40 ദിവസം വരെ മുട്ടവിരിയാൻ സമയമെടുക്കാറുണ്ട്. പുതിയതായി വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ജലം ഉള്ളിലേക്ക് വലിച്ചെടുക്കുക വഴി വളരെ വേഗം വലിപ്പം വയ്ക്കുന്നു. പൂർണവളർച്ചയെത്തുന്നതിനു മുമ്പു തന്നെ ഇവ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും.

ടാർഡിഗ്രാഡകൾ മുഖ്യമായും സസ്യഭോജികളാണ്. സസ്യകോശഭിത്തി ശൂകികകൾ ഉപയോഗിച്ചു തുരന്ന് ഉള്ളിലെ വസ്തുക്കളെ ഗ്രസനിയുടെ പ്രത്യേക വലിച്ചെടുക്കൽ പ്രവർത്തനം വഴി ഇവ ഉള്ളിലേക്ക് എടുക്കുന്നു. അഗ്രആന്ത്രം അമ്ല സ്വഭാവവും പശ്ച-ആന്ത്രം ക്ഷാരസ്വഭാവവും ഉള്ളതാണ്. പശ്ച-ആന്ത്രത്തിലെ കോശങ്ങൾക്കുള്ളിൽവച്ചാണ് പചനം നടക്കുന്നത്. മിൽനീസിയം പോലെയുള്ള ചില ടാർഡിഗ്രാഡ് ഇനങ്ങൾ റോട്ടിഫറുകൾ, നിമറ്റോഡുകൾ എന്നീ ജീവികളുടെ ശരീരത്തിൽ നിന്നും ശൂകികകളുപയോഗിച്ച് മൃദുഭാഗങ്ങൾ വലിച്ചെടുക്കാറുണ്ട്. അഞ്ച് ആഴ്ച വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുമാവും.

ജീവിക്കുന്ന പരിസരം ഉണങ്ങിവരളുന്ന ഘട്ടത്തിൽ ടാർഡിഗ്രാഡകൾ ബാരലിന്റെ ആകൃതിയിലുള്ള സിസ്റ്റിന്റെ രൂപത്തിൽ നിഷ്ക്രിയ ജീവിയായി കഴിഞ്ഞുകൂടും. ഇപ്രകാരം ഇവയുടെ മുട്ടകളും ഇത്തരം ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാറുണ്ട്.

ഏതാണ്ട് 18 മാസങ്ങളാണ് ടാർഡിഗ്രാഡകളുടെ ജീവിതദൈർഘ്യം. ഇതിനിടയിൽ ഇവ 12 പ്രാവശ്യം പടംപൊഴിക്കും. ഒരു പടം പൊഴിക്കലിന് 5 മുതൽ 10 ദിവസങ്ങൾ വരെ വേണ്ടിവരും. ഈ ദിവസങ്ങളിൽ ഇവ ഭക്ഷണം കഴിക്കാറുമില്ല. ഓരോ പടം പൊഴിക്കലിനുശേഷവും അധിചർമം സ്രവണത്തിലൂടെ പുതിയ പുറംചട്ടയ്ക്ക് രൂപം നൽകുന്നു.

ടാർഡിഗ്രാഡകൾ ശരീരകോശങ്ങളുടെ സംഖ്യയുടെ കാര്യത്തിൽ ഒരുതരം സ്ഥിരത പ്രകടിപ്പിക്കുന്നു. ഒരു ജീനസ്സിലെ എല്ലാ സ്പീഷീസിലും ഒരേ സംഖ്യയിലുള്ള അധിചർമകോശങ്ങളാണ് ഉണ്ടായിരിക്കുക. മിൽനീസിയം എന്ന ജീനസ്സിലൊഴികെ മറ്റെല്ലാ ജീനസ്സുകളിലും ഈ കോശസംഖ്യാസ്ഥിരത കാണപ്പെടുന്നുണ്ട്.

ആഗോളവ്യാപകമായി കാണപ്പെടുന്ന ടാർഡിഗ്രാഡകളിൽ എക്കിനിസ്കോയ്ഡസ് സിജിസ്മുണ്ടി സ്പീഷീസാണ് പ്രാധാന്യമേറിയത്. വ്യത്യസ്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കാനും ഇവയ്ക്കു കഴിയും.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും എല്ലോറാ ഗുഹകൾ (Ellora Caves)

മഹാരാഷ്ട്രയിലെ ഔരങ്കാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ (Ellora Caves) അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും ഒരു പറുദീസ തന്നെയാണ്. AD 400 മുതൽ 900 വരെയുളള കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന 34 ഗുഹകൾ ഉൾപ്പെടുന്ന ഗുഹാസമുച്ചയം. ആദ്യം തോന്നിയ സംശയം ഇതിനെ എന്തിനാണ് 'ഗുഹ' എന്ന് വിളിക്കുന്നത് എന്നതായിരുന്നു. 'CAVE ' എന്നതിന് Wikipedia നൽകുന്ന നിർവ്വചനം 'a hollow place in the ground or rock, which is large enough for a human to enter' എന്ന് കണ്ടതുകൊണ്ടും, മറ്റൊരു ഉചിതമായ പേര് നിർദ്ദേശിക്കാൻ കഴിയാത്തത് കൊണ്ടും ഞാനും ആ പേര് അംഗീകരിച്ചു. ആദ്യത്തെ 12 ഗുഹകൾ ബുദ്ധമതസ്ഥരാലും, 13 മുതൽ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതൽ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിർമ്മിതമാണ്. ഇതിലെവിടെയും ഒരു ചെറിയ കല്ല് പോലും പുറത്ത് നിന്ന് കൊണ്ട് വന്ന് ഉപയോഗിച്ചിട്ടില്ല.



1500 ഓളം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും സർവ്വാഢംബരങ്ങളോടു കൂടെ നിറവേറ്റിയിരുന്നു ഈ നിർമ്മിതികൾ. ക്ഷേത്രങ്ങൾ, ബഹുനിലസത്രങ്ങൾ, വിശാലമായ ഊട്ടുപുരകൾ, പഠനമുറികൾ, ആദിവാസി സമൂഹത്തിനായുള്ള മഴക്കാല വസതികൾ, സമ്മേളന ഹാളുകൾ, ബുദ്ധവിഹാരങ്ങൾ എന്നിവയടങ്ങിയ ലോകത്തിലെ എറ്റവും പഴക്കം ചെന്ന ആധുനിക സാമൂഹ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ. ബാൽക്കണിയോട് കൂടിയ Entrance Portico, വിശാലമായ പ്രാർത്ഥനാ ഹാൾ, അർദ്ധവൃത്താകൃതിയിലുള്ള 50 അടിയോളം ഉയർന്ന മച്ച്, പുറത്ത് ചുട്ടുപൊള്ളുമ്പോഴും സുഖശീതളമായ അകത്തളം, ഭീമാകാരമായ ഭൗമസാക്ഷീബുദ്ധവിഗ്രഹം, സൂക്ഷ്മമായ കൊത്ത് പണികളോടു കൂടിയ തൂണുകൾ എന്നിവ പത്താം നമ്പർ ഗുഹയെ അതീവ ഹൃദ്യമാക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ നിർമ്മിതിയായ 'കൈലാസനാഥ ക്ഷേത്രം (16-ാം നമ്പർ ഗുഹ) ആണ് എല്ലോറയിലെ മുഖ്യആകർഷണം. ഒരു പർവ്വതത്തിന്റെ മുകളിൽ നിന്ന് താഴേക്ക് കല്ലുകൾ വെട്ടിമാറ്റി നിർമ്മിച്ചതാണിത്. ഇത്തരത്തിൽ നിർമ്മിച്ച ലോകത്തിലെ ഏക നിർമ്മിതിയാണിത്. ഒരു വലിയ കരിങ്കല്ലിന്റെ പാറ കുഴിച്ച്‌ അതിന്റെ ഉൾവശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരുമുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ..?? എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്. എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾ അത്ഭുദങ്ങളുടെ ഒരു പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുദങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് കല്ലുകളോ മറ്റൊ ചെർത്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കൽ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകന്മാർക്കും  ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി, എന്നത്. പുരാവസ്തു ഗവേഷകർ പറയുന്നത് ഏകദേശം 400000 ടൺ പാറയെ ങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ നൂറുകണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിർമിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടൺ പാറയെങ്കിലും തുരന്നു മാറ്റണം. ഇന്നത്തെ അഡ്വാൻസ്ഡ് ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കൂറിൽ അര ടൺ പോലും തുരന്നു മാറ്റാൻ പറ്റില്ലെന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണിലുമുള്ള കൊത്തുപണികൾ. ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക. 1682 ഇൽ ഔരങ്കസെബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു. 1000 ആൾക്കാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊത്തുപണികൾ അല്പം തകർക്കാൻ പറ്റി എന്നല്ലാതെ വേറൊന്നിനും കഴിഞ്ഞില്ല അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത്. ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹമാണ്.

ഏതു ടെക്നോളജി ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കണിയും അനേകം മുറികളൊക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ് ചരിത്രകാരന്മാർകും ആധുനിക ശാസ്ത്രജ്ഞാന്മാർക്കും ഇന്നും പിടി കൊടുക്കാതെ ദുരുഹമായി ഇന്നും അതിന്റെ നിർമാണ രഹസ്യം നിലനിൽക്കുന്നു. മഹാദേവന്റെ ശ്രീകോവിൽ, നന്ദീമണ്ഡപം, മുഖമണ്ഡപം, ഇവയുടെ രണ്ടാം നിലകൾ തമ്മിലുള്ള പാലം, 100 അടി ഉയരമുള്ള രണ്ട് അലങ്കാരത്തൂണുകൾ, ഗജ പ്രതിമകൾ, ചുറ്റിനുമുള്ള വരാന്തകൾ എന്നിവയടങ്ങിയ ഈ ക്ഷേത്രം, നാല് ലക്ഷം ടൺ പാറക്കല്ല് ഉളിയും പിക്കാക്ക്സും ഉപയോഗിച്ച് തുരന്നുകളഞ്ഞ് നിർമ്മിക്കുന്നതിന് 20 വർഷം എടുത്തു എന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക്. എന്നാൽ ഈ ക്ഷേത്രം മനുഷ്യനിർമ്മിതമല്ല എന്ന് തെളിവുകൾ നിരത്തി വാദിക്കുന്നവരും ഏറെയാണ്. ആർക്കിടെക്ച്ചർ അനുബന്ധമായ ജോലി ചെയ്യുന്നവർ ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്തതിന് ശേഷം പറഞ്ഞത് മനുഷ്യനിർമ്മിതമാണെങ്കിൽ തന്നെ പണിയുന്നതിന് ഏകദേശം 100 വർഷമെങ്കിലും എടുത്തിരിക്കും എന്നാണ്. ഏതായാലും ലോകത്തിലേ തന്നെ ഏറ്റവും സുന്ദരവും അത്ഭുതകരവുമായ ഈ നിർമ്മിതി ഒരോ ഭാരതീയന്റെയും അഭിമാനമാണ്.

അവിടെ നിന്ന് 2 KM ചുറ്റളവിനുള്ളിൽ സ്ഥിതിചെയ്യുന്ന 18 മുതൽ 34 വരെ ഗുഹകൾ കാണുന്നതിന് മഹാരാഷ്ട്ര RTC യുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഹിന്ദു ഗുഹകളും അതേ നിർമ്മാണ ശൈലി പിൻതുടരപ്പെട്ട ജൈന ഗുഹകളും സൂക്ഷ്മവും അതിസുന്ദരവുമായ കൊത്തുപണികൾ കൊണ്ട് അലംകൃതമാണ്. ഹിന്ദു ഗുഹകളിൽ രാമായണം മഹാഭാരതം കഥകളിലെ രംഗങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാവീരൻ, ബാഹുബലി, ഇന്ദ്രാണി, പത്മാവതി, തീർത്ഥങ്കരന്മാർ എന്നിവരുടെ നൂറുകണക്കിന് വിഗ്രഹങ്ങൾ ജൈന ഗുഹകളിൽ ഒറ്റക്കൽ വിസ്മയങ്ങളായി നിലനിൽക്കുന്നു.

എല്ലോറാ ഗുഹകളെ സംബന്ധിച്ച് ഒരു പാട് അതിശയകരമായ വസ്തുതകൾ നിലനിൽക്കുണ്ട്. എന്നിൽ ഏറ്റവും അത്ഭുതം സൃഷ്ടിച്ചത്, ഈ 34 ഗുഹകളിൽ നിന്ന് മുറിച്ചെടുക്കപ്പെട്ട ഏകദേശം 80 ലക്ഷം ടൺ പാറക്കല്ല് ഇതിനടുത്ത പ്രദേശങ്ങളിൽ ഒന്നും തന്നെ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നായ ഗിസയിലെ പിരമിഡ് നിർമ്മിക്കാൻ 50 ലക്ഷം ടൺ കല്ലുമാത്രമേ വേണ്ടിവന്നുള്ളൂ എന്നിരിക്കെ, 80 ലക്ഷം ടൺ മുറിഞ്ഞ കല്ലിൻ കഷണങ്ങൾ 1500 വർഷങ്ങൾക്ക് മുമ്പ് എവിടെ കൊണ്ടുപോയി ഒളിപ്പിച്ചിരിക്കും? ഈ ഗുഹകൾക്ക് താഴെ വിശാലമായ ഒരു ഭൂഗർഭ നഗരം സ്ഥിതി ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊന്ന്. ഭൂഗർഭത്തിലേക്ക് നീളുന്ന തുരംഗങ്ങളും, വെള്ളച്ചാലുകളും, താഴെ വായുസമഞ്ചാരത്തിനെന്ന് തോന്നിപ്പിക്കുന്ന പുറത്ത് നിന്ന് കാണാവുന്ന നൂറുകണക്കിന്  അഗാധമായ നേർത്ത ഗർത്തങ്ങളും ഇപ്പോഴും കാണാൻ സാധിക്കും. കണ്ടു പിടിക്കപ്പെട്ട എല്ലാ തുരംഗങ്ങളും താഴേക്ക് ചെല്ലുംതോറും മനുഷ്യർക്ക് കടക്കാനാകാത്ത വിധം ചെറുതാണ്. ഇവിടെ ക്ഷേത്രങ്ങളിലെ പല കൊത്തുപണികളിലും ചെറു മനുഷ്യരും, നാഗങ്ങളും, നാഗദേവന്മാരും, നാഗകന്യകമാരും, കന്നുകാലികളും ഭൂഗർഭത്തിൽ ജീവിക്കുന്നതായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത് സത്യമാകുമോ..?, ടർക്കിയിൽ 1600 വർഷങ്ങളോളം അജ്ഞാതമായി കിടന്ന 200 അടി താഴ്ച്ചയിൽ 13 നിലകളായി 20000 ത്തോളം പേർക്ക് താമസിക്കാൻ കഴിയുന്ന 'DERINKUYU' എന്ന ഭൂഗർഭനഗരം1965 ൽ കണ്ടുപിടിക്കപ്പെട്ടപോലെ എന്നെങ്കിലും എല്ലോറയിലെ ഭൂഗർഭവിസ്മയവും മറനീക്കി പുറത്ത് വരുമോ? നമുക്ക് കാത്തിരുന്നു കാണാം...

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇൻവെർട്ടർ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമുക്ക് ഒരു ഇൻവെർട്ടർ വാങ്ങാം (അത്യാവശ്യമാണെങ്കിൽ മാത്രം) :
ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ? ഒരു ബാറ്ററിയുള്ള ഇൻവെർട്ടർ വാങ്ങണോ അതോ രണ്ടെനണ്ണമുള്ളത് വാങ്ങണോ ? സൈൻ വേവ് ഇൻവെർട്ടർ വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ ? സോളാർ ഇൻവെർട്ടർ നന്നായിരിക്കുമോ ? അങ്ങനെ സംശയങ്ങളോട് സംശയങ്ങൾ ആയിരികും.

ഒരു ദിവസം ശരാശരി എത്രനേരം കറന്റ് പോകും? അതും ദീർഘ നേരമുള്ള പവർ കട്ടുകളോ ഇടയ്ക്കിടെ ഉണ്ടാകുന്ന ഹ്രസ്വദൈർഘ്യമുള്ള പവർ കട്ടുകളാണോ ഉണ്ടാകാറുള്ളത്? വീട്ടിലെ ഏതെല്ലാം ഉപകരണങ്ങൾ എത്ര നേരം ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കേണ്ടി വരും എന്നൊക്കെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് ഓരോരുത്തരം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടേയും സാഹചര്യങ്ങളിൽ വ്യത്യസ്തവുമായിരിക്കുമല്ലോ. സാധാരണഗതിയിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനറുകൾ, ഹീറ്ററുകൾ, പമ്പ് സെറ്റുകൾ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാനാകില്ല. ഇതെല്ലാം ഉപയോഗിക്കാൻ കഴിയുന്ന കപ്പാസിറ്റിയുള്ള ഇൻവെർട്ടറുകൾ ഇല്ല എന്നല്ല പക്ഷേ അത് ജനറേറ്ററുകളെ അപേക്ഷിച്ച് ലാഭകരമാകുകയില്ല. അതിനാൽ ശരാശരി ഗാർഹിക ഉപയോഗത്തിനുള്ള ഇൻവെർട്ടറുകളെക്കുറിച്ച് മാത്രമാണിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്.

എൽ ഇ ഡി / സി എഫ് എൽ ബൾബുകൾ, ട്യബ് ലൈറ്റുകൾ തുടങ്ങിയ ലൈറ്റിംഗ് ലൊഡ്, പിന്നെ രണ്ടോ മൂന്നോ ഫാനുകൾ ഒരു ടെലിവിഷൻ ചിലപ്പോൾ ഒരു കമ്പ്യൂട്ടർ - ഇത്രയൊക്കെയായിരിക്കും സാധാരണഗതിയിൽ കേരളത്തിലെ സാഹചര്യത്തിൽ ഒരു വീട്ടിലെ കറന്റ് പോയാൽ ഇൻവെർട്ടർ ഉപയോഗിക്കേണ്ടി വരുന്ന ഉപകരണങ്ങൾ - “മിക്സി കൂടി ഉപയോഗിക്കാൻ പറ്റിയിരുന്നേൽ നന്നായിരുന്നു”.. എന്ന് അടുക്കളയിൽ നിന്നും ഒരു അശരിരി കേൾക്കുന്നില്ലേ? ശരിയാണ്- തേങ്ങ അരയ്ക്കാനായി മിക്സിയിൽ ഇടുന്ന ആ സെക്കന്റിൽ കറന്റ് പോകുന്നത് നിത്യ സംഭവം ആയതിനാൽ ആ ആവശ്യം കൂടി ഒന്ന് പരിഗണിക്കേണ്ടതില്ലേ? ഉണ്ട് പക്ഷേ ചില നിബന്ധനകൾക്ക് വിദേയമായി മാത്രം. അതിനെക്കുറിച്ച് വഴിയേ പറയാം.

ആദ്യം നമുക്ക് ലോഡ് കണക്ക് കൂട്ടാം. ഒരു എൽ ഇ ഡി ബൾബ് 10 മുതൽ 15 വാട്ട് വരെ, ഫാൻ ഒന്നിനു 60 മുതൽ 80 വാട്ട് വരെ, ടെലിവിഷൻ എൽ ഇ ഡി ആണെങ്കിൽ സ്ക്രീൻ സൈസനുസരിച്ച് 80 വാട്ട്സ് വരെ. ഇതെല്ലാം കൂടി ഒന്ന് കൂട്ടി നോക്കുക. അതായത് നിങ്ങളൂടെ വിട്ടിൽ 3 പത്ത് വാട്ട് LED ബൾബ്, ഒരു 60 വാട്ട് LED ടിവി രണ്ട് സീലിംഗ് ഫാനുകൾ (75 വാട്ട് വീതം) ഇന്നിവ കറണ്ട് പോകുന്ന സമയത്ത് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് കരുതുക. മൊത്തം പവർ (3x10)+60+(75x2)= 240 വാട്ട്. ഈ പറഞ്ഞ ഉപകരണങ്ങളെല്ലാം മൊത്തത്തിൽ ഒരു 80 ശതമാനം എഫിഷ്യൻസിയിലേ പ്രവർത്തിക്കൂ എന്നതിനാൽ 20% ഊർജ്ജ നഷ്ടം എങ്കിലും ഇതിനൊട് ചേർക്കേണ്ടി വരും. അപ്പോൾ ലൊഡ് എത്ര വി എ ആണെന്ന് കിട്ടും. അതായത് 288 VA. ഇതാണ് നിങ്ങൾക്ക് ആവശ്യമായ ലോഡ്. പക്ഷേ ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. ഇപ്പറയുന്ന ഉപകരണങ്ങൾ ഓൺ ആകുന്ന സമയത്ത് അല്പം കൂടൂതൽ ഊർജ്ജം ഉപയോഗിക്കുന്നവയാണ്. അതായത് എൽ ഇ ഡി ടിവിയൊക്കെ 60 വാട്ടേ ഉള്ളൂ എങ്കിലും ഓൺ ആക്കുന്ന ഏതാനും സെക്കന്റുകളിൽ അത് 120 മുതൽ 150 വാട്ട് വരെയൊക്കെ പവർ ഉപയോഗിക്കുന്നു. പല ഉപകരണങ്ങളുടെയും കാര്യത്തിൽ ഈ സ്റ്റാർട്ടിംഗ് ലോഡിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അതിനാൽ ഈ ഒരു പ്രശ്നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുകൂടി കണക്കിലെടുത്ത് നമുക്ക് ആവശ്യമായ ഇൻവെർട്ടറിന്റെ കപ്പാസിറ്റി ഒരു 500 വി എ ആണെന്ന് കണക്ക് കൂട്ടാം. പക്ഷേ നമ്മൾ കണക്ക് കൂട്ടീയത് കൊണ്ട് മാത്രമാകില്ലല്ലോ 500 വി എ യുടെ ഇൻവെർട്ടർ കിട്ടുകയും വേണ്ടേ? വിപണിയിൽ പൊതുവേ നല്ല കമ്പനികളുടേതെല്ലാം തന്നെ 650 വി എ യിൽ ആണ് തുടങ്ങുന്നത്. അപ്പോൾ അവിടെയും തെരഞ്ഞെടുപ്പ് എളുപ്പമാകുന്നു. 650 വി എ യ്ക്ക് മുകളിൽ ഉള്ളത് വാങ്ങിയാൽ മതി. ലോഡിന്റെ കണക്ക് കൂട്ടീയപ്പോൾ നേരത്തേ പറഞ്ഞ മിക്സിയുടെ കാര്യം മറന്നു പോയോ? നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ മിക്സി 500 വാട്സ് മുതൽ 950 വാട്സ് വരെ ഉള്ളത് ആണ്. ഉപയോഗിക്കുന്ന കറന്റ് അധികമില്ലെങ്കിലും മിക്സിയുടെ സ്റ്റാർട്ടിംഗ് ലോഡ് ഇരട്ടി എങ്കിലും ഉണ്ടാകും. അതുകൊണ്ട് മിക്സി ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കുന്നത് അഭികാമ്യമല്ല. എങ്കിലും അവിയലിനുള്ള തേങ്ങ ഒന്ന് ചതച്ചെടുക്കാനെങ്കിലും പറ്റുമായിരുന്നെങ്കിൽ .. എന്ന് ചിന്തിക്കുന്നുണ്ടാകും. വിഷമിക്കേണ്ട നമുക്ക് ഇൻവെർട്ടറിന്റെ കപ്പാസിറ്റി ഒന്ന് കൂട്ടിയാൽ മതി. 650 നും പകരം 850 യുടേയോ 950 യുടേതോ വാങ്ങാം. വിലയിൽ ചെറിയ വ്യത്യാസമേ ഉണ്ടാകൂ. മിക്സി ഉപയോഗിക്കുന്നതിനു മുൻപ് മറ്റ് ലോഡുകൾ എല്ലാം ഓഫ് ചെയ്തിരിക്കണം എന്ന് മാത്രം. പിന്നെ 900 വാട്സ് മിക്സിയൊന്നും ഇങ്ങനെ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയുമരുത്. ഇൻവെർട്ടറിലേക്ക് തിരിച്ചു വരാം. 650 VA യും 850-900 VA ഇൻവെർട്ടറും തമ്മിൽ വിപണി വിലയിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ വലുത് തന്നെ തെരഞ്ഞെടുക്കാം. എപ്പോഴാണ് എന്തെങ്കിലുമൊക്കെ ഉപകരണങ്ങൾ അധികമായി കുറച്ച് നേരത്തേക്ക് ആണെങ്കിലും ഉപയോഗിക്കേണ്ടി വരിക എന്നറിയില്ലല്ലോ

ഇവിടെ ഇൻവെർട്ടറുകളൂടെ റേറ്റിംഗ് പറയുമ്പോൾ ഒരു കുനിഷ്ട് കിടക്കുന്നുണ്ട് കേട്ടോ. വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ റേറ്റിംഗ് വാട്ടിലും  നൽകുന്ന ഉപകരണങ്ങളുടെ റേറ്റിംഗ് KVA യിലും  ആയിരിക്കും  പറയുക. അതായത്  ബൾബ് 100 വാട്ടെന്ന് പറയും ഫാൻ 70 വാട്ടെന്ന് പറയും  ജനറേറ്ററും ഇൻവെർട്ടറും ഒക്കെ വാങ്ങുമ്പോൾ അത്  1KVA, 1.5 KVA, 950VA അങ്ങിനെ പോകും. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? വാട്ട് ആമ്പിയറിൽ പറയുന്ന  പവർ = വാട്ടിൽ ഉള്ള പവർ - ഊർജ്ജ നഷ്ടം. അതായത് ഒരു ഇൻവെർട്ടറിന്റെ പവർ റേറ്റിംഗ്  1  KVA  ആണെങ്കിൽ  അത് 100% ഊർജ്ജക്ഷമമായി പ്രവർത്തിച്ചാൽ അത്രയും  പവർ  നൽകാനാകും  എന്നാണ്. പക്ഷേ അത് ഒരിക്കലും പ്രായോഗികമല്ലല്ലോ. ശരാശരി 80% ഊർജ്ജക്ഷമത കണക്കാക്കിയാൽ ഈ ഇൻവെർട്ടറിന്റെ ശരാശരി പവർ 800 വാട്ട്സ് മാത്രമായിരിക്കും. അതുപോലെ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിൽ ഇത് വിപരീതമായിരിക്കും.

ഇനി ഇൻവെർട്ടറുകൾ തന്നെ പല തരം ഉണ്ട്. സ്വ്കയർ വേവ് ഇൻവെർട്ടർ, ക്വാസി സ്ക്വയർ വേവ് ഇൻവെർട്ടർ, സൈൻ വേവ് ഇൻവെർട്ടർ .. ഇങ്ങനെയൊക്കെയുള്ള പേരുകൾ കേട്ടിട്ടുണ്ടായിരിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ ഇൻവെർട്ടറുകൾ നൽകുന്ന കറന്റിന്റെ സ്വഭാവത്തെ അനുസരിച്ചാണീ തരം തിരിവ്. നമ്മുടെ വീട്ടിൽ ഇലക്ട്രിസിറ്റി ബൊഡിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പ്യുവർ സൈൻ വേവ് ആണ്. പക്ഷേ ആദ്യകാലങ്ങളിൽ ഇൻവെർട്ടറുകൾക്ക് പ്യുവർ സൈൻ വേവ് നൽകാൻ കഴിഞ്ഞിരുന്നില്ല പകരം സ്ക്വയർ വേവ് ആയിരുന്നു നൽകിയിരുന്നത്. സൈൻ വേവ് ഉണ്ടാക്കുന്നതിന് ചെലവേറിയ സർക്കീട്ടുകൾ ഉപയോഗിക്കേണ്ടതായിട്ടുണ്ടായിരുന്നു. പിന്നെ സാധാരണ ഇലക്ട്രിക് ബൾബും ഫാനും എല്ലാം പ്രവർത്തിപ്പിക്കാൻ പ്യുവർ സൈൻ വേവ് അത്യാവശ്യവുമല്ലായിരുന്നു. അതുകൊണ്ട് ചില പോരായ്മകളൊക്കെ ഉണ്ടായിരുന്നിട്ടും ഒരു അഡ്ജസ്റ്റ്മെന്റ് എന്ന നിലയിൽ സ്ക്വയർ വേവ് ഇൻവെർട്ടറുകളും സ്ക്വയർ വേവിനെ ഒന്നു കൂടീ മോഡിഫൈ ചെയ്ത് സൈൻ വേവിനോട് ചേർന്ന് നിൽക്കുന്ന ക്വാസി സ്ക്വയർ വേവ്, സ്റ്റെപ്പ്ഡ് സ്ക്വയർ വേവ് തുടങ്ങിയ ഇൻവെർട്ടറുകൾ ഒക്കെ വന്നു. സൈൻ വേവ് അല്ലാത്ത ഇൻവെർട്ടറുകൾ ഉപയോഗിക്കുമ്പോൾ ഫാനുകൾ അല്പം ചൂടാകും. ടെലിവിഷനുകളിലേയും മറ്റ് സൗണ്ട് ബോക്സുകളിൽ നിന്നുമൊക്കെ വണ്ട് മൂളുന്നതുപോലെയുള്ള ശബ്ദശല്ല്യം ഉണ്ടാകും, ട്യൂബ് ലൈറ്റുകളുടെ ചോക്ക് മൂളിക്കൊണ്ടിരിക്കും എന്ന് തുടങ്ങി അല്ലറ ചില്ലറ പ്രശ്നങ്ങൾ അനുഭവപ്പെടും. ഈ പ്രശ്നങ്ങളൊക്കെ അറിയാമായിരുന്നിട്ടും വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നതിനാൽ സൈൻ വേവ് ഇൻവെർട്ടറുകൾ പൊതുവേ വിപണിയിൽ അത്ര പ്രിയങ്കരമായിരുന്നില്ല. പക്ഷേ ഇപ്പോൾ സ്ഥിതി മാറി സൈൻ വേവ് ഇൻവെർട്ടറുകളും മറ്റ് ഇൻവെർട്ടറുകളും തമ്മിൽ കാര്യമായ വില വ്യത്യാസമില്ല. അതുകൊണ്ട് ഒരു പത്തോ അഞ്ഞൂറോ അധികം കൊടുത്താലും സൈൻ വേവ് ഇൻവെർട്ടറുകൾ തന്നെ തെരഞ്ഞെടുക്കുക. നിങ്ങളൂടെ ഉപകരണങ്ങളൂടെ ആയുസ്സിനും ശബ്ദശല്ല്യമില്ലാത്ത പ്രവർത്തനത്തിനും അതാണ് ഏറ്റവും അനുയോജ്യം.

അടുത്ത ചോദ്യം സോളാർ ഇൻവെർട്ടർ വാങ്ങണോ വേണ്ടയോ എന്നാണ്. സോളാർ ഇൻവെർട്ടർ എന്നാൽ ഒരു സോളാർ ചാർജ് കണ്ട്രോളർ കൂടി കൂട്ടിച്ചേർത്ത ഒരു സാധാരണ ഇൻവെർട്ടർ മാത്രമാണ്. അതായത് അനുയോജ്യമായ കപ്പാസിറ്റിയുള്ള സോളാർ പാനലുകൾ ഇതിന്റെ ടെർമിനലുകളിൽ നേരിട്ട് കണക്റ്റ് ചെയ്യാം എന്നർത്ഥം. പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് - ഈ ചാർജ് കണ്ട്രോളറുകളൂടെ കപ്പാസിറ്റി. 300 വി എ കപ്പാസിറ്റി ആണ് സോളാർ ടെർമിനലിന്റേത് എന്ന് നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ കൂടുതൽ കപ്പാസിറ്റി ഉള്ള പാനലുകൾ കണക്റ്റ് ചെയ്യാൻ കഴിയില്ല. അപ്പോൾ ചാർജ് കണ്ട്രോളർ വേറേ വാങ്ങേണ്ടി വരും. സാധാരണ ഇൻവെർട്ടറും ചാർജ് കണ്ട്രോളറും പ്രത്യേകം ആയി വാങ്ങിയാലും വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാകാറില്ല. എങ്കിലും സോളാർ പാനലുകൾ കണക്റ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഇൻവെർട്ടറുകൾ വാങ്ങാവുന്നതാണ്. വെയിൽ ഉള്ളപ്പോൾ ലൈനിൽ നിന്നുള്ള കറന്റ് ഉപയോഗിക്കാതെ സോളാർ പാനലുകളിൽ നിന്നും ബാറ്ററി ചാർജ് ആയിക്കോളും. ആ വഴിക്ക് കറന്റ് ബിൽ ലാഭിക്കാം മാത്രവുമല്ല രണ്ടു ദിവസം കറന്റില്ലാതിരുന്നാലും ഇരുട്ടത്ത് ഇരിക്കേണ്ടിയും വരില്ല.

ഇനി ബാറ്ററിയിലേക്ക് വരാം. ഇൻവെർട്ടറിനേക്കാൾ വിലയുള്ളത് ബാറ്ററിക്കാണെന്നതിനാൽ ബാറ്ററി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലെഡ് ആസിഡ് ബാറ്ററികൾ ആണ് ഇൻവെർട്ടറുകൾക്കായി ഉപയോഗിക്കപ്പെടുന്നത്. ഒരു ബാറ്ററി 12 വോൾട്ടീന്റേത് ആയിരിക്കും. നിങ്ങളുടെ ഇൻവെർട്ടർ 1KVA യിലും താഴെ ഉള്ളതാണെങ്കിൽ 12 വോൾട്ട് ബാറ്ററി മതിയാകും. 1 KVA യിൽ അധികം കപ്പാസിറ്റിയുള്ള ഇൻവെർട്ടറുകളിലെല്ലാം 24 വോൾട്ട് അഥവാ 2 ബാറ്ററികൾ ഉപയോഗിക്കേണ്ടി വരും എന്ന തള്ളവിരൽ നിയമം (Thumb Rule) അറിഞ്ഞിരിക്കുക. ഈ ഒരു പ്രശ്നം ഉള്ളതിനാൽ സാദ്ധ്യമാകുമെങ്കിൽ ലോഡ് പരിമിതപ്പെടുത്തി 1 KVA യിൽ താഴെയുള്ള ഇൻവെർട്ടറുകൾ വാങ്ങുക. ബാറ്ററിയുടെ കപ്പാസിറ്റി ആമ്പിയർ- അവർ ൽ ആണ് സൂചിപ്പിക്കുക അതായത് 60 Ah, 80 Ah, 100 Ah, 130 Ah, 150 Ah, 180 Ah അങ്ങിനെ പോകുന്നു. വാഹനങ്ങളിൽ ഉപയോഗിക്കുന്നതും ഇതുപോലെയുള്ള ലെഡ് ആസിഡ് ബാറ്ററികൾ ആണെങ്കിലും ഈ ബാറ്ററികൾ കണക്റ്റ് ചെയ്താലും ഇൻവെർട്ടറുകൾ പ്രവർത്തിക്കും എങ്കിലും വാഹനങ്ങളുടെ ബാറ്ററികൾ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാതിരിക്കുക. കാരണം രണ്ടിന്റേയും ഉപയോഗത്തിനനുസരിച്ചുള്ള രൂപ കല്പനകളിൽ വ്യത്യാസമുണ്ട്. കാർ ബാറ്ററികൾ സ്റ്റാർട്ടിംഗ് മൊട്ടോറുകൾ പ്രവർത്തിപ്പിക്കാനായി കുറഞ്ഞ സമയത്തേക്ക് പരമാവധി കറന്റ് നൽകാനായി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ഇൻവെർട്ടർ ബാറ്ററികളാകട്ടെ ഏകദേശം ഒരേ നിലയിലുള്ള കറന്റ് ദീർഘ നേരം നൽകാൻ കഴിയുന്ന രീതിയിൽ ഉള്ളതും. ഈ സാഹചര്യത്തിൽ ഇൻവെർട്ടറുകൾക്കായി തയ്യാർ ചെയ്യപ്പെട്ട ട്യൂബുലാർ ബാറ്ററികൾ ആയിരിക്കും കൂടുതൽ അഭികാമ്യം. ഇൻവെർട്ടർ ബാറ്ററികൾ തന്നെ പല തരത്തിലുള്ളവയുണ്ട്. സാധാരണ ഫ്ലഡ്ഡഡ് ആസിഡ് ബാറ്ററികൾ( FLA), സീൽഡ് ലെഡ് ആസിഡ് എന്ന വിഭാഗത്തിൽ പെടുന്ന മെയിന്റനൻസ് ഫ്രീ VRLA ( വാൽവ് റെഗുലേറ്റഡ് ലെഡ് ആസിഡ് ബാറ്ററികൾ) തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട ഉപ വിഭാഗങ്ങളാണ്. ഇതിൽ സാധാരണ ലെഡ് ആസിഡ് ബാറ്ററികൾക്കാണ് ഏറ്റവും വിലക്കുറവ്. അതിൽ ഇടയ്ക്കിടെ ഇലക്ട്രോളൈറ്റിന്റെ അളവ് പരിശോധിച്ച് ഡിസ്റ്റിൽഡ് വാട്ടർ നിറച്ച് കൊടുക്കേണ്ടതായുണ്ട്. ഉപയോഗത്തിനും കാലാവസ്ഥക്കും അനുസരിച്ച് പൊതുവേ രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പൊൾ ഇത് മതിയായിരിക്കും. നല്ല വായു സഞ്ചാരം ഉള്ളിടത്ത് ആയിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. VRLA ബാറ്ററികൾക്ക് വിലക്കൂടൂതൽ ആണെങ്കിലും ഇടയ്ക്കിടയ്ക് വെള്ളമൊഴിച്ച് കൊടുക്കേണ്ട, ഗ്യാസ് എമിഷൻ കുറവാണ്, മറിഞ്ഞ് വീണ് ആസിഡ് ലീക്ക് ആകുമെന്ന പേടി വേണ്ട തുടങ്ങിയ ഗുണങ്ങളൊക്കെ ഉള്ളത് കൊണ്ട് വില താങ്ങാനാകുമെങ്കിൽ വാങ്ങാവുന്നതാണ്. പക്ഷേ വിൽക്കുന്ന സമയത്ത് VRLA ബാറ്ററികളൂടെ ആക്രി വില സാധാരണ ബാറ്ററികളെ അപേക്ഷിച്ച് കുറവായിരിക്കും എന്ന് ഓർക്കുക.

ബാറ്ററികളുടെ കപ്പാസിറ്റിയിലേക്ക് തിരിച്ച് വരാം. 100 Ah ബാറ്ററി എന്നതിനർത്ഥം 12 വോൾട്ട് 100 ആമ്പിയർ കറന്റ് ഒരു മണിക്കൂർ നേരത്തേക്ക് നൽകാൻ ശക്തിയുള്ള ബാറ്ററി എന്നാണ്. അല്ലെങ്കിൽ 10 ആമ്പിയർ കറന്റ് പത്ത് മണിക്കൂർ നേരത്തേക്ക് എന്നും 5 ആമ്പിയർ 20 മണിക്കൂർ നേരത്തേക്കും എന്നൊക്കെ പറയാം. അതായത് ആമ്പിയർ അവർ കപ്പാസിറ്റി കൂടുമ്പോൾ കൂടുതൽ നേരത്തേക്ക് കറന്റ് നൽകാൻ ബാറ്ററിക്ക് ആകുന്നു. ഇനി ഇൻവെർട്ടർ എത്ര നേരം ബാക്കപ്പ് നൽകും എന്ന് കണ്ടുപിടിക്കാനുള്ള ഒരു ലളിതമായ കണക്ക് കൂട്ടൽ നോക്കാം
ഇൻവെർട്ടർ ബാക്കപ്പ് (മണിക്കൂറിൽ ) = ( ബാറ്ററി കപ്പാസിറ്റി x ബാറ്ററി വോൾട്ടേജ് x ഊർജ്ജക്ഷമത ) / ലോഡ് (വി എ യിൽ)
നങ്ങൾ 300 വാട്ട് ലോഡ് 12 വോൾട്ട് 100 ആമ്പിയർ അവർ ബാറ്ററി ഉള്ള ഒരു ഇൻവെർട്ടറിൽ ഉപയോഗിക്കുന്നു എന്ന് കരുതുക. ഇൻവെർട്ടറുകളുടെ പൊതുവേയുള്ള ഊർജ്ജ ക്ഷമത 80% മുതൽ 90 ശതമാനം വരെ മാത്രമായിരിക്കും. ഈ വിവരങ്ങൾ വച്ച് ഒന്ന് കണക്ക് കൂട്ടി നോക്കാം
(100 x 12 x 0.8) /300 =3.2 മണിക്കൂർ.
ഇതിൽ നിന്നും ബാറ്ററിയുടെ കപ്പാസിറ്റി കൂട്ടിയാൽ ബാക്കപ്പ് ടൈം എങ്ങിനെ കൂടുന്നു എന്ന് മനസ്സിലാക്കാമല്ലോ. 100 നു പകരം 150 ആമ്പിയർ അവർ ഉപയോഗിച്ചാൽ ബാക്കപ്പ് 4.8 മണിക്കൂർ ആയി കൂടും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക ഇൻവെർട്ടറും ബാക്കപ്പും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. ഇൻവെർട്ടറിന്റെ ഊർജ്ജ ക്ഷമത മാത്രമാണ് ചെറുതായെങ്കിലും സ്വാധീനം ചെലുത്തുന്നത്. ശരിയായ ശേഷിയുള്ള നല്ല ഒരു ബാറ്ററി തെരഞ്ഞെടുക്കുന്നത് ഇവിടെ പരമപ്രധാനമാണ്.  ബാറ്ററികളിൽ Ah റേറ്റിംഗിനും  പുറമെ C5, C10, C20 തുടങ്ങിയ റേറ്റിംഗുകളും കാണാം. ഇതിനർത്ഥം പ്രസ്തുത ബാറ്ററി എത്ര മണിക്കൂർ നേരം കൊണ്ട് ഡിസ്ചാർജ് ചെയ്യാം  എന്നതിനെ സൂചിപ്പിക്കുന്നു. അതായത് 100 Ah C 5 ബാറ്ററി 20 ആമ്പിയർ അഞ്ചു മണിക്കൂർ കൊണ്ട് തന്ന് തീർക്കും. അതിൽ കൂടൂതൽ കറന്റ് ഇതിൽ നിന്നും എടുക്കാൻ നോക്കിയാൽ ബാറ്ററിയുടെ ആയുസ്സ് കുറയും. 100Ah C10 ബാറ്ററി 10 ആമ്പിയർ കറന്റ് 10 മണിക്കൂർ നേരത്തേക്ക് നൽകാൻ കഴിവുള്ളതാണ്. അതിലും കൂടൂതൽ ലോഡ് നൽകി ബാറ്ററിയെ പെട്ടന്ന് ഡിസ്ചാർജ് ചെയ്യിച്ചാൽ അത് ദോഷം  ചെയ്യും. പൊതുവേ വല്ലപ്പോഴും കറന്റ് പോകുന്ന  ശരാശരി ഗാർഹിക ഉപയോഗങ്ങൾക്ക് C20  ബാറ്ററി ആണ് കൂടുതൽ ഉപയോഗപ്പെടുത്തുന്നത് എങ്കിലും  ബാറ്ററി കൂടൂതലായി ഉപയോഗപ്പെടുത്തുന്ന സോളാർ സംവിധാനം കൂടി ചേർക്കാൻ ഉദ്ദേശമൂണ്ടെങ്കിൽ C10 ബാറ്ററികൾ ഉപയോഗിക്കാം.

ആദ്യ കാലങ്ങളിൽ ഇൻവെർട്ടർ കമ്പനിക്കാർ ബാറ്ററി വിപണനം ചെയ്തിരുന്നില്ല. ഇൻവെർട്ടറും ബാറ്ററിയും വേറേ വേറെ കമ്പനികളുടേതായി ആയിരുന്നു വാങ്ങിയിരുന്നത്. പക്ഷേ ക്രമേണ ഇൻവെർട്ടർ കമ്പനികൾ തന്നെ അവരുടെ ബ്രാൻഡുകളിൽ ബാറ്ററികൾ കൂടി ഇറക്കാൻ തുടങ്ങി. മിക്ക ഇൻവെർട്ടർ കമ്പനികളുടെ ആദ്യ കാല ബാറ്ററികളെല്ലാം തന്നെ ഏതെങ്കിലുമൊക്കെ ലോക്കൽ / ചൈനീസ് കമ്പനികളൂമായി സഹകരിച്ച് റീ ബ്രാൻഡ് ചെയ്ത് എടുക്കുന്നവ ആയിരുന്നു, അതിനാൽ ഗുണനിലവാരം വളരെ കുറവായിരുന്നു. പരാതികൾ വ്യാപകമായപ്പോൾ ഇപ്പോൾ കാര്യങ്ങളിൽ വ്യത്യാസം വന്ന് തുടങ്ങിയിട്ടുണ്ട്. എന്തു തന്നെയായാലും ബാറ്ററി വാങ്ങുമ്പോൾ ബാറ്ററിയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനികളിൽ നിന്നും വാങ്ങുന്നത് തന്നെയാണ് ഉത്തമം. അതായത് എക്സൈഡ്, ആമറോൺ തുടങ്ങിയവ ഉദാഹരണങ്ങൾ. ഇൻവെർട്ടറുകൾ എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാമെങ്കിലും ബാറ്ററികളുടെ കാര്യം അങ്ങനെ അല്ല. എത്ര നല്ല ബാറ്ററി ഉപയോഗിച്ചാലും ഉപയോഗത്തിനനുസരിച്ച് പരമാവധി 5 വർഷമൊക്കെ ആയുസ്സ് ലഭിച്ചേക്കാം. ബാറ്ററി വാങ്ങുമ്പോൾ വാറന്റിയുടെയും എക്സ്റ്റൻഡഡ് വാറന്റിയുടേയും കാര്യത്തിൽ പിശുക്ക് കാണിക്കരുത്. കാരണം എപ്പോൾ വേണമെങ്കിൽ നാശമാകാൻ സാദ്ധ്യതയുള്ള ഒന്നാണിത് എന്നതു തന്നെ. കൂടുതൽ കാലം റീപ്ലേസ്മെന്റ് ഗ്യാരണ്ടി നൽകുന്ന ബാറ്ററികൾ അല്പം വിലക്കൂടുതൽ ആയാലും തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. വലിയ കമ്പനികളോട് കിടപിടിക്കുന്ന ഗുണനിലവാരമുള്ള ചില ലോക്കൽ ബ്രാൻഡ് ബാറ്ററികളും ഉണ്ട്. അതിനാൽ ബാറ്ററികളുടേയ്യും വിൽപ്പനാനന്തര സേവനങ്ങളുടേയ്യും കാര്യത്തിൽ അല്പം ഗവേഷണം നടത്തിയതിനു ശേഷം വാങ്ങുന്നതായിരിക്കും നല്ലത്. ഓൺ ലൈൻ ആയി ബാറ്ററി വാങ്ങുന്നത് നഷ്ടമായിരിക്കും. കാരണം ബാറ്ററിയുടെ ഓൺലൈൻ വില മിക്കപ്പോഴും കടകളിലേക്കാൾ കൂടുതൽ ആയിരിക്കും. അതുകൊണ്ട് എപ്പോഴും ഓൺലൈൻ വിലയേക്കാൾ കുറഞ്ഞ വില കിട്ടാനായി വിലപേശാൻ മടിക്കരുത് .

ബാറ്ററിയുടെ കപ്പാസിറ്റിയെക്കുറിച്ച് നേരത്തേ പറഞ്ഞല്ലോ. കേരളത്തിലെ സാഹചര്യത്തിൽ മഴക്കാലത്തെ ചില പ്രത്യേക ദിവസങ്ങളിൽ ഒഴിച്ച് മണിക്കൂറുകൾ നീളുന്ന വൈദ്യുത തടസ്സങ്ങൾ അപൂർവ്വം ആയിരിക്കും. അതിനാൽ വലിയ കപ്പാസിറ്റി ഉള്ള ബാറ്ററികൾ യഥാർത്ഥത്തിൽ ഇവിടെ ഉപയോഗിക്കേണ്ട ആവശ്യവുമില്ല. പൊതുവേ നമ്മൂടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്ന ഇൻവെർട്ടർ + ബാറ്ററി കോമ്പിനേഷൻ 850 വി എ ഇൻവെർട്ടർ + 150 ആമ്പിയർ അവർ ബാറ്ററി എന്നതാണ്. ഇതിൽ 150Ah വേണമെന്ന് യാതൊരു നിർബന്ധവും ഇല്ല 100Ah ചെറിയ വൈദ്യുത തടസ്സമുള്ള സാഹചര്യത്തിൽ ധാരാളം മതിയാകും.
ഇൻവെർട്ടർ വയറിംഗ് വളരെ ലളിതമാണ്.

ഇൻവെർട്ടർ കണക്റ്റ് ചെയ്യുമ്പോൾ ന്യൂട്രലും എർത്തും ഹൗസ് വയറിംഗിന്റേത് തന്നെ ആയിരിക്കും. അതിനാൽ ഒരൊറ്റ വയറിലൂടെ ഫേസ് മാത്രം ആവശ്യമായ ഉപകരണങ്ങളിലേക്ക് എത്തിച്ചാൽ മതിയായിരിക്കും. വീടുകളിൽ വയറിംഗ് ചെയ്യുമ്പോൾ ഇൻവെർട്ടറുകൾക്കായി ഒരു നല്ല ഗേജുള്ള വയർ എല്ലാ സ്വിച്ച് ബോഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് മുൻകൂട്ടി ഇട്ട് വയ്ക്കുന്നത് നന്നായിരിക്കും. ഇതിലൂടെ ഇൻവെർട്ടർ പിന്നീട് സ്ഥാപിക്കുമ്പോൾ പ്രത്യേകം വയറിംഗ നടത്തേണ്ട ആവശ്യവും ലോഡ് തരം തിരിക്കുന്നതിലുള്ള വിഷമതകളും ഒഴിവാകുന്നു.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പേമാരിയാണ് 99 ലെ വെള്ളപ്പൊക്കം.മലയാളമാസം1099 കർക്കടകം ഒന്നിന് (1924) തുടങ്ങിയ പെരുമഴ മൂന്നാഴ്ചയോളം തുടർന്നു.ആലപ്പുഴ ഏതാണ്ട് പൂർണമായും എറന്നാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി.മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾ ചേരുന്നിടത്ത് ഉരുൾപ്പൊട്ടിയും മരങ്ങൾ കടപുഴകിയും തനിയെ ഒരു ബണ്ട് ഉണ്ടായി.(ഇന്നവിടെ അണക്കെട്ടുണ്ട്)തുടർന്നുള്ള ഉരുൾപ്പൊട്ടലിൽ ബണ്ട് തകർന്നപ്പോൾ ഒരു അണക്കെട്ട് തകർന്നപോലെയായിരുന്നു. വെള്ളപ്പാച്ചിലിൽ മൂന്നാർ തകർന്നടിഞ്ഞു. റോഡുകളും റെയിൽവേ സ്‌റ്റേഷനും റെയിൽപ്പാതയും ഒലിച്ചുപോയി.
മൂന്നാറിനു സമീപമുള്ള ആയിരം ഏക്കർ വരുന്ന സ്ഥലം വെള്ളംനിറഞ്ഞ് വൻ തടാകമായി.മഴതുടങ്ങി ആറാം ദിവസം ഇതുംപൊട്ടി.200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചായിരുന്നു വെള്ളപ്പാച്ചിൽ അവസാനിച്ചത്. 150 അടി ഉയരമുള്ള വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലിലെ രണ്ട് ജനറേറ്ററുകളും മണ്ണിനടിയിലായി.

പൂർണമായും തകർന്ന മൂന്നാറിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് ബ്രിട്ടീഷുകാരാണ്.തേയില നട്ടും റോഡുകൾ നന്നാക്കിയും മൂന്നാറിനെ പഴയ മൂന്നാറാക്കി. പക്ഷേ എന്നെന്നേക്കുമായ ഇല്ലാതായ ഒന്നുണ്ട് ,തീവണ്ടി.പിന്നീടൊരിക്കലും മൂന്നാറിലേക്ക് തീവണ്ടി ഓടിക്കയറിയില്ല.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ക്ഷമയുടെ അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക

ക്ഷമയുടെ നെല്ലിപ്പടി കണ്ടു അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ടു എന്ന് കേട്ടിട്ടുണ്ടാവും. എന്താണ് ഈ നെല്ലിപ്പലക?
പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണിത്. വളരെ ലളിതമായി പറഞ്ഞാല്‍ കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി. നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.
വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
അമ്പത് വർഷങ്ങൾക്കു മുമ്പ് നെല്ലിപ്പലകകൾ വിൽക്കുന്ന കടകൾ പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് കോഴിക്കോടുള്ള ഒരു കടയിൽ മാത്രമേ ഇവയുള്ളു. പരമ്പരാഗതമായി നടത്തി വന്നതിനാലാണ് ഇന്നും ആവശ്യക്കാർ കാര്യമായി ഇല്ലെങ്കിലും ഇത് തുറക്കുന്നതെന്ന് 85 വയസ്സിലേറെ പ്രായമുള്ള ഇതിന്റെ ഉടമസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.
കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...