മാച്ചുപോ വൈറസ്: ബൊളീവിയൻ ഹെമറേജിക് ഫീവർ ഉണ്ടാവാനുള്ള കാരണം ഇവനാണ്

P-500 എന്ന പാരസെറ്റമോൾ ഗുളികയിൽ മാച്ചുപോ വൈറസ് ഉണ്ടെന്ന പരോപകാരകിംവദന്തി വാട്ടസ്ആപ് സദസുകളിൽ നിറഞ്ഞ പ്രദർശനം നടത്തുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ!

C8H9NO2 എന്ന രാസവസ്തുവാണ് അസെറ്റമിനോഫെൻ അഥവാ പാരസെറ്റമോൾ. പനിയുള്ളവരിലെ ശരീര താപനില കുറക്കുക, ശരീര വേദന മാറ്റുക എന്നതൊക്കെയാണ് ടിയാന്റെ ജോലി. C8H9NO2 തന്മാത്രകൾ മാത്രമായി ഗുളികകൾ ഉണ്ടാക്കാനാവില്ല. അതിനാൽ ഇതിനോടൊപ്പം എക്‌സിപിയന്റുകൾ ചേർത്ത് ഖര രൂപത്തിൽ ഉള്ള പൊടി ഉണ്ടാക്കുന്നു. അതിന് ശേഷം അതിന് ഗുളികയുടെ രൂപം നൽകുന്നു. ഈ പ്രക്രിയകൾക്കിടയിൽ നിരവധി സുരക്ഷാ പരിശോധനകൾ നടക്കേണ്ടതുണ്ട്.

ജീവനുള്ള കോശത്തിൽ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകൾ എന്നറിയാമല്ലോ. അവ നിർജ്ജീവമായ പാരസെറ്റാമോൾ ഗുളികയിൽ അധികകാലം അതിജീവിക്കില്ല എന്ന് നമുക്കറിവുള്ളതാണ്.

മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്. ബൊളീവിയൻ ഹെമറേജിക് ഫീവർ ഉണ്ടാവാനുള്ള കാരണം ഇവനാണ്. ഒരു തരം RNA വൈറസ് ആണിത്. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963-ൽ കണ്ടെത്തിയ വൈറസാണ്. ഇന്ത്യയിൽ ഇന്നേവരെ മാച്ചുപോ വൈറസിനെ കണ്ടെത്തിയിട്ടില്ല. ബോളിവിയൻ സ്വദേശികളായ എലികളാണ് ഈ അസുഖം പടർത്തുന്നത്. ഇന്ത്യയിൽ ഈ വൈറസ് മൂലമുള്ള അസുഖബാധ ഉണ്ടായിട്ടുണ്ടായിരുന്നെങ്കിൽ വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു.

ബൊളീവിയയിൽ 1959-65 കാലത്ത് ഏതാണ്ട് അഞ്ഞൂറോളം പേർക്ക് രോഗമുണ്ടാകുകയും കുറെയേറെ ആൾക്കാർ മരണമടയുകയും ചെയ്തു. 2007-ൽ ഇരുപത് പേർക്ക് രോഗബാധ ഉണ്ടാവുകയും മൂന്ന് പേർ മരണമടയുകയും ചെയ്തു. 2008-ൽ ഇരുന്നൂറോളം പേരിൽ രോഗബാധയുണ്ടാവുകയും 12 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. അവസാനം റിപ്പോർട്ട് ചെയ്തത് 2011-13 കാലത്തും. അന്ന് മുന്നൂറോളം പേരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മരണം 20നോടടുത്ത് മാത്രമാണുണ്ടായത്. ഇരുപതിൽ താഴെ.

ഇന്ത്യയിൽ ഉണ്ടാവാൻ പോലും സാധ്യതയില്ലാത്ത ഒരസുഖവും പാരസെറ്റമോൾ ഗുളികയും ആയി ബന്ധപ്പെടുത്തിയാണ് ഈ വാട്ടസ്ആപ് പരോപകാരകിംവദന്തി. P-500 എന്ന ബ്രാൻഡ് മാത്രമല്ല, ഒരുതരത്തിലുള്ള പാരസെറ്റമോൾ ഗുളികയിലും ഈ വൈറസ് ഉണ്ടാവില്ല.

തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന വാലും തലയുമില്ലാത്ത ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്.

വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഈ തെറ്റായ സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോ?

എഴുതിയത്: Dr. Shimna Azeez, Dr. Nelson Joseph, Dr. Jinesh PS


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...