ഹിറ്റ്‌ലറുടെ തലയോട്ടി സ്ത്രീയുടേതെന്ന് കണ്ടെത്തല്‍

റഷ്യ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്‌ലറുടെ തലയോട്ടി സ്ത്രീയുടേതെന്ന് കണ്ടെത്തല്‍. 64 വര്‍ഷം പറഞ്ഞ കഥ തിരുത്തേണ്ടി വരുമെന്ന് സൂചന.

ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ മരിച്ചിട്ടില്ലെന്നും, ദുര്‍ഗമമായ വനാന്തരത്തിലിരുന്ന് ലോകത്തെ നശിപ്പിക്കാന്‍ വീണ്ടും പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നുമൊക്കെ പറയുന്ന കാര്യങ്ങള്‍ അപസര്‍പ്പകകഥകളുടെ പ്രമേയമായിട്ടുണ്ട്. എന്നാല്‍, ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ട് 64 വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റേതെന്ന് കരുതി സൂക്ഷിച്ചിട്ടുള്ള തലയോട്ടി ഒരു സ്ത്രീയുടേതാണെന്ന് വെളിപ്പെട്ടാലോ? അപസര്‍പ്പക കഥകളെ വെല്ലുന്ന ഒന്നാകും അത്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഹിറ്റ്‌ലറുടെ ബങ്കറില്‍ നിന്ന് 1945-ല്‍ ലഭിച്ച തലയോട്ടി, പ്രായംകുറഞ്ഞ ഒരു സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. സൈനയ്ഡ് കഴിച്ച ശേഷം ഹിറ്റ്‌ലര്‍ ശിരസ്സില്‍ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്ന ചരിത്രവസ്തുത ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

1945 ഏപ്രില്‍ 30-ന് ബെര്‍ലിന്‍ നഗരത്തില്‍ റഷ്യന്‍സേന ബോംബാക്രമണം ശക്തമാക്കിയപ്പോള്‍ ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്ത് ഇവാ ബ്രോനും രഹസ്യബങ്കറില്‍ വെച്ച് ജീവനൊടുക്കിയെന്നാണ് ചരിത്രം പറയുന്നത്. രണ്ടുപേരും സൈനയിഡ് കഴിച്ച ശേഷം ഹിറ്റ്‌ലര്‍ ശിരസ്സില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്ന ചരിത്രഭാഗത്തിന്, പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഭേദഗതി വേണ്ടിവന്നേക്കും. ഹിറ്റ്‌ലര്‍ക്ക് എന്താണ് സംഭവിച്ചത് എന്നത് ദുരൂഹതയായി തുടരുകയും ചെയ്യും. ഹിറ്റ്‌ലര്‍ സ്വയം വെടിവെച്ചു മരിച്ചു എന്ന കാര്യത്തില്‍ ചില ചരിത്രകാരന്‍മാര്‍ മുമ്പ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം സംശയങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലാണ് ഇപ്പോഴത്തേത്.

ഹിറ്റ്‌ലറുടെ ആത്മഹത്യ സംബന്ധിച്ച സംശയങ്ങള്‍ക്ക് അറുതി വരുത്താനായി, 2000-ല്‍ മോസ്‌കോയില്‍ നടത്തിയ പ്രദര്‍ശനത്തില്‍, വെടിയുണ്ട തുളഞ്ഞുകയറിയ ഹിറ്റ്‌ലറുടെ തലയോട്ടിഭാഗം റഷ്യന്‍ അധികൃതര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുവരെ അത് ഹിറ്റ്‌ലറുടെ തലയോട്ടി തന്നെയെന്ന വിശ്വാസത്തിലായിരുന്നു ലോകം. എന്നാല്‍, അമേരിക്കയില്‍ കണക്ടിക്കട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയില്‍, ആ തലയോട്ടി 40 വയസ്സില്‍ താഴെ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് തെളിഞ്ഞു. ശാസ്ത്രജ്ഞരെ മാത്രമല്ല ചരിത്രകാരന്‍മാരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഈ കണ്ടെത്തല്‍.

കണക്ടിക്കറ്റ് സര്‍വകലാശാലയിലെ പുരാവസ്തുഗവേഷകനും അസ്ഥിവിദഗ്ധനുമായ നിക്ക് ബെല്ലാന്റൊണിക്കാണ്, ഹിറ്റ്‌ലറുടെ തലയോട്ടി പരിശോധിക്കാന്‍ റഷ്യന്‍ അധികൃതര്‍ അനുമതി നല്‍കിയത്. അതിനായി മാത്രം ബെല്ലാന്റോണി മോസ്‌കോയിലേക്ക് പറന്നു. 'തലയോട്ടി വളരെ കനംകുറഞ്ഞതായിരുന്നു; പുരുഷന്‍മാരുടെ തലയോട്ടിക്ക് അത്രയും കട്ടി ഉണ്ടായാല്‍ പോര'-അദ്ദേഹം പറയുന്നു. മാത്രമല്ല, 40 വയസ്സില്‍ താഴെയുള്ള വ്യക്തിയുടെ തലയോട്ടിക്ക് സമാനമായിരുന്നു അത്. 1945 ഏപ്രിലില്‍ ഹിറ്റ്‌ലര്‍ക്ക് 56 വയസ്സുണ്ടായിരുന്നു.

മോസ്‌കോയിലെത്തിയ ബെല്ലാന്റോണിക്ക് ഒരു മണിക്കൂറാണ് തലയോട്ടി പരിശോധിക്കാന്‍ അവസരം കിട്ടിയതെങ്കിലും, അതിനിടെ ആ അസ്ഥിഭാഗത്തു നിന്ന് കൂടുതല്‍ പരിശോധനയ്ക്ക് ആവശ്യമായ ഡി.എന്‍.എ. സാമ്പിളുകള്‍ എടുക്കാന്‍ അദ്ദേഹത്തിനായി. ആ സാമ്പിളുകള്‍ കണക്ടിക്കട്ട് സര്‍വകലാശാലയിലെ ജനറ്റിക്‌സ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ജനിതക പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ലിന്‍ഡ സ്‌ട്രോസ്‌ബോഫ് ആ ലാബ് മുന്ന് ദിവസത്തേക്ക് ഹിറ്റ്‌ലറുടെ ഡി.എന്‍.എ. പരിശോധിക്കാന്‍ വേണ്ടി മാത്രം അടച്ചിട്ടു.

'സാധാരണ ഒരു ക്രൈംലാബില്‍ നടത്തുന്ന അതേ കൃത്യതയോടെയുള്ള പരിശോധനയാണ് ഞങ്ങള്‍ നടത്തിയത്'-ലിന്‍ഡ അറിയിക്കുന്നു. ചെറിയ അളവ് ഡി.എന്‍.എ. മാത്രമേ പരിശോധിക്കാന്‍ കിട്ടിയുള്ളു എങ്കിലും, അതിനെ 'മോളിക്യുലാര്‍ കോപ്പീങ്' എന്ന പ്രക്രിയ വഴി പെരുപ്പിക്കാന്‍ ലിന്‍ഡയ്ക്കും കൂട്ടര്‍ക്കും സാധിച്ചു. അതുവഴി വിശകലനത്തിന് ആവശ്യമായ വലിപ്പത്തില്‍ സാമ്പിള്‍ പരുവപ്പെടുത്താന്‍ ഗവേഷകര്‍ക്കായി.

പഠനഫലം അസാധാരണമായിരുന്നു. 'ഹിസ്റ്ററി ചാനലി'ലാണ് ഹിറ്റ്‌ലര്‍ 'പെണ്ണാ'യ കഥ പ്രത്യക്ഷപ്പെടുന്നത്.

സാക്ഷിമൊഴികള്‍ പ്രകാരം ഹിറ്റ്‌ലറുടെയും ഇവായുടെയും മൃതദേഹങ്ങള്‍, അവര്‍ ആത്മഹത്യചെയ്ത ബങ്കറിന് പുറത്തേക്ക് തുണിയില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. ബങ്കറിന് മുന്നിലെ പൂന്തോട്ടത്തില്‍ ബോംബ് വീണുണ്ടായ കുഴിയില്‍ മൃതദേഹങ്ങള്‍ കിടത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയാണ് റഷ്യന്‍സേന ചെയ്തത്. ഹിറ്റ്‌ലറുടെ മൃതദേഹം എന്തുചെയ്തു എന്നകാര്യം പതിറ്റാണ്ടുകളോളം സോവിയറ്റ് യൂണിയന്‍ പരമരഹസ്യമായി വെച്ചു. മൃതദേഹത്തിന്റെ ഒറ്റെ ചിത്രം പോലും ഇല്ലായിരുന്നു, ഫിലിമും എടുത്തില്ല.

1945-ല്‍ സോവിയറ്റ് സേന ബെര്‍ലിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, റഷ്യന്‍ ഫോറന്‍സിക് വിദഗ്ധര്‍ ഹിറ്റ്‌ലറുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം ബങ്കറിന് പുറത്തെ കുഴിയില്‍ നിന്ന് തോണ്ടിയെടുത്ത് രഹസ്യമായി പോസ്റ്റുമോര്‍ട്ടം നടത്തി. തലയോട്ടിയില്‍ ഒരു ഭാഗം ഇല്ലായിരുന്നു. ശിരസ്സില്‍ വെടിവെച്ചപ്പോള്‍ തെറിച്ചു പോയതാകാം എന്ന നിഗമനത്തിലാണ് റഷ്യന്‍ വിദഗ്ധര്‍ എത്തിയത്. എന്നാല്‍, ഹിറ്റ്‌ലറുടെ തലയോട്ടിയുടെ ദന്തനിരയുള്‍പ്പെടുന്ന താഴത്തെ ഭാഗം അവശിഷ്ടങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഹിറ്റ്‌ലറുടെ ഡെന്തിസ്റ്റിന്റെ സഹായികളെ സോവിയറ്റ് സേന പിടികൂടിയിരുന്നു. അവര്‍ ഹിറ്റ്‌ലറുടെ ദന്തനിര ശരിവെച്ചു. മുമ്പ് പരന്നിരുന്ന അഭ്യൂഹങ്ങള്‍ പോലെ തന്നെ, ഹിറ്റ്‌ലര്‍ക്ക് ഒരു വൃഷ്ണമേ ഉള്ളു എന്നും പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍, സോവിയറ്റ് ഏകാധിപതിയായ ജോസഫ് സ്റ്റാലിന്‍ സന്ദേഹിയായിരുന്നു. ഹിറ്റ്‌ലറെ സംബന്ധിച്ച സംശയം സ്റ്റാലിന് അവസാനിച്ചില്ല. 1946-ല്‍ രണ്ടാമതൊരു ദൗത്യസംഘത്തെ രഹസ്യമായി ബെര്‍ലിനിലേക്ക് അദ്ദേഹം അയച്ചു. ഹിറ്റ്‌ലറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് തലയോട്ടിയുടെ കാണാതായ ഭാഗം അവര്‍ക്ക് കിട്ടി. വെടിയുണ്ട കയറി തുളഞ്ഞ നിലയിലായിരുന്നു അത്. മാത്രമല്ല, രക്തക്കറ പുരണ്ട ഹിറ്റ്‌ലറുടെ സോഫയുടെ കഷണങ്ങളും സോവിയറ്റ് ചാരന്‍മാര്‍ക്ക് ശേഖരിക്കാനായി. സ്റ്റാലിന്‍ ഇതുകൊണ്ടൊന്നും തൃപ്തനായില്ല. ഹിറ്റ്‌ലറുടെ മരണവുമായി ബന്ധപ്പെട്ട സര്‍വകാര്യങ്ങളും രഹസ്യമാക്കി വെയ്ക്കുന്നത് സോവിയറ്റ് യൂണിയന്‍ തുടര്‍ന്നു.

ലോകമറിയാതെ ഹിറ്റ്‌ലറുടെ ഭൗതികഅവശിഷ്ടം കിഴക്കന്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗില്‍ സോവിയറ്റ് രഹസ്വാന്വേഷണകേന്ദ്രത്തില്‍ സൂക്ഷിച്ചു. 1953-ല്‍ സ്റ്റാലിന്‍ മരിച്ചെങ്കിലും, ഹിറ്റ്‌ലര്‍ക്ക് മോചനമുണ്ടായില്ല. ഒടുവില്‍, 1970-ല്‍ കെ.ജി.ബി. ആ ഭൗതികാവശിഷ്ടം വീണ്ടും പുറത്തെടുത്ത് രഹസ്യമായി ദഹിപ്പിക്കുകയും ചാരം ഒരു പുഴയില്‍ വിതറുകയും ചെയ്തു. തലയോട്ടിയുടെ വെടിയുണ്ട തുളച്ച ഭാഗവും താടിയെല്ലും രക്തംപുറണ്ട സോഫയുടെ അവശിഷ്ടങ്ങളും മാത്രം സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ ആര്‍ക്കൈവില്‍ സൂക്ഷിക്കപ്പെട്ടു. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്ന ബങ്കര്‍ 1947-ല്‍ തകര്‍ത്തിരുന്നു.

2000-ല്‍ റഷ്യന്‍ സ്‌റ്റേറ്റ് ആര്‍ക്കൈവ് മോസ്‌കോയില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. അതില്‍ ഹിറ്റ്‌ലറുടെ തലയോട്ടിയുടെ ഭാഗം പ്രദര്‍ശിപ്പിക്കപ്പെട്ടു. എന്നാല്‍, ഹിറ്റ്‌ലറുടെ താടിയെല്ലിന്റെ ഫോട്ടോഗ്രാഫ് മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ തലയോട്ടിഭാഗത്തിന്റെ ആധികാരികതയില്‍ തനിക്ക് സംശയമില്ലെന്ന്, ആര്‍ക്കൈവിന്റെ മേധാവി സെര്‍ജി മിറോനെങ്കോ പറഞ്ഞു. 'റോഡില്‍ കിടന്നു കിട്ടിയ അസ്ഥിയല്ല അത്. ഹിറ്റ്‌ലറുടെ മൃതദേഹം കിടന്നിടത്തുനിന്ന് ലഭിച്ച തലയോട്ടിഭാഗമാണത്'-അദ്ദേഹം ആത്മവിശ്വാസത്തോടെ അറിയിച്ചു. എന്നാല്‍, ആ ആത്മവിശ്വാസം ഉലയുന്നതായി കണക്ടിക്കട്ട് ഗവേഷകരുടെ കണ്ടെത്തല്‍ സൂചന നല്‍കുന്നു.

ഹിറ്റ്‌ലര്‍ക്കൊപ്പം ജീവനൊടുക്കിയ ഇവായ്ക്ക് പ്രായം 33 വയസ്സായിരുന്നു. ഹിറ്റ്‌ലറുടേതെന്ന് കരുതുന്ന തലയോട്ടി 20 നും 40നും മധ്യേ പ്രായമുള്ള സ്ത്രീയുടേതാണെന്നാണ് ഡി.എന്‍.എ.പരിശോധനയില്‍ തെളിഞ്ഞത്. അത് ഇവായുടേതായിക്കൂടേ എന്ന് സംശയം തോന്നാം. എന്നാല്‍, അവര്‍ തലയില്‍ വെടിയേറ്റ് മരിച്ചതായി ആരും പറയുന്നില്ല. ആ ബങ്കറിന് പരിസരത്ത് പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആ തലയോട്ടിഭാഗം ആരുടേതുമാകാം, ബെല്ലാന്റൊണി അറിയിക്കുന്നു.

ഏതായാലും, ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരിച്ച് 64 വര്‍ഷം കഴിഞ്ഞിട്ടും ചരിത്രം 'സൃഷ്ടിക്കുക'യാണ് ഹിറ്റ്‌ലര്‍.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...