കോപ്പി ലുവാക്: ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി

ലോകത്തിലെ ഏറ്റവും വിലയേറിയ പാനീയങ്ങളിലൊന്ന് ഒരിനം കാപ്പിയാണ് - പ്രധാനമായും ഇന്‍ഡൊനീഷ്യയില്‍ നിന്നു വരുന്ന, കോപ്പി ലുവാക് എന്നറിയപ്പെടുന്ന വിശേഷപ്പെട്ട കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന കാപ്പി. ഒരു കപ്പിന് ലണ്ടനിലെ വില ഏതാണ്ട് 3500 രൂപ. പൊടി കിലോവിന് ആഗോളവിപണിയില്‍ 9,800 രൂപ മുതല്‍ 59,000 രൂപ വരെ.
ഇന്‍ഡൊനീഷ്യയില്‍ ലുവാക് എന്നറിയപ്പെടുന്ന ഏഷ്യന്‍ പാം സിവെറ്റ് എന്ന ജന്തുവിനെ കാപ്പിപ്പഴം തീറ്റി, അതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചതാണ് ഈ സവിശേഷമായ കാപ്പിപ്പൊടി. ഏഷ്യന്‍ പാം സിവെറ്റ് എന്നാല്‍ നമ്മുടെ മരപ്പട്ടി തന്നെ.

കാപ്പിക്കുരുവിനെ ദഹിപ്പിക്കാന്‍ മരപ്പട്ടിക്ക് സാധ്യമല്ലെങ്കിലും മരപ്പട്ടിയുടെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്നു പോരുന്ന കാപ്പിക്കുരു അതോടെ സവിശേഷമായ സ്വാദുള്ളതായിത്തീരുന്നു. സാധാരണ ഫില്‍ട്ടര്‍ കാപ്പിപ്പൊടിയുടെ വില കിലോവിന് 350 - 400 രൂപ നിലവാരത്തിലാണെന്നോര്‍ക്കണം. മരപ്പട്ടിയുടെ വയറ്റിലൂടെ കടന്നു വരുമ്പോള്‍ അതിന് കിലോവിന് 9,800 - 59,000 രൂപയാകുന്നു. ഏകദേശം 25-150 മടങ്ങ് നിലവാരത്തിലുള്ള മൂല്യവര്‍ധന

കുറച്ചുകാലം മുമ്പ് ഈ അമൂല്യ പാനീയം വിവാദത്തില്‍പ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ജനസംഖ്യയുള്ള രാജ്യം കൂടിയായ ഇന്‍ഡൊനീഷ്യയിലെ ചില യാഥാസ്ഥിതിക മതസംഘടനകള്‍ ഈ കാപ്പിയുടെ വിശുദ്ധിയെ ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്. നന്നായി വൃത്തിയാക്കിയ ശേഷമേ ഈ കാപ്പിക്കുരുക്കള്‍ പൊടിക്കുന്നുള്ളൂ എന്ന വിശദീകരണം വന്നതോടെ വിവാദം കെട്ടടങ്ങി. അല്ലെങ്കിലും ഇത് കുടിക്കുന്നവരേറെയും ഇന്‍ഡൊനീഷ്യക്കാരല്ല, പാശ്ചാത്യരാണ് എന്നിരിക്കെ വലിയ സംഖ്യകളിലുള്ള കയറ്റുമതി വരുമാനം കളയാന്‍ സമ്പന്നരാജ്യമല്ലാത്ത ഇന്‍ഡൊനീഷ്യക്ക് സാധിക്കുമെന്ന് വിചാരിക്കുന്നത് ന്യായമല്ലല്ലൊ.

ആദ്യകാലങ്ങളില്‍ യാദൃശ്ചികമായാണ് ഇത്തരം ലുവാക്ക് കാപ്പിക്കുരുക്കള്‍ കണ്ടുകിട്ടിയിരുന്നത്. എന്നാല്‍ ആ വിശേഷപ്പെട്ട കുരുവിന്റെ സ്വാദും ഡിമാന്‍ഡും വിലക്കൂടുതലും മനസ്സിലാക്കിയ ഇന്‍ഡൊനീഷ്യക്കാര്‍ സംഗതിയെ അങ്ങനെ യാദൃശ്ചികതയ്ക്ക് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ഫലമോ - കാപ്പിത്തോട്ടങ്ങളോട് ചേര്‍ന്ന് അവര്‍ മരപ്പട്ടികളെ കൂട്ടിലിട്ടു വളര്‍ത്തുന്നു. അവയ്ക്ക് കാപ്പിപ്പഴങ്ങള്‍ തീറ്റയായി നല്‍കി, പഴത്തിന്റെ മാംസം ദഹിച്ച ശേഷം കാഷ്ഠമായി ബാക്കിവരുന്ന കാപ്പിക്കുരു പൊടിച്ച് ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നു.
മരപ്പട്ടി എന്നു കേട്ടാല്‍ നല്ല ഇറച്ചിയാണ് എന്നാണ് ചിലര്‍ ചാടിക്കേറിപ്പറയുക. പൊന്മുട്ടയിടുന്ന താറാവിനെ കഥയില്‍ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍ പൊന്‍കാഷ്ഠമിടുന്ന ഒരു ജന്തുവുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...