കോഴിക്കോടിന്റെ സ്വന്തം കോഴി

ടർക്കി കോഴിയെ അറിയില്ലേ. കൊക്കിന്റെ അടിയിൽ നിന്ന് താഴേക്ക്‌ തൂങ്ങിക്കിടക്കുന്ന താടി പോലെ തോന്നിക്കുന്ന മാംസള ഭാഗം ടർക്കിക്കോഴികളുടെ പ്രത്യേകതയാണ്‌. കോഴിയേക്കാൾ വലുപ്പവും കഴിക്കുന്ന ആഹാരം മുഴുവൻ ഇറച്ചിയാക്കാനുള്ള കഴിവും ഇവയ്‌ക്ക്‌ കൂടുതലാണ്‌. ഏഴ്‌ മാസം പ്രായമാകുമ്പോൾ തന്നെ ഒമ്പത്‌ കിലോയോളം ഭാരമുണ്ടാവും.

ശരിക്കും ഈ കോഴിക്ക്‌ ആരാണാവോ തുർക്കി അഥവാ ടർക്കി എന്ന് പേർ നൽകിയത്‌. തുർക്കി എന്ന രാജ്യവുമായി ഈ കോഴിക്ക്‌ എന്തെങ്കിലും ബന്ധമുണ്ടോ?

🦃 ടർക്കി v/s തുർക്കി

• കോഴി വർഗ്ഗത്തിൽ പെടുന്നതും ഇച്ചിരി തണ്ടും തടിയുമുള്ള വലിയ പക്ഷികളാണല്ലോ ടർക്കി. ടർക്കിയുടെ മലയാളം കൽക്കം എന്നാണ്‌. വാങ്കോഴി എന്നും ഇവ അറിയപ്പെടുന്നു. മുട്ടക്കും ഇറച്ചിക്കുമായി ഇണക്കി വളർത്തപ്പെടുന്ന ഇതിന്റെ സ്വദേശം വടക്കേ അമേരിക്കയാണ്‌. ഡച്ചുകാർ വഴി ഇന്ത്യയിൽ എത്തിയത്‌ കൊണ്ടാണ്‌ ഇതിന്ന് 'ഡച്ചു കോഴി' എന്നർത്ഥം വരുന്ന കൽക്കം എന്ന പേർ വന്നത്‌. പല നാടുകളിൽ പല പേരിൽ അറിയപ്പെടുന്ന പക്ഷിവർഗ്ഗമാണിത്‌.

ടർക്കി എന്ന രാജ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇവയ്‌ക്ക്‌ ആ പേർ എങ്ങനെ വന്നൂ ന്ന് നോക്കാം. ചരിത്രമാണ്‌, അൽപം പിറകോട്ട്‌ പോകേണ്ടി വരും.

• പതിനാലാം നൂറ്റാണ്ടിൽ ലോകത്തിലെ ജനനിബിഡമായ ഭൂരിപക്ഷം പ്രദേശങ്ങളും തുർക്കികളുടെ (ഒട്ടോമാൻ സാമ്രാജ്യം) കീഴിലായിരുന്നല്ലോ. ആ കാലഘട്ടത്തിൽ പടിഞ്ഞാറേ ആഫ്രിക്കയിൽ കാണപ്പെട്ടിരുന്ന ഗിനിക്കോഴി (Guinea fowl) തുർക്കിയിലുമെത്തി. തുർക്കിയിൽ നിന്ന് ഓട്ടോമൻ ഭരണത്തിന്ന് കീഴിലുള്ള പല യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഈ ഗിനിക്കോഴിയെ തുർക്കികൾ എത്തിക്കുകയുണ്ടായി. അത്‌ കൊണ്ട്‌ തന്നെ യൂറോപ്പിലെങ്ങും ഗിനിക്കോഴി 'ടർക്കി ക്കോഴി' എന്നറിയപ്പെട്ടു.

• പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യർ അമേരിക്കയിലെത്തിയപ്പോൾ നോർത്ത്‌ അമേരിക്കൻ സ്വദേശിയായ, മെലെഗരിസ്‌ വർഗ്ഗത്തിൽ പെടുന്ന വലിയ 'കോഴി'യെ യൂറോപ്പിലെത്തിച്ചു. മെക്സിക്കോയിലാണ്‌ ഇവ കൂടുതൽ കാണപ്പെട്ടിരുന്നത്‌. അക്കാലത്ത്‌ യൂറോപ്പിൽ കൂടുതൽ കാണപ്പെട്ടിരുന്ന തുർക്കിക്കാർ എത്തിച്ച ഗിനിക്കോഴി തന്നെയാണിതെന്ന് തെറ്റിദ്ധരിക്കപ്പെടുകയും അവയെ ടർക്കി കോഴി എന്ന് വിളിക്കപ്പെടുകയും ചെയിതു പോന്നു. കാസറഗോഡ്‌ ഭാഗത്ത്‌ ഗിനികോഴിയെ ഇന്നും ടർക്കി കോഴി എന്ന് തന്നെയാണ്‌ പറയാർ. ഇന്ന് ആഫ്രിക്കൻ വംശജനായ ഗിനിക്കോഴി, ഗിനിക്കോഴി എന്ന പേരിലും മെക്സിക്കൻ വംശജനായ കോഴി 'ടർക്കി' (തുർക്കി)ക്കോഴി എന്ന പേരിലും അറിയപ്പെടുന്നു.

• കോഴിക്കോടുമായി വളരെയധികം ബന്ധം പുലർത്തുന്ന കോഴിയാണ്‌ ഈ ടർക്കിക്കോഴി എന്ന് തോന്നിയിട്ടുണ്ട്‌. പേരിൽ തന്നെ കോഴിയുള്ള കോഴിക്കോടിന്റെ പേരിന്റെ പിറകിൽ ഒരു പൂവൻ കോഴിയോ പിടക്കോഴിയോ ഇല്ലെന്ന് ചരിത്രം പറയുമ്പോഴും, ടർക്കി കോഴിയുമായി കോഴിക്കോടിന്ന് ബന്ധമുണ്ട്‌. ടർക്കി കോഴിക്ക്‌ ടർക്കി എന്ന് പേരിട്ടത്‌ ഇംഗ്ലീഷുകാരാണെന്ന് പറഞ്ഞുവല്ലോ. ഇംഗ്ലീഷുകാർ എത്തിച്ചേർന്നതും ഇംഗ്ലീഷ്‌ സംസാരിക്കുന്ന നാടുകളിലും മാത്രമാണ്‌ ഈ കോഴി ടർക്കി എന്ന് അറിയപ്പെടുന്നത്‌. മറ്റു പല രാജ്യങ്ങളിലും പല പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. മലയാളത്തിൽ കൽക്കം എന്ന പേർ വരാൻ കാരണം ഡച്ചുകാരാണല്ലോ. ഡച്ചുകാർക്ക്‌ ഈ കോഴി കൽക്കോം (kalkoen) തന്നെയാണ്‌. കാലിക്കറ്റ്‌ എന്ന് ഇംഗ്ലീഷുകാരും കാലിക്കൂറ്റ്‌ എന്ന് അറബികളും വിളിച്ച കോഴിക്കോടിനെ ഡച്ചുകാർ വിളിച്ചിരുന്നത്‌ കൽക്കം എന്നാണ്‌. ചെറിയ സ്പെല്ലിംഗ്‌ വ്യത്യാസത്തോടെ കൽക്കോം ന്ന് വിളിച്ചപ്പോൾ അതിനർത്ഥം 'കോഴിക്കോടിന്റെ കോഴി' അല്ലെങ്കിൽ ഇന്ത്യയുടെ കോഴി എന്നാണ്‌. ഇന്ത്യയെന്നാൽ കോഴിക്കോട്‌ എന്നായിരുന്നു അവർ കരുതിയിരുന്നത്‌. Calicut-hoen, "hen of Calicut" എന്ന വാക്കാണ്‌ കൽക്കോം ആയി മാറിയത്‌. നെതർലാന്റുകാർക്കും ബെൽജിയം കാർക്കും ടർക്കി, ടർക്കിയല്ല. കോഴിക്കോടിന്റെ കോഴിയാണ്‌.

അത്‌ പോലെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പല പേരുകളിലാണ്‌ ഇവ അറിയപ്പെടുന്നത്‌. മലേഷ്യയിൽ ഈ കോഴിയെ പരിചയപ്പെടുത്തിയത്‌‌ ഡച്ചുകാരായിരുന്നു. അത്‌ കാരണം ടർക്കി കോഴി, അവർക്ക്‌ ഡച്ച്‌ കോഴിയാണ്‌. ഫ്രഞ്ചുകാർക്കും ഇറ്റലികാർക്കും അർമ്മീനിയ, ജോർജ്ജിയ തുടങ്ങിയ രാജ്യക്കാർക്കൊക്കെ ഇത്‌ 'ചിക്കൻ ഓഫ്‌ ഇന്ത്യ' ആണ്‌. അത്‌ പോലെ പോളണ്ടുകാർക്കും റഷ്യക്കാർക്കും ഇത്‌ ഇന്ത്യൻ കോഴി തന്നെ. ഏറ്റവും രസം തുർക്കികാരുടേതാണ്‌. നമ്മൾ ടർക്കി എന്ന് വിളിക്കുന്ന ഇവനെ അവർ വിളിക്കിന്നത്‌ Hindi എന്നാണ്‌. 😀
സിംഹളഭാഷയിൽ കൽക്കുമാ, കാലിക്കറ്റിൽ നിന്ന് വന്ന പേർ. ഹിന്ദിയിലും ഉറുദുവിലും പോർച്ചുഗീസ്‌ ഭാഷയിലുമൊക്കെ ടർക്കി 'പേറു' ആണ്‌. പോസ്ര്ച്ചുഗീസുകാരുടെ കോഴി. അറബികൾക്കിടയിൽ ഇവൻ പക്കാ റോമനാണ്‌,  ' ദജാജ്‌ റുമി' അഥവാ റോമാക്കാരുടെ കോഴി. ഓരൊ പേരുകൾ വരുന്ന വഴിയേ.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...