കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നാം. കെട്ടുകഥയെന്നോ അന്ധവിശ്വാസമെന്നോ പറഞ്ഞ് ചിരിച്ചു തള്ളാം. പക്ഷെ അനുഭവിച്ചറിയുമ്പോൾ മാത്രമാകും സത്യമെന്ന് തിരിച്ചറിയുന്നത്. പ്രപഞ്ചത്തിലെ സർവതിലും ഇൗശ്വരഭാവമുണ്ട്, ദൈവിക ചൈതന്യവും. പൂവിലും പുല്ലിലും മുതൽ ഓരോ അണുവിലുംവരെ. ഓരോ ജീവജാലങ്ങളിലും അത് കാണാം. ചിലന്തിയിൽപ്പോലും. ചിലന്തിയമ്മ വാഴുന്ന ലോകത്തെ ഒരേ ഒരമ്പലം, കൊടുമൺ പള്ളിയറക്കാവ് ദേവീക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിലാണ് ലോകത്തിലെതന്നെ ഏകചിലന്തിയമ്പലം കുടികൊള്ളുന്നത്. ചിലന്തിവിഷ ചികിത്സയ്ക്ക് പ്രശസ്തമാണിവിടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് നിത്യേന ഇൗ അപൂർവക്ഷേത്രം ദർശിക്കാനെത്തുന്നത്. വൈദ്യശാസ്ത്രത്തിനെപോലും വിസ്മയം കൊള്ളിക്കുന്ന ഇൗ ചികിത്സാ സമ്പ്രദായത്തിനു പിന്നിലെ രഹസ്യത്തിന്റെ ചുരുളുകൾ ഇന്നും അഞ്ജാതമായി തുടരുന്നു.
ചിലന്തി വിഷമേേറ്റവർ പള്ളിയറക്കാവിലമ്മയെ കുളിച്ച് തൊഴുത് മലർ നിവേദ്യം നടത്തണം. ഇതോടൊപ്പം കിട്ടുന്ന ജപിച്ച ഭസ്മം ശരീരത്തിൽ ലേപനവും ചെയ്യണം. ഇവിടുത്തെ ഔഷധ ഗുണമുള്ള കിണറ്റിലെ ജലവും വിശേഷമാണ്. ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അതെത്ര വിഷം നിറഞ്ഞചിലന്തിതന്നെയായാലും. ഇത്തരത്തിൽ ഇവിടെയെത്തി സുഖം പ്രാപിച്ചവർ ധാരാളമുണ്ട്.
ദക്ഷിണഭാരതത്തിൽ സംസ്ക്രത കാവ്യരചന അസാധ്യമെന്നു വിധി എഴുതിയ കാലത്ത് ഭാരത്തിനു മുന്നിൽ കേരളത്തിന്റെ യശസുണർത്തിയ മഹാകവി ശക്തിഭദ്രനിൽ നിന്ന് തുടങ്ങണം ഇൗക്ഷേത്രത്തിന്റെ ചരിത്രം. ചെന്നീർക്കര സ്വരൂപമെന്നു പേരുകേട്ട ബ്രാഹ്മണ കുലത്തിൽ ജനിച്ച ശക്തിഭദ്രനാൽ സ്ഥിപിക്കപ്പെട്ടതാണ് ഇൗ ക്ഷേത്രം എന്നാണ് വിശ്വാസം. ചെന്നീർക്കര തമ്പുരാക്കന്മാരിൽ രവീന്ദ്രവിക്രമൻ പ്രശസ്തനായ വിഷചികിത്സകനായിരുന്നു. അപൂർവങ്ങളായ അങ്ങാടിമരുന്നുകളുടെ ശേഖരംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെൺമക്കളായിരുന്നു. തന്റെ കാലശേഷം ചികിത്സതുടർന്നു കൊണ്ടുപോകാൻ സാധ്യമല്ലെന്നു മനസിലാക്കിയ തമ്പുരാൻ വലിയ കിടങ്ങു കുഴിച്ച് തന്റെ സമ്പാദ്യമായ മുഴുവൻ അങ്ങാടി മരുന്നും അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴുപ്പിച്ച ഇൗ കിടങ്ങിൽനിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റൽ എത്തിച്ചേരുന്നത് എന്നാണ് വിശ്വാസം. ക്ഷേത്ര കിണറിനെ ഔഷധ ഗുണമുള്ളതായി കൽപ്പിക്കാനും കാരണം ഇതുതന്നെ. തമ്പുരാന്റെ കാലശേഷം മക്കളിൽ മൂത്തവൾ വസൂരി ബാധിച്ച് മരിച്ചു. രണ്ടാമത്തേവൾ ജേഷ്ഠത്തി മരിച്ച നിരാശയിൽ ആത്മഹത്യചെയ്തു. മൂന്നാമത്തേവൾ കൊട്ടാരത്തിന്റെ അറയിൽ കയറി തപസ് അനുഷ്ഠിച്ചു. ഇതോടെ ചെന്നീർക്കര രാജവംശവും ഇല്ലാതെയായി. കാലശേഷം പറഞ്ഞ്എഴുതി വെച്ചിരുന്ന ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ തമ്പുരാന്റെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി. നാളുകൾക്കു ശേഷം അവിടെനിന്നു ആളുകളെത്തി അറതുറന്നു നോക്കുമ്പോൾ ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികൾ മാത്രമാണ് കണ്ടത്. അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കൽപിച്ചു നൽകിയതോടെ കൊട്ടാരത്തി ന്റെ നിലവറയിൽ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലിൽ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നൽകി വരുന്നു. കാലക്രമത്തിൽ തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം. ചിലന്തിയമ്പലത്തിനു പിന്നിലെ ഐതീഹ്യം ഇതാണ്.
ചിലന്തിയമ്പലത്തെ സംബന്ധിച്ച് മറ്റൊരു വിശ്വാസകഥകൂടിയുണ്ട്. കൊല്ലവർഷം 961-ാമാണ്ട് ശക്തിഭദ്രന്റെ കുടുംബത്തിൽ ആൺതരികൾ ഇല്ലാതെയായി. സാവിത്രി, ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രമായി. ഇവരെ മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിലേക്കു ദത്തെടുത്തു. ഇതു സംബന്ധിച്ചുഴള്ള ഒരു മലയാൺമരേഖ ഇന്നും മണ്ണടിയിലുള്ള വാക്കവഞ്ഞിപ്പുഴ മഠത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വഞ്ഞിപ്പുഴ അധിപന്റെ
സംരക്ഷണയിൽ അന്തർജനങ്ങൾ ജീവിച്ചുവന്നു. എന്നാൽ ഒരിക്കൽ ഇവരെ തിരക്കിയെത്തിയെത്തിയ തമ്പുരാൻ അന്തർജനങ്ങളെ പുറത്തേക്കു കണ്ടില്ല. വാതിൽ തുറന്നു പരിശേോധിച്ച തമ്പുരാൻ അന്തർജനങ്ങളെ ഭൂമിയിലേക്ക് അന്തർധാനം ചെയ്തതായാണ്കണ്ടത്. ഇവിടെ ചിലന്തികൾ വലകെട്ടി മൂടിയിരിക്കുന്നതും കണ്ടു. ഇവിടെ ദേവി ചൈതന്യം കണ്ടെത്തുകയും ക്ഷേത്രം പണിയുകയും ചെയ്തു എന്നതാണ് മറ്റൊരു വിശ്വാസകഥ.
കഥയും വിശ്വാസവും എന്തുമാകട്ടെ. ഭക്തരെ ആകർഷിക്കുന്ന എന്തൊരു അദൃശ്യശക്തി ഇവിടെ എത്തുമ്പോൾ നമ്മെ വട്ടംചുറ്റുന്നുണ്ടാകാം. ചിലന്തിവിഷ ചികിത്സയ്ക്കു പേരുകേട്ട ക്ഷേത്രമെന്ന നിലയിൽ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുകയാണിവിടം. വിശ്വാസവും ഭക്തിയും സമ്മേളിക്കുന്ന നിമിഷങ്ങളാകും ഇവിടം നമുക്ക് സമ്മാനിക്കുന്നത്. ചിലന്തിവിഷ ചികിത്സതേടി എത്തുന്ന ആരും ഇവിടെ എത്തി നിരാശരായി മടങ്ങുന്നില്ല എന്നതും വിശ്വാസത്തിന് മൂർച്ച കൂട്ടുന്നു.
വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് അമ്മയുടെതിരുന്നാൾ. വിഷു പൊങ്കാലയാണ് മറ്റൊരു പ്രധാന വഴിപാട്. മകരമാസത്തിലെ വെളുത്ത വാവ് ദിവസം കൊണ്ടാടുന്ന ചന്ദ്രപൊങ്കാലയും ദേവിക്ക് ശ്രേഷ്ഠമായ വഴിപാടാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലാണ് ഇന്നീ ക്ഷേത്രം.
No comments:
Post a Comment