അലന്‍ ടൂറിംഗ്: ഒരു പരാജയ കഥ

ശാസ്ത്രം.. അതൊരിക്കലും വിജയിച്ചവന്റെ കണ്ട് പിടുത്തങ്ങളുടേയും അവര്‍ നേടിയ ബഹുമതികളുടേയും ആദരവിന്റേയും മാത്രം കഥയല്ല, പരാജിതരായ ചിലര്‍ അനുഭവിച്ച അവഗണനകളുടേയും തിരസ്ക്കാരങ്ങളുടേയും ജീവോത്യാഗങ്ങളുടേതും കൂടിയായ ഒരു ലോകമാണ്. ഇതില്‍ നിന്നൊക്കെ ഏറെ വ്യതസ്തനായ ഒരാളുണ്ട്. വിജയിച്ചിട്ടും പരാജയപ്പെട്ട് അവസാനം കാലത്തിന്റെ കാവ്യ നീതി തേടിയെത്തിയപ്പോള്‍ അന്തിമ വിജയം നേടിയ ഒരാള്‍.. അദ്ധേഹമാണ് അലന്‍ ടൂറിംഗ്.. അധികമാളുകള്‍ കേട്ടിരിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു  പേരായിരിക്കാം അത്. പക്ഷെ ആ പേരിന് പിന്നില്‍ കൂര്‍മബുദ്ധിയുടേയും ത്യാഗത്തിന്റേയും നന്ദികേടിന്റെയും ഒരുപാട് കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു മഹായുദ്ധം അവസാനിപ്പിക്കാന്‍ മുഖ്യ കാരണക്കാരനായതിനാല്‍ ലക്ഷോപലക്ഷം ആളുകളെ മരണത്തില്‍ നിന്ന് രക്ഷിച്ചവന്‍ ആയിരിക്കെ തന്നെ സ്വന്തം സെക്ഷ്വല്‍ പരിഗണന മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായതിന്റെ മാത്രം പേരില്‍ ബഹുമാനം നല്‍കേണ്ട സ്വന്തം രാജ്യം അപമാനിച്ച് ആത്മഹത്യയില്‍ കൊണ്ടെത്തിച്ച ഒരു മഹാനായ ശാസ്ത്രജ്ഞന്റെ കഥ.

1912ല്‍ ലണ്ടനിലാണ് മാത്തമാറ്റിഷ്യനും പില്‍ക്കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവുമായി അറിയപ്പെട്ടിരുന്ന അലന്‍ ടൂറിംഗിന്റെ ജനനം. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലിക്കാരായിരുന്ന നെതര്‍ലന്‍ഡ്സ് വംശജരായിരുന്നു അദ്ധേഹത്തിന്റെ മാതാപിതാക്കള്‍. ചെറുപ്പത്തില്‍ തന്നെ ഗണിതത്തിലും ശാസ്ത്രത്തിലും അപാരമായ താത്പര്യം പ്രകടിപ്പിച്ചിരുന്ന ടൂറിംഗ് തന്റെ പതിനാറാം വയസ്സില്‍ ഐന്‍സ്റ്റീന്‍, ന്യൂട്ടന്റെ ചലന നിയമത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഗണിതഭാഷ്യം ചമച്ച് കൊണ്ട് ശ്രദ്ധേയനായി. സ്ക്കൂള്‍ കാലഘട്ടത്തില്‍ ടൂറിംഗിന് ലഭിച്ച കൂട്ടായിരുന്നു ക്രിസ്റ്റഫര്‍ മോര്‍ക്കം. ശാസ്ത്ര സാന്കേതികമായി ഉയര്‍ന്ന അഭിരുചി പ്രകടിപ്പിച്ചിരുന്ന മോര്‍ക്കം തന്നെ ആയിരുന്നൂ ടൂറിംഗിന്റെ ആദ്യത്തെ പങ്കാളിയും. പക്ഷെ ആ സൗഹൃദം അധികം കാലം നിലനിന്നില്ല, ട്യൂബര്‍കുലോസിസ് വന്ന് മോര്‍ക്കം അകാലത്തില്‍ മരണമടഞ്ഞു. മോര്‍ക്കത്തിന്റെ മരണം തികഞ്ഞ യുക്തിവാദി ആയിരുന്ന ടൂറിംഗുമായുള്ള കൂട്ട് കെട്ടിനാല്‍ ആണ് സംഭവിച്ചതെന്ന പ്രചരണം ടൂറിംഗിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നൂ.

ഷെര്‍ബോണിലെ സ്ക്കൂള്‍ ജീവിതത്തിന് ശേഷം ക്യാംബ്രിഡ്ജിലെ കിംഗ്സ് യൂണിവേഴ്സിറ്റിയില്‍ ബിരുദമെടുക്കാനായി ചേര്‍ന്ന ടൂറിംഗ് ആ കാലയളവില്‍ ഗണിത ശാസ്ത്രത്തില്‍ ഒട്ടേറെ കണ്ട് പിടുത്തലുകള്‍ നടത്തുകയുണ്ടായി. ലിമിറ്റ്സുമായും ഡെറിവേറ്റീവുമായും ബദ്ധപ്പെട്ടിട്ടുള്ളത് ആയിരുന്നു അവയില്‍ ഏറെയും. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചിരുന്ന സമയമായിരുന്നൂ അത്. തുടര്‍ന്ന് നിര്‍ബദ്ധിത സൈനിക സേവനത്തിനായി ടൂറിംഗ് ബ്ലെച്‌ലി പാര്‍ക്കിലെ സൈന്യത്തിന്റെ ക്രിപ്റ്റോഗ്രാഫി അനാലിസിസ് സെന്ററില്‍ ജോലിക്ക് ചേര്‍ന്നൂ.. പിന്നെ നടന്നതൊക്കെ ചരിത്രം..

അക്കാലത്ത് മിലിട്ടറികള്‍ തമ്മിലുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത് കോഡ് ഭാഷയില്‍ (എന്‍ക്രിപ്റ്റഡ്‌) ആയിരുന്നൂ. യുദ്ധത്തില്‍ സഖ്യകക്ഷികളുടെ പ്രധാന എതിരാളി ആയിരുന്ന ജര്‍മ്മനി തങ്ങളുടെ സൈനീക രഹസ്യങ്ങള്‍ കൈമാറിയിരുന്നത് എനിഗ്മ എന്ന യന്ത്രത്തിലൂടെ ആയിരുന്നൂ. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ ആര്‍തര്‍ ഷെര്‍ബ്യിയസ് എന്നൊരു ജര്‍മ്മന്‍ എഞ്ചിനിയറായിരുന്നൂ എനിഗ്മ മെഷ്യീന്‍ കണ്ട് പിടിച്ചത്. ഇലക്ട്രോ മെക്കാനിക്കല്‍ റോട്ടര്‍ സൈഫര്‍ മെഷീനായ എനിഗ്മയില്‍ ഓരോ വാക്കിനും ലക്ഷക്കണക്കിന് കോംപിനേഷന്‍ സാധ്യമാവും എന്നുള്ളതിനാല്‍ ഇതിന്റെ കീ ലഭിക്കാതെ ഈ മെസ്സേജുകള്‍ ഡീക്രിപ്റ്റ് ചെയ്യുന്നത് ഏറെക്കുറെ അസാധ്യം ആയിരുന്നൂ. എനിഗ്മയില്‍ നിന്ന് പിടിച്ചെടുക്കുന്ന വിവരങ്ങളുടെ ഡിക്രിപ്ഷന്‍ മാത്രം ലക്ഷ്യം വെച്ച് ബ്ലെച്ച്ലി പാര്‍ക്കില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നൂ. ടൂറിംഗിന്റെ ഗണിത ശാസ്ത്രത്തിലും പ്രോബ്ലം സോള്‍വിംഗ് അല്‍ഗോരിതങ്ങള്‍ കണ്ട് പിടിക്കാന്‍ അദ്ധേഹം പ്രകടിപ്പിച്ചിരുന്ന കഴിവിലും ഉത്തമ വിശ്വാസം ഉണ്ടായിരുന്ന ബ്രിട്ടീഷ് അധികൃതര്‍ നാല് പേരുടെ ഒരു സംഘത്തെ നിയമിച്ച് ടൂറിംഗിനെ അതിന്റെ തലവനാക്കി.

ഹിറ്റ്ലര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചിരുന്ന കാലമായിരുന്നു അത്. അതിനേറ്റവും കാരണം അപ്രതീക്ഷിതമായി ഹിറ്റ്ലര്‍ നടത്തിയിരുന്ന മിന്നല്‍ ആക്രമണങ്ങള്‍ ആയിരുന്നൂ. ഇതിന് ഹിറ്റ്ലറെ സഹായിച്ചതാകട്ടെ കുറ്റമറ്റ തന്റെ വാര്‍ത്ത വിനിമയ സൗകര്യങ്ങളും. അതുകൊണ്ട് തന്നെ സഖ്യകക്ഷികള്‍ എല്ലാം തന്നെ എനിഗ്മ എന്ന ഹിറ്റ്ലറിന്റെ വജ്രായുധത്തെ തകര്‍ക്കാനുള്ള വഴികള്‍ തേടി കൊണ്ടിരിക്കുന്ന കാലഘട്ടം ആയിരുന്നൂ അത്. മൂന്ന് കൊല്ലത്തോളമുള്ള തന്റെ നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ടൂറിംഗിന് തന്റെ ആദ്യത്തെ മെസ്സേജ് ഡിക്രിപ്റ്റ് ചെയ്ത് പിടിച്ചെടുക്കാനായത്, എന്നാലും ആ വിവരം അദ്ധേഹം അധികൃതരെ അറിയിച്ചിരുന്നില്ല. എനിഗ്മ ബ്രേക്ക് ചെയ്യപ്പെട്ടൂ എന്ന് ഹിറ്റ്ലര്‍ അറിയുന്നത് എനിഗ്മയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമാകും എന്ന് അദ്ധേഹം വിശ്വസിച്ചിരുന്നൂ. ഇത്രയധികം കോമ്പിനേഷനുകളില്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഒരു മെഷ്യീന്‍ ഉണ്ടാക്കാമെന്കില്‍ അത് ഡീക്രിപ്റ്റ് ചെയ്യാനും ഒരു മെഷ്യീന്‍ ഉണ്ടാക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ധേഹം. അവസാനം അദ്ധേഹം തന്റെ വിശ്വാസം പ്രവര്‍ത്തിയിലൂടെ ന്യായീകരിച്ച് എനിഗ്മ സന്ദേശങ്ങള്‍ ഡിക്രിപ്റ്റ് ചെയ്യാനുള്ള ഒരു മെഷ്യീന്‍ ഉണ്ടാക്കി. ടൂറിംഗ് അന്ന് ഉണ്ടാക്കിയ ഉപകരണമാണ് ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കമ്പ്യൂട്ടറായി അറിയപ്പെടുന്ന ടൂറിംഗ് മെഷ്യീന്‍.. എനിഗ്മ, ഹിറ്റ്ലര്‍ അറിയാതെ ബ്രേക്ക് ചെയ്യപ്പെട്ടത് മൂലം ജര്‍മ്മനിയുടെ പല മിന്നലാക്രമണങ്ങളും സഖ്യ കക്ഷികള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിച്ചൂ. ഇത് വഴി മിന്നലാക്രമണം നടത്തിയിരുന്ന ഹിറ്റ്ലറിന്റെ സൈന്യത്തിന് കനത്ത നാശം വിതക്കാന്‍ സഖ്യ കക്ഷികള്‍ക്കായി. അറ്റ്ലാന്റിക്കിലെ യുദ്ധത്തില്‍ ബ്രിട്ടണ്‍ ജയിക്കാന്‍ ടൂറിംഗ് മെഷ്യീന്‍ മാത്രമാണെന്ന അന്നത്തെ ജനറലിന്റെ പ്രസ്താവന മാത്രം ടൂറിംഗിന്റെ കണ്ട് പിടുത്തത്തിന്റെ വിലയറിയാന്‍..

യുദ്ധാനന്തരം ടൂറിംഗ്  തന്റെ മെഷ്യീന്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചൂ. അക്കാലത്താണ് ടൂറിംഗ് ഒരു സ്വവര്‍ഗ്ഗാനുരാകിയാണെന്ന് അധികൃതര്‍ അറിഞ്ഞത്. അക്കാലത്ത് സ്വവര്‍ഗ്ഗ രതി ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നൂ. ടൂറിംഗിന്റെ കണ്ട് പിടുത്തങ്ങളെ മാനിച്ച് ബ്രിട്ടണ്‍ ഗവണ്‍മെന്റ് അദ്ധേഹത്തിന് ഒരു അവസരം കൊടുത്തു. ഒന്നില്ലെങ്കില്‍ ജയില്‍, അതല്ലെങ്കില്‍ അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന ഹോര്‍മോണ്‍ മാറ്റത്തിനായിട്ടുള്ള ട്രീറ്റ്മെന്റ്. തന്റെ മെഷ്യീനിനെ ലോകത്തിലെ എന്തിനേക്കാളും ഏറെ സ്നേഹിച്ചിരുന്ന ടൂറിംഗ് ആ മെഷ്യീന്‍ ഡെവലപ്പ് ചെയ്യണം എന്ന ആഗ്രഹത്തില്‍ മരുന്ന് പരീക്ഷണം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. എന്നാല്‍ അതൊരു തെറ്റായ തീരുമാനമായിരുന്നൂ പെട്ടെന്ന് തന്നെ തെളിഞ്ഞൂ. അപരിഷ്കൃതമായ ആ മരുന്ന് കുത്തിവെപ്പുകള്‍ അദ്ധേഹത്തെ തളര്‍ത്തി.. സ്വന്തം രാജ്യം തന്നോട് കാണിച്ച നന്ദികേടിലും താനനുഭവിച്ച് കൊണ്ടിരിക്കുന്ന ശാരീരിക മാനസിക വിഷമങ്ങളിലും മനം നൊന്ത് ഒരു നുള്ള് സയനൈഡിന്റെ പുറത്ത് ആ മഹാനായ ശാസ്ത്രജ്ഞന്‍ തന്റെ ജീവിതം അവസാനിപ്പിച്ചൂ. മരണ സമയത്ത് വെറും 42 വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ധേഹം തന്റെ ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ തന്റെ കൈയ്യൊപ്പ് ഈ ഭൂമിയില്‍ പതിപ്പിച്ച ആളായിരുന്നു.

കാലം കടന്ന് പോയി, അറബി കടലിലൂടെ പിന്നേയും വെള്ളം കുറെ ഒഴുകി. ബ്രിട്ടണ്‍ സ്വവര്‍ഗ്ഗാനുരാഗികളോട് അനുഭാവം കാണിക്കുന്ന പ്രഥമ രാജ്യങ്ങളിലൊന്നായി. അതിന്റെ ആദ്യപടിയായി രാജ്യം തടങ്കലിട്ടും മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും പീഡിപ്പിച്ച എല്ലാ സ്വവര്‍ഗ്ഗാനുരാഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് ചോദിച്ച് കൊണ്ടുള്ള ഒരു നയം അന്നത്തെ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കുക ഉണ്ടായി. അതിന് കൊടുക്കാന്‍ അലന്‍ ടൂറിംഗിനേക്കാള്‍ നല്ലൊരു പേര് അവര്‍ക്ക് കിട്ടിക്കാണില്ല, അത് തന്നെയാണല്ലോ കാവ്യ നീതിയും..2007ല്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് ബ്രൗണ്‍ ആ മഹാനായ ശാസ്ത്രജ്ഞനോടും അദ്ധേഹത്തിന്റെ കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിച്ചൂ. ബ്രിട്ടന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായിട്ടാണ് അദ്ധേഹം അന്ന് ടൂറിംഗിനെ വിശേഷിപ്പിച്ചത്. 2009ല്‍ ബ്രിട്ടീഷ് രാജ്ഞിയും അദ്ധേഹത്തോടുണ്ടായ ബ്രിട്ടന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചൂ. രാജ്യത്തിന്റെ വിശേഷ പുത്രന്‍ എന്ന ബഹുമതി നല്‍കിയാണ് രാജ്ഞി ടൂറിംഗിനോട് മാപ്പിരന്ന് ഖേദം പ്രകടിപ്പിച്ചത്. കാലം അങ്ങിനെയാണ്.. അത് ഒഴുകി കൊണ്ടേ ഇരിക്കും.

തികഞ്ഞ ഒരു യുക്തിവാദിയും  മനുഷ്യ സ്നേഹിയും ആയിരുന്ന അദ്ധേഹത്തോട് ഒരിക്കല്‍ മതത്തെ കുറിച്ച് ചോദിക്കുക ഉണ്ടായത്രെ, ഒരു ഗണിത ശാസ്ത്രജ്ഞന് പറയാന്‍ പറ്റുന്ന ഏറ്റവും മികച്ച മറുപടി തന്നെ ആയിരുന്നൂ ഇത്..
          "Science is a differential equation, but religion is a boundary condition"



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...