ഹോളോകാസ്റ്റ്: പൈശാചികതയെ സൂചിപ്പിക്കുന്ന വാക്ക്

എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1   എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു.  അത് രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ (Adolf Hitler) നാസിപ്പട യൂറോപ്പില്‍ അന്നുണ്ടായിരുന്ന അറുപതു ലക്ഷത്തിലധികം ജൂതന്മാരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത പൈശാചികതയെ സൂചിപ്പിക്കുന്ന വാക്കായി മാറി. ജര്‍മന്‍ ജനതയുടെ ആര്യ രക്തത്തെ ദുഷിപ്പിക്കുന്ന വൈദേശിക ഭീഷണിയാണ് ജൂതന്മാര്‍ എന്നതായിരുന്നു ഹിറ്റ്ലറുടെ വീക്ഷണം. ജൂത വംശത്തെ ഉന്മൂലനം ചെയ്യാന്‍ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ മറവില്‍ ഹിറ്റ്‌ലര്‍ ഒരുക്കിയ ‘അന്തിമ പരിഹാരം’ (“Final Solution”) ആണ് ഹോളോകാസ്റ്റ്.

വംശീയ സംഹാരത്തിനു വിധിക്കപ്പെട്ടു നാസികളുടെ പിടിയിലായിട്ടും ഒടുവില്‍ ജീവനോടെ രക്ഷപെടാന്‍ ഭാഗ്യമുണ്ടായ ഒരു ജൂതനായിരുന്നു  1986-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ എഴുത്തുകാരനും, അദ്ധ്യാപകനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന എലീ വീസല്‍ (Elie Wiesel – 1928 – 2016). തന്‍റെ മുഴുവന്‍ കുടുംബാംഗങ്ങളോടുമൊപ്പം പശ്ചിമ റുമേനിയായിലെ (Sighet) ഒരു ഘെട്ടോയില്‍ (Ghetto)2 നിന്നും നാസികളുടെ പിടിയില്‍ ആകുമ്പോള്‍  അദ്ദേഹത്തിനു പതിനഞ്ചു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. നാസികള്‍ അവരെ പോളണ്ടിലെ  കുപ്രസിദ്ധമായ ഓഷ്വിത്സ് (Auschwitz) പീഡന കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. അദ്ദേഹത്തിനും, അദ്ദേഹത്തിന്‍റെ സഹോദരിമാരില്‍ ഒരാളിനും മാത്രമേ യുദ്ധം അവസാനിച്ചപ്പോള്‍  ജീവനോടെ പുറത്തു വരാന്‍ കഴിഞ്ഞുള്ളു.

തന്‍റെ നിശ’ (Night) എന്ന ഗ്രന്ഥത്തില്‍ ‘വിഷാദക്കണ്ണുകളുള്ള മാലാഖ’ (‘sad eyed angel’ ) എന്നു വീസല്‍ വിശേഷിപ്പിക്കുന്ന ഒരു കൊച്ചു ബാലനെ നാസികള്‍ തൂക്കിലേറ്റിയ ദാരുണമായ ഒരു സംഭവം അദ്ദേഹം പരാമര്‍ശിക്കുന്നു. യുദ്ധത്തിനു നടുവില്‍  പീഡന കേന്ദ്രങ്ങളില്‍ ജോലി ചെയ്യാന്‍ കൂടുതല്‍ നാസി ഭടന്മാരെ നിയോഗിക്കാന്‍ ജര്‍മന്‍ സൈന്യത്തിനു താത്പ്പര്യമില്ലായിരുന്നു. ശമ്പളക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനായി  അവര്‍ തടവുകാരുടെ മേല്‍നോട്ടത്തിനും, അവരെ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി  തടവുകാരില്‍ നിന്നു തന്നെ ആളുകളെ തിരഞ്ഞെടുത്തിരുന്നു.  ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവര്‍ക്കു താത്കാലികമായി നല്‍കപ്പെട്ട അധികാരങ്ങളുടെ  അടിസ്ഥാനത്തില്‍ കാപ്പോ (Kapo), മുഖ്യ കാപ്പോ (Oberkapo) തുടങ്ങിയ സ്ഥാനപ്പേരുകള്‍ ലഭിച്ചു. ഇവര്‍ക്ക് മറ്റു തടവുകാരെപ്പോലെ അടിമപ്പണി ചെയ്യേണ്ടി വന്നില്ല. ഇവര്‍ നാസി ഭടന്മാരാല്‍ പീഡിപ്പിക്കപ്പെട്ടതും ഇല്ല.  കാപ്പോകള്‍ക്കു സഹായികളായി തടവുകാരുടെ കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സുന്ദരന്‍മാരായ ബാലന്മാരെയും (Pipels)  നല്‍കിയിരുന്നു.

മേല്‍പ്പറഞ്ഞ പ്രകാരം വിവിധ ഔദ്യോഗിക ചുമതലകളിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന തടവുകാര്‍ക്ക് അവരുടെ പദവികള്‍ നിലനിര്‍ത്താന്‍ നാസികളെ സന്തോഷിപ്പിച്ചു നിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. നാസികളുടെ പ്രീതി  പിടിച്ചുപറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമായിരുന്നു മറ്റു തടവുകാരോടുള്ള ക്രൂരത. കാപ്പോകള്‍  മത്സര ബുദ്ധിയോടെ മറ്റു തടവുകാരെ നിര്‍ദയം പീഡിപ്പിച്ചു തങ്ങളുടെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കാപ്പോകളുടെ കൂട്ടാളികളായ ബാലന്മാരും  ക്രൂരതയുടെ കാര്യത്തില്‍ തങ്ങളുടെ യജമാനന്മാരേക്കാള്‍ ഒട്ടും പിന്നില്‍ ആയിരുന്നില്ല. ഇപ്രകാരം ഒരുകൂട്ടം തടവുകാരെ, മറ്റൊരു കൂട്ടം തടവുകാരുടെ ശത്രുക്കളാക്കി നിലനിര്‍ത്താന്‍ നാസികള്‍ക്കു കഴിഞ്ഞു. ഒരു കാപ്പോയ്ക്ക് തന്‍റെ പദവി നഷ്ടപ്പെട്ട് ഒരു സാധാരണ തടവുകാരനായി മറ്റുള്ളവരോടൊപ്പം കഴിയേണ്ടി  വരുന്ന ആദ്യ രാത്രിതന്നെ അവനെ മറ്റുള്ളവര്‍ തല്ലിക്കൊന്നിരിക്കും എന്ന കണക്കുകൂട്ടല്‍ നാസികള്‍ക്ക് ഉണ്ടായിരുന്നു.

എന്നാല്‍ ഡച്ചുകാരനായ ഒരു മുഖ്യ കാപ്പോ സാധാരണ കാപ്പോകളില്‍ നിന്നു വ്യത്യസ്ഥനായിരുന്നു. അറുനൂറോളം തടവുകാര്‍ അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിന്‍ കീഴില്‍ ഉണ്ടായിരുന്നു. എങ്കിലും ഒരിക്കല്‍ പോലും അയാള്‍ അവരില്‍ ആരോടെങ്കിലും മോശമായി സംസാരിക്കുകയോ, ആരെയെങ്കിലും ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തിരുന്നില്ല. ആ ഡച്ചുകാരന്‍റെ സഹായിയായിരുന്നു ‘വിഷാദക്കണ്ണുകളുള്ള മാലാഖ’ എന്ന് വീസല്‍ വിശേഷിപ്പിക്കുന്ന ആ ബാലന്‍. ആ പീഡന കേന്ദ്രത്തിലെ തടവുകാരെല്ലാം  ഇവരെ രണ്ടുപേരെയും വളരെ ഇഷ്ടപ്പെട്ടു.

ഒരു ദിവസം ആ ക്യാമ്പിലെ3 വൈദ്യുത കേന്ദ്രത്തില്‍ ഒരു വലിയ സ്ഫോടനം ഉണ്ടായി. അന്വേഷണത്തില്‍ അത് അട്ടിമറിയാണെന്നും, അതിന്‍റെ മുഖ്യ സൂത്രധാരന്‍ ഡച്ചുകാരനായ ആ കാപ്പോ ആണെന്നു നാസികള്‍ കണ്ടെത്തി. തിരച്ചിലില്‍ അയാള്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന ആയുധ ശേഖരവും നാസികള്‍ കണ്ടെടുത്തു. അദ്ദേഹത്തെയും, സഹായിയായ ബാലനെയും  അവര്‍ കസ്റ്റഡിയില്‍ എടുത്തു. നീണ്ടുനിന്ന പീഡനങ്ങള്‍ക്കു ശേഷവും കൂട്ടാളികളുടെ പേരു പറയാന്‍ അയാള്‍ വിസമ്മതിച്ചു. ഒടുവില്‍ അയാളെ ഓഷ്വിത്സ് മുഖ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പിന്നീട് അയാളെക്കുറിച്ചുള്ള യാതൊരു വിവരവും പുറം ലോകം അറിഞ്ഞിട്ടില്ല.

സഹായിയായിരുന്ന ബാലനെയും നാസികള്‍ ക്രൂരമായി പീഡിപ്പിച്ചു. പക്ഷേ അവനും ആരുടേയും പേരു പറയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതിന്‍റെ പേരില്‍ പിടിയിലായ മറ്റു രണ്ടുപേരോടൊപ്പം ആ ബാലനെയും പരസ്യമായി തൂക്കിക്കൊല്ലാന്‍ നാസികള്‍ തീരുമാനിച്ചു.

കുറ്റകൃത്യങ്ങളെ തങ്ങള്‍ നിര്‍ദയമായി നേരിടും എന്നത്  വ്യക്തമാക്കാന്‍ വേണ്ടി ആ ബാലന്‍റെ വധത്തിനു  ദൃക്സാക്ഷികളാകാന്‍ ആ പീഡന കേന്ദ്രത്തിലെ പതിനായിരത്തോളം അന്തേവാസികളെ നാസികള്‍ ബലം പ്രയോഗിച്ച് കൊലമരത്തിനു മുന്നില്‍ കൊണ്ടുവന്നു നിരത്തി നിര്‍ത്തി. സാധാരണ ഗതിയില്‍ തടവുകാരാണ് (കാപ്പോ) ആരാച്ചാരന്മാരാവുന്നത്. മനസാക്ഷി മരിച്ചുപോയ അവര്‍ യാതൊരു വിഷമവും, വൈമനസ്യവും കൂടാതെ തങ്ങളോടൊപ്പം തടവുകാരായിരുന്നവരെ തൂക്കിലേറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ബാലനെ തൂക്കിലേറ്റാന്‍  അവര്‍ വിസമ്മതിച്ചു. അതിനാല്‍ നാസികളുടെ കൂട്ടത്തില്‍നിന്നുള്ളവര്‍തന്നെ  ആരാച്ചാരന്മാരായി. ആ കൊച്ചു ബാലന്‍ നിശബ്ദനായി സാവകാശം കൊലമരത്തിലേക്കു നടന്നു. അവന്‍റെ മൃദുവായ മുഖത്ത്  സ്വച്ഛത കളിയാടി.

കൊലക്കയര്‍ അവന്‍റെ കഴുത്തില്‍ മുറുകി. മറ്റു രണ്ടുപേരെയും തൂക്കിയ കയറുകള്‍ അധികം വൈകാതെ നിശ്ചലമായി. എന്നാല്‍ ആ ബാലനെ തൂക്കിയ കയറിന്‍റെ ചലനങ്ങള്‍ നിലച്ചില്ല. ശരീരത്തിനു ഭാരം കുറവായതിനാല്‍ അര മണിക്കൂരോളം ആ കയര്‍ അനങ്ങിക്കൊണ്ടിരുന്നു.  എല്ലാ വികാരങ്ങളും കൈമോശം വന്നുപോയിരുന്ന ആ  തടവുകാരുടെ കണ്ണുകളില്‍ നിന്നും  ആന്ന് ആദ്യമായി കണ്ണുനീര്‍ ഒഴുകി.

ആ ദാരുണ സംഭവത്തിനു ദൃക്സാക്ഷിയാകാന്‍ നിര്‍ബന്ധിതനായ വീസലിന്‍റെ പിന്നില്‍ നിന്ന തടവുകാരില്‍ ഒരാള്‍ പ്രാണസങ്കടത്തോടെ പിറുപിറുത്തു  “എവിടെയാണ് ദൈവം? അവന്‍ എവിടെയാണ്?” വീസല്‍ ആ ചോദ്യം തന്നോടു തന്നെ ആവര്‍ത്തിച്ചു, “അവന്‍ എവിടെയാണ്?” എന്നിട്ട് ഉത്തരമായി പറഞ്ഞു, “അവന്‍ ഇവിടെയുണ്ട് – അവന്‍ ഇവിടെ കുരിശു മരത്തിൽ തൂങ്ങുകയാണ്.”

ആ രാത്രിയില്‍ തങ്ങള്‍ക്ക് അത്താഴമായി ലഭിച്ച സൂപ്പ് ആ തടവുകാര്‍ക്കാര്‍ക്കും കുടിക്കാനായില്ല. ‘ആ രാത്രിയിലെ സൂപ്പിനു ശവത്തിന്‍റെ ചുവയായിരുന്നു’.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...