നാണയം കെട്ടിയ മഞ്ഞത്തൂവാലകള്‍

 ടോങ്ങില്‍ നിന്ന് സവായ് മധോവ്പൂരിലേക്കുള്ള ബസ്സ് പുറപ്പെടുമ്പോള്‍ ബസ്സിനുള്ളില്‍ നാലുപേര്‍ മാത്രമേയുണ്ടായിരുന്നുള്ളു. യാത്രക്കാരിലേറെയും ബസ്സിനുമുകളിലായിരുന്നു. നീളന്‍പാല്‍പ്പാത്രങ്ങളുമായി യാത്ര ചെയ്യുന്ന ഗുജ്ജറുകളായിരുന്നു അവരിലേറെയും. ഇടുങ്ങിയ ടോങ് നഗരം മെയിലെ ഉഷ്ണക്കാറ്റില്‍ ഏറെക്കുറെ ശൂന്യമായിരുന്നു. ഉപേക്ഷിക്കപ്പെട്ട പുരാതന നഗരം പോലെയായിരുന്നു ടോങ്. പൊട്ടിയടര്‍ന്ന കെട്ടിടങ്ങള്‍ പൊടിയടിഞ്ഞു കിടന്നിരുന്നു. സവായ് മധോവ്പൂരിലേക്കെത്തണമെങ്കില്‍ ഇനിയും കുറെ ദൂരം പോകണം. ബസ്റ്റാന്റിലെ ദ്രവിച്ചുതുടങ്ങിയ സിമന്റ് ബെഞ്ചിലിരിക്കവെ യാത്രക്കാരാരും ധൃതികാട്ടുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു നിര്‍ജ്ജീവതയായിരുന്നു എവിടെയും. നിരവധി രാജഭരണങ്ങള്‍ കണ്ട രാജസ്ഥാനില്‍ ടോങ് മാത്രമായിരുന്നു മുസ്്‌ലിം ഭരണത്തിന് കീഴിലായിരുന്നത്. 18ാം നൂറ്റാണ്ടില്‍ നവാബ് മുഹമ്മദ് അമീര്‍ ഖാന്‍ ടോങ് ഭരിച്ചു. 1806ല്‍ ബല്‍വന്ത് റാവു ഹില്‍ക്കറിനെ തോല്‍പ്പിച്ച് ടോങ് പിടിച്ചെടുത്ത നവാബിന് പക്ഷേ വൈകാതെ രാജ്യം ബ്രിട്ടീഷുകാരുടെ കയ്യിലേല്‍പ്പിക്കേണ്ടി വന്നു. ദാരിദ്ര്യം പെയ്യുന്ന ഗലികളില്‍ ഡല്‍ഹിയിലെ മുഗള്‍ ഭരണത്തിന്റ നീക്കിയിരുപ്പ് പോലെ ഒരു പ്രൗഢ ഭരണത്തിന്റെ ശേഷിപ്പുകളൊന്നുമുണ്ടായിരുന്നില്ല. പൊടിമൂടിയ റോഡ് പിന്നിട്ടത്തോടെ ബസ്സ് വേഗമെടുത്തു. ചുടുകാറ്റ് അകത്തേക്കടിച്ചു കയറി. അടുത്ത സ്‌റ്റോപ്പെത്തിയതാതോടെ ഞാനും ബസ്സിനു മുകളിലേക്ക് പാഞ്ഞു കയറി. ആരോ എന്റെ ബാഗ് പിടിച്ചുവാങ്ങി മുകളില്‍വച്ചു. ഒരാള്‍ കൈനീട്ടി വലിച്ചു കയറ്റി. ഒട്ടകപ്പാലിന്റെയും വിയര്‍പ്പിന്റെയും മനംപുരട്ടും ഗന്ധം. ബസ്സ് മുന്നോട്ടു നീങ്ങി. പിന്നോട്ടു മറിഞ്ഞു വീണ എന്നെ ബലിഷ്ഠമായ രണ്ടു കൈകള്‍ പിടിച്ചു നിര്‍ത്തി. മെലിഞ്ഞു നീണ്ട ആ കൈകള്‍ക്ക് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയിരുന്നില്ല. അവര്‍ എന്നെ അവരുടെ നടുവിലേക്ക് പിടിച്ചിരുത്തി. ചുളിഞ്ഞ കണ്‍തടങ്ങള്‍പ്പുറത്ത് കാരുണ്യം വഴിയുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു. ആ കരുത്തിന്റെ നടുവില്‍ വല്ലാത്തൊരു സുരക്ഷാബോധം തോന്നി. ഒട്ടകപ്പാലിന്റെയും വിയര്‍പ്പിന്റെയും മണം അപ്പോള്‍ അരോചകമായി തോന്നിയില്ല. ബസ്സ് റോഡിലെ ചെറുകുന്നുകള്‍ കയറിയിറങ്ങുമ്പോള്‍ യാത്രക്കാര്‍ തിരമാലകള്‍ പോലെ ഉയര്‍ന്നു താഴ്ന്നു. വളവ് തിരിയുമ്പോള്‍ കാറ്റ് പിടിച്ച് നെല്‍വയല്‍ പോലെ വശങ്ങളിലേക്കാഞ്ഞു. ബസ്സ് മരുഭൂമി പോലെ വരണ്ട കുന്നുകള്‍ക്കിടയിലേക്ക് പ്രവേശിച്ചു. ചുറ്റും നരച്ച ദുരൂഹമായ കുന്നുകള്‍. മുകളില്‍ കത്തുന്ന ആകാശം. വായനയ്ക്കിടെയിലെവിടെയോ മനസ്സിലുടക്കിയ തഗ്ഗുകളുടെ കഥ മനസ്സിലേക്കൊടി വന്നു. ഉത്തരേന്ത്യയിലെ ദുരൂഹമായ കുന്നുകളില്‍ വഴിയാത്രക്കാരെ വശീകരിച്ചു നാണയം കെട്ടിയ മഞ്ഞ തൂവാലകൊണ്ട് കഴുത്തുമുറുക്കിക്കൊല്ലുന്ന 18ാം നൂറ്റാണ്ടിലെ തഗ്ഗുകള്‍. അതില്‍ സമാനമായ നരച്ച കുന്നുകളും മരണപാതകളുമുണ്ട്. വഴിയറിയാത്ത മരുക്കുന്നുകളില്‍ വെളിച്ചവും സംഗീതവും കൊണ്ട് സമ്പന്നരായ ഇരകളെ മരണത്തിലേക്ക് വഴിതെറ്റിച്ചു കൊണ്ടുപോകുന്ന തഗ്ഗുകള്‍ അക്കാലത്ത് ഉത്തരേന്ത്യയിലെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. യാത്രാ സംഘത്തിനൊപ്പം സഹായിയായോ സഹായമഭ്യര്‍ത്ഥിച്ചോ ആണ് തഗ്ഗുകള്‍ വരിക. തഗ്ഗുകള്‍ യാത്രാ സംഘങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ത്തന്നെ മറ്റു സംഘാംഗങ്ങള്‍ അവര്‍ക്കായി കുഴിമാടമൊരുക്കിയിട്ടുണ്ടാകും. മരണം അടുത്തെത്തിയാല്‍ സഹായികള്‍ ഇരുളില്‍ അപ്രത്യക്ഷനാകും. ചിലപ്പോള്‍ അവര്‍ തന്നെ കൊലയാളികളായി മാറും. പൊടുന്നനെയായിരിക്കും പിന്നില്‍ നിന്ന കഴുത്തില്‍ കുരുക്കു വീഴുന്നത്. കൊലയും കൊള്ളയും ആചാരമായിരുന്നു തഗ്ഗുകള്‍ക്ക്. പിതാവില്‍ നിന്ന് മക്കളിലേക്ക് തൊഴില്‍ കൈമാറും. പത്താംവയസ്സിലാണ് ഒരു തഗ്ഗ് പിറവിയെടുക്കുന്നത്. ആദ്യമായി കൊലയ്ക്ക് കുട്ടിയെ സാക്ഷിയാക്കും. കൊലയുടെയും കൊള്ളയുടെയും ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ ഗുരുവുണ്ടാകും. കാളിക്ക് ബലിയര്‍പ്പിച്ചാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പണിയായുധങ്ങളായ തൂവാലയും കുരുക്കുകളും പൂജിച്ചെടുക്കും. കഴുത്തുമുറുക്കാനുള്ള തൂവാലയില്‍ നാണയം വച്ചുകെട്ടും. ക്ഷമയായിരുന്നു തഗ്ഗുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം. ഇര കണ്ണില്‍പ്പെട്ടാല്‍ മികച്ച അവസരത്തിനായി കാത്തിരിക്കും. സഹായിയും സഹയാത്രികനുമായി വേഷം കെട്ടും. കൊലനടത്താന്‍ പറ്റിയ സ്ഥലത്തിനായ് മൈലുകളോളം ഇരയറിയാതെ പിന്തുടരും. ഇത്തരത്തില്‍ തഗ്ഗുകള്‍ നൂറു മൈലുകളിലധികം യാത്ര ചെയ്യാറുണ്ട്. കൊല നടത്താന്‍ അച്ചടക്കമുള്ള സംഘങ്ങളായാണ് തഗ്ഗുകള്‍ ഗ്രാമങ്ങളില്‍ നിന്ന പുറപ്പെടുക. സംഘത്തിന് ജമാദര്‍ (പ്രഭു) എന്ന പേരിലൊരു നേതാവുണ്ടാകും. കൊലനടത്താന്‍ അംഗങ്ങള്‍ക്ക് സൂചന നല്‍കാനും തഗ്ഗുകള്‍ക്ക് തങ്ങളുടെതായ രീതിയുണ്ട്. ഓറഞ്ച് തൂവാല വീശുക, പുകയില ചോദിക്കുക തുടങ്ങിയവയാണത്. കച്ചവടസംഘങ്ങള്‍ക്കൊപ്പം സഹയാത്രക്കാരെന്ന വ്യാജേന ചേര്‍ന്ന് രാത്രിയില്‍ സംഘാംഗങ്ങള്‍ ഉറങ്ങുമ്പോള്‍ കൊലനടത്തുന്ന രീതിയുമുണ്ട്. ആരെയെല്ലാം എവിടെവച്ച് എപ്പോള്‍ കൊലപ്പെടുത്തണമെന്ന് നേതാവാണ് സൂചന നല്‍കുക. ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ പിന്‍മാറാനും നേതാവ് സൂചന നല്‍കും. തഗ്ഗുസംഘങ്ങള്‍ക്ക് പരസ്പരം തിരിച്ചറിയാനും പ്രത്യേക ഭാഷയുണ്ട്. ആയിരം പേരെയെങ്കിലും കൊലപ്പെടുത്തിയ തഗ്ഗുകളുണ്ടായിരുന്നു. തഗ്ഗുകളുടെ കഥകള്‍ വ്യാപകമായ കാലത്ത് ഉത്തരേന്ത്യയില്‍ തഗ്ഗ് സംഘത്തില്‍ച്ചേരാന്‍ ആവേശംപുണ്ട യുവാക്കള്‍ എത്താറുണ്ടായിരുന്നുവത്രെ. 450 വര്‍ഷം നീണ്ട തഗ്ഗുകളുടെ ചരിത്രത്തിനിടയില്‍ അവര്‍ 20 ലക്ഷത്തിലധികം പേരെ കൊലപ്പെടുത്തിയെന്നാണ് കണക്ക്. കൊല്ലപ്പെടുന്നവരുടെ ശരീരം ആചാരപരമായി സംസ്‌കരിക്കും. അവരെ വയറു പിളര്‍ത്തി കുടല്‍ മാലകള്‍ പുറത്തെടുത്ത ശേഷമാണ് സംസ്‌കരിക്കുക. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂവാലയും ചരടും എല്ലാം മൃതദേഹത്തോടൊപ്പം കുഴിച്ചു മൂടും. മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നാണ് തഗ്ഗുകളുടെ ചരിത്രത്തിന്റെ ഉദയം. 1356 കാലത്ത് എഴുതപ്പെട്ട സിയാവുദ്ദീന്‍ ബരാനിയുടെ ഫിറോസ് ഷായുടെ ചരിത്രത്തിലാണ് തഗ്ഗുകളെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത്. ആദ്യകാലങ്ങളില്‍ രാജാക്കന്‍മാര്‍ തഗ്ഗുകള്‍ക്കെതിരേ കടുത്ത നടപടികള്‍ക്ക് വിമുഖത കാട്ടിയിരുന്നു. 12ാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താന്‍ ഡല്‍ഹിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊള്ളയും കൊലയും നടത്തിയിരുന്ന നിരവധി തഗ്ഗുകളെ പിടികൂടിയെങ്കിലും അവര്‍ക്ക വധശിക്ഷ നല്‍കുന്ന പതിവിന് പകരം ഡല്‍ഹിയ്ക്ക് ശല്യമില്ലാത്ത വിധം ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് നാടുകടത്തുകയാണ് ചെയ്തത്. ദൗത്യങ്ങളുമായി പുറപ്പെടുന്ന സൈനികര്‍ ഉത്തരേന്ത്യയിലെ വരണ്ട ഭൂമിയില്‍ അപ്രത്യക്ഷരാകുന്നത് കണ്ട മുഗള്‍ ചക്രവര്‍ത്തി അക്ബറായിരുന്നു തഗ്ഗുകള്‍ക്കെതിരേ ആദ്യമായി കര്‍ശന നടപടിയെടുത്തത്. 1828 മുതല്‍ 35 വരെ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന ലോഡ് വില്യം ബെന്റിന്‍കാണ് തഗ്ഗുകളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 1830ല്‍ തുടക്കമിട്ടത്. സൈനിക അഡ്മിനിട്രേറ്ററായിരുന്ന വില്യം ഹെന്‍ട്രി സ്ലീമാനായിരുന്നു ചുമതല. ഒരിക്കല്‍ സ്ലീമാന്‍ പിടികൂടിയ തഗ്ഗുകളിലൊരാള്‍ സ്ലീമാനെ കൂട്ടക്കുഴിമാടത്തിലേക്ക് വഴികാട്ടി. ദ്രവിച്ചു തുടങ്ങിയ എല്ലില്‍ കൂടുകള്‍ മുതല്‍ ആഴ്ചകള്‍ക്ക് മുമ്പ് കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് ഓഫീസറുടെ മൃതദേഹം വരെ അതിലുണ്ടായിരുന്നു. സ്ലീമാന്‍ പ്രത്യേക പോലിസ് സേനയ്ക്ക് രൂപം നല്‍കി. കൂറുമാറിയ തഗ്ഗിന്റെ സഹായത്തോടെ സ്ലീമാന്‍ തഗ്ഗുകളിലൊരാളായി വേഷം കെട്ടി. സൈനികര്‍ യാത്രാസംഘങ്ങളെന്ന വ്യാജേനയെത്തി തഗ്ഗു സംഘങ്ങളെ ആക്രമിച്ചു നശിപ്പിച്ചു. നാട്ടുരാജാക്കന്‍മാര്‍ക്ക് ഇവരെ പിടികൂടാനും ശിക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. തഗ്ഗുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയും പിടിക്കപ്പെടുകയും ചെയ്തു. ബാക്കിയുള്ളവര്‍ പലായനം ചെയ്തു. 20 വര്‍ഷമെടുത്തു തഗ്ഗുകളെ ഇല്ലാതാക്കാന്‍. ജയ്പൂരിലെ ദിവസങ്ങള്‍ക്കിടയിലെപ്പോഴോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സണ്ണിസെബാസ്റ്റിയനോട് ചോദിച്ചു. രാജസ്ഥാനില്‍ ഇപ്പോഴും തഗ്ഗുകളുണ്ടോ. തഗ്ഗുകളില്ല അതിന്റെ പുതിയ രൂപമായ കൊള്ളക്കാര്‍ ധാരാളമുണ്ടെന്നായിരുന്നു സണ്ണിയുടെ മറുപടി. അവിടെ പോലിസും നിയമവുമൊന്നുമില്ല. ഗ്രാമീണര്‍ക്കിടയില്‍ കൊള്ളക്കാരെ തിരിച്ചറിയാനുമാവില്ല. വണ്ടിയപ്പോഴും തീതുപ്പുന്ന മരുക്കുന്നുകള്‍ക്കിടയില്‍ത്തന്നെയായിരുന്നു. ബസ്സിന്റെ വേഗത്തിനൊപ്പം പൊടിക്കാറ്റ് വീശിക്കൊണ്ടിരുന്നു. ആരോ പാട്ടുപാടുന്നുണ്ടായിരുന്നു. പേടി മിന്നല്‍ പോലെ മനസ്സിനെ കീഴടക്കി. ശാന്തരായ ഗ്രാമീണരുടെ സ്‌നേഹം വഴിയുന്ന കണ്ണുകള്‍ക്കുള്ളില്‍ മരണത്തിന്റെ കൗശലമൊളിപ്പിച്ചു വച്ചിട്ടുണ്ടോയെന്ന് ഞാന്‍ സൂക്ഷിച്ചു. കീശയിലൊളിപ്പിച്ചു വച്ച നാണയം കെട്ടിയ മഞ്ഞത്തൂവാല. മാന്ത്രികന്റെ കരവിരുതിനുള്ളില്‍ ഒളിപ്പിച്ചുവച്ച കുരുക്ക്. ---------------- *തഗ്ഗുകളെക്കുറിച്ച് ഹോളിവുഡില്‍ ഒരു സിനിമയുണ്ട്. ഡിസീവേഴ്‌സ്. അത് യു ട്യൂബില്‍ പേര് വച്ച് ഫൈന്‍ഡ് ചെയ്താല്‍ കാണാം. തഗ്ഗുകളെക്കുറിച്ച് 1952ല്‍ ജോണ്‍ മാസ്‌റ്റേഴ്‌സ് എഴുതിയ നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണിത്. നോവല്‍ ഇപ്പോള്‍ കിട്ടാനില്ലെന്ന് തോന്നുന്നു. തഗ്ഗുകളെ ഇല്ലാതാക്കിയ വില്യം ഹെന്‍ട്രി സ്ലീമാന്റെ പേരില്‍ മധ്യപ്രദേശില്‍ ഒരു നഗരവുമുണ്ട്. സ്ലീമാനാബാദ്.

 Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...