കാപ്പിരി മുത്തപ്പന്‍ ഫോര്‍ട്ട് കൊച്ചിക്കാരുടെ ആരാധനമൂര്‍ത്തിയായ കഥ

ഫോര്‍ട്ടുകൊച്ചിയില്‍ മട്ടാഞ്ചേരിക്കടുത്തായി മങ്ങാട്ടുമുക്കിലാണ് കാപ്പിരിമുത്തപ്പനെ ആരാധിക്കുന്ന കാപ്പിരിത്തറ ഉളളത്.മതപരമായ ഒരു അടയാളങ്ങളും രൂപങ്ങളും ചിഹ്നങ്ങളും കാപ്പിരിത്തറയിലില്ല.ജാതി മത ഭേദമില്ലാതെ കാപ്പിരിമുത്തപ്പന്‍ മുഴുവന്‍ കൊച്ചിക്കാരുടെയും ആരാധനാമൂര്‍ത്തിയാണ്.കാപ്പിരി മതിലെന്നു കൊച്ചിക്കാര്‍ വിളിക്കുന്ന മതിലിനോട് ചേര്‍ന്ന കാപ്പിരിമുത്തപ്പന്‍റെ സാന്നിദ്ധ്യം വിശ്വസിക്കപ്പെടുന്ന കാപ്പിരിത്തറ നിലകൊള്ളുന്നു- ചെറിയ തറയും ഓടു കൊണ്ട് മറച്ച മേല്‍ക്കൂരയും മാത്രം. വിശ്വാസികള്‍ ഇവിടെ മെഴുകുതിരി കത്തിക്കും പൂക്കള്‍ അര്‍പ്പിക്കും. പുഴുങ്ങിയ മുട്ട, ചുരുട്ട്, നാടന്‍ മദ്യം,ഇളനീര്‍,പുട്ട്,പൊരിച്ച മീന്‍,ഇറച്ചി എന്നിവയും വിശ്വാസികള്‍ കാപ്പിരി മുത്തപ്പനായി അര്‍പ്പിക്കുന്നു.കാപ്പിരി മുത്തപ്പന് തലപ്പുട്ടു നേര്‍ച്ച മട്ടാഞ്ചേരിക്കാരുടെ പതിവാണ്.പുട്ടു പുഴുങ്ങുമ്പോള്‍ നല്ല രുചിക്കും ആക്യതിക്കും വേണ്ടി കാപ്പിരി മുത്തപ്പന് ആദ്യത്തെ പുട്ട് നേര്‍ച്ച പറയുന്നതാണ് തലപ്പുട്ട് നേരല്‍.രാത്രിയില്‍ കാപ്പിരിമുത്തപ്പന്‍ തറയിലെത്തി നേര്‍ച്ച സാധനങ്ങള്‍ കഴിക്കും എന്നാണ് വിശ്വാസം.

ഫോര്‍ട്ടുകൊച്ചിയില്‍ ഒരുകാലത്ത് നിരവധി കാപ്പിരുമതിലുകളുണ്ടായിരുന്നു.ഈ കാപ്പിരി മതിലുകളില്‍ നിന്ന് സിഗരറ്റ് പുക വരുന്നതായി പലരും കണ്ടതായി കഥകളുണ്ട്.കാപ്പിരിമുത്തപ്പന്‍മാരുടെ ആത്മാക്കള്‍ കാപ്പിരിമതിലില്‍ ഉണ്ട് എന്നാണ് വിശ്വാസം.അതിവേഗം വളരുന്ന ഫോര്‍ട്ടുകൊച്ചിയില്‍, കാപ്പിരിമതിലുകള്‍ മിക്കവയും പൊളിച്ചു മാറ്റപ്പെട്ടു കഴിഞ്ഞു.മങ്ങാട്ടു തറയിലെ കാപ്പിരി മതിലും മുത്തപ്പന്‍ തറയും ഇപ്പോഴും നിലനില്‍ക്കുന്നു, വിശ്വാസികളെ ആകര്‍ഷിക്കുന്നു.

രാത്രി കാലത്ത് വഴിതെറ്റി അലഞ്ഞവര്‍ക്ക് വഴികാട്ടിക്കൊടുത്ത കാപ്പിരി മുത്തപ്പനെപ്പറ്റിയുളള കഥകള്‍ ഫോര്‍ട്ടുകൊച്ചിയില്‍ പ്രചാരത്തിലുണ്ട്.സാമ്പത്തിക നേട്ടത്തിനായും രോഗശമനത്തിനായും ഉദ്ദിഷ്ടകാര്യത്തിനായും കാപ്പിരി മുത്തപ്പനെ ഇവിടത്തുകാര്‍ പ്രാര്‍ത്ഥിക്കുന്നു.

ആഗ്ലോ-ഇന്‍ഡ്യക്കാരുടെ പഴയതലമുറയില്‍പ്പെട്ടവര്‍ കാപ്പിരി മുത്തപ്പനെ കണ്ടതായി കഥകളുണ്ട്. ഫോര്‍ട്ടുകൊച്ചിയെ അടിസ്ഥാനമാക്കി എഴുതിയ നോവലുകളിലും പുസ്തകങ്ങളിലും ഇതിനെപ്പറ്റിയുളള പരാമര്‍ശമുണ്ട്.ചുരുട്ടു പുകച്ചും, ചങ്ങല ഉലച്ചും, പൗര്‍ണ്ണമി നാളുകളില്‍ കാപ്പിരിമുത്തപ്പന്‍റെ ആത്മാവ് വരാറുണ്ടെന്ന് ഫോര്‍ട്ടുകൊച്ചിയിലെ ആഗ്ലോ ഇന്‍ഡ്യക്കാരുടെ മുന്‍തലമുറക്കാര്‍ വിശ്വസിച്ചിരുന്നു.

ആരാണ് കാപ്പിരി മുത്തപ്പന്‍മാര്‍ എന്ന അന്വേഷണം ചെന്നെത്തുക പതിനാറാം നൂറ്റാണ്ടിലേക്കാണ്. പോര്‍ട്ടുഗീസ് അധിനിവേശ സമയത്ത് അടിമപ്പണിക്കായി കൊണ്ടുവന്നവരാണ് കാപ്പിരികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാര്‍.അറബികളുടെ കപ്പലില്‍ പോര്‍ട്ടുഗിസുകാര്‍ കൊച്ചിയിലെത്തിച്ച ആഫ്രിക്കന്‍ വംശജരെ അറബിക്കച്ചവടക്കാര്‍ കാഫീര്‍ എന്നു വിളിച്ചുവെന്നും, അവിശ്വാസികള്‍ എന്നര്‍ത്ഥം വരുന്ന അറബിവാക്കായ കാഫീര്‍ ക്രമേണ കാപ്പിരി ആയതാവാം എന്നും ചരിത്രകാരന്മാര്‍ പറയുന്നു.കാപ്പിരികളെ താമസിപ്പിക്കാനായി പോര്‍ച്ചുഗിസുകാര്‍ കൊച്ചിയില്‍ ഒരുക്കിയ സ്ഥലങ്ങള്‍ പിന്നീട് കാപ്പിരിത്തുരുത്തുകള്‍ എന്നറിയപ്പെട്ടു.

പോര്‍ച്ചുഗിസുകാരുടെ ശക്തി, ഡച്ചുകാരുടെ വരവോടെ ക്ഷയിച്ചു. ഒടുവില്‍ പരാജയം സമ്മതിച്ച് പറങ്കികള്‍ കൊച്ചിവിട്ടു പോകാന്‍ നിര്‍ബന്ധിതരായെങ്കിലും തങ്ങളുടെ സ്വത്തുക്കളെപ്പറ്റി അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. വിലപിടിപ്പുളള വസ്തുവകകള്‍ കടത്താനുളള സാവകാശം ഡച്ചുകാര്‍ നല്‍കില്ല എന്നതും അവ നഷ്ടപ്പെടാനുളള സാഹചര്യവും കൂടി കണക്കിലെടുത്ത് പോര്‍ച്ചുഗിസുകാര്‍ തങ്ങളുടെ സ്വത്തെല്ലാം ഭദ്രമായി അടക്കം ചെയ്ത് കട്ടിയുളള മതിലുകളില്‍ ചേര്‍ത്തു വെച്ച് വിവിധ ഇടങ്ങളിലായി കുഴിച്ചിട്ടു.കൂട്ടത്തില്‍ അവര്‍ അടിമകളായ കാപ്പിരികളെയും നിധിക്കു മുകളിലായി ചേര്‍ത്തുവെച്ചു.അങ്ങനെ ജീവനോടെ കുഴിച്ചു മൂടപ്പെട്ട അടിമകളോട് യജമാനന്മാര്‍ ഒരു വാഗ്ദാനവും വാങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു- കൊച്ചി വിട്ടു പോകേണ്ടിവന്ന പറങ്കികളുടെ വരും തലമുറപ്പെട്ടവര്‍ മടങ്ങിവരുന്ന കാലം വരെ സ്വത്തെല്ലാം കാത്തു സൂക്ഷിക്കും.അടിമകളുടെ ആത്മാക്കള്‍ തങ്ങളുടെ സ്വത്തിനു കാവല്‍നില്‍ക്കും എന്നായിരുന്നത്രെ പറങ്കികള്‍ വിശ്വസിച്ചിരുന്നത്.പോര്‍ച്ചുഗിസുകാര്‍ അടിമകളെ ചേര്‍ത്തു ബന്ധിച്ച മതിലുകളെ കൊച്ചിക്കാര്‍ കാപ്പിരി മതിലുകള്‍ എന്നു വിളിച്ചു.മതിലുകള്‍ക്ക് പുറമേ, വലിയമരങ്ങളുടെ ചുവട്ടിലും നിധിയും ജീവനുളള മനുഷ്യരും കുഴിച്ചു മൂടപ്പെട്ടെന്നാണ് വിശ്വാസം. ദുര്‍മരണം സംഭവിച്ച കാപ്പിരികള്‍ പിന്നീട് നല്ല ആത്മാക്കളായി മാറി എന്നാണ് വിശ്വാസം.കാപ്പിരികളുടെ ആത്മാക്കള്‍ ഇപ്പോഴും പോര്‍ച്ചുഗിസുകാരുടെ നിധി കാക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ ഒരു കാലത്ത് നിരവധി കാപ്പിരി മതിലുകളുണ്ടായിരുന്നു.പിന്നീട് നഗരം വളര്‍ന്നപ്പോള്‍ മിക്കവയും പൊളിച്ചു നീക്കി.പുതുക്കി പണിയാന്‍ വേണ്ടി ഫോര്‍ട്ടു കൊച്ചിയിലെ കെട്ടിടം പൊളിച്ചപ്പോള്‍ മതിലില്‍ നിന്നും കാപ്പിരി അടിമയുടെ അസ്ഥികൂടം കിട്ടിയതായി ഹിസ്റ്ററി ഓഫ് ഫോര്‍ട്ടു കൊച്ചി എന്ന പുസ്തകത്തില്‍ കെ.എല്‍ ബെര്‍ണ്ണാര്‍ഡെന്ന ചരിത്രകാരന്‍ പറയുന്നുണ്ട്.ഡച്ച് സെമിത്തേരിക്ക് സമീപം പഴയ കെട്ടിടം പെളിച്ചപ്പോള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട അസ്ഥികൂടം കിട്ടിയതായും ഈ ചരിത്രകാരന്‍ എഴുതിയിട്ടുണ്ട്.ഇവിടെ നിന്നും നിധി ഒന്നും കിട്ടിയതായി പറയപ്പെടുന്നില്ല.
അടിമകളായി കൊണ്ടുവന്ന ആഫ്രിക്കന്‍ വംശജരുമായി ബന്ധപ്പെടുത്തുന്ന നിരവധി ചരിത്രശേഷിപ്പുകള്‍ കൊച്ചിയിലുണ്ട്.കാപ്പിരിയുടെ ആത്മാവിനെ തളച്ച ആല്‍ കാപ്പിരി ആല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കാപ്പിരികളുടെ ആത്മാവ് കുടികൊള്ളുന്നു എന്നു വിശ്വസിക്കുന്ന മാവുകളും കൊച്ചിയില്‍ ഉണ്ടായിരുന്നു. മാവുകളില്‍ കാപ്പിരികളുടെ ആത്മാവുണ്ടെന്നും, മാവുവെട്ടിയപ്പോഴെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായത് ആത്മാവിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്നും വിശ്വസിച്ചിരുന്ന ആളുകള്‍ ഇത്തരം മരങ്ങളെ നശിപ്പിക്കാതെ നിലനിര്‍ത്താനായി ശ്രദ്ധിച്ചു.ഇന്നിപ്പോള്‍ കാലപ്പഴക്കത്തില്‍ അവയില്‍ പലതും ഇല്ലാതായി.മെട്രോ സംസ്‌ക്കാരത്തിനിടയിലും കാപ്പിരി മുത്തപ്പന്‍ സങ്കല്‍പ്പം ശക്തമായിത്തന്നെ ഫോര്‍ട്ടു കൊച്ചി ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു.കൊച്ചിയിലെ പല വീടുകളിലും കാപ്പിരിത്തറകളുണ്ട്. ആഞ്ഞിലി മരത്തിന്റെ ചുവട്ടിലായി കാപ്പിരിത്തറകള്‍ വെക്കുന്ന രീതിയും ഇവിടെയുണ്ട്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...